ആമി അലവി എഴുതുന്നു

ഇറങ്ങാന്‍ നേരം അദ്ദേഹം നീണ്ടു വിളര്‍ത്ത വിരലുകള്‍ എനിക്ക് നേരെ നീട്ടി. അടുത്തിരിക്കാന്‍ ആവശ്യപ്പെട്ടു. എന്റെ കൈകള്‍ കോര്‍ത്തുപിടിച്ചു. എനിക്കപ്പോള്‍ ആലിപ്പഴത്തിന്റെ തണുപ്പോര്‍മ്മ വന്നു. ആമി...എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഏത് ആള്‍ക്കൂട്ടത്തില്‍ വെച്ചും കൈ തൊടുന്ന മാത്രയില്‍ അതു നീയാണെന്ന് ഞാനിനി തിരിച്ചറിയും. ഹൃദയം കൊണ്ടു കൈരേഖ സ്‌കാന്‍ ചെയ്തിട്ടുണ്ട് കേട്ടോ... '

'മോളോട് പറയാനുള്ളതൊക്കെ ദാ ഇതിലുണ്ട്'

ഷെല്‍ഫില്‍ നിന്നും തടിച്ചൊരു പൊതി തപ്പിയെടുത്തു ഒരു നിധിപേടകമെന്ന പോലെ എനിക്ക് നേരെ നീട്ടിക്കൊണ്ട് ശോശാന്റി പറഞ്ഞു. ഇത് മോളേ ഏല്‍പ്പിക്കണമെന്ന് ഇന്നലെ കൂടി എന്നെ ഓര്‍മിപ്പിച്ചായിരുന്നു.

അതൊരു മരണവീടാണെന്നും അവിടെ പാലിക്കപ്പെടേണ്ട ചില മര്യാദകളുണ്ടെന്നും അവര്‍ മറന്നു പോയത് പോലെ തോന്നി. 

പൊതി നെഞ്ചോട് ചേര്‍ത്ത് ഇറങ്ങുന്നു എന്നൊരു ആംഗ്യം കാണിച്ചു ഞാന്‍ തിരിച്ചു നടന്നു. നടക്കുന്നതിനിടയില്‍ പലതവണ ഞാനാപൊതി തിരിച്ചും മറിച്ചും നോക്കി. മരണത്തിന്റെ ഓര്‍മ്മയില്‍ നിന്നുയര്‍ന്ന രൂക്ഷ ഗന്ധം...

ചാച്ചന്റെ പുസ്തകഗന്ധം. 

ചാച്ചന്റെ മുഖം എന്റെ മനസ്സിനകത്തേക്ക് ഓടിക്കയറാന്‍ തുടങ്ങി. മുഖം, ചിരി, സംസാരം അങ്ങിനെ എണ്ണമില്ലാത്ത ചിന്തകള്‍ കനത്തു വന്നു.

കഴിഞ്ഞ നാലുവര്‍ഷങ്ങളായി ഞങ്ങള്‍ ഒരേ ഹൗസിംഗ് കോളനിയിലാണ് താമസിക്കുന്നത്. അവര്‍ ഭാര്യാഭര്‍ത്താക്കന്‍മാരാണെന്നും അവരുടെ മക്കള്‍ വിദേശത്താണെന്നും തനിച്ചാണ് താമസമെന്നും അങ്കിളിന് കണ്ണുകാണില്ലെന്നും ഉച്ചത്തില്‍ ടിവി വെയ്ക്കാറുണ്ടെന്നും എന്റെ കുട്ടികള്‍ എന്നോട് പറഞ്ഞിരുന്നു. 

സ്‌കൂള്‍ ബസ്സിറങ്ങി വരുമ്പോള്‍ ശോശാന്റിി കാത്തു നില്‍ക്കാറുണ്ടെന്നും അവരോട് വിശേഷങ്ങള്‍ ചോദിക്കാറുണ്ടെന്നും മിടുക്കികളാവണമെന്ന് ചിരിക്കാറുണ്ടെന്നും കൂടി എനിക്കറിയാമായിരുന്നു. 

അപൂര്‍വമായി ചിലപ്പോഴൊക്കെ ഞങ്ങള്‍ റോഡരികില്‍ വെച്ച് കാണുകയും ഒരു നോട്ടമോ ചിരിയോ കൈമാറുകയോ ചെയ്തിരുന്നു. അതിലപ്പുറം അവരെന്റെയോ ഞാന്‍ അവരുടെയോ ആരുമായിരുന്നില്ല. ഈ കഴിഞ്ഞ ന്യൂ ഇയര്‍ വരെ. 

എന്നിട്ടും അവരുടെ മുഷിഞ്ഞൊരുച്ചയിലേക്ക് ഞാനെന്തിനാണ് കയറിച്ചെന്നതെന്ന് എനിക്കിപ്പോഴുമൊരു പിടിയില്ല.

'വരൂ' എന്ന് പറഞ്ഞു അവരാ വാതിലിലുണ്ടായിരുന്നു. ശോശാന്റിയുടെ ഭര്‍ത്താവിനെ ഞാനാദ്യമായി കാണുകയായിരുന്നു. 

മെലിഞ്ഞു നീണ്ടൊരു മനുഷ്യന്‍. നല്ലപ്രായത്തില്‍ ഒരപകടത്തില്‍ ഒറ്റക്കണ്ണിന്റെ കാഴ്ച പോയിരുന്നു. ഗ്ലോക്കോമ ശേഷിച്ചതിന്റെയും കൂടി കാഴ്ചയെ അപഹരിച്ചിട്ട് പത്തുപന്ത്രണ്ട് കൊല്ലമായി.

എംടിയുടെ വിദൂരഛായയുണ്ടോ എന്ന് ഗവേഷണം നടത്തികൊണ്ടിരിക്കുന്നതിനിടയില്‍ അദ്ദേഹം പതിഞ്ഞ താളത്തില്‍ സംസാരിച്ചു തുടങ്ങി.

പുസ്തകങ്ങളെകുറിച്ച്, ഒരു കാലത്തു വായന പ്രാന്തായിരുന്നതിനെകുറിച്ച്, യാത്രകളെ കുറിച്ച്, ക്രിക്കറ്റും ഫൂട്‌ബോളും ടിവിയില്‍ കേള്‍ക്കുന്നതിനെ കുറിച്ച്, മോദിയെ കുറിച്ച്, ലോകത്തെകുറിച്ച്... 

ഞാനാ മനുഷ്യനെപ്രതി അത്ഭുതപെടുകയായിരുന്നു. 

വികാരപ്രകടനങ്ങള്‍ക്ക് ഒട്ടും പ്രസക്തിയില്ലെന്നറിയാവുന്നതുകൊണ്ട് ഞാന്‍ കേള്‍വിക്കാരിയായി. 

ഇറങ്ങാന്‍ നേരം അദ്ദേഹം നീണ്ടു വിളര്‍ത്ത വിരലുകള്‍ എനിക്ക് നേരെ നീട്ടി. അടുത്തിരിക്കാന്‍ ആവശ്യപ്പെട്ടു. എന്റെ കൈകള്‍ കോര്‍ത്തുപിടിച്ചു. എനിക്കപ്പോള്‍ ആലിപ്പഴത്തിന്റെ തണുപ്പോര്‍മ്മ വന്നു. 

'ആമി...എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഏത് ആള്‍ക്കൂട്ടത്തില്‍ വെച്ചും കൈ തൊടുന്ന മാത്രയില്‍ അതു നീയാണെന്ന് ഞാനിനി തിരിച്ചറിയും. ഹൃദയം കൊണ്ടു കൈരേഖ സ്‌കാന്‍ ചെയ്തിട്ടുണ്ട് കേട്ടോ... '

ആഹാ എങ്കിലെന്റെ ഭാവി പറയൂ, ഞാനും ചിരിച്ചു. 

തമാശയാസ്വദിച്ചെന്നപോലെ തെളിഞ്ഞൊരു ചിരി. മുന്‍വരിയിലെ പല്ലുകള്‍ക്കിടയിലൊരു വിടവ്. 

പറയട്ടെ? ഭാവിയല്ല. നിന്നെപ്പറ്റി. 

ഉണ്ടക്കണ്ണിയല്ലേ നീ... 

ഹൈലി സെന്‍സിറ്റീവ്...

വാശിക്കാരി... അല്ലേ, അല്ലേ ?

മക്കള് പറഞ്ഞു അറിഞ്ഞതാവും. ഇത് പറയാന്‍ രേഖയൊന്നും വേണ്ട. 

ഹഹഹഹ, അതു നിങ്ങള്‍ കണ്ണുള്ളവര്‍ക്കല്ലേ ആമി. 

എന്റെ ചിരി വിളര്‍ത്തു. യാത്ര പറഞ്ഞു ഞാനിറങ്ങാന്‍ തുടങ്ങി.

ടോ...മാഷേ, ചിരിച്ചിട്ട് പോടോ. ഒരു ഭാവികൂടി പറയട്ടെ. 

ചാച്ചന്റെ അവസാനത്തെ ഗേള്‍ ഫ്രണ്ട് ആകാന്‍ പോകുന്നതാരാ...

ആരാ.. ? 

ഈ ഉണ്ടക്കണ്ണി ആമി...

ഞാന്‍ ചിരിച്ചു...ചിരിച്ചു മറിഞ്ഞു...

സൗഹൃദം അതിന്റെ ആഴത്തെ സ്പര്‍ശിക്കുകയായിരുന്നു. 

പറഞ്ഞത് സത്യമായിരുന്നു. 

പിന്നീടുള്ള ദിവസങ്ങളില്‍ ഞാനവിടെ പലവട്ടം പോയി. 

കഥകള്‍ക്കായി കാതുകൂര്‍പ്പിച്ചു.

പുസ്തകശേഖരം കണ്ട് കണ്ണുമിഴിച്ചു.

ചിലതൊക്കെ ഉറക്കെ വായിച്ചു കൊടുത്തു.

വൈകുന്നേരങ്ങളില്‍ കൈകോര്‍ത്തു പുറത്തു നടന്നു. 

ചിലപ്പോഴൊക്കെ ഞങ്ങള്‍ കവിതകള്‍ ചൊല്ലി. 

പരസ്പരം കളിയാക്കി. 

ചിലനേരം ഡോ മാഷേ, ഐആം യുവര്‍ ഗേള്‍ ഫ്രണ്ട് എന്ന് ഞാന്‍ അധികാരിയായി.

സൗഹൃദം അതിന്റെ ആഴത്തെ സ്പര്‍ശിക്കുകയായിരുന്നു. 

ഒരു വൈകുന്നേരം അസ്വസ്ഥത തോന്നി ആശുപത്രിയിലേക്കു പുറപ്പെടുമ്പോള്‍ കയ്യില്‍ ചേര്‍ത്തുപിടിച്ചു. മങ്ങിയ ചിരിയാല്‍ കണ്ണു നിറഞ്ഞൊരു തുള്ളി എന്റെ കൈ പൊള്ളിച്ചു. 

കാന്‍സറാണ് ചാച്ചനെന്ന് ഞാനറിയുന്നത് അപ്പോള്‍ മാത്രമായിരുന്നു. 

പിറ്റേന്ന് പുലര്‍ക്കാലേ ഉറക്കത്തില്‍ ശാന്തമായി ചാച്ചന്‍ വിടവാങ്ങി. 

ഏതൊരു ജീവിതത്തിന്റെയും അവസാന അങ്കം വിയോഗമാണ്. സ്വപ്നം നല്‍കിയവര്‍ കടന്നു പോകുമ്പോള്‍ അവര്‍ കിനാക്കളെ മാത്രമല്ല ഉറക്കത്തെയും മോഷ്ടിക്കുന്നു.

അതിജീവനത്തിന്റെ ദുരന്ത കാണ്ഡം താണ്ടാനായി അവരുടെതായ ഓര്‍മ്മകളെ, ഗന്ധങ്ങളെ വസ്തുക്കളെ എല്ലാം വീണ്ടും വീണ്ടും ചേര്‍ത്തുപിടിക്കുന്നു.

സ്മൃതിയുടെ ജീവശ്വാസം ഊതിയൂതി ജീവിതത്തെ സജീവമാക്കുന്നു. 

എനിക്ക് തരാനായി പൊതിഞ്ഞു വെച്ചത് പുസ്തകങ്ങള്‍ ആണെന്ന് എനിക്കുറപ്പുണ്ട്. പക്ഷേ ആ പൊതി അതേ പോലെ തുറക്കാതെ സൂക്ഷിക്കാനാണെനിക്കിഷ്ടം.

നെഞ്ചുരുക്കത്താല്‍ വിങ്ങി വിങ്ങി ഞാനൊറ്റക്കാവുമ്പോള്‍ ഞാനത് കയ്യിലെടുക്കും.

ഡോ... മാഷേ ഐ ആം യുവര്‍ ഗേള്‍ ഫ്രണ്ട് എന്ന് പറയാതെ പറയും.

വലതു കൈപ്പടം ചേര്‍ത്തു വെയ്ക്കും.

എന്നെ ഏതുറക്കത്തിലും തിരിച്ചറിയുന്ന, ആശ്വസിപ്പിക്കുന്ന വിരലുകളില്‍ കൈകോര്‍ക്കും.

രണ്ടുപേരുടെയും കൈകള്‍ ആലിപ്പഴം പോലെ തണുക്കുവോളം...

ആമി അലവി എഴുതിയ മറ്റ് കുറിപ്പുകള്‍

എന്റെ പെണ്ണുങ്ങളേ, ചില രാവോര്‍മ്മകള്‍ നമുക്കും വേണ്ടേ?

ഞാന്‍ വീട്ടിലേക്ക് മടങ്ങി; അവള്‍ മരണത്തിലേക്കും!

തീ പോലൊരു രാജകുമാരന്‍; തീ കൊണ്ടൊരു രാജകുമാരി!

പ്രണയത്തിന്റെ ആദ്യപാഠം

എന്തിനാണ് നാമിങ്ങനെ ശരീരത്തെ ഭയക്കുന്നത്?

 മറിയം, എന്റെ വലിയ പൂമ്പാറ്റ!

കത്തിമുന പോലെ പിന്തുടരുന്ന മുഖമായിരുന്നു ജീവിതത്തിലുടനീളം അയാള്‍!'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

ഈ പാക്കിസ്ഥാനി അയക്കുന്ന ചില്ലിക്കാശിനാലാണ് ഒരു മലയാളി കുടുംബം ജീവിക്കുന്നത്