Asianet News MalayalamAsianet News Malayalam

തോക്ക് കണ്ടാല്‍ കൊറോണ വൈറസ് പേടിക്കുമോ?

ഈ കൊറോണക്കാലം ലോകജനതയെ എന്തെങ്കിലും പഠിപ്പിക്കുമോ? ലോക്ക്ഡൗണ്‍ കുറിപ്പുകള്‍ അവസാനിക്കുന്നു. കെ. പി റഷീദ് എഴുതുന്നു

Lock down column by KP Rasheed lessons of covid 19
Author
Thiruvananthapuram, First Published Apr 14, 2020, 11:30 PM IST

കൊറോണക്കാലം ലോകത്തെ മാറ്റുമോ? ഒരു സാധ്യതയുമില്ല, ഗയ്‌സ്. മാറേണ്ടത് വല്ല ചെമ്മരിയാടുകളും ആയിരുന്നേല്‍ ഒരു കൈ നോക്കാമായിരുന്നു. ഇതിപ്പോള്‍ നമ്മള്‍ മനുഷ്യരായിപ്പോയില്ലേ. ചാവും വരെ, നമ്മളിങ്ങനെ ഭൂമിയെയും പ്രകൃതിയെയും ദൈവത്തെയുമൊക്കെ പറ്റിച്ചു കൊണ്ടേയിരിക്കും. 'പാലം കടന്നാല്‍ പിന്നെ കൂരായണ' എന്നത് ആര്‍ക്കൂം മനസ്സിലാവുന്ന പഴഞ്ചന്‍ തന്ത്രമാണെങ്കിലും അതു തന്നെ പിന്നെയും ചെയ്തു കൊണ്ടിരിക്കും.  ഐക്യരാഷ്ട്ര സഭയാണെ സത്യം, ഇതൊക്കെ തന്നെ ഇവിടെയിനിയും നടക്കും. അടുത്ത വൈറസ് ഉടനെയില്ലെന്ന് ചെറിയൊരു ഉറപ്പുകിട്ടിയാല്‍ മതി, കാണാം ലോകത്തിന്റെ അര്‍മ്മാദം.

 

Lock down column by KP Rasheed lessons of covid 19

 

അറിയാതെ പാര വെച്ചുപോകുന്ന അസുഖമുള്ള ഒരു സുഹൃത്തുണ്ടായിരുന്നു. കൊട്ടും വെടിക്കെട്ടും രക്തത്തിലലിഞ്ഞ അസ്സലൊരു തൃശ്ശൂര്‍ക്കാരന്‍. പാരവെപ്പിന്റെ അസുഖം ഉള്ളതു കാരണമാവാം, കൂടെയുള്ളവരെല്ലാം ആളുടെ മുന്നില്‍പ്പെടാതെ ഒഴിഞ്ഞു പോവും. എന്നാല്‍, വര്‍ഷത്തില്‍ ഒരു പ്രത്യേക കാലത്തു മാത്രം പേടിക്കാതെ, ആര്‍ക്കും ആളുടെ അടുത്തു പോവാം. മേടമാസമാണ് ആ സമയം. പൂരം ഭൂമിയിലിറങ്ങുന്ന ദിവസങ്ങള്‍. അന്നേരം ആളാകെ മാറും. ചിരിയും കളിയും സന്തോഷവും. എപ്പോള്‍ കാണുമ്പോഴും, മുന്നിലെ മേശമേല്‍ നല്ല താളത്തില്‍ കൊട്ടുന്നുണ്ടാവും, ഗഡി.  അടുത്തുചെന്നാലുടനെ പ്രവചനം തുടങ്ങും, കുടമാറ്റ ദിവസം കാണാനിരിക്കുന്ന അതീവരഹസ്യ ഫോര്‍മുലകള്‍. വെടിക്കെട്ടില്‍ ഇക്കുറി ഇറക്കാന്‍ സാധ്യതയുള്ള പുത്തന്‍ നമ്പരുകള്‍. പൂരം തുടങ്ങുന്നതിനു മുമ്പ് ഡീസന്റാവുന്ന ആള്‍, പൂരം തീരും വരെ നല്ല ചങ്ക് ബ്രോയായി കൂടെയുണ്ടാവും.

പറഞ്ഞുവന്നത് ആളെക്കുറിച്ചല്ല, പൂരത്തെക്കുറിച്ചാണ്. അന്നാട്ടിലെ മനുഷ്യരെ പൂരം ബാധിക്കുന്ന വിധം. ലോകകപ്പ് ഫുട്‌ബോള്‍ കാലത്ത് ഫാന്‍സുകാര്‍ തമ്മില്‍ത്തല്ലാന്‍ ഉപയോഗിക്കുന്ന മാതിരിയുള്ള, പടുകൂറ്റന്‍ ഫ്‌ളക്‌സുകള്‍ ദേശങ്ങളായ ദേശങ്ങളെല്ലാം അന്നേരം നിറയും. മെസ്സിക്കും റൊണാള്‍ഡോയ്ക്കുമൊക്കെ പകരം ആനകളാവും അതില്‍. ഇതൊന്നും ആനകള്‍ അറിയില്ലെങ്കിലും അവരെച്ചൊല്ലിയുള്ള അടി നാടറിയാതിരിക്കില്ല. പിന്നെ, ദേശങ്ങളിലെല്ലാം കൂറ്റന്‍ കവാടങ്ങള്‍, എഴുന്നള്ളിപ്പുകള്‍, കൊട്ടും ആര്‍പ്പുവിളിയും, പിന്നെ തേക്കിന്‍കാട്ടില്‍ തളച്ച ആനകളുടെയോരോന്നിന്റെയും കാതടപ്പിക്കും വിധമുള്ള ഒന്നൊന്നര വെടിക്കെട്ട്. പായയും തലയിണയുമായി പൂരത്തിനെത്തുന്ന അമ്മൂമ്മമാര്‍ മുതല്‍ ടൂറിസം വകുപ്പുകാര്‍ പലവഴിക്കിറക്കുന്ന സായിപ്പന്‍മാര്‍ വരെ, പൂരപ്രാന്തില്‍ ആറാടും.

ഇതൊരു പൂരത്തിന്റെ മാത്രം കഥയല്ല. നമ്മുടെയെല്ലാം ചോരയില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ആഘോഷത്തിമിര്‍പ്പുകളുടെ കൂടി കഥയാണ്. നാട്ടിലെമ്പാടുമുള്ള ഉല്‍സവങ്ങള്‍, നേര്‍ച്ചകള്‍, പൂരങ്ങള്‍, വേലകള്‍, പള്ളിപ്പെരുന്നാളുകള്‍. ആഘോഷിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ലാരും. ആ നമ്മളാണ്, ഇക്കുറി ആഘോഷങ്ങളേ വേണ്ടെന്ന് വെച്ച് നല്ല കുട്ടികളായി വീട്ടിലിരുന്നത്.

കണ്ണുകാണാത്ത, കടുത്ത അക്രമവാസനയുള്ള ഒരു ഗജകേസരിയെ ഉല്‍സവത്തിനിറക്കില്ലെന്ന് കേട്ട്, ഹര്‍ത്താലും പ്രതിഷേധവും ബഹിഷ്‌കരണഭീഷണിയുമൊക്കെ മുഴക്കിയവരാണ് നമ്മള്‍. രായ്ക്കുരാമാനം സര്‍ക്കാറിനെ ഭീഷണിപ്പെടുത്തി തീരുമാനം മാറ്റിച്ച് ആനയെ ഉല്‍സവപ്പറമ്പില്‍ കൊണ്ടുവന്ന ടീമുകള്‍. ആചാരലംഘനത്തിന് ഉത്തരവിടുന്നത് സുപ്രീം കോടതി ആണെങ്കിലും, അത് വകവെക്കില്ലെന്നു പറഞ്ഞ്, എത്രയോ നാളുകള്‍ തിളച്ചുതൂവിയ ഒരു സംസ്ഥാനമാണ് നമ്മുടേത്. അതിന്റെ പേരില്‍, വോട്ടവകാശം കാണിച്ച് പാര്‍ട്ടികളെയെല്ലാം വിരട്ടിയ ജനത. ആ മനുഷ്യരാണ്, എല്ലാ ആചാരങ്ങളും മാറ്റിവെക്കാന്‍ സമ്മതിച്ചു കൊണ്ട്, ഒരിറ്റു കള്ളുപോലുമില്ലാതെ ശാന്തരും പക്വമതികളുമായി കഴിഞ്ഞുപോവുന്നത്. എങ്ങും പോവാതെ സാമൂഹ്യ അകലം പാലിച്ച് നാളെണ്ണി വീട്ടിനുള്ളില്‍ ഇരിക്കുന്നത്. നോക്കൂ, ഇന്ന് വിഷുവാണ്. രണ്ടു നാള്‍ മുമ്പ് ഈസ്റ്ററായിരുന്നു. അതിനു തൊട്ടുമുമ്പ്, ദു:ഖവെള്ളിയാഴ്ച. ആഘോഷങ്ങള്‍ തുരുതുരാ വന്നിട്ടും, നമ്മളെത്ര ശാന്തര്‍. പക്വമതികള്‍!

എല്ലാം എന്തു കൊണ്ടെന്ന് നമുക്കറിയാം. ആ ദുഷ്ടപ്പിശാശ് കൊറോണ വൈറസ് കാരണം. ഇവിടെ മാത്രമല്ല, ലോകമെങ്ങുമുള്ള പൂരങ്ങളെയും വെടിക്കെട്ടുകളെയും മതപരവും അല്ലാത്തതുമായ സകലമാന ആഘോഷങ്ങളെയും ഫ്രീസറില്‍ അടച്ചുവെച്ച ആ ദുഷ്ട വൈറസ് അതുമാത്രമല്ല ചെയ്തത്. 'ധീരരും പ്രതികാരശേഷിയുള്ളവരും നിര്‍ഭയരുമായ' മനുഷ്യരെ കൂടി, വീട്ടകങ്ങളില്‍ അടച്ചുവെച്ചു. അങ്ങനെ നമ്മള്‍ ലോകജനത, എല്ലാം സഹിച്ചും ഭയന്നും മറന്നും ലോക്ക്ഡൗണ്‍ കാലങ്ങള്‍ എണ്ണിയെണ്ണി കഴിഞ്ഞുപോവുകയാണ്. ഇന്നേരങ്ങളില്‍ നമ്മള്‍ എന്തൊക്കെ ചിന്തിക്കുമെന്നറിയാന്‍, സോഷ്യല്‍ മീഡിയയില്‍ ഒന്നു ചെന്നാല്‍ മാത്രം മതി. ഒരിക്കലും കാണാത്തവിധം ദാര്‍ശനികരായിമാറിയ ഒരു ജനതയെയാണ് നമുക്കവിടെ കാണാനാവുക. കളിയും ചിരിയും കണ്ണീരും എല്ലാമുണ്ടെങ്കിലും 'എന്തിനാണ് ഈ ജീവിതമെന്ന' ഉച്ചത്തിലുള്ള ആേലാചനകള്‍ അവയെല്ലാറ്റിന്റെയും അടിനൂലുകളായി കിടക്കുന്നു. അടുക്കളയിലും കിടപ്പറയിലുമായി പെട്ടുപോയ കുറച്ചു പെണ്ണുങ്ങളും പുറത്തിറങ്ങിയാല്‍ കൊറോണ പിടിക്കുമെന്ന് പേടിപ്പിച്ചുവെച്ചിരിക്കുന്ന അല്‍പ്പം വൃദ്ധരും ഒഴിച്ചാല്‍ ബാക്കിയെല്ലാവരും കടുംവെട്ട് ഫിലോസഫര്‍മാരായിക്കഴിഞ്ഞു. 'പ്രകൃതിയെ നോവിച്ചാല്‍ അതിനു വേദനിക്കില്ലേ' എന്നും 'അത് കരയില്ലേ' എന്നുമാണ്  കടുത്ത വികസനവാദികളായ നമ്മുടെ പാവം ഭരണകര്‍ത്താക്കള്‍ കൂടി പറഞ്ഞുകൊണ്ടേയിരിക്കുന്നത്. ഇതൊക്കെ കാണുമ്പോള്‍, എന്താണ് അതില്‍നിന്നും ഊഹിച്ചെടുക്കേണ്ടത്?

ഇനി, നമ്മള്‍ മനുഷ്യര്‍ അറിയാതെങ്ങാന്‍ ഡീസന്റായിപ്പോവുമോ?  ആളെപ്പറ്റിച്ചും വര്‍ഗീയത കലക്കിയും സ്വന്തം വയറ്റുപ്പിഴ മാത്രം നോക്കിയും ജീവിച്ചോണ്ടിരുന്ന, അന്താരാഷ്ട്രസമൂഹം എന്നൊക്കെ ഒരു സ്‌റ്റൈലിനു പറഞ്ഞോണ്ടിരുന്ന കൂട്ടര്‍, കൊറോണക്കാലം കഴിഞ്ഞാല്‍ അടിമുടി മാറി നല്ലവരായി ശിഷ്ടകാലം ജീവിക്കുമോ? ഭൂമി ഇന്നഭിമുഖീകരിക്കുന്ന മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് ഇനിയെങ്കിലും ലോകരാജ്യങ്ങള്‍ ഒന്നിച്ചു നിന്ന് ഒരു പരിഹാരം കാണുമോ?

 

Lock down column by KP Rasheed lessons of covid 19


രണ്ട്

സാധ്യതയില്ല മക്കളേ, എന്ന് പുച്ഛത്തോടെ പറയുന്നത്, നമ്മള്‍ തൊട്ടുമുമ്പ് പറഞ്ഞ ലോകരാജ്യങ്ങള്‍ ഒന്നുമല്ല. അത് നമ്മുടെ കേരളത്തെ മുക്കിക്കൊല്ലാന്‍ രണ്ടു തവണയായി ഇരച്ചെത്തിയ പ്രളയങ്ങളാണ്. അന്നും നമ്മളെത്ര ഡീസന്റായിരുന്നുവെന്നോ! ചുറ്റും വെള്ളം. രക്ഷപ്പെടാന്‍ ഒരു വഴിയുമില്ല. എത്ര കാശുണ്ടേലും മല്‍സ്യത്തൊഴിലാളികളുടെ വള്ളങ്ങളോ പട്ടാളം വക ഹെലിക്കോപ്റ്ററോ വന്നില്ലെങ്കില്‍ തട്ടിപ്പോവുന്ന അവസ്ഥ. എത്ര കരഞ്ഞു നിലവിളിച്ചാലും ആരും കേള്‍ക്കാനില്ലാത്ത വിധി. ഓരോ മഴത്തുള്ളിയും കൊറോണ വൈറസിനേക്കാള്‍ അപകടകാരിയായ നേരം. നിലവിൡകളുടെ ആ ദിവസങ്ങളെ പരസ്പരം ചേര്‍ന്നുനിന്നാണ് നമ്മള്‍ തോല്‍പ്പിച്ചത്. ഓരോ തുള്ളിയും പല വെള്ളമാവുന്നത്, മഴയുടെ കാര്യത്തില്‍ മാത്രമല്ല, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ കാര്യത്തിലുമാണെന്ന് നമ്മള്‍ മനസ്സിലാക്കിയ കാലം.

എത്ര നല്ല മനുഷ്യരായിരുന്നെന്നോ അന്ന് നമ്മള്‍. ആരാധനാലയങ്ങളിലെല്ലാം എല്ലാ മതക്കാരും കേറിക്കിടന്നു. ഒരു കൂട്ടരുടെ ദേവാലയം ക്ലീന്‍ ചെയ്യാന്‍ മറ്റേക്കൂട്ടരിറങ്ങി. ഒരു സമുദായത്തിന്റെ ശ്മശാനത്തില്‍ മറ്റു സമുദായക്കാര്‍ക്ക് അഭയം നല്‍കി. നമ്മളെല്ലാം ഉച്ചത്തില്‍ അന്ന് ആലോചിച്ചു കൊണ്ടിരുന്ന കാര്യം ഏതാണെന്ന് ഓര്‍മ്മയുണ്ടോ? ഒരു രസികന്‍ വാക്കായിരുന്നു, അത്. നവകേരളം. എങ്ങനെയായിരിക്കണം ഇനിയുള്ള കേരളമെന്ന് അറിവുള്ളവരും ഇല്ലാത്തവരുമെല്ലാം തലപുകഞ്ഞ് ആലോചിച്ചു. നമ്മുടെ ആഗ്രഹത്തിലെ നവകേരളത്തെക്കുറിച്ച് സ്വപ്‌നം കണ്ടു. 'നാടോടിക്കാറ്റില്‍' ശ്രീനിവാസനും മോഹന്‍ലാലും പറഞ്ഞതുപോലെ, 'ആഹാ ഐശ്വര്യത്തിന്റെ സൈറണ്‍' എന്ന് സ്വയം അഭിനന്ദിച്ചു. പ്രകൃതിനശീകരണത്തെക്കുറിച്ച്, പാറമടമുതലാളിമാര്‍ വരെ പ്രസംഗിച്ചു കൊണ്ടിരുന്ന ആ മനോഹരകാലം ജീവിതത്തെയും മരണത്തെയും ലാഭചിന്തകളെയും കുറിച്ച് അത്ര കാലം നമ്മള്‍ കൊണ്ടു നടന്നിരുന്ന സങ്കല്‍പ്പങ്ങളെല്ലാം തെറ്റാണെന്ന് നമ്മളെ പഠിപ്പിച്ചു.

എന്നിട്ടോ? അതു കഴിഞ്ഞ ഉടനെ, ക്വാറിമുതലാളിമാരുടെ നിലവിളികള്‍ ഉയര്‍ന്നു. താല്‍ക്കാലികമായി പൂട്ടിയ ക്വാറികളെല്ലാം പണി തുടങ്ങിക്കോളാന്‍ ഗദ്ഗദകണ്ഠരായി നമ്മുടെ ഭരണകൂടം പറഞ്ഞു. പ്രളയകാലത്ത് പെട്ടെന്ന് ഇഷ്ടം കൂടിയ മാധവ് ഗാഡ്ഗില്‍ എന്ന മനുഷ്യനെ വീണ്ടും ഊടുപാടു തെറിപറയാന്‍ തുടങ്ങി. ദുരിതാശ്വാസ സഹായങ്ങളിലെ പക്ഷപാതിത്തക്കുറിച്ച് പറഞ്ഞ് പല പാര്‍ട്ടികളിലായി തല്ലു തുടങ്ങി. വീണ്ടും മതങ്ങളുടെ പേരിലും ജാതിയുടെ പേരിലും, മതപരിവര്‍ത്തനത്തിനു മുമ്പു ബ്രാഹ്മണനായിരുന്നോ അല്ലയോ എന്ന പേരിലും 'പെണ്ണുങ്ങള്‍ക്ക് വീട്ടിലിരുന്നാ പോരേ' എന്ന ആങ്ങളപ്പോഴത്തങ്ങളുടെ പേരിലും നല്ല അസ്സലായി തമ്മില്‍ത്തല്ലി. തൊട്ടുപിന്നാലെ വന്നു, ആചാര ലഹള. ഉടനെ, നമ്മള്‍ കുലസ്ത്രീകളും കുലപുരുഷന്‍മാരും നവോത്ഥാന വാദികളും അല്ലാത്തവരുമായി. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല, അടുത്ത പ്രളയം വരെ അടിയോ അടി. അതു വന്നപ്പോള്‍ ഉടന്‍ തന്നെ, മരണാസക്തരായെത്തിയ പ്രളയജലത്തിനു നടുവിലിരുന്ന് നമ്മള്‍ നവകേരള ചര്‍ച്ചകള്‍ പുനരാരംഭിച്ചു.

ഇതു ഇത്തിരിപ്പോന്ന നമ്മുടെ നാടിന്റെ കഥയാണ്. പ്രളയം പോലുള്ള പ്രകൃതിദുരന്ത ഘടകങ്ങള്‍ ഇല്ലെങ്കിലും, ഏതാണ്ടിതേ പോലൊക്കെ തന്നെയായിരുന്നു, ഇന്ത്യയിലെ മറ്റിടങ്ങളിലും സംഭവിച്ചത്. ലോകത്തിന്റെ കാര്യം പിന്നെ പറയാനേ ഇല്ല. ആവേശം കൂട്ടാന്‍ ദേശീയതയും മതവര്‍ഗീയതയും പാകത്തിനുപയോഗിച്ചു പോന്ന, തീവ്രവലതു-ഫാഷിസ്റ്റു കക്ഷികളെയെല്ലാം വലിച്ച് അധികാരക്കസേരയിലിരുത്തിയവരാണ്. 'ഭരിക്കാനറിയില്ല, കച്ചവടമേയറിയൂ' എന്നു പറഞ്ഞ നേതാക്കളോട്, നിങ്ങളെ തന്നെയാണ് ഞങ്ങള്‍ക്കാവശ്യമെന്ന് പറഞ്ഞ്, സ്വന്തം നിറത്തിലും വംശത്തിലും അഭിമാനപുളകിതരായി വെളുക്കെച്ചിരിച്ച് വോട്ടുചെയ്തവര്‍. കാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ അടപ്പൂരുമെന്ന് ഉറപ്പായ നേരമായിട്ടും വികസനത്തിന് വേഗം പോരെന്ന് പറഞ്ഞ്, ഭൂമിയിലെ ബാക്കിയുള്ള കാടുകള്‍ക്കും മലകള്‍ക്കും പക്ഷിമൃഗാദികള്‍ക്കും വിലയിട്ടു. ചുഴലിക്കാറ്റുകള്‍ക്കും ദുരിതങ്ങള്‍ക്കും മത, വംശ, വര്‍ണ വ്യത്യാസങ്ങളില്ലെന്ന് ദുരന്തവേളകളില്‍ സോഷ്യല്‍ മീഡിയാ പ്രഭാഷണങ്ങള്‍ നടത്തിയതിനു പിന്നാലെ, കുടിയേറ്റക്കാരെയും അപരരെന്നു ആരൊക്കെയോ പഠിപ്പിച്ചു തന്ന സമുദായക്കാരെയും പാഠം പഠിപ്പിക്കാനുള്ള ആവേശത്തില്‍ സ്ഫടികത്തിലെ മോഹന്‍ലാലിനെക്കണക്ക് മുണ്ടൂരിയടിച്ചു.

പറഞ്ഞുവന്നത്, തീരെ ചെറിയൊരു കാര്യമാണ്. നമ്മളാദ്യം സൂചിപ്പിച്ച, ആ ചോദ്യം. കൊറോണക്കാലം ലോകത്തെ മാറ്റുമോ?

ഒരു സാധ്യതയുമില്ല, ഗയ്‌സ്. മാറേണ്ടത് വല്ല ചെമ്മരിയാടുകളും ആയിരുന്നേല്‍ ഒരു കൈ നോക്കാമായിരുന്നു. ഇതിപ്പോള്‍ നമ്മള്‍ മനുഷ്യരായിപ്പോയില്ലേ. ചാവും വരെ, നമ്മളിങ്ങനെ ഭൂമിയെയും പ്രകൃതിയെയും ദൈവത്തെയുമൊക്കെ പറ്റിച്ചു കൊണ്ടേയിരിക്കും. 'പാലം കടന്നാല്‍ പിന്നെ കൂരായണ' എന്നത് ആര്‍ക്കൂം മനസ്സിലാവുന്ന പഴഞ്ചന്‍ തന്ത്രമാണെങ്കിലും അതു തന്നെ പിന്നെയും ചെയ്തു കൊണ്ടിരിക്കും.  ഐക്യരാഷ്ട്ര സഭയാണെ സത്യം, ഇതൊക്കെ തന്നെ ഇവിടെയിനിയും നടക്കും. അടുത്ത വൈറസ് ഉടനെയില്ലെന്ന് ചെറിയൊരു ഉറപ്പുകിട്ടിയാല്‍ മതി, കാണാം ലോകത്തിന്റെ അര്‍മ്മാദം.

ഇത്രയും ദോഷൈകദൃക്കായ ഒരു മനുഷ്യനെ ഇന്നേ വരെ കണ്ടിട്ടില്ലെന്ന്, ഇതു വായിച്ച് ആണയിടാന്‍ വരട്ടെ, നമ്മളെ എന്തൊക്കെയാണ് മേല്‍പ്പറഞ്ഞ വൈറസണ്ണന്‍ ശരിക്കും പഠിപ്പിക്കുന്നത് എന്നൊന്ന് ആലോചിച്ചു നോക്കൂ.  

എല്ലാം വിറ്റു കാശാക്കുന്ന നമ്മുടെ ഏര്‍പ്പാടിന്റെ ബാക്കിയാണ് വുഹാനിലെ മാംസച്ചന്തയില്‍ വൈറസിന്റെ രൂപത്തില്‍ വന്നുപെട്ടത് എന്നതാണ് കൊവിഡ് കാലം പറഞ്ഞുതന്ന പ്രധാനകാര്യം. ചെറുതും വലുതുമായ എല്ലാ മൃഗങ്ങളെയും കൊന്നുകെട്ടിത്തൂക്കിയിട്ട ചൈനയുടെ മാര്‍ക്കറ്റുകള്‍ക്കു നേരെയാണ് വൈറസ്ബാധ വിരല്‍ ചൂണ്ടിയത്. അതിനു പിന്നില്‍ ഒരു ചിന്തയേ ഉള്ളൂ. ഈ ഭൂമി നമുക്ക് അര്‍മ്മാദിക്കാനായി ദൈവം തമ്പുരാന്‍ ഉണ്ടാക്കി വെച്ചതാണ് എന്നും,  ബാക്കി എല്ലാറ്റിനും കണക്കുെണ്ടങ്കിലും ഭൂമിയിലെ പക്ഷിമൃഗാദികളെയും ആവാസ വ്യവസ്ഥകളെയും പ്രകൃതി വിഭവങ്ങളെയും ആവോളം ഉപയോഗിക്കാന്‍ ഒരു കണക്കും നോക്കേണ്ട എന്നുമുള്ള ചിന്ത. അപ്പനപ്പൂപ്പമ്മാരായി നമുക്കു കിട്ടിയ സ്വത്താണ്, എങ്ങനേലും പണ്ടാരടക്കാം എന്ന് മുടിയരായ പുത്രരും പുത്രിമാരും ചിന്തിക്കുന്നതുപോലുള്ള അതേ ഏര്‍പ്പാട്. അങ്ങനെ, എല്ലാ സ്വത്തും കച്ചവടം ചെയ്യാനുള്ളതായി. ലാഭം മാത്രം നോക്കി ചെയ്യേണ്ട ഒന്നായി ജീവിതം മാറി. അതു കൊണ്ടാണ് പ്രാണവായുവിനും ശുദ്ധജലത്തിനുമൊക്കെ ഒഴികെ ബാക്കിയെല്ലാറ്റിനും നമ്മള്‍ വിലയിട്ടത്. നമ്മള്‍ ഉണ്ടാക്കുന്ന കാറായാലും തോക്കായാലും വീതുളി ആയാലും അതൊക്കെ വിലയുള്ള സാധനവും ചത്തുപോവാതിരിക്കാന്‍ മൂക്കിലേക്ക് വലിച്ചൂതുന്ന വായു വെറുതെ കിട്ടുന്ന സാധനവും ആയി കണക്കാക്കിയത്. അതു കൊണ്ടാണ്, കണ്ട രാസമാലിന്യങ്ങളെല്ലാം ആകാശത്തിന്റെ അണ്ണാക്കിലേക്ക് നമ്മള്‍ ഒരു കുറ്റബോധവുമില്ലാതെ ഇട്ടു കൊടുക്കുന്നത്. ഭൂമിയെ പല മടങ്ങ് കൊല്ലാന്‍ ശേഷിയുള്ള വിഷങ്ങള്‍ നേരെ ജലാശയങ്ങളിലേക്ക് തട്ടുന്നത്.  

ഈ പരിപാടി നിര്‍ത്താനാണ് പച്ചയ്ക്ക് കൊറോണക്കാലം പറയുന്നത്. അതു നിര്‍ത്തിയാല്‍ പിന്നെങ്ങനെ കച്ചവടം നടക്കും? പിന്നെന്ത് വിത്തെടുത്തു വില്‍ക്കും? എല്ലാവരും തുല്യരാണെങ്കില്‍, പിന്നാര് എന്റെ വീട്ടില്‍വന്ന് നിലം തുടയ്ക്കും എന്നു ചോദിക്കുന്നതുപോലെയുള്ള ചോദ്യമാണത്. ആരോഗ്യരംഗം സ്വകാര്യവല്‍കരിച്ചതിന്റെ വിപത്തുകള്‍ അനുഭവിക്കുന്ന അമേരിക്ക പോലൊരു രാജ്യത്തെ, അവിടത്തെ ഇന്‍ഷുറന്‍സ് വ്യവസ്ഥയെ കോപ്പിയടിക്കാന്‍ വെമ്പുന്ന മറ്റുനാടുകള്‍ ഇതെങ്ങനെ മനസ്സിലാക്കും? വികേന്ദ്രീകൃത ആരോഗ്യ വ്യവസ്ഥ എന്തുകൊണ്ടൊക്കെയോ ബാക്കിയായ കേരളം പോലുള്ള സ്ഥലങ്ങള്‍ പോലും, പൊതുഗതാഗതവും പൊതുജനാരോഗ്യവും പൊതുവിതരണ ശൃംഖലകളുമെല്ലാം അതിവേഗം സ്വകാര്യവല്‍കരിക്കാന്‍ നോക്കുമ്പോള്‍, അതിനൊക്കെ കൈയടിച്ചിരിക്കുന്ന നമ്മെളയൊക്കെ ഒരു മൂന്നാംകിട വൈറസ് എന്തു പഠിപ്പിക്കുമെന്നാണ്?

 

Lock down column by KP Rasheed lessons of covid 19


മൂന്ന്

താഴെപ്പറയുന്ന മൂന്ന് വാര്‍ത്തകള്‍ ചേര്‍ത്തു വായിച്ചാല്‍, ഇപ്പറഞ്ഞ കാര്യങ്ങള്‍ ഒന്നു കൂടി ബോധ്യമാവും.  

ആദ്യ വാര്‍ത്ത ചൈനയില്‍നിന്നാണ്. അതില്‍പ്പറയുന്നത്, കൊറോണ വൈറസുമായി ബന്ധപ്പെട്ട പഠനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് ചൈന നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നാണ്.  വൈറസിന്റെ ഉദ്ഭവത്തെ സംബന്ധിച്ച ഒരു പഠനവും ഒരു വിവരവും ഇനി പുറത്തുപോവേണ്ട എന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ ഉത്തരവ്. ചൈനീസ് സര്‍വകലാശാലകളുടെ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച പഠനങ്ങളെല്ലാം ഇതോടെ നീക്കം ചെയ്‌തെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വുഹാനില്‍ കൊറോണ ആദ്യം ബാധിച്ചതാര്‍ക്ക് എന്ന വിവരം ഇനിയും ചൈന പുറത്തുവിട്ടിട്ടില്ല. അഭ്യൂഹങ്ങളെ ആധികാരിക വിവരങ്ങളാക്കി പുറത്തുവന്ന ചില 'എക്‌സ്‌ക്ലൂസീവ്' റിപ്പോര്‍ട്ടുകളേ നിലവില്‍ ലഭ്യമായിട്ടുള്ളൂ.  വൈറസ് ആദ്യമായി ഉദ്ഭവിച്ചതെങ്ങനെ, മനുഷ്യരില്‍നിന്നും മനുഷ്യരിലേക്ക് ഇതു പകര്‍ന്നത് എങ്ങനെ  തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കാണേണ്ടത് കൊവിഡ് പ്രതിരോധത്തിന് അനിവാര്യമാണ്. അതിനു ശാസ്ത്രലോകം കിണഞ്ഞുശ്രമിക്കുന്നതിനിടെയാണ്  ഉള്ള വാതിലും ചൈന അടയ്ക്കുന്നത്. വൈറസ് ബാധയെ കുറിച്ച് ആദ്യ മുന്നറിയിപ്പു നല്‍കിയ ഡോ. ലീ വെന്‍ലിയാങ്ങിനെതിരെ നടപടി എടുക്കുകയും വാര്‍ത്തകള്‍ പുറത്തുവരാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്ത അതേ സ്വഭാവമാണ് ചൈന ആവര്‍ത്തിക്കുന്നത്.

രണ്ടം വാര്‍ത്ത അമേരിക്കയില്‍നിന്നാണ്. ലോക്ക്ഡൗണ്‍ ഭയന്ന് നമ്മുടെ നാട്ടിലൊക്കെ ആളുകള്‍ ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനാണ് ക്യൂ നിന്നതെങ്കില്‍ അമേരിക്കയില്‍ അത് തോക്കു വാങ്ങാനാണ്. ങേ, തോക്കോ, അതെന്തിന്, വൈറസിനെ വെടിവെക്കാനോ എന്നൊന്നും ചോദിക്കേണ്ട. സംഗതി സത്യമാണ്. 26 ലക്ഷം തോക്കുകളാണ് മാര്‍ച്ച് മാസത്തില്‍മാത്രം അമേരിക്കയില്‍ വിറ്റുേപായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റതിന്റെ 85 ശതമാനം വര്‍ദ്ധന. കാനഡയിലും ഹംഗറിയിലുമെല്ലാം വെടിക്കോപ്പു വില്‍പ്പനയില്‍ വന്‍വര്‍ദ്ധന ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അമേരിക്കക്കാര്‍ക്ക് ഇപ്പോഴെന്തിനാണ് തോക്ക്? അത് സ്വയം പ്രതിരോധിക്കാനാണ്. പച്ചമലയാളത്തില്‍ പറഞ്ഞാല്‍, അക്രമിക്കും എന്നു തോന്നുന്നവന്റെ നെഞ്ചത്തിട്ട് കാച്ചാന്‍. ഇപ്പോഴാരാണ് അക്രമിക്കാന്‍ വരുന്നത് എന്നു ചോദിക്കും മുമ്പ്, അമേരിക്കക്കാരന്റെ ഭയങ്ങള്‍ ഓര്‍ക്കുക. കുടിയേറ്റക്കാരെ, അഭയാര്‍ത്ഥികളെ, കറുത്തവരെ, കാശില്ലാത്തവരെ, അപരരെന്നോ ശത്രു  എന്നോ കരുതുന്നവരെ. അവരെല്ലാം, ഈ ലോക്ക്ഡൗണ്‍ കാലത്ത്, വിശന്നോ മടുപ്പു കേറിയോ കൊള്ളയും കൊള്ളിവെപ്പും നടത്തുമെന്നാണ് പൊതുഭയം. പൊലീസും പട്ടാളവുമൊക്കെ  കൊറോണ വൈറസിന്റെ പിന്നാലെ ആയതിനാല്‍, തങ്ങളെ രക്ഷിക്കാന്‍ തങ്ങള്‍ തന്നെ തോക്കു വേണമെന്ന് അവര്‍ തീരുമാനിച്ചിരിക്കുന്നു. അങ്ങനെ, കാണാമറയത്തെ ശത്രുവിന്റെ ചങ്കില്‍ ഉണ്ടപായിക്കാന്‍ തോക്കും പിടിച്ചിരിപ്പാണ്, സാധാരണ അമേരിക്കക്കാര്‍.

ഇനിയുള്ള വാര്‍ത്ത പലയിടങ്ങളിലും നിന്നാണ്. അത് കാശുകാരെക്കുറിച്ചാണ്. കൊവിഡ് വന്നു തട്ടിപ്പോവാതിരിക്കാന്‍ പണക്കാരായ പണക്കാരൊക്കെ പല വഴികള്‍ നോക്കുകയാണ്. അവര്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ബുക്ക് ചെയ്ത്, വിദൂരദേശങ്ങളിലെ മനോഹരറിസോര്‍ട്ടുകളിലേക്ക് രാപ്പാര്‍ക്കാന്‍ പായുകയാണ്. ചിലര്‍ സുന്ദരികളായ പെണ്ണുങ്ങളെ കൂടെക്കൊണ്ടുപോവുന്നു. മറ്റു ചിലര്‍ കുടുംബത്തെ. ചിലരൊക്കെ ഡോക്ടറെയും നഴ്‌സുമാരെയുമൊക്കെ ഒപ്പം കൂട്ടുന്നുണ്ട്. വേറെ ചിലരാവട്ടെ, ആഡംബര നൗകകള്‍ ബുക്ക് ചെയ്ത്, കര അടുപ്പിക്കാതെ തീനും കുടിയും വിനോദങ്ങളുമായി കൊവിഡ് കാലം കഴിച്ചുകൂട്ടാനുള്ള ഒരുക്കങ്ങളിലാണ്.

ചുമ്മാതെയല്ല പോക്ക്. വില കൂടിയ ഡിസൈനര്‍ മാസ്‌കുകളും ഏറ്റവും ഗുണനിലവാരമുള്ള ബ്രാന്റഡ് സാനിറ്റൈസറുകളുമെല്ലാം കൂമ്പാരമായി ഒപ്പം കൊണ്ടുപോവുന്നുണ്ട്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടാന്‍ പറ്റുന്ന കിട്ടാവുന്ന സര്‍വ്വ മരുന്നുകളും ഒപ്പം കൊണ്ടുപോവുന്നു. നാട്ടുകാരെല്ലാം ചത്തു തീര്‍ന്നില്ലെങ്കില്‍, സ്വന്തം നാടുകളിലേക്ക്, പാട്ടും പാടി ചെല്ലാനുള്ള കലാപരിപാടികള്‍.

വാര്‍ത്തകള്‍ ഇനിയുമുണ്ട്. പക്ഷേ, അതിനുള്ള നേരവും കാലവും ഇതല്ല. എങ്കിലും, ഈ മൂന്നു വാര്‍ത്തകള്‍ ഒന്നിച്ചു വായിക്കുമ്പോള്‍ നിങ്ങള്‍ക്കു തോന്നുന്ന ഒരു ഇതില്ലേ. അതു തന്നെയാണ്, ഞാന്‍ തൊട്ടുമുകളില്‍ പറയാന്‍ ശ്രമിച്ചത്. ഇത്രയൊക്കെയേ ഉള്ളൂ, ഈ മനുഷ്യര്‍. ഇങ്ങനെയൊക്കെയേ ഉള്ളൂ, നാമീ ജീവിതം എന്നൊക്കെപ്പറയുന്ന ഇടപാട്.

 

നാല്

ഇനിയല്‍പ്പം അശ്ലീല കഥകളാണ്. തെളിച്ചുപറഞ്ഞാല്‍, ലോകത്തെ ഏറ്റവും മനോഹരമായ രതികഥകള്‍. അവയുള്ള ഒരു പുസ്തകത്തെക്കുറിച്ചാണ് പറയുന്നത്. പുസ്തകത്തിന്റെ പേര്, ഡെക്കമറണ്‍ കഥകള്‍. കൊറോണ വൈറസിനെ പോലെ 1347-48 കാലത്ത് ഇറ്റലിയെ വിറപ്പിച്ച പ്ലേഗ് ബാധയുടെ പശ്ചാത്തലത്തില്‍ ഉണ്ടായ പുസ്തകം. കൊറോണ എന്നു കേട്ടാല്‍, ഞരമ്പുകളില്‍ ചോര തിളക്കുന്ന നമ്മുടെ ഇറ്റലിയുടെ പഴയ ചില വീരകഥകള്‍. 1313 മുതല്‍ 1375 വരെ ഇറ്റലിയില്‍ ജീവിച്ച ജിയോവാനി ബൊക്കാച്ചിയോ ആണ് ലോകസാഹിത്യത്തിലെ, മനോഹരമായ ഈ വായനാനുഭവം എഴുതിയുണ്ടാക്കിയത്.

സംഗതി പ്ലേഗാണ്. നാടാകെ ക്വാറന്റീനില്‍ കഴിയുന്നു. രോഗം കൊടുങ്കാറ്റ് പോലെ പടരുന്നു. ആളുകള്‍ മരിക്കുന്നു. ഇന്നത്തെപ്പോലെ, 'സാമൂഹ്യ അകലം' അടക്കമുള്ള മാര്‍ഗങ്ങള്‍ രോഗപ്രതിരോധത്തിനായി ഉപയോഗിക്കുന്നു. ഇതെല്ലാം കണ്ടുകണ്ട് ഭ്രാന്ത് പിടിച്ചും മരണത്തെ പേടിച്ചും, ഏഴു പെണ്ണുങ്ങള്‍ ഫ്‌ളോററന്‍സ് നഗരത്തിലെ ഒരു പള്ളിയില്‍ കൂടുന്നു. ഇനിയിവിടെ നിന്നാല്‍ പണി കിട്ടും എന്ന ഉറപ്പില്‍, അവര്‍ ഒരു തീരുമാനത്തിലെത്തുന്നു. എസ്‌കേപ്പ്. ഒറ്റയ്ക്കു പോവാന്‍ പേടിയുള്ളതിനാല്‍, പള്ളിയില്‍ കണ്ടുമുട്ടിയ മൂന്ന് യുവാക്കളെയും അവര്‍ കൂടെക്കൂട്ടുന്നു. സ്ഥലം വിടുന്നു. കുറേ അകലെ, അതിമനോഹരമായ പൂന്തോട്ടങ്ങളും മനോഹരമായ കെട്ടിടങ്ങളുമുള്ള ഒരിടത്ത് അഭയം തേടുന്നു. മൂക്കില്‍ ബാക്കിയായ മരണഗന്ധം കളയുന്നതിന് അവര്‍ രസകരമായ ചില വഴികള്‍ കണ്ടെത്തുന്നു. കഥകളുടെ വഴി. അതും മനോഹരമായ രതികഥകള്‍.

ദിവസവും തങ്ങളിലൊരാളെ അവര്‍ രാജാവോ രാജ്ഞിയോ ആയി തെരഞ്ഞെടുക്കുന്നു. അവരൊരു വിഷയം പറയും. പത്തുപേരും പത്തു ദിവസവും ഓരോ കഥ പറയണം. അങ്ങനെ പത്തുനാള്‍ കൊണ്ട് നൂറു കഥകള്‍. എല്ലാ കഥകളുടെയും രസനാഡി ചെന്നുനില്‍ക്കുന്നത് സെക്‌സിലാണ്. പ്രണയികളുടെ, ദമ്പതികളുടെ, അവിഹിത ബന്ധക്കാരുടെ, പുരോഹിതരുടെ ഒക്കെ രതികഥകള്‍. (എന്നാല്‍, സൂക്ഷിച്ചു വായിച്ചാല്‍, അക്കാലത്തെ, ഇറ്റാലിയന്‍ സമൂഹത്തെക്കുറിച്ചുള്ള നിശിത വിമര്‍ശനമായിരുന്നു അതെന്നു മനസ്സിലാക്കാം)

അങ്ങനെ, ആദ്യ നാള്‍, മനുഷ്യന്റെ തിന്‍മയെക്കുറിച്ചുള്ള രസികന്‍ കഥ. രണ്ടാമത്തെയും മൂന്നാമത്തെയും ദിവസം വിധിയുടെ വിളയാട്ടങ്ങളെ തടയുന്ന മനുഷ്യന്റെ ഇച്ഛാശക്തി. നാലാം നാള്‍, പ്രണയങ്ങളുടെ കഥകള്‍. നര്‍മോക്തികളും ആനന്ദങ്ങളും കുതന്ത്രങ്ങളും ചതിയും അശ്ലീലവുമെല്ലാം അടുത്തടുത്ത ദിവസങ്ങളില്‍ കഥകളായി പിറക്കുന്നു. ഓരോ നാളും, കഥ തീരുമ്പോള്‍, പാട്ടു മുഴങ്ങുന്നു. ഉടലുകള്‍ നൃത്തച്ചുഴിയിലേക്ക് പതിക്കുന്നു.

എന്തു കൊണ്ടാവും അത്ര ഭീകരമായ നാളുകളെ അവര്‍ രതികഥകള്‍ കൊണ്ട് നേരിടാന്‍ ഒരുങ്ങിയത്? എന്തിനാവും, മരണഗന്ധമുള്ള കാറ്റുകളില്‍നിന്നും അവര്‍ ആനന്ദങ്ങളുടെ ആഖ്യാനങ്ങളിലേക്ക് ചെന്നിരുന്നത്? അതിനുത്തരം പലതുമാവാം. എങ്കിലും, പൊതുവായി ചിലതുണ്ടാവും അവയില്‍. അതിലൊന്ന് അതിജീവനമാണ്. ദുരന്തമുഖങ്ങളില്‍ മനുഷ്യര്‍ ചെന്നുനില്‍ക്കാവുന്ന പ്രതീക്ഷയുടെ ഒരിടം. മറ്റൊന്ന്, കൊടും നിരാശകളാണ്. അതിനെ മറികടക്കാനുള്ള വഴി ആനന്ദങ്ങളുടെയും മറവികളുടേതുമാണ്. വേറൊന്ന്, കഥകള്‍ക്കു മാത്രം ചെന്നു നില്‍ക്കാനാവുന്ന ഭാവനയുടെ രക്ഷാമാര്‍ഗങ്ങളാണ്. ഇതെല്ലാം, ചേര്‍ന്നാവും ഉറപ്പായും ആ പത്തുമനുഷ്യര്‍ അവിടെചെന്നിരുന്നത്. രതികഥകള്‍ കൊണ്ട് ദുരന്തങ്ങളെ മറികടക്കാന്‍ ശ്രമിച്ചത്. മനുഷ്യവര്‍ഗത്തിന്റെ അതിജീവനം എന്നും അങ്ങനെയൊക്കെ ആയിരുന്നു എന്നവര്‍ ഇപ്പോഴും പറയുന്നത്.  

അങ്ങനെയങ്കില്‍, ഈ കൊറോണക്കാലത്തെ മറികടക്കാന്‍ നമുക്ക് മുന്നിലെന്താണ് ഉണ്ടാവുക? എന്തു കഥ പറഞ്ഞാവും നമ്മള്‍, ശ്വാസങ്ങളില്‍ കലര്‍ന്നുപോയ, ഭീതിയുടെ അനക്കങ്ങളെ കുടഞ്ഞെറിയുക? ആ ആലോചനയായിരുന്നു, 21 ദിവസമായി എഴുതിക്കൊണ്ടിരുന്ന ഈ കുറിപ്പുകള്‍. ലോകമാകെ മനുഷ്യര്‍ ജീവിക്കുന്ന ജീവിതങ്ങള്‍. പല മാതിരി അനുഭവങ്ങള്‍. വിചിത്രസ്വഭാവിയായ ഒരു മഹാമാരിയുടെ ദൃശ്യവും അദൃശ്യവുമായ പല മുഖങ്ങള്‍. കുന്ദംകുളത്തെ കൊറോണക്കള്ളന്‍ മുതല്‍ ഡൗണിംഗ് സ്ട്രീറ്റില്‍നിന്ന് പാഞ്ഞിറങ്ങിയ യു.കെ പ്രധാനമന്ത്രിയുടെ ഉപദേശകന്‍ വരെ, പല മനുഷ്യര്‍ ചേര്‍ന്നെഴുതിയ ജീവിതകഥകള്‍. അതെല്ലാം ചേരുമ്പോള്‍, നാം ഇൗ ദിവസങ്ങളില്‍ ജീവിച്ച ലോക്ക്ഡൗണ്‍ കാലത്തിന്റെ ആത്മകഥയുടെ ചില അടരുകളാവും.


അഞ്ച്

അമീബ ഇര പിടിക്കുന്നതെങ്ങനെ എന്ന പരീക്ഷാചോദ്യത്തിന്, പണ്ടാരോ എഴുതിയ ആ രസികന്‍ ഉത്തരം കൂടി പറഞ്ഞ്, നമുക്ക് നിര്‍ത്താം. വളരെക്കാലങ്ങള്‍ക്കു മുമ്പ്, എസ് എസ് എല്‍ സി പരീക്ഷയിലെ രസികന്‍ ഉത്തരങ്ങള്‍ വെച്ച്, ഒരു പത്രം പ്രസിദ്ധീകരിച്ച ഫീച്ചറിലാണ് അത് വായിച്ചത്.

ആ കുട്ടി എഴുതിയ ഉത്തരം ഓര്‍മ്മയില്‍നിന്നെഴുതുമ്പോള്‍ ഏതാണ്ട് ഇങ്ങനെയിരിക്കും: ''അര്‍ദ്ധ രാത്രി. കുറ്റാക്കൂരിരുട്ട്. അകലെ ഏതോ ചാവാളിപ്പട്ടിയുടെ ശബ്ദം. പതുങ്ങി പതുങ്ങി നടന്ന അമീബ അതാ മുന്നിലെന്തോ കാണുന്നു. പിന്നെ ഒന്നുമാലോചിച്ചില്ല, ഒറ്റച്ചാട്ടം. കഴുത്തില്‍ത്തന്നെ പിടികിട്ടി. രണ്ടു കടി. നാലു കുടയല്‍. അവന്‍ തീര്‍ന്നു.''

വാട്ട്‌സാപ്പ് യൂനിവേഴ്‌സിറ്റി ഇതേ ഊര്‍ജത്തോടെ ഇവിടെത്തന്നെ ഉണ്ടെങ്കില്‍, ഏതാണ്ട് ഇങ്ങനെയൊക്കെയാവും, 'നമ്മള്‍ കൊറോണക്കാലത്തെ അതിജീവിച്ചത് എങ്ങനെ' എന്ന ചോദ്യത്തിന് ഭാവികാലം നല്‍കുന്ന ഉത്തരം. നുണകളും വിവരക്കേടുകളും ആന മണ്ടത്തരങ്ങളും ഭരണാധികാരികളുടെ പോലും നെറ്റിപ്പട്ടമാവുന്ന കാലത്ത്, നമ്മുടെയൊക്കെ കുട്ടികള്‍, കൊറോണ ഇരപിടിച്ചത് പഠിക്കാതിരിക്കാനെങ്കിലും നാം ഓര്‍മ്മകള്‍ ചേര്‍ത്തുവെക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുമ്പോള്‍, മറവി എന്ന നെറികേടു കൂടാതെ, നമുക്ക് ചില പാഠങ്ങള്‍ ഓര്‍മ്മ വരും. ചിലപ്പോള്‍, അടുത്ത വൈറസ് കാലം വരാതിരിക്കാനുള്ള മുന്‍കരുതലാവാം അത്. അല്ലെങ്കില്‍, ഇനിയെങ്കിലും ജീവിതം അല്‍പ്പമൊന്ന് മാറ്റിക്കൂടേ എന്ന ആത്മഗതം. ലോകരാഷ്ട്രങ്ങളോടും ഭരണത്തലവന്‍മാരോടും നമ്മളോടു തന്നെയുമുള്ള സത്യസന്ധമായ ഒരേമ്പക്കം ആയെങ്കിലും അതു ബാക്കി ഉണ്ടായാല്‍,  വീടകങ്ങളില്‍ നാം ജീവിച്ച, സഹനത്തിന്റെയും സങ്കടങ്ങളുടെയും അകലങ്ങളുടെയും ആശ്വാസങ്ങളുടെയും ഈ നേരങ്ങള്‍ വെറുതെയാവില്ല.

അതിനു മുമ്പ്, മെയ് മൂന്ന് വരെ നീട്ടിയ ലോക്ക്ഡൗണിന്റെ, രണ്ടാം ഭാഗം തുടങ്ങും മുമ്പ്, ഈ കുറിപ്പുകള്‍ ഇവിടെ തീരുന്നു.

 

(അവസാനിച്ചു)

ലോക്ക് ഡൗണ്‍ ദിനക്കുറിപ്പുകള്‍ 

ആദ്യ ദിവസം: 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.

രണ്ടാം ദിവസം: കാസര്‍ഗോട്ടെ നാസ, ചാലക്കുടിക്കാരി യുനെസ്‌കോ

മൂന്നാം ദിവസം: ഭാര്യയെ 'കൊറോണ വൈറസ്' ആക്കുന്ന 'തമാശകള്‍' എന്തുകൊണ്ടാവും?

നാലാം ദിവസം: വീട്ടിലടഞ്ഞുപോയ വാര്‍ദ്ധക്യങ്ങളോട് നാം ഏതുഭാഷയില്‍ സംസാരിക്കും?

അഞ്ചാം ദിവസം: ലോക്ക്ഡൗണ്‍ ഭയക്കാതെ ആ അതിഥി തൊഴിലാളികള്‍ എന്തിനാവും തെരുവിലിറങ്ങിയത്?

ആറാം ദിവസം: ലിപ് ലോക് ചുംബനങ്ങള്‍ക്ക് വിട, ഫ്ലൈയിംഗ് കിസിന് സ്വാഗതം!

ഏഴാം ദിവസം: ഈ സമയത്ത് ഫേസ്ബുക്കില്‍ ഫോട്ടോ കുത്തിപ്പൊക്കാമോ?

എട്ടാം ദിവസം: എന്നിട്ടും എന്തിനാവും അവര്‍ നിസാമുദ്ദീന്‍ മര്‍ക്കസില്‍ തിങ്ങിക്കൂടിയത്?

ഒമ്പതാം ദിവസം: കേരളമേ, കൊറോണ ഒരു പ്രവാസിയല്ല!

പത്താം ദിവസം:കുന്ദംകുളത്തെ പറക്കുന്ന കള്ളന്‍: നേരെത്ര, നുണയെത്ര?

പതിനൊന്നാം ദിവസം: നമ്മള്‍ ഉണ്ടുറങ്ങുന്ന ബിഗ് ബോസ് വീടുകള്‍

പന്ത്രണ്ടാം ദിവസം: പൂ പോലുള്ള കുട്ടികള്‍, പുല്ലുതിന്നുന്ന കുട്ടികള്‍

പതിമൂന്നാം ദിവസം: മരിച്ചില്ലായിരുന്നുവെങ്കില്‍ ഈ ലോക്ക്ഡൗണ്‍ കാലത്ത് കെ. എം ബഷീര്‍ എന്ത് ചെയ്യുകയാവും?

പതിനാലാം ദിവസം: അടുക്കള ഒരത്ഭുത ലോകമാണ്, കേരളവും! 

പതിനഞ്ചാം ദിവസം: യോദ്ധാവോ മാലാഖയോ അല്ലാത്ത ഈ നഴ്‌സുമാരുടെ ചോരയ്ക്ക് നമ്മളെത്ര വിലയിടും?

പതിനാറാം ദിവസം: ആരെയാണ് മനുഷ്യരെ നിങ്ങള്‍ പറ്റിക്കുന്നത്, ഭൂമിയെയോ?

പതിനേഴാം ദിവസം: തല്ലുന്ന പൊലീസ്, തലോടുന്ന പൊലീസ്; കരയുന്ന പൊലീസ്, ചിരിക്കുന്ന പൊലീസ്. പതിനെട്ടാം ദിവസം: മരണമെത്തുന്ന നേരത്ത് അരികിലിത്തിരി നേരം ഇരിക്കാന്‍, ഇപ്പോള്‍ ആര്‍ക്കുണ്ടാവും ധൈര്യം?

പത്തൊമ്പതാം ദിവസം: ലോക്ക്ഡൗണ്‍ നീളുമ്പോള്‍ ഈ മനുഷ്യര്‍ എന്ത് ചെയ്യും?

ഇരുപതാം ദിവസം: കൊറോണ ബര്‍ഗര്‍ മുതല്‍ അമേരിക്കന്‍ ദുരന്തം വരെ; എത്ര നോര്‍മലാണിപ്പോള്‍ ലോകം?

 

Follow Us:
Download App:
  • android
  • ios