പ്രിയപ്പെട്ട കൂട്ടുകാരേ, 

പഠിത്തം കുറേ കൂടി രസകരമാക്കാന്‍ നമുക്കൊരു കഥ വായിച്ചാലോ? 
സന്തോഷം തരുന്ന, എന്നാല്‍ പുതിയ കാര്യങ്ങള്‍ പറഞ്ഞുതരുന്ന ഒരു കുട്ടിക്കഥ.

കഥ എന്നു പറയുമ്പോള്‍, അങ്ങനെ ഒരു കുഞ്ഞിക്കഥയല്ല.
വല്യ ആള്‍ക്കാര് ഇതിനെ പറയുന്നത് നോവല്‍ എന്നാണ്.
കുട്ടികള്‍ക്കു വേണ്ടി ഇഷ്ടത്തോടെ എഴുതുന്ന നല്ല നീളമുള്ള കഥ.
ഒറ്റ ദിവസം കൊണ്ടൊന്നും തീര്‍ന്നുപോവില്ല.
അടുത്ത 12 ദിവസം കൊണ്ടാണ് ഈ കഥ പറയുക. 
ഇതിന്റെ പേര് എന്താണെന്നോ...? കഥ പറയും കാലം' 

നിങ്ങളുടെ ടീച്ചറെ പോലെ ഒരു ടീച്ചറാണ് ഇത് എഴുതിയത്. 
പേര് സാഗ ജെയിംസ്. സാഗ ടീച്ചര്‍ എന്നു വിളിച്ചോളൂ. 

ഭംഗിയുള്ള ചിത്രങ്ങള്‍ വരച്ചത് ഒരു വരയാന്റിയാണ്.
പേര് ബിന്ദു ദാസ്. സാഗട്ടീച്ചറിന്റെ ബെസ്റ്റ് ഫ്രണ്ടാണ്. 

വായിച്ചു കഴിഞ്ഞാ ചിലതൊക്കെ ടീച്ചറാന്റിയോട് പറയാനുണ്ടാവും.
അവയൊക്കെ submissions@asianetnews.in എന്ന ഇ മെയില്‍ ഐഡിയില്‍ അയക്കണേ ട്ടോ. 
നിങ്ങളുടെ മെയിലുകളെല്ലാം ഞങ്ങള്‍ ആന്റിക്ക് എത്തിച്ചുകൊടുക്കാം.

അപ്പോ എല്ലാവരും ഒന്നിങ്ങ് വന്നേ!

 

 

'മഴ തിമിര്‍ത്തു പെയ്യുകയാണല്ലോ അന്നാമ്മോ. തോരുന്ന ലക്ഷണമില്ല.'

'ഉം. വല്ലാത്ത കാറ്റുമുണ്ട്. കറന്റു പോകാതിരുന്നാല്‍ മതിയായിരുന്നു. മക്കളേ എല്ലാവരും വരൂ. കറന്റ് പോകുന്നതിന് മുമ്പ് അത്താഴം കഴിക്കാം.'

അന്നാമ്മ കുട്ടികളോട് പറഞ്ഞു.

'മുത്ത് ചേട്ടന്‍ ഇതുവരേയും കുളിച്ചിട്ടില്ല വല്യമ്മച്ചീ.'

ജോക്കുട്ടന്‍ ഏഷണി കൂട്ടി.

'ആഹാ... കളിച്ചുമറിഞ്ഞിട്ട് വന്നതാ അപ്പടി വിയര്‍പ്പും പൊടിയുമായി ഇരിക്കുവാണോ മുത്തേ. വേഗം കുളിച്ചിട്ടു വന്നേ.'

ജോക്കുട്ടനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് മുത്ത് കുളിക്കാന്‍ പോയി.

'പേടിത്തൊണ്ടനാണേ നന്നായി കുളിക്കാതെ ഇപ്പോത്തന്നെ കയറി വരും.'

അമ്മു കളിയാക്കിച്ചിരിച്ചു.

അഞ്ചു മിനിറ്റു കഴിഞ്ഞപ്പോള്‍ മുത്ത് കുളികഴിഞ്ഞു വന്നു. തണുപ്പുകൊണ്ട് അവന്റെ പല്ലുകള്‍ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു.

'ഇത്ര പെട്ടെന്ന് നീ കുളിച്ചോ മുത്തേ? ശരീരത്തിലെ അഴുക്കെല്ലാം കുതിര്‍ന്നു കാണത്തല്ലേയുള്ളൂ.'

അന്നാമ്മ അടുക്കളയിലേക്ക് നടന്നു കൊണ്ട് പറഞ്ഞു.

'വെള്ളത്തിന് ഭയങ്കര തണുപ്പാ വല്യമ്മച്ചിയേ... ഒരു രക്ഷയുമില്ലന്നേ..'

മുത്ത് വിറച്ചുകൊണ്ട് പറഞ്ഞത് കേട്ട് എല്ലാവരും പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. മുത്തിന് സങ്കടം വന്നു.

'തണുത്താല്‍ എല്ലാവരും വിറയ്ക്കുമല്ലോ. നിങ്ങളും വിറയ്ക്കും. ങ്ഹാ. എനിക്കും വരും ഒരുകാലം. വെച്ചിട്ടുണ്ട് ഞാനെല്ലാര്‍ക്കും.'

'പാവം മുത്തുച്ചേട്ടന്‍. ഇങ്ങുവാന്നേ എന്റെടുത്തേക്ക് ചേര്‍ന്നിരുന്നോ.'

ജോക്കുട്ടന്‍ പറഞ്ഞു.

മുത്ത് ജോക്കുട്ടന്റെ അടുത്തേക്ക് ചെന്ന് ചേര്‍ന്നിരുന്നു. മുത്തിനെ കെട്ടിപ്പിടിച്ചുകൊണ്ട് ജോക്കുട്ടന്‍ കണ്ണനെ നോക്കി കണ്ണന്‍ ഫോണിലെന്തോ പരിശോധിക്കുകയായിരുന്നു.

'ചേട്ടായിയേ...'

'ഉം എന്തേ?'

ഫോണില്‍ നിന്നും തല ഉയര്‍ത്താതെ കണ്ണന്‍ ചോദിച്ചു.

'നമ്മളൊക്കെ തണുക്കുമ്പോള്‍ വിറയ്ക്കുന്നതെന്താ?'

ജോക്കുട്ടന്‍ ആകാംക്ഷയോടെ ചോദിച്ചു.

'പറയാം. ശ്രദ്ധിച്ചു കേള്‍ക്കണം.'

കണ്ണന്‍ മൊബൈല്‍ മേശപ്പുറത്തു വെച്ചു. എന്നിട്ട് ജോക്കുട്ടന്റെ നേര്‍ക്ക് തിരിഞ്ഞിരുന്നു.

'നമ്മുടെ ശരീരത്തിന്റെ സാധാരണ താപനില 36.9 ഡിഗ്രി സെല്‍ഷ്യസ് ആണ്.  ഈ താപനിലയില്‍ നിന്ന് കൂടുമ്പോഴോ കുറയുമ്പോഴോ ആണ് നമുക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നത്. അല്ലേ?'

'അതെ.'

'അന്തരീക്ഷ താപനില കൂടുമ്പോള്‍ നമ്മുടെ ശരീരം നന്നായി വിയര്‍ക്കുന്നു. ഇങ്ങനെ വിയര്‍ക്കുന്നതു കാരണം ജലാംശവും ധാതുക്കളും നഷ്മാകുന്നുമുണ്ട്.'

'പനിയുണ്ടാകുമ്പോഴും നമ്മുടെ ശരീര താപനില കൂടുന്നുണ്ടല്ലോ ചേട്ടായീ...'

'ഉവ്വ്. ജോക്കുട്ടാ. അതുപോലെ തന്നെ അന്തരീക്ഷ താപനില കുറയുമ്പോള്‍ നമ്മുടെ ശരീരത്തിന്റെ താപനിലയും കുറയുന്നു'

'തണുപ്പുകാലങ്ങളില്‍ നമ്മള്‍ വിയര്‍ക്കാത്തത് അതുകൊണ്ടാണല്ലേ?'

മുത്ത് സംശയം ഉന്നയിച്ചു.

'ഉം. തണുപ്പുള്ളപ്പോള്‍ നമ്മുടെ ശരീര താപനിലയും കുറയുന്നു. അതായത് നമ്മുടെ ശരീരത്തിലെ സാധാരണ താപനിലയായ 36.9 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് താഴേയ്ക്ക് വരുന്നു. ഇങ്ങനെ ശരീര താപനില കുറയുന്ന അവസ്ഥയ്ക്ക് ഹൈപ്പോതെര്‍മിയ എന്ന് പറയുന്നു. ഇത് ശരീരത്തിന് ദോഷകരമാണ്.'

'അപ്പോഴാണോ മുത്ത് ചേട്ടന്‍ വിറച്ചതുപോലെ നമ്മള്‍ വിറയ്ക്കുന്നത്?'

'മിണ്ടാതിരിക്കൂ ജോക്കുട്ടാ. ചേട്ടായി പറയട്ടെ.'

മുത്ത് ജോക്കുട്ടന്റെ വായ പൊത്തി.

'ഇങ്ങനെ ശരീരത്തിന്റെ താപനില കൂടുകയും കുറയുകയും ചെയ്യുന്ന കാര്യം നാഡീ സന്ദേശങ്ങള്‍ ആയി തലച്ചോറിലെ ഹൈപ്പോത്തലാമസിലേക്ക് എത്തുന്നു. താപനില കൂടുമ്പോള്‍ തണുക്കാനും താപനില കുറയുമ്പോള്‍ ചൂടാകാനുമുള്ള മറുസന്ദേശം ഹൈപ്പോത്തലാമസ് ശരീരത്തിന് നല്‍കുന്നു.'

'എന്നിട്ട്...?' അമ്മു അത്ഭുതത്തോടെ ചോദിച്ചു.

'ഹൈപ്പോത്തലാമസിന്റെ നിര്‍ദ്ദേശപ്രകാരം ശരീരത്തിലെ ചൂടു കൂടുമ്പോള്‍ അതു കുറയ്ക്കാനായി ശരീരം വിയര്‍ക്കുന്നു. മാത്രമല്ല തൊലിപ്പുറത്തെ വളരെ ചെറിയ രക്തക്കുഴലുകള്‍ വികസിക്കുകയും അവയിലേക്ക് രക്തമൊഴുക്ക് കൂടുകയും ചെയ്യുന്നു. അതിന്റെ ഫലമായി ചൂട് റേഡിയേഷന്‍ വഴി പുറംതള്ളപ്പെടുന്നു. അതു കൂടാതെ നമ്മുടെ ഉപാപചയ പ്രവര്‍ത്തനങ്ങളുടെ തോതും കുറയുന്നു.'

'ശരീരം വിയര്‍ക്കുമ്പോള്‍ എങ്ങനെയാ ചൂട് കുറയുന്നത്.'

ജോക്കുട്ടന് സംശയമായി.

'ശരീരം വിയര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന വിയര്‍പ്പുതുള്ളികള്‍ ബാഷ്പീകരിച്ചു പോകാന്‍ ശരീരത്തില്‍ നിന്ന് ചൂട് വലിച്ചെടുക്കുന്നു. അന്നേരം നമ്മുടെ ശരീരോഷ്മാവ് കുറയുന്നു. നന്നായി ഓടുകയോ എക്‌സൈര്‍സൈസ് ചെയ്യുകയോ ചെയ്യുമ്പോള്‍ നാം നന്നായി വിയര്‍ക്കാറില്ലേ?'

അതേന്ന് എല്ലാവരും തലയാട്ടി.

'എക്‌സര്‍സൈസ് ചെയ്യുമ്പോള്‍ കൂടുന്ന ശരീരോഷ്മാവിനെ കുറയ്ക്കുന്നതിനു വേണ്ടിയാണ് വിയര്‍ക്കുന്നത്.'

'ഹൈപ്പോത്തലാമസ് ഒരു മിടുക്കനാണല്ലോ?'

മുത്ത് അതിശയത്തോടെ ചോദിച്ചു.

'അതെ. നമ്മുടെ തലച്ചോറിലെ ഹൈപ്പോത്തലാമസിലാണ് എല്ലാവിധ നിയന്ത്രണങ്ങളും നടക്കുന്നത്. നമ്മുടെ ശരീരത്തില്‍ നിലനിര്‍ത്തേണ്ട ശരീരോഷ്മാവ് എത്രയെന്ന് അവിടെയുള്ള ചില പ്രത്യേക നാഡീകോശങ്ങള്‍ക്കറിയാം.'

'ഉവ്വോ...? അപ്പോള്‍ ശരീരം ചൂടാകാന്‍ എന്ത് നിര്‍ദ്ദേശമാണ് മിസ്റ്റര്‍ ഹൈപ്പോത്തലാമസ് നല്‍കുന്നത്?'

ജോക്കുട്ടന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.

'ശരീരോഷ്മാവ് താണുപോകുമ്പോള്‍ നാം വിയര്‍ക്കുന്നത് തടയുന്നു. വിയര്‍ക്കുന്നത് തടയുമ്പോള്‍ എന്തു സംഭവിക്കന്നു ജോക്കുട്ടാ?'

'ശരീരോഷ്മാവ് നഷ്ടപ്പെടുന്നില്ലല്ലോ.'

'അതുമാത്രമല്ല കേട്ടോ. രക്തക്കുഴലുകള്‍ സങ്കോചിക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായും ശരീരോഷ്മാവ് നഷ്ടപ്പെടുന്നില്ല. കൂടാതെ ശരീരത്തിലെ താപോല്‍പാദനം വര്‍ദ്ധിക്കുകയും ചെയ്യുന്നു.'

'അതെങ്ങനെ? അന്തരീക്ഷം തണുത്തിരിക്കുമ്പോള്‍ താപോല്‍പ്പാദനം വര്‍ദ്ധിക്കുന്നത്?'

അവന് സംശയമായി.

'നമ്മുടെ പേശികള്‍ക്കും തലച്ചോറിനും മറ്റ് അവയവങ്ങള്‍ക്കും ഉപാപചയപ്രക്രിയകളിലൂടെ താപം ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും. പേശികള്‍ക്ക് (മസിലുകള്‍) ആണ് ഇക്കാര്യത്തില്‍ ഏറ്റവും ശേഷിയുള്ളത്. കാരണമെന്തെന്നോ? കൊഴുപ്പുസൂക്ഷിക്കുന്ന പ്രത്യേകതരം കലകള്‍ പേശികളില്‍ കാണപ്പെടുന്നു. മാത്രമല്ല നമ്മുടെ മസിലുകള്‍ പെട്ടെന്ന് ടൈറ്റ് ആക്കുവാനും ലൂസാക്കുവാനും വേണ്ട സന്ദേശം ഹൈപ്പോത്തലാമസ് നല്‍കുന്നു. ഈ ടൈറ്റ്, ലൂസ് പ്രക്രിയ വളരെ വേഗത്തിലാണ് നടക്കുന്നത്. ഇതിനാണ് നമ്മള്‍ വിറയല്‍ എന്നു പറയുന്നത്.'

'കൊള്ളാല്ലോ മിസ്റ്റര്‍ ഹൈപ്പോത്തലാമസ്... താങ്കള്‍ മുത്തുച്ചേട്ടനെ വിറപ്പിച്ചു കളഞ്ഞല്ലോ.'

ജോക്കുട്ടന്‍ മുത്തിനെ ഇക്കിളിയാക്കി ചിരിപ്പിക്കാന്‍ തുടങ്ങി. ആ ചിരിയില്‍ മറ്റുള്ളവരും പങ്കുചേര്‍ന്നു.

 

കഥ പറയും കാലം

ഭാഗം ഒന്ന്: ''വൈറസ് വന്നതോണ്ട് ഒരു കാര്യണ്ടായി; അടുത്തൊന്നുമിനി ദുബായില്‍ പോണ്ട''

രണ്ടാം ഭാഗം. കുയിലിന് കാക്കക്കൂട്ടില്‍ എന്താണ് കാര്യം?

ഭാഗം മൂന്ന്: മയില്‍പ്പീലിക്ക് എവിടുന്നാണ് ഇത്രയും നിറങ്ങള്‍?

ഭാഗം നാല്: വല്യമ്മച്ചി കരയുന്നു...!

ഭാഗം അഞ്ച്: നീന്തല്‍താരം ഐസൂട്ടന്‍

ഭാഗം ആറ്: പാലും മുട്ടയും കഴിക്കുന്ന ചിലന്തി, ഉരുക്കിനേക്കാള്‍ ബലമുള്ള ചിലന്തിവല

ഏഴാം ഭാഗം: നെല്ലിക്ക ആദ്യം കയ്ച്ച് പിന്നെ  മധുരിക്കുന്നത് എന്തു കൊണ്ടാണ്?

എട്ടാം ഭാഗം: കുട്ടികള്‍ വെയിലു കൊള്ളാമോ?

ഒമ്പതാം ഭാഗം: എന്തുകൊണ്ടാണ് കൂര്‍ക്കംവലിക്കിടെ  ശബ്ദം കൂടുന്നത്?