അരമണിക്കൂറോളം വാഹനങ്ങൾ നിർത്തി ഇടേണ്ടി വന്നു എങ്കിലും, ആരെയും ആക്രമിക്കാതെയാണ് പടയപ്പ മടങ്ങിയത്. കഴിഞ്ഞ ഒരു മാസമായി തലയാർ, പാമ്പൻ മല മേഖലയിലാണ് പടയപ്പ ഉള്ളത്

മറയൂര്‍: മൂന്നാർ - മറയൂർ അന്തർസംസ്ഥാന പാതയിൽ വാഹനങ്ങൾ തടഞ്ഞ് പടയപ്പ. ഇന്നലെ രാവിലെ ഏഴുമണിക്കാണ് സംഭവം. വാഗുവരൈ ഫാക്ടറി ഡിവിഷനിലെ ലയങ്ങൾക്ക് മുന്നിലൂടെ നടന്ന പടയപ്പ പരിസരത്തെ കൃഷിയിടത്തിൽ നിന്നും വാഴകൾ പിഴുതു. അരമണിക്കൂറോളം വാഹനങ്ങൾ നിർത്തി ഇടേണ്ടി വന്നു എങ്കിലും, ആരെയും ആക്രമിക്കാതെയാണ് പടയപ്പ മടങ്ങിയത്. കഴിഞ്ഞ ഒരു മാസമായി തലയാർ, പാമ്പൻ മല മേഖലയിലാണ് പടയപ്പ ഉള്ളത്.

മൂന്നാഴ്ച മുമ്പ് മറയൂർ പാമ്പൻമല എസ്റ്റേറ്റിലെ ജനവാസ മേഖലയിലെത്തിയിരുന്നു. ലയങ്ങളിലൊന്നിന്റെ വാതിൽ പൊളിച്ച് അരിയെടുത്ത് കഴിച്ചിരുന്നു. ഇതിനു ശേഷം കഴിഞ്ഞയാഴ്ച ലക്കം ന്യൂ ഡിവിഷനിലെ ലയത്തിനു സമീപത്തുമെത്തിയിരുന്നു. തൊഴിലാളികളിലൊരാൾ പശുവിനായി വാങ്ങി വച്ചിരുന്ന പുല്ല് തിന്നുകയും മണിക്കൂറുകളോളം അവിടെ ചിലവഴിക്കുകയും ചെയ്തിരുന്നു. മറ്റ് അക്രമങ്ങളൊന്നും നടത്തുന്നില്ലെങ്കിലും സ്ഥിരമായി ഇവിടെ തന്നെ തമ്പടിച്ചിരിക്കുന്നത് ആളുകളെ ആശങ്കയിലാക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ പൈതൃക ട്രെയിനിന്‍റെ യാത്ര ഒറ്റയാന്‍റെ തടസപ്പെടുത്തിയിരുന്നു. മേട്ടുപ്പാളയം - കുന്നൂര്‍ ട്രെയിനാണ് ഒറ്റയാന്‍റെ കുറുമ്പിനെ തുടര്‍ന്ന് അരമണിക്കൂറിലധികം ട്രാക്കില്‍ പിടിച്ചിടേണ്ടി വന്നത്. ആന കാട്ടിലേക്ക് മടങ്ങിപ്പോയശേഷമാണ് യാത്ര തുടരാനായത്. മേട്ടുപ്പാളയത്ത് നിന്ന് നീലഗിരി ഭാഗത്തേക്ക് വരികയായിരുന്ന ട്രെയിനിന് മുന്നിലേക്കാണ് ഒറ്റയാനെത്തിയത്. കുന്നൂരിന് സമീപത്തെ മരപ്പാലം മേഖലയിലാണ് ഒറ്റയാന്‍ ട്രാക്കില്‍ നിലയുറപ്പിക്കുകയായിരുന്നു. എന്നാല്‍ ഒറ്റയാന്‍ മറ്റ് അക്രമത്തിലേക്കൊന്നും കടക്കാതിരുന്നതിനാല്‍ വിനോദ സഞ്ചാരികള്‍ കൊമ്പന്‍റെ വീഡിയോയും ചിത്രങ്ങളും പകര്‍ത്തി യാത്ര ആസ്വദിക്കുകയായിരുന്നു.

സമാനമായ മറ്റൊരു സംഭവത്തില്‍ കഴിഞ്ഞ ദിവസം ചാലക്കുടി മലക്കപ്പാറ റൂട്ടില്‍ വഴിമുടക്കി നിന്ന കാട്ടുകൊമ്പന്‍ കബാലിയെ വരച്ച വരയില്‍ നിന്ന് യാത്രക്കാരുമായി മുന്നോട്ട് പോയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഏഴ് വര്‍ഷമായി ഇതേ പാതയില്‍ ബസ് ഓടിക്കുന്ന ബേബിക്ക് സുപരിചിതനാണ് കബാലി. ആതിരപ്പിള്ളി, ചാലക്കുടി, മലക്കപ്പാറ റോട്ടിലെ ഡ്രൈവറാണ് ബേബി. മലക്കപ്പാറിയില്‍ നിന്ന് തിരിച്ച് വരുന്ന യാത്രയിലാണ് സംഭവമുണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ ചിത്രീകരിച്ച വീഡിയോ കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലായതിന് പിന്നാലെയാണ് ബേബി ചേട്ടനും വൈറലായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം