കോഴിക്കോട് നടുവണ്ണൂരില്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവതിയെ ട്രാവലര്‍ ഇടിച്ചു. സീബ്രാ ലൈനിന് മുകളിൽ സ്വകാര്യ ബസ് നിയമവിരുദ്ധമായി പാര്‍ക്ക് ചെയ്തതും ട്രാവലര്‍ ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

കോഴിക്കോട്: നടുവണ്ണൂരിലെ കുരുടിമുക്കില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലര്‍ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്. പറമ്പത്ത് ഏലത്തില്‍ സുബൈദയ്ക്കാണ് സാരമായി പരിക്കേറ്റത്. ഇന്നലെ രാവിലെയാണ് അപകടം നടന്നത്. കുരുടിമുക്കിലെ സീബ്രാ ലൈനിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് യുവതിയെ ട്രാവലര്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണ ഇവരുടെ കാലിലൂടെ മുന്‍വശത്തെ ടയര്‍ കയറിയിറങ്ങി.

അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് തന്നെയുണ്ടായിരുന്ന സീബ്രാലൈനിന് മുകളില്‍ നിയമം ലംഘിച്ച് സ്വകാര്യ ബസ് നിര്‍ത്തിയിട്ടതും ട്രാവലര്‍ ഡ്രൈവര്‍ അശ്രദ്ധമായി വാഹനമോടിച്ചതും അപകടത്തിന് കാരണമായതായി ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടം നടന്നയുടന്‍ തന്നെ നാട്ടുകാരും വ്യാപാരികളും ചേര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചു. ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.