തിരുവനന്തപുരത്ത് ഉന്നതിയിൽ കാട്ടുപോത്ത് കിണറ്റിൽ വീണ് ചത്തു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ക്രെയിൻ ഉപയോഗിച്ച് പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ പ്രദേശങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
തിരുവനന്തപുരം: ആദിവാസി ഉന്നതിയിൽ കിണറ്റിൽ വീണ് കാട്ടുപോത്ത് ചത്തു. പാലോട് വനം റെയ്ഞ്ചിൽപ്പെട്ട പെരിങ്ങമ്മല ഇയ്യക്കോട് കല്ലണയിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെയാണ് കാട്ടുപോത്ത് കിണറ്റിൽ വീണത്. കല്ലണ തടത്തരികത്തു വീട്ടിൽ പൂമാല കാണിയുടെ കിണറ്റിലാണ് ശനിയാഴ്ച പുലർച്ചെ കാട്ടുപോത്ത് വീണത്. കിണറ്റിന് മറയില്ലാതിരുന്നതിനാൽ നടന്നുവരുന്നത് വഴി വീണതായിരിക്കാമെന്ന് പൂമാല കാണി പറയുന്നു. ശബ്ദം കേട്ട് വീട്ടുടമസ്ഥ പുറത്തിറങ്ങി നോക്കിയപ്പോഴാണ് കിണറ്റിൽ പോത്ത് വീണത് കാണുന്നത്.
വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും മുപ്പതടിയോളം താഴ്ചയുള്ള കിണറ്റിൽ നിന്നും കാട്ടുപോത്തിനെ കരയിലേക്ക് കയറ്റുന്നത് ദുഷ്കരമായിരുന്നു. രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും വിതുര അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കാട്ടുപോത്തിനെ കിണറ്റിൽനിന്നും കയറ്റാനായില്ല കഴിഞ്ഞില്ല. തുടർന്ന് ക്രെയിൻ എത്തിച്ചാണ് പോത്തിനെ കരയിലെത്തിച്ചത്. അപ്പോഴേക്കും പോത്ത് ചത്തിരുന്നു. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മറവ് ചെയ്തു. വനമേഖലയോടു ചേർന്ന പ്രദേശമായതിനാൽ ഈ ഭാഗങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാണ്. കാട്ടുപോത്തും കാട്ടാനയുമാണ് കൃഷിയടക്കം നശിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. കുറച്ചുദിവസങ്ങൾക്കു മുൻപ് ഇതേ സ്ഥലത്ത് എത്തിയ കാട്ടാന ഒരു ഷെഡ്ഡ് തകർത്തിരുന്നെന്നും നാട്ടുകാർ പറയുന്നു.


