39 കിലോഗ്രാം കഞ്ചാവ് പിടിയകൂടിയ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

കോഴിക്കോട്: 39 കിലോഗ്രാം കഞ്ചാവ് പിടിയകൂടിയ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പൂനൂർ വട്ടപ്പൊയിൽ ചിറക്കൽ റിയാദ് ഹൌസിൽ നഹാസി(38)നാണ് വടകര എൻ ഡി പി എസ് കോടതി ജഡ്ജ് വി പി എം. സുരേഷ് ബാബു ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ എ. സനൂജ് ഹാജരായി. 

2022 ഫെബ്രുവരി 25 -നാണ് അടിവാരം ചേലോട്ട് മൂലോഞ്ഞി എസ്റ്റേറ്റിലെ വാടക വീട്ടിൽ നിന്നും 39 കിലോഗ്രാം കഞ്ചാവുമായി നഹാസിനെ അന്ന് താമരശ്ശേരി സബ് ഇൻസ്‌പെക്ടർ ആയിരുന്ന അന്തരിച്ച വി എസ് സനൂജും റൂറൽ ജില്ല ആന്റി നാർകോട്ടിക് സ്‌ക്വാഡും ചേർന്ന് പിടി കൂടുന്നത്. ഗൾഫിൽ നിന്നും മടങ്ങി വന്ന നഹാസ് ആന്ധ്രപ്രദേശ് വിശാഖപട്ടണത്ത് ഹോട്ടൽ നടത്തുമ്പോൾ ഉണ്ടാക്കിയെടുത്ത ബന്ധങ്ങൾ മുഖേനയാണ് പെട്ടെന്ന് പണം ഉണ്ടാക്കാൻ കഞ്ചാവ് കടത്തിലേക്ക് തിരിയുന്നത്. 

ആറ് മാസം കൊണ്ട് 300 കിലോയോളം കഞ്ചാവ് കടത്തിയ ശേഷമാണ് ഇയാൾ പിടിയിലാകുന്നത്. കോഴിക്കോട് റൂറൽ ജില്ലയിൽ സമീപ കാലത്ത് പിടികൂടിയ കേസുകളിൽ എല്ലാം പ്രോസിക്യൂഷൻ അതീവ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നത്. മയക്കു മരുന്നിന് എതിരായ നടപടികൾ കൂടുതൽ കർശനമാക്കുമെന്ന് കോഴിക്കോട് റൂറൽ എസ് പി ആർ.കറപ്പസാമി ഐ പി എസ്, താമരശ്ശേരി ഡി വൈ എസ്പി അഷ്‌റഫ്‌ തെങ്ങിലക്കണ്ടി എന്നിവർ അറിയിച്ചു.

Read more: മലപ്പുറത്ത് പോളിസി ഉടമക്ക് ആനുകൂല്യം നിഷേധിച്ചു, കോടതി ചെലവടക്കം ഇൻഷൂറൻസ് കമ്പനി നൽകേണ്ടത് ലക്ഷങ്ങൾ!

അതേസമയം, വയനാട്ടില്‍ അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ സ്‌കൂട്ടറില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു. പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയിലാണ് സംഭവം. സ്‌കൂട്ടറിലിടിച്ച് നിര്‍ത്താതെ പോയ സ്‌കൂട്ടര്‍ പിടികൂടി വിശദമായി പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച് വച്ച അരക്കിലോയോളം കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തില്‍ സ്കൂട്ടറില്‍ വന്ന രണ്ട് യുവാക്കളെ പിടികൂടി. 

കേരള - കര്‍ണാടക അതിര്‍ത്തിയായ പെരിക്കല്ലൂര്‍ ഭാഗത്തുനിന്ന് കഞ്ചാവുമായി വരികയായിരുന്നു സ്‌കൂട്ടര്‍ യാത്രികരായ രണ്ട് യുവാക്കള്‍. സംഭവത്തില്‍ മാനന്തവാടി താഴയങ്ങാടി കിഴക്കേതില്‍ ബിനോയി (21), പനമരം കാരപ്പറമ്പില്‍ അശ്വിന്‍ (22) എന്നിവരെ അറസ്റ്റു ചെയ്തു. ഇവര്‍ സഞ്ചരിച്ച കെ.എല്‍. 72 സി. 8671 നമ്പര്‍ സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടമുണ്ടായിട്ടും വാഹനം നിര്‍ത്താന്‍ യുവാക്കള്‍ തയ്യാറാകാതെ വന്നതോടെ നാട്ടുകാര്‍ സ്കൂട്ടര്‍ പിന്തുടരുകയായിരുന്നു. ഇതിനകം തന്നെ വിവരം പൊലീസിലും അറിയിച്ചിരുന്നു.