Asianet News MalayalamAsianet News Malayalam

ആ പാഠം ഇന്നും ഞാന്‍ മറന്നിട്ടില്ല!

My teacher Rejna Shanoj
Author
Thiruvananthapuram, First Published Nov 18, 2017, 5:54 PM IST

ചില അധ്യാപകരുണ്ട്. ആഴത്തില്‍ നമ്മെ സ്വാധീനിച്ചവര്‍. ജീവിതത്തെ മാറ്റിയെഴുതിയവര്‍. അത്തരം ഒരു അധ്യാപകന്‍, അധ്യാപിക നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അവരെക്കുറിച്ച് എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ 'പാഠം രണ്ട്' എന്ന് എഴുതാന്‍ മറക്കരുത്

My teacher Rejna Shanoj

പ്രിയപ്പെട്ട അദ്ധ്യാപകരെ ഓര്‍ത്തെടുക്കാന്‍ തുടങ്ങിയാല്‍ ആദ്യം വരിക എന്റെ ഗീത ടീച്ചറുടെ മുഖമാണ്. വീടിനടുത്തുള്ള എല്‍പി സ്‌കൂള്‍ കഴിഞ്ഞു ഇത്തിരി ദൂരെ ബസിനു പോകണം യുപി സ്‌കൂളില്‍. അവിടെയാണ് അന്നും ഇന്നും ഞാന്‍ ഒരുപോലെ സ്‌നേഹിക്കുന്ന ഓര്‍ക്കുന്ന എന്റെ ടീച്ചര്‍. നല്ല വൃത്തിയായി ഇളം നിറത്തിലുള്ള ഉള്ള സാരി ഉടുത്തു ഇടം കൈകൊണ്ട് സാരി ചുരുക്കുകള്‍ നിലം തൊടാതിരിക്കാന്‍ ഒന്നു തൊട്ടുപിടിച്ചാ ടീച്ചര്‍ നടന്നുവരിക. ഒരു ചെറിയ പുഞ്ചിരിയും മുഖത്തു സൗമ്യതയും ഗൗരവവും ഒരുമിച്ചു വരുന്ന പോലെ തോന്നും. മിക്കവാറും കുട്ടികള്‍ക്ക് ഒരു ചെറിയ പേടിയുമുണ്ടെന്നു അറിഞ്ഞിരുന്നു. 

അവിടെ ആറാം ക്ലാസ്സില്‍ മുതല്‍ ഹാന്‍ഡ് എംബ്രോയിഡറി പഠിക്കാന്‍ ഉണ്ടായിരുന്നു. ടീച്ചര്‍ ആണ് എംബ്രോയിഡറി പഠിപ്പിക്കുന്നത്. ഞാന്‍ അവിടെ കുറച്ചു താമസിച്ചു ആയിരുന്നു ചേരുന്നത്.

ബസില്‍ കയറി ദൂരെയുള്ള സ്‌കൂളില്‍ ആദ്യമായി വരുന്ന എല്ലാ ടെന്‍ഷനും എന്റെ  മുഖത്തുണ്ട്. ആദ്യ ദിവസം തന്നെ കുട കാണാതെ പോയ സങ്കടവും. ടീച്ചര്‍ ക്ലാസ്സിലേക്ക് വന്നു. കുട്ടികള്‍ എല്ലാരും ബഹുമാന പൂര്‍വ്വം എഴുന്നേറ്റു വീണ്ടും  ഇരുന്നു. എല്ലാരും ബാഗില്‍ നിന്നും തുണിയും സൂചി, നല്ല വിവിധ കളര്‍ നൂല് ഒക്കെ എടുത്തു റെഡി ആയിരിക്കുന്നു. ടീച്ചര്‍ തുണി കൊണ്ടു വരാത്തവര്‍ എണീക്കാന്‍ പറഞ്ഞു. ഞാന്‍ മാത്രം എണീറ്റു എന്നാണ് എന്റെ ഓര്‍മ. പേടിച്ചു വിറച്ചു നില്‍ക്കുന്ന എന്റെ അടുത്തു ടീച്ചര്‍ വന്നു ചോദിക്കും മുന്‍പ് ഞാന്‍ കരഞ്ഞു. അപ്പോള്‍ മറ്റാരോ വിളിച്ചു പറഞ്ഞു, ടീച്ചറെ അത് പുതിയ കുട്ടിയാണ്. അത് കേട്ടു ടീച്ചര്‍ എന്നോട് അടുത്ത ക്ലാസ്സ് ആവുമ്പോള്‍ ഒരു വൈറ്റ് കോട്ടണ്‍ തുണി, സൂചി, നൂല്‍ ഒക്കെ കൊണ്ട് വരണം എന്ന് പറഞ്ഞു മറ്റു കുട്ടികള്‍ക്ക് സ്റ്റിച്ചിങ് മോഡല്‍സ് പഠിപ്പിക്കാന്‍ തുടങ്ങി. ഇടക്കൊക്കെ എന്റെ അടുത്തു വന്നു മിണ്ടി. കുറെ ടെന്‍ഷന്‍ ഒക്കെ പോയി. അന്ന് തന്നെ അച്ഛനോട് പറഞ്ഞു എല്ലാം വാങ്ങി അടുത്ത ക്ലാസിനു വേണ്ടി കാത്തിരുന്നു.

ആഴ്ചയില്‍ മൂന്നു ദിവസമാണ് എംബ്രോയിഡറി ക്ലാസ്. അങ്ങനെ ആ ദിവസം എത്തി. ടീച്ചര്‍ ക്ലാസ്സില്‍ വന്നു എല്ലാരുടെയും തുണി വാങ്ങി സ്റ്റിച്ച് പറഞ്ഞു കൊടുത്തു എന്നെ വിളിപ്പിച്ചു. ബാക്കിയെല്ലാ കുട്ടികളും തേര്‍ഡ് സ്‌റ്റെപ് മോഡല്‍ സ്റ്റിച് എത്തിയിരുന്നു. എനിക്ക് ആദ്യം ചെയിന്‍ സ്റ്റിച് കാണിച്ചു തന്നു, കിട്ടിയ ഉടനെ ബഞ്ചില്‍ പോയിരുന്നു പൂര്‍ത്തിയാക്കി കാണിച്ചു കൊടുത്തു. ടീച്ചര്‍ 'ആഹാ ഇത്ര വേഗം കഴിഞ്ഞോ' എന്നും പറഞ്ഞു തുണി വാങ്ങി നോക്കി.  നല്ല ഭംഗി ഉണ്ടല്ലോ എന്നു പറഞ്ഞുകൊണ്ട് അടുത്തത് കാണിച്ചു തന്നു. അതും ഞാന്‍ പെട്ടെന്ന് തീര്‍ത്തു അങ്ങനെ കുറച്ചു നാളുകള്‍ കൊണ്ട് ടീച്ചര്‍ക്ക് ഇഷ്ടമുള്ള ഒരു കുട്ടിയായി ഞാന്‍ മാറി.

ബസില്‍ കയറി ദൂരെയുള്ള സ്‌കൂളില്‍ ആദ്യമായി വരുന്ന എല്ലാ ടെന്‍ഷനും എന്റെ  മുഖത്തുണ്ട്.

ഒരു വര്‍ഷം കഴിഞ്ഞു. എല്ലാ മത്സരത്തിലും ടീച്ചര്‍ എന്നെ പങ്കെടുപ്പിച്ചു. വേണ്ട മെറ്റീരിയല്‍സ് ഒക്കെ ടീച്ചര്‍ തന്നെ വാങ്ങിച്ചു തരാന്‍ തുടങ്ങി.അപ്പോഴേക്കും എല്ലാ കുട്ടികള്‍ക്കും എന്നോട് ഇത്തിരി കുറുമ്പ് ഒക്കെ ആയി. ഞാന്‍ നല്ല ഹാപ്പി. ഏഴില്‍ ഉപജില്ലാ തലത്തില്‍ ഫസ്റ്റ് ഒക്കെ വാങ്ങിച്ചു ടീച്ചറെ ഞാനും സന്തോഷിപ്പിച്ചു.

ജില്ലാതല മത്സരം ആയപ്പോള്‍ എന്റെ ക്ലാസ്സ് ടീച്ചര്‍ സോമന്‍ സാറിന്റെ  അടുത്ത് ടീച്ചര്‍ പറഞ്ഞു എക്‌സ്ട്രാ പ്രാക്ടീസ് വേണം. അങ്ങനെ ക്ലാസുകള്‍ മിസ്സാക്കി ടീച്ചേര്‍സ് റൂമില്‍ ഇരുന്നു എന്നെ പഠിപ്പിക്കാന്‍ കൊണ്ടുപോയി. 

ടീച്ചേഴ്‌സ് റൂമില്‍  ശ്വാസം അടക്കി പിടിച്ചാണ് ഞാന്‍  സ്റ്റിച്ച് ചെയ്തിരുന്നത്. എല്ലാം ടീച്ചേഴ്‌സും ക്ലാസ്സ് കഴിഞ്ഞു ഒന്നിച്ചിരുന്നു സംസാരിക്കുകയും ടീ കുടിക്കുകയും ഒക്കെ ആയിരുന്നു.  

ഉച്ചഭക്ഷണം കഴിഞ്ഞു നില്‍ക്കുമ്പോള്‍ റിസള്‍ട്ട് വന്നു. തേര്‍ഡ് പ്രൈസ്.

അവസാനം ആ ദിവസം വന്നു. മത്സരത്തില്‍ പങ്കെടുക്കാന്‍ ടീച്ചറുടെ കൂടെ പോയി. എന്റെ കൂടെ മത്സരത്തില്‍ പങ്കെടുക്കുന്നവരെ ഒക്കെ കണ്ടപ്പോള്‍ തന്നെ ഞാന്‍ ആകെ ടെന്‍ഷന്‍ ആയിരുന്നു. അത് മനസിലായിട്ടാണോ എന്നറിയില്ല, ടീച്ചര്‍ ഒരമ്മയുടെ കരുതലോടെ നിന്നു. സമയമായപ്പോള്‍ഡിസൈന്‍ കിട്ടി. ഒരു നല്ല റോസാപ്പൂവ് ആയിരുന്നു. കിട്ടിയപാടെ എല്ലാരും തുടങ്ങി. തന്നിട്ടുള്ള സമയത്തിനുള്ളില്‍ തീരുമോ എന്ന പേടി കൊണ്ട് ലളിതമായ സ്റ്റിച് മതി എന്ന് ഞാനുറപ്പിച്ചു. എന്നാല്‍ തൊട്ടടുത്തൊക്കെ ഉള്ള കുട്ടികള്‍ നന്നായി ചെയ്യുന്നതൊക്കെ കണ്ടു എനിക്ക് ടെന്‍ഷന്‍ ആയി. ഇടക്കിടെ ക്ലോക്ക് നോക്കും ബാക്കിയുള്ള കുട്ടികളെ നോക്കും ആകപ്പാടെ അസ്വസ്ഥത. അതിനിടയില്‍ വാതിലിനടുത്ത് നില്‍ക്കുന്ന ടീച്ചറില്‍ കണ്ണുടക്കി. അപ്പോള്‍ ടീച്ചര്‍ നേരിയ പുഞ്ചിരിയുമായി തല ചരിച്ചു കൈകൊണ്ടു കുഴപ്പമില്ലെന്ന് മട്ടില്‍ അനക്കി. 'സാരമില്ല ടെന്‍ഷന്‍ ആവണ്ട മെല്ലെ ചെയ്താല്‍ മതി ഞാനുണ്ട് 'എന്ന് പറയുന്നപോലെ ആയിരുന്നു എനിക്ക് തോന്നിയത്. പിന്നെ ഞാന്‍ ഒട്ടും പേടിയില്ലാതെ സമയം പോലും നോക്കാതെ ഞാന്‍ വിചാരിച്ചിരുന്ന ലളിതമായ സ്റ്റിച്ചില്‍ തന്നെ ചെയ്തു എല്ലാരെക്കാളും മുമ്പ് കൊടുത്തു ഇറങ്ങി.ടീച്ചര്‍ ചേര്‍ത്ത് പിടിച്ചുകൊണ്ട് 'അല്ലാ എന്തൊരു ടെന്‍ഷന്‍ ആണ്' എന്ന് പറഞ്ഞു.

ഉച്ചഭക്ഷണം കഴിഞ്ഞു നില്‍ക്കുമ്പോള്‍ റിസള്‍ട്ട് വന്നു. തേര്‍ഡ് പ്രൈസ്. അല്‍പം സങ്കടം ആയെങ്കിലും ടീച്ചറുടെ മുഖത്തു അതേ സൗമ്യതയും സന്തോഷവും. ആ സര്‍ട്ടിഫിക്കറ്റ് അലമാരയില്‍ ഇന്നും സുരക്ഷിതം.

ഇടക്കൊക്കെ ടീച്ചറെ കാണാറുണ്ടായിരുന്നു ബസില്‍, ടൗണില്‍ അങ്ങനെ...പിന്നീട് അതും ചുരുങ്ങി ഇപ്പോള്‍ എവിടെയാണെന്നോ ഒന്നും അറിയില്ല.

പിന്നീട് എപ്പോള്‍ ഓര്‍ക്കുമ്പോളും ടീച്ചര്‍ അന്ന് പഠിപ്പിച്ച ഒരു കാര്യം മനസ്സില്‍ അങ്ങനെ തന്നെ ഉണ്ടായിരുന്നു. ഭംഗിയായി ഹാന്‍ഡ് എംബ്രോയിഡറി ചെയ്യാനല്ല, ഏതു പ്രതിസന്ധി ഘട്ടത്തിലും പതറാതിരിക്കാന്‍, അനാവശ്യമായത് ആഗ്രഹിക്കാതിരിക്കാന്‍, കിട്ടിയ നേട്ടങ്ങളെ മാറോടണയ്ക്കാന്‍, അമിതാഹ്ലാദം കാണിക്കാതിരിക്കാന്‍. 

'പാഠം രണ്ട്' ഇതുവരെ
താജുന തല്‍സം: നിറകണ്ണുകളോടെ ഞാന്‍ പറഞ്ഞുപോയി, 'ഉസ്താദ് മരിച്ചുപോവട്ടെ'

ഐ കെ ടി.ഇസ്മായില്‍ തൂണേരി: ഈശ്വരന്‍ മാഷ്

മുഖ്താര്‍ ഉദരംപൊയില്‍: പണ്ടുപണ്ടൊരു കുരുത്തംകെട്ട  കുട്ടി; നന്മയുള്ള മാഷ്

 ശ്രുതി രാജേഷ്:  കനകലത ടീച്ചറിനോട്  പറയാതെ പോയ കാര്യങ്ങള്‍

മഞ്ജുഷ വൈശാഖ്: 'കോപ്പിയടിച്ചത് ഞാനാണ്'

മോളി ജബീന: ജിന്നിന് എഴുതിയ കത്തുകള്‍

ജോസഫ് എബ്രഹാം: ഫയല്‍വാന്റെ മെയ്ക്കരുത്തോടെ  താഹക്കുട്ടി സാറിന്റെ നടത്തം

അഞ്ജലി അരുണ്‍: സെലിന്‍ ടീച്ചര്‍ പഠിപ്പിച്ച ജീവിതപാഠങ്ങള്‍!

ശ്രീനിവാസന്‍ തൂണേരി: എന്നെ കണ്ടതും മാഷ്  പഴ്‌സ് പുറത്തെടുത്തു!

നജീബ് മൂടാടി: ചൂരല്‍ മാത്രമായിരുന്നില്ല, വേലായുധന്‍ മാഷ്!

നസീഫ് അബ്ദുല്ല: കേട്ടതൊന്നുമായിരുന്നില്ല, മാഷ്!

സജിത്ത് സി വി പട്ടുവം: പിന്നൊരിക്കലും ടീച്ചറിനെ ഞാന്‍ കണ്ടിട്ടില്ല!

ആതിരാ മുകുന്ദ്: 'ചോറ് വെന്തോ എന്നെങ്ങനെ അറിയും?'

മുബശ്ശിർ കൈപ്രം: എന്റെ തങ്കവല്ലി ടീച്ചര്‍​

നദീര്‍ കടവത്തൂര്‍: സന്ധ്യ കഴിഞ്ഞ് സ്‌കൂളിലെത്തിയ ഞങ്ങളെ കണ്ടതും ടീച്ചര്‍ കരഞ്ഞു!

മുഹമ്മദ് കാവുന്തറ: കളവ് പഠിപ്പിച്ച ടീച്ചര്‍

 സ്വാതി ശശിധരന്‍: എന്റെ ടോട്ടോചാന്‍ കുട്ടിക്കാലം!​

Follow Us:
Download App:
  • android
  • ios