Asianet News MalayalamAsianet News Malayalam

ഞാന്‍ കാരണമാണ് എന്റെ ഗുരു ജയിലിലായത്!

my teacher Ajeesh mathew karukayil
Author
Thiruvananthapuram, First Published Nov 22, 2017, 8:35 PM IST

ചില അധ്യാപകരുണ്ട്. ആഴത്തില്‍ നമ്മെ സ്വാധീനിച്ചവര്‍. ജീവിതത്തെ മാറ്റിയെഴുതിയവര്‍. അത്തരം ഒരു അധ്യാപകന്‍, അധ്യാപിക നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അവരെക്കുറിച്ച് എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ 'പാഠം രണ്ട്' എന്ന് എഴുതാന്‍ മറക്കരുത്

 my teacher Ajeesh mathew karukayil
"ഇന്നു ഞാനൊരു പരീക്ഷണത്തിനു മുതിരുകയാണ്. എന്റെ ഏറ്റവും നല്ല ശിഷ്യന്മാരില്‍ ഒരാളാണ് നീ. നിന്റെ തൊഴിലിന്റെ ഭാഗമായതു കൊണ്ടോ നിന്റെ ജീനിലുള്ള സഹജ വാസന കൊണ്ടോ നീയൊരു ഇരുത്തം വന്ന ഡ്രൈവര്‍ ആയിരിക്കുകയാണ് . ഇവിടെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുക എന്നാല്‍ കഴിവു മാത്രം പോരാ ഇമ്മിണിയേറെ ഭാഗ്യവും ദൈവാനുഗ്രഹവും ആവശ്യമാണ് .പോലീസുകാര്‍ അടുത്തിരിക്കുമ്പോള്‍ ഭയക്കാന്‍ പാടില്ല നിങ്ങള്‍ എങ്ങനെയാണോ എന്നോടൊപ്പം ഇരുന്നു ഡ്രൈവ് ചെയ്യുന്നത് അതു  പോലെ മാത്രം വണ്ടിയെടുക്കുക . ഭയത്തിന്റെ നേരിയ കണിക ഉള്ളിലുണ്ടായാല്‍ ഒരു ചെറിയ തെറ്റു പോലും വലിയ തെറ്റുകളാകാം"- എന്റെ കൂടെയിരിക്കുന്ന ബാക്കി മൂന്നു പഠിതാക്കളോടുമായി ഉസ്താദിന്റെ ക്ലാസ് തകര്‍ക്കുകയാണ്.
 
കര്‍ണാടക അതിര്‍ത്തിയിലെ മുള്ളേരിയ എന്ന സ്ഥലത്തു നിന്നും വരുന്ന തുളു കലര്‍ന്ന മലയാളം സംസാരിക്കുന്ന ദേവരാജന്‍ എന്ന ആജാനബാഹുവായ മനുഷ്യനായിരുന്നു ആ ഉസ്താദ് . അങ്ങേരു പഠിപ്പിക്കുന്ന കുട്ടികളെല്ലാവരും ഒന്നോ രണ്ടോ ടെസ്റ്റിനുള്ളില്‍ പാസാകുമെന്നൊരു കരക്കമ്പിയാണെന്നെ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ പ്രേരകമായി വര്‍ത്തിച്ച ഘടകം .സദാ  മുറുക്കി ചുവപ്പിച്ച ചുണ്ടുകളുമായി പല്ലുകള്‍ കൂട്ടിയരച്ചു  അമ്മിണി അമ്മായിയുടെ ആടിനെപ്പോലെ അയാള്‍ പാസഞ്ചര്‍ സീറ്റില്‍ ഇരുപ്പുറപ്പിക്കും. എന്തെങ്കിലും സംസാരിക്കാന്‍ തുടങ്ങിയാല്‍ ചാറ്റല്‍ മഴപോലെ മുറുക്കാന്‍ വാസന കലര്‍ന്ന തുപ്പലുകള്‍ പുറത്തേയ്ക്കു തെറിച്ചു വീഴുമെന്നതിനാല്‍  അയാളെക്കൊണ്ടു അധികമൊന്നും സംസാരിപ്പിക്കാതിരിക്കാന്‍ ശിഷ്യഗണം പരമാവധി  പണിയെടുക്കുമായിരുന്നു .
 
എന്നിലുള്ള അമിത ആത്മവിശ്വാസവും കാറില്‍ കൂടിയിരിക്കുന്ന മറ്റു കുട്ടികള്‍ക്കു പ്രചോദനവും ആകാനെന്നവണ്ണം ഉസ്താദ് എഴുന്നേറ്റു പിന്‍  സീറ്റിലേയ്ക്കു മാറി മലര്‍ന്നു കിടന്നു. എനിക്കു എന്നോടു  തന്നെ മതിപ്പു തോന്നിയിട്ടെന്നോണം ഞാന്‍ കൂടെയുണ്ടായിരുന്ന മൂന്നു പഠിതാക്കളെയും നോക്കി കോളര്‍ പൊക്കി വെച്ചു വണ്ടി സ്റ്റാര്‍ട്ട്  ആക്കി ഫസ്റ്റ് ഗിയര്‍ ഇട്ടു മുന്നോട്ടെടുത്തു. തിരക്കുള്ള നഗരം കടന്നു വണ്ടി മെല്ലെ ഇടത്തും വലത്തും മരുഭൂമി മാത്രമായ വീഥിയിലേയ്ക്കു പ്രവേശിച്ചു . എന്റെ വലത്തും പിന്നിലും ഇരിക്കുന്ന ഡ്രൈവിംഗ് പഠിച്ചു തുടങ്ങിയ പയ്യന്മാര്‍ എന്നെ അസൂയയോടും ആരാധനയോടും കൂടി നോക്കുന്നു. ഉസ്താദ് എന്റെ കഴിവിലുള്ള ആത്മവിശ്വാസം മൂത്തിട്ടാണെന്നു തോന്നുന്നു പിന്‍  സീറ്റില്‍ ഇരുന്നു ഉറങ്ങി തുടങ്ങിയിരിക്കുന്നു .

ഉസ്താദ് ജയിലായിരിക്കുന്നു! , മനസ്സറിയാത്ത കാര്യത്തിനിതാ പിഴ ശിക്ഷ!

ഒരു നിലവിളി! പെട്ടന്നൊരു കറക്കം! സംഭവിച്ചതെന്തെന്നു അറിയും മുന്‍പേ ഞങ്ങളുടെ വണ്ടി മൂന്നു തവണ മലക്കം മറിഞ്ഞൊരു മണ്‍കൂനയില്‍  മൂക്കും കുത്തി നിന്നിരിക്കുന്നു.

നിലവിളി, ഞരക്കങ്ങള്‍, ഞങ്ങള്‍ അഞ്ചു പേര്‍ക്കും ചില ചില്ലറ പരിക്കുകളല്ലാതെ മറ്റൊന്നുമില്ല. ഒരു വിധേന ഞങ്ങള്‍ കാറിനു വെളിയില്‍ ഇറങ്ങി പുറത്തേയ്ക്കു നോക്കി. രണ്ടു ഘടാ ഘടിയന്‍ ഒട്ടകങ്ങള്‍ ചോരയില്‍ കുളിച്ചു കിടക്കുന്നു. മരുഭൂമിയില്‍ മനുഷ്യ ജീവനേക്കാള്‍ വിലയുള്ള ജീവി വര്‍ഗമാണ് ഒട്ടകങ്ങള്‍. അവ യിലേതെങ്കിലും ഒന്നു ചത്താല്‍...
 
ഉസ്താദ് ജയിലായിരിക്കുന്നു! (പഠനത്തിനിടയില്‍ ശിഷ്യഗണങ്ങള്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ക്കു അദ്ധ്യാപകരാണ് ശിക്ഷിക്കപ്പെടുക), മനസ്സറിയാത്ത കാര്യത്തിനിതാ പിഴ ശിക്ഷ!  കൂടാതെ രണ്ടു മാസം അയാള്‍ ജയില്‍ ശിക്ഷ വിധിച്ചു കൊണ്ടു കോടതി ഉത്തരവായിരിക്കുന്നു. ജയില്‍  ശിക്ഷയുടെ കാലാവധിയില്‍ എല്ലാ വെള്ളിയാഴ്ചകളിലും ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കും . യാതൊരു വിധ പരാതികളുമില്ലാതെ  അയാളെന്റെ നെറുകയില്‍ കൈവെച്ചനുഗ്രഹിക്കും .
 
'കൃത്യവിലോപം കാണിച്ചത് ഞാനാണ് അതിനുള്ള ദൈവ ശിക്ഷയാണീ കാരാഗൃഹ വാസം. 'ഒരപകടം ഉണ്ടായി എന്നു വെച്ചു നിന്റെ  മനസ്സു പതറരുത് .നീ  നല്ല ഡ്രൈവറാണ് ഇനിയും അങ്ങനെ തന്നെ ആയിരിക്കും'- എന്റെ നിറഞ്ഞൊഴുകിയ കണ്ണുകളില്‍  നോക്കി നില്‍ക്കാന്‍ കരുത്തില്ലാത്തവനെപ്പോലെ തലകുമ്പിട്ടയാള്‍ ഇരുട്ടു മൂടിയ ഇടനാഴിയുടെ ഉള്ളിലേയ്ക്ക് കയറിപോകും .
 
രണ്ടാം ശ്രമത്തില്‍ തന്നെ ഞാന്‍ ടെസ്റ്റ് പാസായി ലൈസന്‍സും കിട്ടി. കൊല്ലമെത്ര കഴിഞ്ഞു. ഇപ്പോഴും സ്റ്റിയറിങ്ങിനു മുന്നില്‍ ഇരിക്കുമ്പോള്‍ ഉസ്താദ് അന്നു ജയിലില്‍ വെച്ചു പറഞ്ഞ വാചകങ്ങള്‍ ഒരു ഡോള്‍ബി സിസ്റ്റത്തില്‍ എന്ന പോലെ  മനസ്സില്‍ പ്രതിധ്വനിക്കും. നീ ചെയ്യേണ്ട കാര്യങ്ങള്‍ നീ തന്നെ ചെയ്യുക , മറ്റുള്ളവര്‍ അതു ചെയ്യുമെന്നു കരുതിയാല്‍ അനന്തരഫലം പ്രവചനാതീതമായിരിക്കും.

 

'പാഠം രണ്ട്' ഇതുവരെ
താജുന തല്‍സം: നിറകണ്ണുകളോടെ ഞാന്‍ പറഞ്ഞുപോയി, 'ഉസ്താദ് മരിച്ചുപോവട്ടെ'

ഐ കെ ടി.ഇസ്മായില്‍ തൂണേരി: ഈശ്വരന്‍ മാഷ്

മുഖ്താര്‍ ഉദരംപൊയില്‍: പണ്ടുപണ്ടൊരു കുരുത്തംകെട്ട  കുട്ടി; നന്മയുള്ള മാഷ്

 ശ്രുതി രാജേഷ്:  കനകലത ടീച്ചറിനോട്  പറയാതെ പോയ കാര്യങ്ങള്‍

മഞ്ജുഷ വൈശാഖ്: 'കോപ്പിയടിച്ചത് ഞാനാണ്'

മോളി ജബീന: ജിന്നിന് എഴുതിയ കത്തുകള്‍

ജോസഫ് എബ്രഹാം: ഫയല്‍വാന്റെ മെയ്ക്കരുത്തോടെ  താഹക്കുട്ടി സാറിന്റെ നടത്തം

അഞ്ജലി അരുണ്‍: സെലിന്‍ ടീച്ചര്‍ പഠിപ്പിച്ച ജീവിതപാഠങ്ങള്‍!

ശ്രീനിവാസന്‍ തൂണേരി: എന്നെ കണ്ടതും മാഷ്  പഴ്‌സ് പുറത്തെടുത്തു!

നജീബ് മൂടാടി: ചൂരല്‍ മാത്രമായിരുന്നില്ല, വേലായുധന്‍ മാഷ്!

നസീഫ് അബ്ദുല്ല: കേട്ടതൊന്നുമായിരുന്നില്ല, മാഷ്!

സജിത്ത് സി വി പട്ടുവം: പിന്നൊരിക്കലും ടീച്ചറിനെ ഞാന്‍ കണ്ടിട്ടില്ല!

ആതിരാ മുകുന്ദ്: 'ചോറ് വെന്തോ എന്നെങ്ങനെ അറിയും?'

മുബശ്ശിർ കൈപ്രം: എന്റെ തങ്കവല്ലി ടീച്ചര്‍​

നദീര്‍ കടവത്തൂര്‍: സന്ധ്യ കഴിഞ്ഞ് സ്‌കൂളിലെത്തിയ ഞങ്ങളെ കണ്ടതും ടീച്ചര്‍ കരഞ്ഞു!

മുഹമ്മദ് കാവുന്തറ: കളവ് പഠിപ്പിച്ച ടീച്ചര്‍

 സ്വാതി ശശിധരന്‍: എന്റെ ടോട്ടോചാന്‍ കുട്ടിക്കാലം!​

റെജ്‌ന ഷനോജ്: ആ പാഠം ഇന്നും ഞാന്‍ മറന്നിട്ടില്ല!

ഷീബാ വിലാസിനി: ഈശ്വരാ, ഗ്രാമര്‍!

Follow Us:
Download App:
  • android
  • ios