കിഴക്കഞ്ചേരിയിൽ കഴിഞ്ഞ മാസം 13.5 കിലോ കഞ്ചാവ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് പ്രധാനി പിടിയിൽ. അയൽ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിച്ച് മൊത്ത വില്പന നടത്തുന്ന നെന്മാറ പടപ്പാടത്ത് വീട്ടിൽ ഗോപകുമാർ(52) ആണ് പിടിയിലായത്.
പാലക്കാട്: അയൽ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിച്ച് മൊത്ത വില്പന നടത്തുന്നയാൾ പിടിയിൽ. നെന്മാറ പടപ്പാടത്ത് വീട്ടിൽ ഗോപകുമാർ(52) ആണ് പിടിയിലായത്. ആന്ധ്ര, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ചരക്ക് കടത്തുന്നതോടൊപ്പം കഞ്ചാവും എത്തിക്കുകയാണ് ഇയാളുടെ രീതി എന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് 8ന് കിഴക്കഞ്ചേരി നൈനാങ്കാട് വാടക വീട്ടിൽ 13.5 കിലോ കഞ്ചാവ് കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഗോപകുമാർ പിടിയിലാവുന്നത്. വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചതിന് അന്ന് കിഴക്കഞ്ചേരി സ്വദേശി സുന്ദരൻ എന്നയാൾ പിടിയിലായിരുന്നു. കഞ്ചാവ് സൂക്ഷിക്കാൻ ഏൽപ്പിച്ച സുന്ദരന്റെ മകളുടെ ഭർത്താവിന്റെ അമ്മയും, അണക്കെപ്പാറ സ്വദേശിനിയുമായ സ്വപ്നയേയും പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ ‘അണക്കപ്പാറ അക്ക’ എന്ന് അറിയപ്പെടുന്ന സ്വപ്ന സൂക്ഷിക്കാൻ ഏൽപ്പിച്ച കഞ്ചാവാണ് അതെന്ന് വെളിപ്പെടുത്തിയതായി പൊലീസ് പറയുന്നു. സ്ഥലത്ത് കഞ്ചാവ് വിൽപ്പന നടത്തുന്ന പ്രധാനിയാണ് ഇവർ.
തുടർന്ന് സ്വപ്നയെ ചോദ്യം ചെയ്തപ്പോഴാണ് തനിക്ക് കഞ്ചാവ് നൽകിയത് ഗോപകുമാറാണെന്ന് പൊലീസിന് മനസിലായത്. സ്വപ്നയെയും അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ രണ്ടുപേരും ഇപ്പോൾ റിമാൻഡിൽ ആണ്. സ്വപ്നയ്ക്ക് സ്ഥിരം കഞ്ചാവ് എത്തിക്കുന്നതും ഇയാളാണെന്ന് പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഗോപകുമാർ പിടിയിലാവുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നും ഇയാളുടെ ലോറിയിൽ കടത്തിക്കൊണ്ടുവരുന്ന കഞ്ചാവ് വിവിധ പ്രദേശങ്ങളിലുള്ള വിൽപ്പനക്കാർക്ക് എത്തിച്ചു കൊടുക്കുന്നതാണ് പതിവെന്ന് പൊലീസ്. ഇയാളെ പിടികൂടിയതോടെ പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇയാൾ കഞ്ചാവ് കൈമാറുന്ന ആളുകളെ പറ്റി പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന.


