മൂടക്കൊല്ലിയിലും പരിസരപ്രദേശങ്ങളിലും നാശനഷ്ടമുണ്ടാക്കിയ കാട്ടുകൊമ്പന്‍മാരെയാണ് ഞായറാഴ്ച വനംവകുപ്പ് കുങ്കിയാനകളെ ഉപയോഗിച്ച് ഉള്‍ക്കാട്ടിലേക്ക് തുരത്തിയത്
സുല്‍ത്താന്‍ബത്തേരി: വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവാവിനെ കടുവ പിടിച്ചതിനെ തുടര്‍ന്ന് പുറംലോകമറിഞ്ഞ അതേ വയനാട്ടിലെ മൂടക്കൊല്ലിയില്‍ ഇന്നും വന്യമൃഗശല്യത്തിന് തെല്ലും കുറവ് വന്നിട്ടില്ല. അന്ന് കടുവയായിരുന്നെങ്കില്‍ ഇന്ന് കാട്ടാനകളാണ് പ്രദേശത്ത് ഭീതി വിതക്കുന്നത്. ഏതാനും ദിവസം മുമ്പ് രാത്രി മൂടക്കൊല്ലിയില്‍നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന മുത്തിമല അഭിലാഷ് എന്നയാളെ പ്രദേശത്ത് ഇറങ്ങിയ കാട്ടാനകളില്‍ ഒന്ന് ആക്രമിച്ചിരുന്നു. ചാടിമാറിയതിനാല്‍ കൂടുതല്‍ ആക്രമണമേല്‍ക്കാതെ അഭിലാഷ് രക്ഷപ്പെട്ടെങ്കിലും കൈക്കും കാലിനും നടുവിനും പരിക്കേറ്റു.
ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് വനംവകുപ്പ് മുത്തങ്ങ ആനപ്പന്തിയില്‍ നിന്നെത്തിച്ച കുങ്കിയാനകളെ ഉപയോഗിച്ച് ജനവാസ പ്രദേശങ്ങളിലേക്ക് എത്തിയ കാട്ടാനകളെ തുരത്താന്‍ തീരുമാനിച്ചത്. ഇന്നലെയായിരുന്നു ദൗത്യം പൂര്‍ത്തിയാക്കിയത്. മുത്തങ്ങ ആനപ്പന്തിയിലെ ഭരത്, പ്രമുഖ എന്നീ കുങ്കിയാനകളായിരുന്നു ദൗത്യത്തിന് നേതൃത്വം നല്‍കിയിരുന്നത്. മൂടക്കൊല്ലിയിലും പരിസരപ്രദേശങ്ങളിലും നാശനഷ്ടമുണ്ടാക്കിയ കാട്ടുകൊമ്പന്‍മാരെ ഞായറാഴ്ച വനംവകുപ്പ് കുങ്കിയാനകളെ ഉപയോഗിച്ച് ഉള്‍ക്കാട്ടിലേക്ക് തുരത്തി.
കൊമ്മന്‍ചേരി വനമേഖലയില്‍നിന്നാണ് കാട്ടാനകളെ തുരത്തിയത്. ശനിയാഴ്ച ആനകളെ ഉള്‍ക്കാട്ടിലേക്ക് ഓടിച്ച് വിട്ടിരുന്നെങ്കിലും മണിക്കൂറുകള്‍ക്കകം ജനവാസമേഖലക്ക് അടുത്ത് എത്തിയതോടെയാണ് ദൗത്യം ഞായറാഴ്ച്ച വരെ നീണ്ടത്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി. കണ്ണന്‍റെ നേതൃത്വത്തില്‍ ഇരുളം, കുപ്പാടി ഫോറസ്റ്റ് ഓഫീസുകളിലെ വനപാലകര്‍ ഉള്‍പ്പെടെ പതിനാലംഗ സംഘം കുങ്കിയാനകള്‍ക്കൊപ്പം ദൗത്യത്തില്‍ പങ്കെടുത്തു.
മൂടക്കൊല്ലി, മണ്ണുണ്ടി, വാകേരി മേഖലകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനയിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കിയത്. കാട്ടിക്കൊല്ലി ഉന്നതിയുടെ മുകള്‍ഭാഗത്ത് ഫെന്‍സിങ് ലൈന്‍ പൊട്ടിച്ചാണ് കാട്ടാന ജനവാസകേന്ദ്രങ്ങളിലേക്ക് സ്ഥിരമായി ആനകള്‍ വന്നുകൊണ്ടിരുന്നത്. മൂടക്കൊല്ലി നെടിയാങ്കല്‍ ബിനുവിന്‍റെ ഓട്ടോറിക്ഷയും ആന തകര്‍ത്തിരുന്നു. തലനാരിഴക്കാണ് ബിനു ആനയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടത്. അതേ സമയം കാട്ടാനകള്‍ ജനവാകേന്ദ്രത്തിലിറങ്ങുന്നത് പതിവായാല്‍ ദൗത്യം വീണ്ടും തുടങ്ങുമെന്ന് വനംവകുപ്പ് അറിയിച്ചു.


