തിരുവനന്തപുരത്തും വയനാട്ടിലുമായി തേങ്ങയിടാൻ തെങ്ങിൽ കയറിയ രണ്ടുപേർ കടന്നൽ കുത്തേറ്റ് മരിച്ചു. നഗരൂർ സ്വദേശി ആനന്ദനും, തരിയോട് സ്വദേശി ജോയ് പോളുമാണ് മരണപ്പെട്ടത്.  

തിരുവനന്തപുരം: തേങ്ങയിടാനായി കയറിയ തൊഴിലാളി കടന്നൽ കുത്തേറ്റ് മരിച്ചു. നഗരൂർ വെള്ളല്ലൂർ കുറക്കോട്ടുകോണം പാറവിള വീട്ടിൽ ജി ആനന്ദൻ (64) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വെള്ളല്ലൂർ സ്വദേശിയുടെ സ്വകാര്യ പുരയിടത്തിൽ നിന്നും തേങ്ങ വെട്ടുവാനായി തെങ്ങിന്‍റെ മുകളിൽ കയറിയപ്പോൾ തെങ്ങിൽ കൂടു വച്ചിരുന്ന കൂറ്റൻ കടന്നൽ ആനന്ദനെ കുത്തുകയായിരുന്നു. തലയിലും, ശരീര ഭാഗങ്ങളിൽ കടന്നൽ കൂട്ടമായി ആക്രമിച്ചതോടെ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

കഴിഞ്ഞ ദിവസം വയനാട്ടിലും സമാന സംഭവം ഉണ്ടായിരുന്നു. തരിയോട് എട്ടാംമൈല്‍ ചെറുമലയില്‍ ജോയ് പോള്‍ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആണ് ജോയിക്ക് കടന്നല്‍ കുത്തറ്റേത്. തെങ്ങില്‍ കയറുന്ന യന്ത്രം ഉപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെയാണ് കടന്നലുകള്‍ കൂട്ടത്തോടെ ആക്രമിച്ചത്. കടന്നൽ കുത്തേറ്റ് തളര്‍ന്നുപോയ ജോയ് പോളിനെ ഓടിക്കൂടിയവര്‍ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി ആരോഗ്യ നില വഷളാവുകയും പിന്നാലെ മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: ഷൈല . മക്കള്‍: ജസ്‌ലിന്‍ (ജര്‍മനി), അനിഷ.