വടകര അഴിയൂരിൽ നിന്ന് ഹിമാലയൻ ബുള്ളറ്റ് മോഷ്ടിച്ച കാസർകോട് സ്വദേശിയെ പൊലീസ് പിടികൂടി. മോഷണം പോയ ബൈക്കുമായി കാസർകോട് വെച്ച് എഐ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതിയെ കണ്ടെത്താൻ നിർണായകമായത്. ചോമ്പാല പൊലീസ് പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്തു.

കോഴിക്കോട്: വടകര അഴിയൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഹിമാലയൻ ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ച യുവാവിനെ പൊലീസ് പിടികൂടി. കാസര്‍കോട് പനയാല്‍ സ്വദേശി ചേര്‍ക്കപ്പാറ ഹസ്സ മന്‍സിലില്‍ താമസിക്കുന്ന ഇബ്രാഹിം ബാദുഷയാണ് പിടിയിലായത്. ചോമ്പാല പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ ടി സുനില്‍ കുമാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. ബുള്ളറ്റ് മോഷണം പോയെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടെ ഇതേ ബുള്ളറ്റ് കാസര്‍കോട് ജില്ലയില്‍ ഒരാള്‍ ഓടിച്ചു പോകുന്ന ദൃശ്യങ്ങള്‍ എഐ കാമറയില്‍ പതിഞ്ഞതായി കണ്ടു. ഈ ദൃശ്യങ്ങളാണ് ഇബ്രാഹിം ബാദുഷയിലേക്കെത്താന്‍ നിര്‍ണായകമായത്.

പൊലീസ് സംഘം കാഞ്ഞങ്ങാട്ടെത്തി ബുള്ളറ്റ് ഓടിച്ചു പോവുകയായിരുന്ന ബാദുഷയെ സാഹസികമായാണ് പിടികൂടിയത്. ഡിവൈ എസ്പി സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ മനോജ് രാമത്ത്, എഎസ്‌ഐ വി ഷാജി, ചോമ്പാല സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ കെപി രാഗേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.