ഓട്ടോറിക്ഷ മോഷ്ടിച്ച് ആളൊഴിഞ്ഞ പറമ്പില്‍ ഒളിപ്പിച്ചു; ഉത്തര്‍പ്രദേശ് സ്വദേശി കോഴിക്കോട് പിടിയില്‍
അൻപതോളം സി.സി.ടി.വി വിഷലുകൾ പരിശോധിച്ചും, സമാനമായ കുറ്റകൃത്യങ്ങളിൽപ്പെട്ട നിരവധി ആളുകളെ നേരിൽ കണ്ട് അന്വേഷണം നടത്തിയും മറ്റും സിസിടിവി ദൃശ്യത്തിലുള്ളതിന് രൂപസാദൃശ്യമുള്ള പ്രതിയിലേക്ക് എത്തുകയായിരുന്നു.

കോഴിക്കോട്: ഓട്ടോറിക്ഷ മോഷ്ടിച്ച ഉത്തര്‍പ്രദേശ് സ്വദേശി കോഴിക്കോട് അറസ്റ്റില്‍. കോഴിക്കോട് നഗരത്തിലെ പുതിയപാലം പള്ളിക്ക് സമീപം ഓട്ടോ നിർത്തി നിസ്കരിക്കാൻ പോയ ആളുടെ ഓട്ടോറിക്ഷ മോഷ്ടിച്ച യുവാവിനെയാണ് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും കസബ ഇൻസ്പെക്ടർ വിനോദൻ.കെ. യുടെ നേതൃത്വത്തിലുള്ള കസബ പോലീസും ചേർന്ന് പിടികൂടിയത്.
ഉത്തർപ്രദേശ് സ്വദേശിയായ രാഹുൽകുമാർ (24) എന്നയാളെ കസബ പോലീസ് കോഴിക്കോട് പാളയത്തുള്ള അയാളുടെ താമസസ്ഥലത്ത് നിന്ന് പിടികൂടുകയായിരുന്നു. മോഷ്ടിക്കപ്പെട്ട ഓട്ടോറിക്ഷ ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തു. കോഴിക്കോട് ടൗണ്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.ഇ.ബൈജുവിന്റെ നിർദ്ദേശപ്രകാരം കഴിഞ്ഞ 10 ദിവസമായി പ്രതിയേയും ഓട്ടോറിക്ഷയും കണ്ടെത്തുന്നതിനായി അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇയാൾ പിടിയിലാവുന്നത്.
അൻപതോളം സി.സി.ടി.വി വിഷലുകൾ പരിശോധിച്ചും, സമാനമായ കുറ്റകൃത്യങ്ങളിൽപ്പെട്ട നിരവധി ആളുകളെ നേരിൽ കണ്ട് അന്വേഷണം നടത്തിയും മറ്റും സിസിടിവി ദൃശ്യത്തിലുള്ളതിന് രൂപസാദൃശ്യമുള്ള പ്രതിയിലേക്ക് എത്തുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തതിൽ പാളയത്തിനു പിറകിലുള്ള സി പി ബസാർ റോഡിലുള്ള ആളൊഴിഞ്ഞ പറമ്പിൽ ഒളിപ്പിച്ച നിലയിൽ ഓട്ടോറിക്ഷ കണ്ടെത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.
പൊലീസ് സബ്ബ് ഇൻസ്പെക്ടർ റസാഖ്.എം.കെ അറസ്റ്റിന് നേതൃത്വം നൽകി. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ.സുജിത്ത്, കസബ പോലീസ് സ്റ്റേഷനിലെ സിനിയർ സിവിൽ പൊലീസ് ഓഫീസറായ നാജേഷ് കുമാർ. പി, സിവിൽ പൊലീസ് ഓഫീസർമാരായ അർജ്ജുൻ യു. മുഹമ്മദ് സക്കറിയ എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Read also: വര്‍ക്കലയില്‍ സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം