Asianet News MalayalamAsianet News Malayalam

'വിജയമ്മ വീണ്ടും പ്രസിഡന്‍റ്' ; ചെന്നിത്തല പഞ്ചായത്ത് കോൺഗ്രസ് പിൻതുണയോടെ സിപിഎം ഭരിക്കും

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ജന്മമനാട്ടിൽ രണ്ട് തവണ തുടർച്ചയായി കോൺഗ്രസ് -സി പി എമ്മിനെ പിന്തുണച്ചത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

vijayamma philendran elected as Chennithala Thripperunthura grama panchayat president
Author
Chennithala, First Published Jun 13, 2022, 4:58 PM IST

മാന്നാർ: മുതിര്‍ന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ജന്മനാട്ടിൽ  കോണ്‍ഗ്രസ് പിന്തുണയോടെ ചെന്നിത്തല ഗ്രാമപഞ്ചായത്ത് ഭരണം സിപിഎമ്മിന്. സിപിഎമ്മിലെ  വിജയമ്മ ഫിലേന്ദ്രന്‍ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ വിജയമ്മ പ്രസിൻ്റാകുന്നത്‌ ഇത് മൂന്നാം തവണയാണ്. ഒട്ടേറെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് വേദിയായ ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപ്പഞ്ചായത്തില്‍ ഇന്ന് രാവിലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് സിപിഎമ്മിലെ  വിജയമ്മ ഫിലേന്ദ്രന്‍  കോണ്‍ഗ്രസ് പിന്തുണയോടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

ബി.ജെ.പിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ബിന്ദു പ്രദീപിനെ ആറിനെതിരെ 11 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വിജയമ്മ വീണ്ടും വിജയിച്ചത്. സിപിഎം, കോണ്‍ഗ്രസ്, ബിജെപി കക്ഷികള്‍ക്ക് 6 വീതം അംഗങ്ങളുള്ള 18 അംഗ ഭരണസമിതിയില്‍ 17 പേരാണ് പങ്കെടുത്തത്. കോണ്‍ഗ്രസിലെ ബിനി സുനില്‍ അപകടത്തെ തുടര്‍ന്ന് ചികില്‍സയിലായതിനാല്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല. 
ഇക്കഴിഞ്ഞ 20ന് ബിജെപിയിലെ ബിന്ദു പ്രദീപിനെതിരെ സി.പി.എം കൊണ്ടുവന്ന അവിശ്വാസപ്രമേയം കോണ്‍ഗ്രസ് പിന്തുണയില്‍ പാസായതോടെയാണ് വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്.

ചെന്നിത്തല പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. സി.പി.എമ്മിനും ബി.ജെ.പിക്കും മാത്രമാണ് ഈ വിഭാഗത്തില്‍ നിന്ന് അംഗങ്ങളുള്ളത്.
നാലാം തവണയാണ് ചെന്നിത്തലയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 
ആദ്യതവണ സി.പി.എമ്മിലെ വിജയമ്മ ഫിലേന്ദ്രന്‍ കോണ്‍ഗ്രസ് പിന്തുണയോടെ പ്രസിഡന്റായി. എന്നാല്‍ കോണ്‍ഗ്രസിന്റെ പിന്തുണ ആവശ്യമില്ലെന്ന് പാര്‍ട്ടി നേതൃത്വം കര്‍ശന നിലപാടെടുത്തതോടെ 38 ദിവസം കഴിഞ്ഞ് വിജയമ്മ രാജിവച്ചു. 

കോണ്‍ഗ്രസ് പിന്തുണയോടെ രണ്ടാമതും വിജയമ്മ പ്രസിഡന്റായെങ്കിലും സത്യപ്രതിജ്ഞ കഴിഞ്ഞയുടന്‍ വീണ്ടും രാജിവച്ചു. തുടര്‍ന്ന് രണ്ട് തവണയും നിഷ്പക്ഷ നിലപാട് സ്വീകരിച്ച് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്ന കോണ്‍ഗ്രസ് വിമതന്‍ ദീപു പടകത്തില്‍ മൂന്നാമത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ടു ചെയ്തു. സി.പി.എമ്മിന്റെ ഒരു വോട്ട് അസാധുവാകുകയും കോണ്‍ഗ്രസ് വിട്ടുനില്‍ക്കുകയും ചെയ്തതോടെ ബി.ജെ.പിക്ക് ഭരണം ലഭിച്ചു. പിന്നീട് ദീപു പടകത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ ചേരുകയും എല്‍.ഡി.എഫിന്റെ ഭാഗമാവുകയും ചെയ്തതോടെ മൂന്ന് മുന്നണികളും 6 അംഗങ്ങള്‍ വീതമുള്ള തുല്യശക്തികളായി മാറി.  

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ജന്മമനാട്ടിൽ രണ്ട് തവണ തുടർച്ചയായി കോൺഗ്രസ് -സി പി എമ്മിനെ പിന്തുണച്ചത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ബി ജെ പി രമേശ് ചെന്നിത്തലയുടെ വസതിക്ക് മുന്നിൽ പ്രതിഷേധ യോഗങ്ങൾ വരെ സംലടിപ്പിച്ചു.സി പി എമ്മിന് രണ്ട് തവണ പിന്തുണ കൊടുത്തിട്ടും പ്രസിഡന്‍റ് രാജിവച്ചത് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. അതിനാൽ  അവിശ്വാസത്തെ പിന്തുണക്കുന്നതിന് മുമ്പ് തന്നെ സി പി എം നേതൃത്വത്തിൻ്റെ ഉറപ്പ് വാങ്ങിയിരുന്നു. ഇതേ തുടർന്നാണ് ഇത്തവണ കോൺഗ്രസ് വീണ്ടും പിന്തുണ നൽകിയത്‌.

ബിജെപിയെ ഭരണത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനാണ് സിപിഎം സ്ഥാനാര്‍ഥി വിജയമ്മ ഫിലേന്ദ്രന് കോണ്‍ഗ്രസ് പിന്തുണ നല്‍കിയതെന്ന് ബ്ലോക്ക് പ്രസിഡന്റ് രാധേഷ് കണ്ണന്നൂര്‍ പറഞ്ഞു. ചെന്നിത്തലയിൽ കോൺഗ്രസ് - സി പി എം അവിശുദ്ധ കൂട്ട് കെട്ട് കെ പി സി സി യുടെ അറിവോടെയാണന്ന് ബിജെപി ചെന്നിത്തല പഞ്ചായത്ത് പ്രസിഡൻ്റ് സതീഷ് കൃഷ്ണ പറഞ്ഞു.സി പി എം നെ പിന്തുണച്ച് അധികാരത്തിലേറ്റിയ കോൺഗ്രസ് ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.വർഗീയതയ്ക്കെ തിരെയും, നാടിൻ്റെ വികസനത്തിനും ആയുള്ള പിന്തുണയാണ് കോൺഗ്രസിൻ്റേതെന്നും രാഷ്ട്രീയ പിന്തുണയല്ലെന്നും സി പി എം നേതൃത്വം പറയുന്നു.

Follow Us:
Download App:
  • android
  • ios