Asianet News MalayalamAsianet News Malayalam

എന്റെ ടോട്ടോചാന്‍ കുട്ടിക്കാലം!

my teacher swathi sasidharan
Author
Thiruvananthapuram, First Published Nov 17, 2017, 8:00 PM IST

ചില അധ്യാപകരുണ്ട്. ആഴത്തില്‍ നമ്മെ സ്വാധീനിച്ചവര്‍. ജീവിതത്തെ മാറ്റിയെഴുതിയവര്‍. അത്തരം ഒരു അധ്യാപകന്‍, അധ്യാപിക നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അവരെക്കുറിച്ച് എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ 'പാഠം രണ്ട്' എന്ന് എഴുതാന്‍ മറക്കരുത്

my teacher swathi sasidharan

ഓര്‍മയിലെ ആദ്യത്തെ അദ്ധ്യാപിക അംബിക ടീച്ചര്‍ ആണ്. അടുത്തുള്ള സ്‌കൂളിലെ എല്‍കെജി ടീച്ചര്‍. ഏതാണ്ട് രണ്ട്  മാസം  പഠിച്ചു  കഴിഞ്ഞപ്പോള്‍, മാനേജ്മന്റ സ്‌കൂള്‍ നിര്‍ത്തി, ഹോട്ടലാക്കി. 

എല്‍കെജി കാല്‍  ഭാഗം പഠിച്ച എനിക്കായി, അമ്മയുടെ അപേക്ഷ പ്രകാരം ടീച്ചര്‍  'ഗുരുകുലവിദ്യാഭ്യാസം' തുടങ്ങി.

അംബിക ടീച്ചറിന്റെ വീട് ഏതാണ്ട് അടുത്ത് ആയിരുന്നു. രാവിലെ അമ്മ എന്നെ ടീച്ചറിന്റെ വീട്ടില്‍ കൊണ്ട് പോയി വിടും. ടീച്ചറും, രണ്ടു അനിയത്തിമാരും , രണ്ട് അനിയന്മാരും അച്ഛനും അമ്മയും ഉള്ള ഒരു ചെറിയ വീട്. 

അടുത്തുള്ള വേളി ബോട്ട് ക്ലബ്ബിലെ വാച്ചര്‍ ആയിരുന്നു ടീച്ചറിന്റെ  അച്ഛന്‍.  ആ പറമ്പില്‍ ആണെങ്കില്‍ വേളി  കായലിലേക്ക് ഒഴുകുന്ന  ഒരു തോടുണ്ട്. പിന്നെ പത്തിരുപതു താറാവുകളും അത്ര തന്നെ കോഴികളും  കുഞ്ഞുങ്ങളും. എനിക്ക് ഇതില്‍ പരം ആനന്ദം ഇല്ല. 

ആ വീട്ടിലെ ഒരേ ഒരു കൊച്ചു കുട്ടി ആയി  ഞാന്‍ അങ്ങനെ കളിച്ചു നടക്കും. എപ്പോഴെങ്കിലും  ആരെങ്കിലും  പഠിപ്പിക്കും. ചിലപ്പോള്‍ അംബിക ടീച്ചര്‍ ആവില്ല, ഇന്ദിര ചേച്ചിയോ തങ്കം ടീച്ചറോ സുരേന്ദ്രന്‍ മാമനോ. 
 
ഉച്ചക്കും, വൈകിട്ടും ആഹാരവും അവിടന്ന് തന്നെ. പിന്നെ, അവിടത്തെ അപ്പൂപ്പന്റെ കൂടെ വേളി  കായലൊക്കെ കാണാന്‍ പോകും.

ഇതിന്റെ ഇടയില്‍  താറാവിനെ എല്ലാം കൂട്ടത്തോടെ ഓടിച്ചു, തോട്ടില്‍ ചാടിക്കും.  പിന്നെ ടീച്ചറുടെ അമ്മയില്‍ നിന്നും അരി വാങ്ങി, കോഴികള്‍ക്ക് തീറ്റ കൊടുക്കും. ഇളം മഞ്ഞ നിറത്തില്‍, അപ്പോള്‍  വിരിഞ്ഞ കോഴിക്കുഞ്ഞുങ്ങളെ, തങ്കം ടീച്ചര്‍  എന്റെ ഉള്ളം കൈയ്യില്‍ എടുത്തു  വെച്ച്  തരും. അതിന്റെ കുഞ്ഞു ഹൃദയം എന്റെ വിരലുകളില്‍ പട പടാ മിടിക്കും.

പ്രത്യേകിച്ച് സിലബസ് ഒന്നും  ഇല്ല. എന്താണ് പഠിപ്പിക്കേണ്ടത് എന്ന് അറിയില്ല. അമ്മ  അംബിക ടീച്ചറിനെ അങ്ങ് വിശ്വസിച്ചു. എല്ലാരും ചോദിച്ചു, 'ഇതെന്താ നീ മോളെ ആ വീട്ടില്‍ ഇങ്ങനെ തെണ്ടാന്‍ വിട്ടിരിക്കുന്നത് ? അവസാനം ഒന്നാം ക്ലാസ്സില്‍ ചേരുമ്പോള്‍ പ്രശ്‌നം ആവും'.

അമ്മ മറുപടി ഒന്നും പറഞ്ഞില്ല.

രമ ചേച്ചിയും സുരേന്ദ്രന്‍ മാമനും തങ്കം ടീച്ചറും ഒക്കെ എന്നെ എല്ലാം  അ  ആയും A B C D യും, മാമന്‍  കണക്കും പഠിപ്പിച്ചു. അച്ചാച്ചന്‍ മലയാളം നന്നായി വായിക്കാനും പഠിപ്പിച്ചു. രണ്ടു വര്‍ഷം. പാളിപ്പോയ എല്‍കെജിയും യുകെജിയും. 

കുഞ്ഞമ്മയുടെ മോള്‍ എന്നേക്കാള്‍ ഒന്നര വയസ്സിനു ഇളയതാണ്. അവള്‍ ദൂരെയുള്ള ലൂര്‍ദ് കോണ്‍വെന്റില്‍ എല്‍കെജി, യു.കെജി ഒക്കെ തകര്‍ക്കുമ്പോഴാണ് എന്റെ 'ഗുരുകുല വിദ്യാഭ്യാസം'. അമ്മ പക്ഷെ ഉറച്ചു നിന്നു. അമ്മ ഒരു തീരുമാനം എടുത്താല്‍ എടുത്തതാ. പിന്നെ ആര് വിചാരിച്ചാലും മാറില്ല. എന്തായാലും എല്ലാം എനിക്ക് ഗുണകരം ആയി.

1983 ല്‍ അന്നത്തെ വലിയ  ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഒന്നാം ക്ലാസ്സില്‍ നേരിട്ട് ചേര്‍ക്കാനുള്ള എഴുത്തുപരീക്ഷക്ക് എന്റെ പേര് കൊടുത്തപ്പോള്‍ അമ്മയുടെ അത്യാഗ്രഹം  എന്ന് എല്ലാരും പറഞ്ഞു. 

എന്നിട്ടും എന്തിന്  അമ്മ അത് ചെയ്തു? ഒരു പക്ഷേ  കിട്ടിയാലോ എന്ന വിചാരത്തേക്കാള്‍, കിട്ടണം എന്ന വാശി ആയിരുന്നു എന്ന് തോന്നുന്നു. പക്ഷെ എനിക്ക് ഒട്ടും പ്രഷര്‍  തന്നില്ല . കിട്ടിയാല്‍ ഊട്ടി, ഇല്ലേല്‍ ചട്ടി  എന്ന ഭാവത്തില്‍ ഞാനും.

പരീക്ഷയുടെ അന്ന് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന്  അച്ഛന് 500 രൂപ മണലില്‍ പുതഞ്ഞു കിടന്നത് കിട്ടിയതായി പിന്നെ കേട്ടിട്ടുണ്ട്. അത് നല്ല ശകുനം ആയി അമ്മ കണ്ടു. അമ്മയുടെ ആഗ്രഹങ്ങള്‍ക്ക് ദൈവത്തിന്റെ അംഗീകാരം.

പരീക്ഷ കഴിഞ്ഞു. എല്ലാരുടെയും പേപ്പറും മാര്‍ക്കും ഒക്കെ അറിഞ്ഞു. എന്റെ പേപ്പര്‍ കാണുന്നില്ല. അമ്മയ്ക്ക് ടെന്‍ഷന്‍ തുടങ്ങി.

'എഴുതിയിട്ട് ടീച്ചറിന് കൊടുത്തോ?' എന്നൊക്കെ ചോദ്യം ചെയ്യലായി. എനിക്ക് ഒരു ബോധവും  ഇല്ല. ഇനി കൊടുത്തോ, അതോ അവിടെ എങ്ങാനും ഇട്ടോ? ആവോ ആര്‍ക്കറിയാം . അമ്മ ടെന്‍ഷന്റെ മുള്‍മുനയില്‍. എന്നെ ഇതൊന്നും ബാധിക്കുന്നില്ല.

എന്റെ പേപ്പര്‍ കാണുന്നില്ല. അമ്മയ്ക്ക് ടെന്‍ഷന്‍ തുടങ്ങി.

അവസാനം അവര്‍ രണ്ടാമത് പോയി പേര് ഉറപ്പു വരുത്തി. ഹാവൂ . പേപ്പര്‍ കിട്ടി . 'സ്വീറ്റി ' എന്ന വേറൊരു കുട്ടിയുടേതും എന്‍േറതും മാറ്റി വെച്ചിരിക്കുകയായിരുന്നു . ഇംഗ്ലീഷില്‍ സാമ്യമുള്ള സ്‌പെല്ലിങ്. മറ്റെ കുട്ടി അവിടെ തന്നെ എല്‍കെജി യുകെജി ഒക്കെ പഠിച്ചത്. ഞാന്‍ പുറത്തുനിന്ന് വന്ന കുട്ടി.

സംഭവം ഇതായിരുന്നു. എനിക്ക് മറ്റേ കുട്ടിയേക്കാള്‍ കൂടുതല്‍ മാര്‍ക്ക്. അപ്പോള്‍ അവര്‍ക്കു ഉറപ്പു വരുത്തണം. സത്യമായും  അങ്ങനെ ഒരു കുട്ടിയുണ്ടോ ഇല്ലയോ എന്ന്. അമ്മയുടെ ടെന്‍ഷന്‍ കണ്ട് അവര്‍ പറഞ്ഞു,  'നിങ്ങളുടെ മകള്‍ക്കു തന്നെ ഫസ്റ്റ. ഞങ്ങള്‍ പേപ്പര്‍  മാറ്റി വെച്ചിരിക്കുകയായിരുന്നു.

അപ്പോഴും ഞാന്‍ ആ വലിയ സ്‌കൂളിന്റെ സിമന്റ്  ബെഞ്ചില്‍ കാക്ക കാഷ്ഠിക്കാത്ത  സ്ഥലം നോക്കി  നടക്കുകയായിരുന്നു.

പിന്നെ എന്തൊക്കെയോ നാടകം നടന്നു. അമ്മയുടെ ആനന്ദാശ്രു. സിസ്റ്റര്‍ റൂതിന്റെ അഭിനന്ദനം. 

അന്ന് മുതല്‍ എഞ്ചിനീയറിംഗ്  കിട്ടും വരെ അംബിക ടീച്ചറിനെ മറക്കാന്‍ അമ്മ സമ്മതിച്ചിട്ടില്ല . പത്തിലും പ്രീഡിഗ്രിക്കും ഒക്കെ ഞാന്‍ ആ വീട്ടില്‍ പോയി മാര്‍ക്ക് പറഞ്ഞു.

പിന്നീട് ടീച്ചറിന്റെ ഭര്‍ത്താവ്  ഒരു ആക്‌സിഡന്റില്‍ മരിച്ചതും ഒരു പെണ്‍കുഞ്ഞുള്ള വിവരവും അറിഞ്ഞു. ടീച്ചറിന്റെ അച്ഛന്‍ മരിച്ച വിവരവും.  തങ്കം ടീച്ചറുടെ കല്യാണം കഴിഞ്ഞെന്നും.

വേളി  ബോട്ട് ക്ലബ് പിന്നീട് ടൂറിസ്‌റ്  വില്ലേജ് ആയപ്പോള്‍  അവരുടെ സ്ഥലമെല്ലാം സര്‍ക്കാര്‍ എടുത്തു. ഇന്ന് എനിക്ക് അവരെ പറ്റി ഒന്നും അറിയില്ല. ഒരുപക്ഷേ  അവര്‍ക്കും. പക്ഷേ ഇന്നും, അവിടത്തെ ഓരോ  ദിവസങ്ങളും എനിക്ക് ഓര്‍മയുണ്ട്. താറാവുകളുടെ പിറകെ ഓടിയതും തോട്ടിലെ പാമ്പിനെ കണ്ടതും കോഴികുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചതും എല്ലാം. 

പിന്നീട്, 'ടോട്ടോചാന്‍' വായിച്ചപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത്, അംബിക ടീച്ചറിന്റെ വീട്ടില്‍ ഞാനനുഭവിച്ചതും സമാനമായ ഒരവസ്ഥ ആയിരുന്നല്ലോ എന്ന്. നിര്‍ബന്ധങ്ങളില്ലാത്ത, ഔപചാരികതകള്‍ ഇല്ലാത്ത, എന്തിനു സിലബസ് പോലുമില്ലാത്ത പഠനം. കൂട്ടിനു താറാവും കോഴികളും തൊടിയും കായലും. 

'പാഠം രണ്ട്' ഇതുവരെ
താജുന തല്‍സം: നിറകണ്ണുകളോടെ ഞാന്‍ പറഞ്ഞുപോയി, 'ഉസ്താദ് മരിച്ചുപോവട്ടെ'

ഐ കെ ടി.ഇസ്മായില്‍ തൂണേരി: ഈശ്വരന്‍ മാഷ്

മുഖ്താര്‍ ഉദരംപൊയില്‍: പണ്ടുപണ്ടൊരു കുരുത്തംകെട്ട  കുട്ടി; നന്മയുള്ള മാഷ്

 ശ്രുതി രാജേഷ്:  കനകലത ടീച്ചറിനോട്  പറയാതെ പോയ കാര്യങ്ങള്‍

മഞ്ജുഷ വൈശാഖ്: 'കോപ്പിയടിച്ചത് ഞാനാണ്'

മോളി ജബീന: ജിന്നിന് എഴുതിയ കത്തുകള്‍

ജോസഫ് എബ്രഹാം: ഫയല്‍വാന്റെ മെയ്ക്കരുത്തോടെ  താഹക്കുട്ടി സാറിന്റെ നടത്തം

അഞ്ജലി അരുണ്‍: സെലിന്‍ ടീച്ചര്‍ പഠിപ്പിച്ച ജീവിതപാഠങ്ങള്‍!

ശ്രീനിവാസന്‍ തൂണേരി: എന്നെ കണ്ടതും മാഷ്  പഴ്‌സ് പുറത്തെടുത്തു!

നജീബ് മൂടാടി: ചൂരല്‍ മാത്രമായിരുന്നില്ല, വേലായുധന്‍ മാഷ്!

നസീഫ് അബ്ദുല്ല: കേട്ടതൊന്നുമായിരുന്നില്ല, മാഷ്!

സജിത്ത് സി വി പട്ടുവം: പിന്നൊരിക്കലും ടീച്ചറിനെ ഞാന്‍ കണ്ടിട്ടില്ല!

ആതിരാ മുകുന്ദ്: 'ചോറ് വെന്തോ എന്നെങ്ങനെ അറിയും?'

മുബശ്ശിർ കൈപ്രം: എന്റെ തങ്കവല്ലി ടീച്ചര്‍​

നദീര്‍ കടവത്തൂര്‍: സന്ധ്യ കഴിഞ്ഞ് സ്‌കൂളിലെത്തിയ ഞങ്ങളെ കണ്ടതും ടീച്ചര്‍ കരഞ്ഞു!

മുഹമ്മദ് കാവുന്തറ: കളവ് പഠിപ്പിച്ച ടീച്ചര്‍
 

Follow Us:
Download App:
  • android
  • ios