ബലാത്സംഗ കുറ്റത്തിന് 10 വർഷം കഠിന തടവും പോക്സോ നിയമപ്രകാരം പത്തുവർഷ കഠിനതടവിനും പ്രതി അനുഭവിക്കണം. ഇതിനു പുറമേ 50,000 രൂപ പിഴ ഒടുക്കുകയും വേണം.
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് 20 വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും. മാറനല്ലൂർ കരിങ്കുളം പൊഴിയൂർ കോണം ചിറയിൽ വീട്ടിൽ മഹേഷിനെയാണ്(30) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ശിക്ഷിച്ചത്.
ബലാത്സംഗ കുറ്റത്തിന് 10 വർഷം കഠിന തടവും പോക്സോ നിയമപ്രകാരം പത്തുവർഷ കഠിനതടവിനും പ്രതി അനുഭവിക്കണം. ഇതിനു പുറമേ 50,000 രൂപ പിഴ ഒടുക്കണമെന്നും ഈ തുക അതിജീവിതയ്ക്ക് നൽകണം എന്നും കോടതി ഉത്തരവിട്ടു. പിഴ തുക നൽകിയില്ലെങ്കിൽ പ്രതി 10 മാസം അധിക കഠിന തടവ് അനുഭവിക്കണമെന്ന് എന്ന് വിധിയിൽ പറയുന്നു.
2015 ഡിസംബർ 24 ലാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയെ പ്രതി ബലാത്സംഗം ചെയ്യുകയും തുടർന്ന് സ്കൂളിലെ ടീച്ചർ വഴി അതിജീവിത ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും ആയിരുന്നു. തുടർന്ന് പൂജപ്പുര പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് മാറനല്ലൂർ പോലീസിന് കൈമാറുകയായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി പോക്സോ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി ആർ പ്രമോദ് ഹാജരായി. അന്നത്തെ കാട്ടാക്കട സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ഒ.എ സുനിലാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 14 സാക്ഷികളെ വിസ്തരിച്ചു. 22 രേഖകളും രണ്ട് തൊണ്ടിമുതലും കോടതിയിൽ ഹാജരാക്കി.
മറ്റൊരു സംഭവത്തില്‍ ഇടുക്കിയിൽ 14 വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതിക്ക് 80 വർഷം കഠിനതടവും 40000 രൂപ പിഴയും ശിക്ഷ വിധിച്ചു. പെൺകുട്ടിയുടെ ബന്ധുവും കൂടിയാണ് പ്രതി. ഇടുക്കി അതിവേഗ കോടതി ജഡ്ജ് ടി ജി വർഗ്ഗീസ് ആണ് ശിക്ഷ വിധിച്ചത്. 2020 ൽ രാജാക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പ്രതിയുടെ ഭാര്യ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുന്നത്. ഗർഭിണിയായ പെൺകുട്ടി പ്രസവിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
