മറ്റൊരു ദുരന്തം പടിവാതില്‍ക്കല്‍ നില്‍ക്കുന്നുവെന്നാണ് ഓരങ്ങളില്‍നിന്നുള്ള വിവരങ്ങള്‍. ദാരിദ്ര്യം ഇന്ത്യയില്‍ ഒരു കെട്ടുകഥയല്ല. പട്ടിണിയും. സാദ്ധ്യമായ മാര്‍ഗങ്ങളിലൂടെ, സര്‍ക്കാറും സമൂഹവും ഒന്നിച്ചു നിന്നാണ് ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തെ ചേര്‍ത്തുപിടിച്ചത്. പട്ടിണി മരണങ്ങളില്‍നിന്നും അനേകം മനുഷ്യരെ രക്ഷപ്പെടുത്തിയത്. ലോക്ക്ഡൗണ്‍ നീട്ടുമ്പോള്‍, അവരുടെ അവസ്ഥ കൂടുതല്‍ മോശമാവുമെന്നാണ് മനസ്സിലാക്കേണ്ടത്. ആ സാഹചര്യത്തില്‍, മുമ്പത്തേതിലും കൂടുതല്‍ കരുതലോടെ, ഒത്തൊരുമയോടെ അടുപ്പ് പുകയാന്‍ ഇടമില്ലാത്ത വീടകങ്ങളിലേക്കു കൂടി നമ്മുടെ മനസ്സ് എത്തേണ്ടതുണ്ട്. സര്‍ക്കാറിന്റെയും സന്നദ്ധ സംഘടനകളുടെയും ഇടപെടല്‍ കൂടുതല്‍ ശക്തിപ്രാപിക്കേണ്ടതുണ്ട്. കൊറോണക്കാലം കഴിയുമ്പോള്‍, ഏറ്റവും ദരിദ്രരായ മനുഷ്യരുമുണ്ടാവണം നമുക്കൊപ്പം.

 


 

 

ആളുകളെല്ലാം തുരുതുരാ മരിച്ചുപോവുന്ന സമയത്ത് ആരെങ്കിലും ചന്ദ്രനില്‍ പോവാന്‍ തിരക്കുകൂട്ടുമോ?

ഇല്ല എന്നാരും ഉത്തരം പറയും, അമേരിക്കന്‍ പ്രസിഡന്റ് ഡൊണല്‍ഡ് ട്രംപ് ഒഴികെ. കൊവിഡ് മരണങ്ങളെ നേരിടാന്‍ അമേരിക്ക കൂട്ടക്കുഴിമാടങ്ങള്‍ ഒരുക്കുന്ന തിരക്കിലും അദ്ദേഹം, ചന്ദ്രനിലെ കച്ചവടസാദ്ധ്യതയെക്കുറിച്ച് ഉത്തരവിറക്കുന്ന തിരക്കിലായിരുന്നു. ചന്ദ്രനിലെ വിഭവങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് പ്രത്യേകാവകാശം ഉണ്ടെന്ന് വ്യക്തമാക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവ്.

കൊറോണക്കാലം ഇന്നോ നാളെയോ കഴിയും. അതിനു പിന്നാലെ, ആളുകള്‍ വാണിജ്യാവശ്യങ്ങള്‍ക്കായി ചന്ദ്രനിലും മറ്റു ഗ്രഹങ്ങളിലും പോയിത്തുടങ്ങും. അന്ന്, അവിടത്തെ വിഭവങ്ങള്‍ക്കു മേലുള്ള അവകാശാധികാരങ്ങള്‍ അമേരിക്കയ്ക്കായിരിക്കണം. അതുറപ്പിക്കുന്ന ഉത്തരവാണ്, യു എസ് പ്രസിഡന്റ് ഒപ്പു വെച്ചത്. അന്നേരം, അദ്ദേഹത്തിന്റെ സ്വന്തം ജനത കൊവിഡ് ബാധയുടെ ആധികളില്‍ മുങ്ങിപ്പൊങ്ങുകയായിരുന്നു. ചുറ്റിലും മഹാമാരി സൃഷ്ടിക്കുന്ന അസാധാരണ സാഹചര്യങ്ങള്‍ അമ്പരപ്പോടെ, ആധിയോടെ നോക്കിക്കാണുകയായിരുന്നു.

സ്വന്തം ജനത ജീവന്‍മരണപ്പോരാട്ടത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഒരു ഭരണാധികാരി ഇത്തരമൊരു ഉത്തരവില്‍ ഒപ്പിടുന്നതിലെ ധാര്‍മ്മിക പ്രശ്‌നമൊന്നുമല്ല പറഞ്ഞത്. അമേരിക്കയാണ് രാജ്യം. ട്രംപാണ് പ്രസിഡന്റ്. മാത്രമല്ല, അമേരിക്കയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ കാല്‍വെപ്പാണത്. വിദൂരഗ്രഹങ്ങളിലേക്ക് കച്ചവടത്തിനു പോവുന്ന കാലത്തിനുമുമ്പേ, ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കേണ്ട കാര്യം. എന്നാലും, ആ സമയം, ആ തിടുക്കം, അതു തുറന്നുകാണിക്കുന്ന മറ്റൊരു കാര്യമുണ്ട്. മരിച്ചുകൊണ്ടിരിക്കുന്ന ജനത ഒരു ദേശരാഷ്ട്രത്തെ സംബന്ധിച്ച്, എത്ര അപ്രധാനമായ ഒന്നാണ് എന്നത്. രാജ്യത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കു മുന്നില്‍, സാധാരണ മനുഷ്യരുടെ ജീവിതവും മരണവും എത്ര നിസ്സാരമാണ് എന്നത്. ഭരണാധികാരികളുടെ മാത്രം പ്രശ്‌നമല്ല ഇതൊന്നും.  ലോക്ക്ഡൗണിലായ സാധാരണ മനുഷ്യര്‍ക്കും താല്‍പ്പര്യമുണ്ട്, ദുരന്തനേരങ്ങളിലെ തമാശകള്‍. കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു വാര്‍ത്ത അക്കാര്യം ഒന്നുകൂടി വ്യക്തമാക്കും.

കൊറോണക്കാലത്ത്, ലോകത്തെ ഏറ്റവും വലിയ പോണ്‍ സൈറ്റുകളിലൊന്നായ പോണ്‍ ഹബ് പുറത്തുവിട്ട ഒരു കണക്കാണത്. ലോകമെങ്ങുമുള്ള ഒരു പാട് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത. അതില്‍ കൊറോണ ഏറ്റവും കൂടുതല്‍ ദുരന്തം വിതച്ച ഇറ്റലിയെക്കുറിച്ച് പറയുന്നുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് ഇറ്റലിയില്‍ പോണ്‍ സൈറ്റുകളുടെ ഉപയോഗം നേരെ ഇരട്ടിയിലധികമായാണ് ഉയര്‍ന്നത്. 55 ശതമാനം. ശ്മശാനങ്ങളില്‍ ഇടം കിട്ടാതെ മൃതദേഹങ്ങള്‍ സൈനിക വാഹനങ്ങളില്‍ വിദൂര സ്ഥലങ്ങളിലേക്ക് കൊണ്ടു പോവുന്ന നേരം. രാജ്യമാകെ നിലവിളികളും വിലാപങ്ങളും ഉയരുന്ന സമയം. അന്നേരമാണ് ലോക്ക്ഡൗണ്‍ ഇടങ്ങളില്‍ പോണ്‍സിനിമകള്‍ നിറഞ്ഞത്.  

അപ്പോള്‍ ഇന്ത്യയിലോ? നമ്മളീ സംസാരിക്കുന്ന ലോക്ക്ഡൗണ്‍ കാലത്ത് പോണ്‍ സൈറ്റുകളുടെ ഉപയോഗം 95 ശതമാനമാണ് കൂടിയതെന്ന് അതേ കണക്കുകള്‍ വ്യക്തമാക്കുന്നു. അതിനിപ്പോള്‍ എന്താണ് എന്ന ചോദ്യം സ്വാഭാവികമായും ഉയരാം. ഒരു കുഴപ്പവുമില്ല. മനുഷ്യരെല്ലാം അടച്ചിടപ്പെട്ട അവസ്ഥകളിലാണ്. ജോലിയില്ല. എങ്ങും പോവാനില്ല. മുന്നില്‍, കൊേറാണ വൈറസ് ഉയര്‍ത്തുന്ന ഭീഷണികള്‍. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം. അരക്ഷിതാവസ്ഥ. അപ്പോള്‍, ആളുകള്‍ക്ക് എവിടെയെങ്കിലും അഭയം തേടാതിരിക്കാനാവില്ല. സുരക്ഷിതമായ ഇടങ്ങളില്‍, സൗകര്യപ്രദമായ ഗാര്‍ഹിക അവസ്ഥകളില്‍, അത് സ്വാഭാവികമായ കാര്യം തന്നെയാവാം.

എങ്കിലും, സൗകര്യപ്രദമായ ആ യുക്തിയും ബോധ്യവും വെച്ച് മനസ്സിലാക്കാനാവില്ല, നമ്മുടെ ലോക്ക്ഡൗണ്‍ യാഥാര്‍ത്ഥ്യങ്ങള്‍. കാരണം, എല്ലായിടങ്ങളിലും ഇങ്ങനെയല്ല ലോക്ക്ഡൗണ്‍. ഇന്ത്യന്‍ ജനതയുടെ വലിയൊരു ഭാഗം, ജോലിയില്ലാതെ, വരുമാനമില്ലാതെ, വേണ്ടത്ര ഭക്ഷണമില്ലാതെ, ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളില്‍ കുരുങ്ങി വീട്ടിലോ ക്യാമ്പുകളിലോ എങ്ങുമല്ലാത്ത ഇടങ്ങളിലോ വീണു കിടക്കുകയാണ്. ഉയിര്‍ത്തെഴുന്നേല്‍പ്പ് എത്ര അകലെയാണെന്ന ആശങ്കകള്‍ക്കിടയിലാണ്, അവര്‍ക്കു മുന്നിലേക്ക് ലോക്ക്ഡൗണ്‍ കാലയളവ് വീണ്ടും നീട്ടുകയാണ് എന്ന വാര്‍ത്ത വരുന്നത്. എത്രകാലമെടുക്കും ഇതൊക്കെ ഒന്നു നേരെയാവാന്‍ എന്ന ഭയങ്ങളിലേക്കാണ് വീണ്ടും ലോക്ക്ഡൗണ്‍ എത്തുന്നത്.

രണ്ട്

'കൊറോണ കോമ.' നമ്മുടെ സമ്പദ്‌വ്യവസ്ഥ ഇന്നെത്തിനില്‍ക്കുന്ന അവസ്ഥയെ വിശേഷിപ്പിക്കാന്‍, നോബല്‍ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്ര വിദഗ്ധന്‍ പോള്‍ ക്രൂഗ്മാന്‍ ഉപയോഗിച്ച വിശേഷണം ആണിത്. ലോക്ക്ഡൗണിലൂടെ സമ്പദ് വ്യവസ്ഥക്കുണ്ടായ മാറ്റത്തെ, രോഗിയെ മരുന്നു കുത്തിവെച്ച് കോമയിലാക്കുന്ന സവിശേഷ അവസ്ഥയുമായാണ് അദ്ദേഹം താരതമ്യപ്പെടുത്തുന്നത്. അസുഖം ഭേദമാകുന്നതുവരെ രോഗിയുടെ ചില മസ്തിഷ്‌ക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയാണ് അതിന്റെ ഉദ്ദേശ്യം. സമാനമാണ്, സമ്പദ് വ്യവസ്ഥയുടെയും തലവിധി എന്നാണ് അദ്ദേഹം അടിവരയിടുന്നത്. നിശ്ചലാവസ്ഥയിലായ സ്ഥാപനങ്ങളുടെയും തൊഴിലാളികളുടെയും അതിജീവനം ഉറപ്പുവരുത്തും വിധം ഒരു അടിയന്തിര ദുരന്ത നിവാരണ സഹായ പദ്ധതി ആവിഷ്‌കരിക്കുക,  ഉല്‍പ്പാദന മേഖലയെ റീസ്റ്റാര്‍ട്ട് ചെയ്യാന്‍ ഉതകുന്ന ഉത്തേജന പദ്ധതി കൊണ്ടുവരിക എന്നിവയാണ് പരിഹാരമാര്‍ഗങ്ങളായി അദ്ദേഹം കാണുന്നത്.  

നോബല്‍ ജേതാവായ മറ്റ് രണ്ട് സാമ്പത്തിക വിദഗ്ധര്‍ ഈ അവസ്ഥയെ പരിശോധിക്കുന്നത് എങ്ങനെയെന്ന് കൂടി നോക്കാം. ഈ അവസ്ഥയെ, മുന്‍പരിചയമില്ലാത്ത,  വ്യത്യസ്ത സമീപനത്തിലൂടെയാണ് മനസ്സിലാക്കേണ്ടതെന്നാണ്  റോബര്‍ട്ട് ഷില്ലറുടെ പക്ഷം.  ജോസഫ് സ്റ്റിഗ്‌ലിറ്റ്‌സ് മുന്നറിയിപ്പ് നല്‍കുന്നത്, തൊഴിലില്ലായ്മ വിതയ്ക്കാനിരിക്കുന്ന ദുരന്തങ്ങളെക്കുറിച്ചാണ്.

ഈ സൂചനകളുടെ മുനമ്പുകളില്‍ നടുവൊടിഞ്ഞു കിടക്കുകയാണ് ഞാനാദ്യം സൂചിപ്പിച്ച മനുഷ്യര്‍. നമ്മുടെ രാജ്യത്തെ ഏറ്റവും സാധാരണക്കാര്‍. ദരിദ്രര്‍. അസംഘടിത മേഖലകളില്‍ പണിയെടുക്കുന്നവര്‍. പണി ഒന്നുമില്ലാത്തവര്‍. കൃഷിക്കാര്‍. കര്‍ഷകത്തൊഴിലാളികള്‍. കൂലിപ്പണിക്കാര്‍. കുടിയേറ്റ തൊഴിലാളികള്‍. ഇവരൊക്കെയും ലോക്ക്ഡൗണിലാണ്. അവരുടെ കുടുംബങ്ങളും സാമൂഹ്യ അകലങ്ങളെക്കുറിച്ച് ആലോചിക്കുന്നവരാണ്.  എന്നാല്‍, വീട്ടകങ്ങളില്‍ ഭക്ഷണ പരീക്ഷണങ്ങള്‍ നടത്തുകയും മടുപ്പ് മാറ്റാന്‍ നൂതനമാര്‍ഗങ്ങള്‍ തേടുകയും പോണ്‍ വിപണിക്ക് ഉത്തേജനം നല്‍കുകയുമൊക്കെ ചെയ്യുന്നവരുടെ കൂട്ടങ്ങളില്‍ ഉല്ലസിക്കാന്‍ ഇവര്‍ക്ക് പറ്റണമെന്നില്ല. കാരണം, അവര്‍ ദാരിദ്ര്യത്തിലാണ്. പട്ടിണിയുടെ മുനമ്പിലാണ്. സഹായങ്ങള്‍ കൊണ്ടും ശേഷിക്കുന്ന സമ്പാദ്യം കൊണ്ടും അല്‍പ്പനാളുകള്‍ അവര്‍ മുന്നോട്ടുപോയേക്കാം. എന്നാല്‍, അവരുടെ പതനം അത്ര അകലെയാവില്ല.

കാണാനാവുന്നുണ്ടോ, മുറിച്ചുകടക്കാന്‍ ഒട്ടുമെളുപ്പമല്ലാത്ത പ്രതിസന്ധിയുടെ കുത്തൊഴുക്കുകളില്‍പ്പെട്ട സഹജീവികളെ. പക്ഷേ, അവരധികം ചര്‍ച്ചകളില്‍ വരില്ല.  പട്ടിണി എന്ന വാക്കിനേക്കാള്‍ സങ്കീര്‍ണ്ണമായ അവസ്ഥകളാണ് അവരുടെ കൂടെക്കഴിയുന്നത്. അങ്ങനെയുള്ള ഇല്ലായ്മകളും പട്ടിണികളുമൊന്നും മനസ്സിലാക്കുക എളുപ്പമല്ല. ഭക്ഷണമില്ലായ്മ ആവണമെന്നില്ല ആ പട്ടിണി. കീറിപ്പറിഞ്ഞ വസ്ത്രങ്ങളില്‍, സാമൂഹ്യമായ കീഴ്നിലകളില്‍, കടക്കെണികളില്‍, നിത്യം സഹിക്കുന്ന അപമാനങ്ങളില്‍, ജാതിയും മതവുമൊക്കെ ചേര്‍ന്നുണ്ടാക്കിയ നിസ്സഹായതകളില്‍...അവിടെയാക്കെയാവും അവര്‍ പട്ടിണി അനുഭവിച്ചത്. അതൊക്കെ കൂടിയാവും അവര്‍ വഹിക്കുന്ന ദാരിദ്ര്യത്തിന്റെ കുലചിഹ്നങ്ങള്‍. ഒഡിഷയിലെ കാലഹന്ദിയിലൊക്കെ പോലെ പട്ടിണി കാരണം മണ്ണുതിന്ന് മരിച്ചുപോവുന്നപോലുള്ള സാഹചര്യം ആവണമെന്നില്ല അത്.  പക്ഷേ, അതിസൂക്ഷ്മ തലത്തില്‍, ഗുരുതരമായ അവസ്ഥകളിലേക്ക് തന്നെയാണ് അവര്‍ ചെന്നുപെടുന്നത്. അതേറ്റവും നന്നായി അറിയാനാവുന്നത് അവര്‍ക്ക് തന്നെയാവും. അതു കൊണ്ടുതന്നെയാണ്, ലോക്ക്ഡൗണ്‍ കാലത്തെ അവര്‍ ഇത്ര ഭയക്കുന്നതും.

ഗള്‍ഫില്‍നിന്നു വരുന്ന വാര്‍ത്തകളും ഭയപ്പെടുത്തുന്നതാണ്. നാളുകളായി ലോക്ക്ഡൗണിലായവര്‍. ജോലിയില്ല, വരുമാനമില്ല, പലപ്പോഴും ഭക്ഷണമില്ല. കടംവാങ്ങിയും മറ്റും നടത്തുന്ന കച്ചവടങ്ങളാക്കെ നിശ്ചലമായി. അതുണ്ടാക്കുന്ന അനിശ്ചിതത്വങ്ങള്‍, അരക്ഷിതാവസ്ഥകള്‍. നാട്ടിലേക്ക് പോവാന്‍ ഒരു വഴിയുമില്ല. ചുറ്റുപാടും കൊവിഡ് രോഗങ്ങള്‍ പടരുന്നു. മാസമാസം ഗള്‍ഫില്‍നിന്നെത്തുന്ന പണം കാത്തിരിക്കുന്ന നാട്ടിലെ ഉറ്റവരോടും പറയാന്‍ ഒന്നുമില്ല. ലേബര്‍ ക്യാമ്പുകളിലും മറ്റും കഴിയുന്നവര്‍ ഇതിലുമേറെ ഗുരുതരമായ അവസ്ഥകളിലാണ്.

സാമ്പത്തിക മേഖലയില്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ആശങ്കകളുണ്ട്. ഗള്‍ഫ് നാടുകളുടെ ജിഡിപി നിരക്ക് 0.6 ശതമാനത്തിലേക്ക് താഴുമെന്നാണ് പഠനങ്ങള്‍. എണ്ണ കയറ്റുമതിയിലെ വളര്‍ച്ചാ നിരക്ക്  2.4 ശതമാനത്തില്‍നിന്ന് 0.8 ശതമാനത്തിലേക്ക് വീഴുമെന്നും വിലയിരുത്തലുണ്ട്. 2008 -ല്‍ ഉണ്ടായതിനേക്കാള്‍ വലയ പ്രതിസന്ധിയാകുമോ വരാനിക്കുന്നത് എന്നതാണ് ആശങ്ക. പ്രത്യാഘാതങ്ങള്‍ എന്തായാലും ജനസംഖ്യയില്‍ ആറിലൊന്നും പ്രവാസികളായ കേരള സമ്പദ് വ്യവസ്ഥയില്‍ ഇത് വന്‍ തിരിച്ചടിയുണ്ടാക്കുമെന്നുറപ്പാണ്.

ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ പലരോടും തൊഴില്‍ദാതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  ടൂറിസം, റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, വ്യോമയാനം, വിദേശ നിക്ഷേപം, നിര്‍മാണം തുടങ്ങി എല്ലാ മേഖലകളെയും പ്രതിസന്ധി ബാധിക്കും. ശമ്പളമില്ലാതെ അവധിയോ, പിരിച്ചു വിടലോ ആവാമെന്ന് ചെയ്യാമെന്ന് തൊഴില്‍ മന്ത്രാലയങ്ങളും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിനര്‍ത്ഥം, ആയിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും എന്നുതന്നെയാണ്.

 

 

മൂന്ന്

ബിഹാര്‍ ഭോജ്പൂരിലെ ജവഹര്‍ തോല ചേരിയിലെ  രാഹുല്‍ മുസാഹറിനെ അറിയുമോ? ഇല്ലെങ്കില്‍ പറയാം, ഈ 11 വയസ്സുകാരനാണ്  ഇന്ത്യന്‍ ലോക്ക്ഡൗണിന്റെ ആദ്യ രക്തസാക്ഷി. ചന്തയില്‍ പഴയ സാധനങ്ങള്‍ വിറ്റുകൊണ്ടിരുന്ന രാഹുലും പിതാവും ലോക്ക്ഡൗണ്‍ വന്നതോടെ സാമൂഹ്യമായി അടഞ്ഞുപോവുകയായിരുന്നു. സര്‍ക്കാര്‍ സഹായങ്ങളെക്കുറിച്ചോ വാഗ്ദാനങ്ങളെക്കുറിച്ചോ വലിയ പിടിയൊന്നുമില്ലാത്ത നേരത്താണ് രാഹുല്‍ മരണത്തിലേക്ക് ഒറ്റയ്ക്ക് നടന്നുപോയത്. ജീവിക്കാനൊരു മാര്‍ഗവും മുന്നിലില്ല എന്ന വിചാരമോ ആരെയും വീഴ്ത്താന്‍ നടക്കുന്ന കൊറോണ വൈറസിനെക്കുറിച്ചുള്ള ഭയമോ ആവാം അവന്റെ മരണകാരണം. ആക്ടിവിസ്റ്റായ കവിതാ കൃഷ്ണനാണ്, രാഹുലിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ സഹിതം ആ മരണത്തിന്റെ വിവരം പുറത്തറിയിച്ചത്. പിന്നീട് അത് വാര്‍ത്തയായി.  

അതിനു ശേഷവും വന്നിരുന്നു ചില മരണവാര്‍ത്തകള്‍. പൊടുന്നനെ വന്ന ലോക്ക്ഡൗണില്‍നിന്ന് രക്ഷപ്പെടാന്‍, നാടുപിടിക്കാനാഗ്രഹിച്ച്, നൂറു കണക്കിന് കിലോമീറ്ററുകള്‍ നടന്നുചെന്ന് മരണത്തിലേക്ക് കാലിടറിയ കുടിയേറ്റ തൊഴിലാളികളുടെ വാര്‍ത്തകള്‍. ലോക്ക്ഡൗണ്‍ കാരണം മദ്യം കിട്ടാത്തതിനാല്‍, കണ്ണില്‍ കണ്ടതെല്ലാം എടുത്തുകുടിച്ച് മരിച്ചുപോയവരുടെ വാര്‍ത്തകള്‍.

എന്നാല്‍, ലോക്ക്ഡൗണിന്റെ ആദ്യ ദിവസങ്ങളില്‍, നാമെല്ലാം വ്യാപകമായി ഭയപ്പെട്ടതുപോെല, പട്ടിണിയുടെയും പട്ടിണി മരണങ്ങളുടെയും വാര്‍ത്തകള്‍ അധികമൊന്നും കേള്‍ക്കേണ്ടി വന്നിട്ടില്ല. പല കാരണങ്ങളാണ് അതിനു കാരണമായി പറയുന്നത്. ഉള്‍നാടുകളിലെ സാധാരണ മനുഷ്യരുടെ ജീവിതാവസ്ഥകളിലേക്ക് മാധ്യമങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യം. വീടുകളില്‍നിന്ന് പുറത്തിറങ്ങാനാവാത്ത അവസ്ഥ. അല്‍പ്പനാള്‍ കഴിച്ചു കൂട്ടാനുള്ള ചെറിയ നിക്ഷേപങ്ങളും സാമ്പത്തിക സ്രോതസ്സുകളും.  സര്‍ക്കാറും സന്നദ്ധ സംഘടനകളുമൊക്കെ ചേര്‍ന്നു  വിതരണം ചെയ്യുന്ന ഭക്ഷണവും ഭക്ഷ്യവസ്തുക്കളും. എന്നാല്‍, 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഇനിയും മുന്നോട്ടേക്ക് നീട്ടിത്തുടങ്ങിയാല്‍, കാര്യങ്ങള്‍ വഷളായേക്കും. കൈയിലുള്ള അവസാന സമ്പാദ്യവും തീര്‍ന്നുപോവുകയും വരുമാന മാര്‍ഗങ്ങള്‍ അടയുകയും ചെയ്യുമ്പോള്‍ ചിലരുടെയൊക്കെ മുന്നില്‍ ജീവിതത്തിന്റെ വാതില്‍ താനേ അടഞ്ഞുപോവും.ഒപ്പം, സാങ്കേതിക പ്രശ്‌നങ്ങള്‍. പല സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ സഹായങ്ങളും റേഷനുമൊക്കെ കിട്ടാന്‍ രേഖകള്‍ നിര്‍ബന്ധമാണ്. ആഭ്യന്തര കുടിയേറ്റങ്ങള്‍ക്കിടെ ജീവിതമാകെ ചിതറിപ്പോയ മനുഷ്യര്‍ക്ക് അതിനിടെ, റേഷന്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡുമൊക്കെ സംഘടിപ്പിക്കുക എളുപ്പമാവില്ല. സഹായം ഉറപ്പായാലും സാങ്കേതിക കാരണങ്ങളാലോ ഉദ്യോഗസ്ഥരുടെ കടുംപിടിത്തങ്ങളാലോ അതില്‍നിന്ന് പുറത്താക്കപ്പെടാന്‍ ഏറ്റവും സാദ്ധ്യത ഇവര്‍ക്കാവും. വോട്ടര്‍പ്പട്ടികയിലോ ആധാറിലോ ഇടമില്ലാത്ത എത്രയോ മനുഷ്യരാണ് ഇന്ത്യയിലുള്ളതെന്ന് പൗരത്വ പ്രക്ഷോഭ കാലത്ത് വ്യക്തമായതല്ലേ.

ഇത്തരം മനുഷ്യരുടെ ജീവിതങ്ങളില്‍ ലോക്ക് ഡൗണ്‍ എന്തെന്ത് മാറ്റങ്ങള്‍ കൊണ്ടുവരും? മുന്നറിയിപ്പുകള്‍ ഏറെയുണ്ട്. അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന 40 കോടിയോളം പേര്‍ ഇതോടെ ദാരിദ്ര്യത്തിലേക്ക് പതിക്കുമെന്നാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടന വാര്‍ത്താക്കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കുന്നത്.

കോളമിസ്റ്റും സാമ്പത്തിക വിദഗ്ധയുമായ ജയതി ഘോഷ് നല്‍കുന്ന മുന്നറിയിപ്പും ആ വഴിക്കാണ്. ദാരിദ്ര്യ രേഖയ്ക്കു താഴെ 30 കോടി ഇന്ത്യക്കാരാണുള്ളത്. പത്ത് കോടിയോളം ഇന്ത്യക്കാര്‍ അതിനു തൊട്ടുമുകളിലും. ശ്രദ്ധയോ പരിഗണനയോ കിട്ടാത്ത പക്ഷം, ലോക്ക്ഡൗണ്‍ കാലം രണ്ടാമത് പറഞ്ഞ കൂട്ടരെയും ദാരി്രദ്യരേഖയുടെ താഴേക്കു കൊണ്ടുപോവും.

മറ്റൊരു കാര്യം കൂടി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ഇന്ത്യയുടെ തൊഴിലില്ലായ്മാ നിരക്ക് നിലവില്‍ വളരെ ഉയരത്തിലാണ്. അതിനിടയിലാണ്, ചെറുകിട സംരംഭങ്ങളെ സാരമായി ബാധിക്കുന്ന വിധം ലോക്ക്ഡൗണ്‍ എത്തിയത്. മാര്‍ച്ചില്‍ 8.6 ശതമാനമായിരുന്നു നമ്മുടെ തൊഴിലില്ലായ്മാ നിരക്ക്. 2016 സെപ്തംബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്. ലോക്ക്ഡൗണിനെക്കുറിച്ച്, നമ്മുടെ വ്യവസായ, വാണിജ്യ മേഖലകള്‍ നല്‍കുന്നതും ഭീകരമായ ചിത്രങ്ങളാണ്. സമ്പദ്‌വ്യവസ്ഥയെ അത് അടിമുടി ഇളക്കിമറിക്കുമെന്ന ആശങ്കകളാണ് ചുറ്റും.  ലോകമെങ്ങുമുള്ള ഭരണകൂടങ്ങള്‍ ഉത്തേജക പാക്കേജുകള്‍ കൊണ്ടുവന്നും സാമ്പത്തിക രംഗത്ത് മാറ്റങ്ങള്‍ സൃഷ്ടിച്ചുമാണ് ഈ അവസ്ഥ മറികടക്കാന്‍ ശ്രമിക്കുന്നത്.

ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച 1,70,000 കോടിയുടെ സാമ്പത്തിക പാക്കേജ് ലക്ഷ്യം വെയ്ക്കുന്നതും സമ്പദ്‌വ്യവസ്ഥയുടെ അതിജീവനമാണ്.  നേരത്തെ, കൊവിഡിനെ നേരിടാന്‍ ആരോഗ്യരംഗത്തിനായി 15,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രഖ്യാപിച്ചിരുന്നു.എന്നാല്‍, ഇന്ത്യ പോലൊരു രാജ്യത്ത് ഈ പാക്കേജ് സാരമായ ഗുണം ചെയ്യാനിടയില്ലെന്ന് ചില നിരീക്ഷണങ്ങളുണ്ട്. സമ്പദ് വ്യവസ്ഥയ്ക്ക് ആഴത്തില്‍ ഉത്തേജനം നല്‍കാന്‍ പര്യാപ്തമല്ല ഈ ഇൗ പദ്ധതികളെന്നും വിമര്‍ശനമുണ്ട്.

 


 

നാല്

കഴിഞ്ഞ ദിവസമാണ് ഗുജറാത്തിലെ സൂറത്തില്‍ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ തെരുവില്‍ ഇറങ്ങിയത്. തൊഴിലും വരുമാനവുമില്ലാതെ സൂറത്തില്‍ തുടരാനാവില്ലെന്ന് വ്യക്തമാക്കിയാണ്, ബിഹാറില്‍നിന്നും ബംഗാളില്‍നിന്നും ഒഡിഷയില്‍നിന്നുമെല്ലാം എത്തിയ തൊഴിലാളികള്‍ തെരുവിലിറങ്ങിയത്. ദില്ലിയിലും കേരളത്തിലുമെല്ലാം മുമ്പു സമാന സംഭവങ്ങളുണ്ടായിരുന്നെങ്കിലും അതില്‍നിന്നും വ്യത്യസ്തമായിരുന്നു സൂറത്തിലെ വികാരപ്രകടനങ്ങള്‍. തങ്ങള്‍ക്ക് വീട്ടില്‍ പോവാന്‍ സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രകടനം അക്രമാസക്തമായി. തൊഴിലാളികള്‍ റോഡുകള്‍ തടഞ്ഞു. എതിര്‍ക്കാന്‍ വന്നവരെ കല്ലേറിഞ്ഞ് ഓടിച്ചു. മാര്‍ച്ച് 30 നും ഗുജറാത്തില്‍ സമാനമായ ആവശ്യങ്ങളുയര്‍ത്തി ആളുകള്‍ തെരുവിലിറങ്ങിയിരുന്നു.

ലോക്ക് ഡോണ്‍ നീട്ടുമെന്ന സൂചനകളാണ് ഇവരെ പ്രകോപിതരാക്കിയതെന്നാണ് പൊലീസ് നല്‍കിയ സൂചന. നാട്ടിലേക്ക് പോകാനാവാതെ വീണ്ടും കുടുങ്ങുമെന്ന ആശങ്ക. അതാണ് ഇവരെ അക്രമാസക്തരാക്കിയതെന്ന് പൊലീസ് കരുതുന്നു.

സമാനമായ സംഭവമാണ് ഇന്ന് ദില്ലിയില്‍ നടന്നത്. അവിടെ ഒരു കൂട്ടം കുടിയേറ്റ തൊഴിലാളികള്‍ അഭയകേന്ദ്രത്തിന് തീയിടുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരാളുടെ മരണത്തിനടിയാക്കിയ സംഭവങ്ങളില്‍ രോഷാകുലരായിരുന്നു അവര്‍. അതിനിടെയാണ് അഭയകേന്ദ്രം ജീവനക്കാരുമായി സംഘര്‍ഷമുണ്ടായത്. തുടര്‍ന്നാണ്, അക്രമസംഭവങ്ങള്‍.

ലോക്ക് ഡൗണ്‍ നീട്ടിയാല്‍, എന്തു സംഭവിക്കുമെന്നതിന് ഉദാഹരണമായി പലരും നേരത്തെതന്നെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്,  തൊഴിലും വരുമാനവുമില്ലാതെ അന്യദേശങ്ങളില്‍ കുടുങ്ങിക്കിടക്കുമ്പോള്‍, അവര്‍ പിടിച്ചുനിന്നത് ലോക്ക്ഡൗണ്‍ അവസാനിച്ച് നാടുകളിലേക്ക് പോവാമെന്ന പ്രതീക്ഷകളിലാണ്. നാളെണ്ണിക്കഴിയുമ്പോഴാണ് അവര്‍ക്കിടയിലേക്ക് ലോക്ക്ഡൗണ്‍ നീട്ടുമെന്ന വാര്‍ത്തകള്‍ വരുന്നത്.

92.5 ശതമാനം കുടിയേറ്റ തൊഴിലാളികള്‍ക്കും ഒരാഴ്ച മുതല്‍ മൂന്നാഴ്ച വരെ ജോലി നഷ്ടപ്പെട്ടതായി ജാന്‍ സാചസ് എന്ന എന്‍ജിഒ ഫോണ്‍ വഴി നടത്തിയ സര്‍വ്വേ വ്യക്തമാക്കുന്നു. 42 ശതമാനം പേര്‍ക്കും കഴിക്കാന്‍ ഭക്ഷ്യധാന്യം കുറവാണ്.  33 ശതമാനം പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകളോ റേഷന്‍ കാര്‍ഡുകളോ ഇല്ല. സര്‍ക്കാര്‍ സഹായങ്ങള്‍ക്ക് അനിവാര്യമാണ് ഈ രേഖകള്‍. 31 ശതമാനം പേരും പലതരം വായ്പകള്‍ ഉള്ളവരാണ്. കഴുത്തറപ്പന്‍ പലിശയ്ക്ക് സ്വകാര്യ പണമിടപാടുകാരില്‍നിന്ന് പണമെടുത്തവര്‍. വായ്പാ തിരിച്ചടവ് അവര്‍ക്കിപ്പോള്‍ ജീവന്‍മരണ പ്രശ്‌നമാണ്. ലോക്ക്ഡൗണ്‍ തുടര്‍ന്നാല്‍ 64 ശതമാനം പേര്‍ക്കും ഒരാഴ്ചക്കപ്പുറം പോവാനാവില്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്.

2011 -ലെ സെന്‍സസ് കണക്കുപ്രകാരം 25 ലക്ഷം കുടിയേറ്റ തൊഴിലാളികളാണ് രാജ്യത്തുള്ളത്. അതിന്റെ കാല്‍ഭാഗം പേരാണ് വിവിധ സംസ്ഥാനങ്ങളിലുള്ള 21, 500 റിലീഫ് ക്യാമ്പുകളിലായി ഇപ്പോള്‍ കഴിയുന്നത്. പല നാടുകളില്‍, ചൂഷണങ്ങള്‍ക്കും അസമത്വങ്ങള്‍ക്കും ഇരയായി രാപ്പകല്‍ അധ്വാനിക്കുന്നവര്‍. കിട്ടുന്ന കൂലി വീടുകളിലേക്ക് അയച്ചുകൊടുക്കുന്നവരാണ് ഇതിലേറെയും. അത് മുടങ്ങി. ഒപ്പം, അന്യനാട്ടില്‍ ഗതിയില്ലാത്ത ജീവിതമായി. കേരളം അടക്കമുള്ള നിരവധി സംസ്ഥാനങ്ങള്‍ ഭക്ഷണം അടക്കം ഉറപ്പുവരുത്തുന്നുണ്ടെങ്കിലും അതൊന്നും ഇവരുടെ അസംതൃപ്തി മാറ്റാന്‍ സഹായകമാവുന്നില്ല്.

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ദ്ധനുമായ രഘുറാം രാജന്‍ മുന്നോട്ടുവെക്കുന്ന നിരീക്ഷണം ഇതോടൊപ്പം കൂട്ടിവായിക്കാവുന്നതാണ്. അതിജീവിക്കാനായില്ലെങ്കില്‍ ജനങ്ങള്‍ ലോക്ക്ഡൗണ്‍ ലംഘിക്കുമെന്നാണ് രഘുറാം രാജന്‍ പറഞ്ഞത്. ''2008-2009 ലുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധി പോലല്ല ഇത്. അന്നു തൊഴിലാളികള്‍ക്ക് ജോലിക്ക് പോവാമായിരുന്നു. ധനകാര്യ സംവിധാനം തരക്കേടില്ലാത്തതായിരുന്നു. സര്‍ക്കാരിന്റെ സാമ്പത്തികാവസ്ഥ ആരോഗ്യകരമായിരുന്നു. എന്നാല്‍ ഇന്നതല്ല അവസ്ഥ.''-അദ്ദേഹം പറയുന്നത്.

കുടിയേറ്റ തൊഴിലാളികള്‍ അയക്കുന്ന പണം കൊണ്ടു പുലരുന്നത് അവരുടെ നാട്ടിലുള്ള കുടുംബങ്ങള്‍ മാത്രമല്ല. പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ നിലനില്‍പ്പും ഈ പണമൊഴുക്കിലൂടെയാണ്. അതാണ് ഇപ്പോള്‍ നിലയ്ക്കുന്നത്. ഒപ്പം, കാര്‍ഷിക മേഖല അടക്കമുള്ള ഇടങ്ങളും പ്രതിസന്ധിയിലാവുന്നു.  അടുത്ത ആഴ്ച വിളവെടുപ്പ് നടത്താനുള്ള പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ കൃഷിക്കാര്‍ തൊഴിലാളികളില്ലാത്ത പ്രതിസന്ധിയിലാണ്. ബംഗാളില്‍നിന്നും ബിഹാറില്‍നിന്നുമൊക്കെ വരുന്ന കുടിയേറ്റ തൊഴിലാളികളെ ഉപയോഗിച്ചാണ് ഇത്രനാളും അവര്‍ പണി നടത്തിയിരുന്നത്. വിളവെടുപ്പ് നാളില്‍ തൊഴിലാളികളെ കിട്ടാത്തത് കര്‍ഷകര്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പണിക്കെത്താന്‍ വാഹനങ്ങളില്ലാത്ത അവസ്ഥയിലാണ് എന്നാല്‍, തൊഴിലാളികള്‍. വിളകള്‍ വിപണിയിലേക്ക് എത്തിക്കുന്നതിനുള്ള വാഹന സൗകര്യം ഇല്ലാത്തതും അവരെ സാരമായി ബാധിക്കുന്നു്.

നമ്മളീ പറയുന്നത് കൃഷിയെക്കുറിച്ചാണ്. ഇപ്പോഴും നമ്മുടെ രാജ്യത്തിന്റെ നട്ടെല്ല്. പ്രതിശീര്‍ഷ വരുമാനത്തിന്റെ 16 ശതമാനവും നല്‍കുന്ന മേഖല. മൊത്തം തൊഴില്‍ ശക്തിയുടെ 40 ശതമാനത്തിനും തൊഴില്‍ നല്‍കുന്ന ഇടം. ആ കാര്‍ഷിക മേഖലയാണ് ലോക്ക് ഡൗണ്‍ കാരണം  നട്ടെല്ലൊടിഞ്ഞു കിടക്കുന്നത്. തൊഴിലാളി ക്ഷാമം, ഗതാഗത പ്രശ്‌നം, വിതരണ ശൃംഖല അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, വ്യവസായശാലകളും വിപണിയും അടഞ്ഞു കിടക്കുന്നതിനാല്‍ ഡിമാന്റില്‍ സംഭവിക്കുന്ന കുറവ്. ഇതെല്ലാം കൃഷിയെ സാരമായി ബാധിക്കുന്നുണ്ട്.


അഞ്ച്

ലോക്ക് ഡൗണും വൈറസ് വ്യാപനം തടയാനുള്ള മറ്റ് നടപടികളും ഇല്ലായിരുന്നെങ്കില്‍, ഏപ്രില്‍ 15 ആകുമ്പോഴേക്കും ഇന്ത്യയില്‍ 8.2 ലക്ഷം കൊവിഡ് രോഗികള്‍ ഉണ്ടാവുമായിരുന്നു എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. മുമ്പ് പ്രഖ്യാപിച്ച തീയതിയില്‍നിന്നും രണ്ടാഴ്ചത്തേക്കു കൂടി ലോക്ക് ഡൗണ്‍ കൂട്ടാനുള്ള നീക്കം ഉണ്ടാവുന്നത് ഈ ബോധ്യത്തിലാണ്. അതു ശരിയുമാണ്. രണ്ട് ദിവസം കഴിഞ്ഞ്, എല്ലാ നിയന്ത്രണങ്ങളും മറന്ന്, പുറംലോകത്തേക്ക് പഴയമട്ടില്‍ കുത്തിയൊഴുകിയെങ്കില്‍, അതുണ്ടാക്കുന്ന ദുരന്തം ചെറുതായിരിക്കില്ലായിരുന്നു.  

എന്നാല്‍, മറ്റൊരു ദുരന്തം പടിവാതില്‍ക്കല്‍ നില്‍ക്കുന്നുവെന്നാണ് ഓരങ്ങളില്‍നിന്നുള്ള വിവരങ്ങള്‍. ദാരിദ്ര്യം ഇന്ത്യയില്‍ ഒരു കെട്ടുകഥയല്ല. പട്ടിണിയും. അതവിടെയുണ്ട്. ആരും കാണാത്തവിധം, എന്നാല്‍, തീവ്രമായി.  സര്‍ക്കാറും സമൂഹവും ഒന്നിച്ചു നിന്നാണ് ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തെ ചേര്‍ത്തുപിടിച്ചത്. പട്ടിണി മരണങ്ങളില്‍നിന്നും അനേകം മനുഷ്യര്‍ രക്ഷപ്പെട്ടത് അങ്ങനെയാണ്. ലോക്ക്ഡൗണ്‍ നീട്ടുമ്പോള്‍, അവരുടെ അവസ്ഥ കൂടുതല്‍ മോശമാവാനാണ് സാദ്ധ്യത. ആ സാഹചര്യത്തില്‍, മുമ്പത്തേതിലും കൂടുതല്‍ കരുതല്‍ സര്‍ക്കാറിനുണ്ടാവണം.കൂടുതല്‍ ഒത്തൊരുമ സമൂഹത്തിനുണ്ടാവണം. അടുപ്പ് പുകയാന്‍ ഇടമില്ലാത്ത വീടകങ്ങളിലേക്കു കൂടി നമ്മുടെ കണ്ണും മനസ്സും എത്തണം. സര്‍ക്കാറിന്റെയും സന്നദ്ധ സംഘടനകളുടെയും ഇടപെടല്‍ കൂടുതല്‍ ശക്തിപ്രാപിക്കേണ്ടതുണ്ട്. കൊറോണക്കാലം കഴിയുമ്പോള്‍, ഏറ്റവും ദരിദ്രരായ മനുഷ്യരുമുണ്ടാവണം നമുക്കൊപ്പം.

 

 

ലോക്ക് ഡൗണ്‍ ദിനക്കുറിപ്പുകള്‍ 

ആദ്യ ദിവസം: 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.

രണ്ടാം ദിവസം: കാസര്‍ഗോട്ടെ നാസ, ചാലക്കുടിക്കാരി യുനെസ്‌കോ

മൂന്നാം ദിവസം: ഭാര്യയെ 'കൊറോണ വൈറസ്' ആക്കുന്ന 'തമാശകള്‍' എന്തുകൊണ്ടാവും?

നാലാം ദിവസം: വീട്ടിലടഞ്ഞുപോയ വാര്‍ദ്ധക്യങ്ങളോട് നാം ഏതുഭാഷയില്‍ സംസാരിക്കും?

അഞ്ചാം ദിവസം: ലോക്ക്ഡൗണ്‍ ഭയക്കാതെ ആ അതിഥി തൊഴിലാളികള്‍ എന്തിനാവും തെരുവിലിറങ്ങിയത്?

ആറാം ദിവസം: ലിപ് ലോക് ചുംബനങ്ങള്‍ക്ക് വിട, ഫ്ലൈയിംഗ് കിസിന് സ്വാഗതം!

ഏഴാം ദിവസം: ഈ സമയത്ത് ഫേസ്ബുക്കില്‍ ഫോട്ടോ കുത്തിപ്പൊക്കാമോ?

എട്ടാം ദിവസം: എന്നിട്ടും എന്തിനാവും അവര്‍ നിസാമുദ്ദീന്‍ മര്‍ക്കസില്‍ തിങ്ങിക്കൂടിയത്?

ഒമ്പതാം ദിവസം: കേരളമേ, കൊറോണ ഒരു പ്രവാസിയല്ല!

പത്താം ദിവസം:കുന്ദംകുളത്തെ പറക്കുന്ന കള്ളന്‍: നേരെത്ര, നുണയെത്ര?

പതിനൊന്നാം ദിവസം: നമ്മള്‍ ഉണ്ടുറങ്ങുന്ന ബിഗ് ബോസ് വീടുകള്‍

പന്ത്രണ്ടാം ദിവസം: പൂ പോലുള്ള കുട്ടികള്‍, പുല്ലുതിന്നുന്ന കുട്ടികള്‍

പതിമൂന്നാം ദിവസം: മരിച്ചില്ലായിരുന്നുവെങ്കില്‍ ഈ ലോക്ക്ഡൗണ്‍ കാലത്ത് കെ. എം ബഷീര്‍ എന്ത് ചെയ്യുകയാവും?

പതിനാലാം ദിവസം: അടുക്കള ഒരത്ഭുത ലോകമാണ്, കേരളവും! 

പതിനഞ്ചാം ദിവസം: യോദ്ധാവോ മാലാഖയോ അല്ലാത്ത ഈ നഴ്‌സുമാരുടെ ചോരയ്ക്ക് നമ്മളെത്ര വിലയിടും?

പതിനാറാം ദിവസം: ആരെയാണ് മനുഷ്യരെ നിങ്ങള്‍ പറ്റിക്കുന്നത്, ഭൂമിയെയോ?

പതിനേഴാം ദിവസം: തല്ലുന്ന പൊലീസ്, തലോടുന്ന പൊലീസ്; കരയുന്ന പൊലീസ്, ചിരിക്കുന്ന പൊലീസ്.

പതിനെട്ടാം ദിവസം: മരണമെത്തുന്ന നേരത്ത് അരികിലിത്തിരി നേരം ഇരിക്കാന്‍, ഇപ്പോള്‍ ആര്‍ക്കുണ്ടാവും ധൈര്യം?