Asianet News MalayalamAsianet News Malayalam

അവധി ആഘോഷിക്കാൻ കൂട്ടുകാർക്കൊപ്പം എത്തി, ആറാൾ താഴ്ചയുള്ള കയത്തിൽ മുങ്ങി; കോഴിക്കോട് 18 കാരന് ദാരുണാന്ത്യം

കയത്തിൽ മുങ്ങിതാണ അജലിനെ കൂടെയുണ്ടായിരുന്ന യുവാക്കൾക്ക് നീന്തൽ അത്ര വശമില്ലാത്തതിനാൽ രക്ഷപ്പെടുത്താൻ സാധിച്ചില്ല

young man drowned in a water pond in kozhikode Patangayam asd
Author
First Published Apr 1, 2023, 7:26 PM IST

കോഴിക്കോട്: കോടഞ്ചേരി നാരങ്ങാതോട് പതങ്കയത്ത് വെള്ളക്കെട്ടിൽ യുവാവ് മുങ്ങിമരിച്ചു. തലയാട് കണ്ണംപാടി പള്ളിയാലിൽ ശശികുമാറിന്‍റെ മകൻ അജൽ (18 )  ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ബാലുശേരി കിനാലൂരിൽ നിന്ന് അവധി ആഘോഷിക്കാനെത്തിയ യുവാക്കളുടെ കൂടെ വന്നതായിരുന്നു അജൽ. ആറാൾ താഴ്ച്ചയുള്ള കയത്തിലേക്ക് പാറക്കെട്ടിന് മുകളിൽ നിന്ന് ചാടിയപ്പോൾ ആയിരുന്നു അപകടം സംഭവിച്ചത്. കയത്തിൽ മുങ്ങിതാണ അജലിനെ കൂടെയുണ്ടായിരുന്ന യുവാക്കൾക്ക് നീന്തൽ അത്ര വശമില്ലാത്തതിനാൽ രക്ഷപ്പെടുത്താൻ സാധിച്ചില്ല. കൂട്ടുകാർ ബഹളമുണ്ടാക്കിയതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ ആ ശ്രമവും വിജയിച്ചില്ല. അതിനിടെ നാട്ടുകാർ അറിയിച്ചതിനെ തു‍ടർന്ന് മുക്കം ഫയർഫോഴ്സ് സ്ഥലത്തെത്തി. ഫയർഫോഴ്സ് ജീവനക്കാരും അജലിനെ രക്ഷിക്കാൻ ശ്രമം നടത്തി. എന്നാൽ അപ്പോഴേക്കും അജലിന് ജീവൻ നഷ്ടമായിരുന്നു. പ്രമീളയാണ് മാതാവ്. സഹോദരൻ: അമൽ.

2018 ൽ കേരളം ഭീതിയിലാണ്ട ചെറുതോണി, ഇനിയൊരു പ്രളയത്തിലും അതുണ്ടാകരുത്; പ്രതിരോധത്തിന്‍റെ പ്രതീകം ഇതാ ഇവിടെ വരെ!

അതേസമയം മുങ്ങി മരണം സംബന്ധിച്ച മറ്റൊരു വാ‍ർത്ത നേരത്തെ കണ്ണൂരിൽ നിന്നും പുറത്തുവന്നിരുന്നു. കണ്ണൂരിലെ കൊട്ടിയൂരിലാണ് സമാനമായ സംഭവം നടന്നത്. പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനുമാണ് ഇവിടെ മുങ്ങി മരിച്ചത്. കേളകം ഒറ്റപ്ലാവിലെ നെടുമറ്റത്തിൽ ലിജോ ജോസ് ( 32 ) , ആറ് വയസുകാരനായ മകൻ നെബിൻ ജോസഫ് എന്നിവരാണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. ഇരട്ടത്തോട് ബാവലിപ്പുഴയിലെ താൽക്കാലിക തടയണയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. നീന്തൽ പരിശീലിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ മകൻ പുഴയുടെ അടിത്തട്ടിലെ ചെളിയിൽ അകപ്പെട്ടു. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് പിതാവും അപകടത്തിൽപ്പെട്ടത്. നാട്ടുകാർ ഇരുവരെയും പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നീന്തൽ പഠിപ്പിക്കുന്നതിനിടെ മകൻ ചെളിയിൽ അകപ്പെട്ടു; രക്ഷിക്കാനുള്ള ശ്രമം പാഴായി, അച്ഛനും മകനും ദാരുണാന്ത്യം

Follow Us:
Download App:
  • android
  • ios