Asianet News MalayalamAsianet News Malayalam

ആരാണ് പ്രവാസികള്‍, പണിയെടുക്കാനോ പഠിക്കാനോ വിദേശത്തേക്ക് പോകുന്നവര്‍ പണം ചെലവാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് !

പ്രവാസികള്‍ ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ വിദേശ നാണയ വിനിമയ ചട്ടങ്ങളിലും ആദായ നികുതി നിയമങ്ങളിലും വിശദമായി പറഞ്ഞിട്ടുണ്ടെങ്കിലും മനസ്സിലാക്കാന്‍ വേണ്ടി ഒന്ന് ചുരുക്കി നോക്കാം.

how to manage your personal financial activities in a foreign country, varavum chelavum personal finance column by c s renjit
Author
Thiruvananthapuram, First Published Jan 13, 2020, 5:53 PM IST

കമ്പനിയ്ക്ക് അടുത്തിടെ കിട്ടിയ വിദേശ പ്രോജക്ടിലേയ്ക്ക് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ പ്രദീപിന് മാറ്റം കിട്ടി.  മൂന്ന് മാസം അമേരിക്കയില്‍ ക്ലൈന്റിന്റെ സ്ഥാപനത്തിലാണ് പോസ്റ്റിംഗ്. ഉടന്‍ പോകണം. ചിലപ്പോള്‍ പ്രോജക്ട് തീരുന്നതുവരെ അവിടെ തന്നെ നില്‍ക്കേണ്ടിയും വരും. യാത്രാ ചെലവിനും മറ്റും അമേരിക്കന്‍ ഡോളര്‍ കമ്പനി തന്നെ നല്‍കും. വിദേശ കറന്‍സി കൈകാര്യം ചെയ്യുമ്പോള്‍ എന്തൊക്കെ ശ്രദ്ധിയ്ക്കണം? പ്രവാസിയായി പരിഗണിക്കപ്പെടുന്നത് എപ്പോഴാണ്? തുടങ്ങിയ ചോദ്യങ്ങളാണ് പ്രദീപിന്റെ മനസ്സില്‍ വീണ്ടും വീണ്ടും ഉയരുന്നത്.

ഉന്നത പഠനം, ജോലി തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വിദേശ രാജ്യങ്ങളിലേയ്ക്ക് പോകുന്നവര്‍ക്കാണ് പ്രവാസി എന്ന പരിഗണന ലഭിക്കുക. പൊതുവെ പറഞ്ഞാല്‍ ഒരു വര്‍ഷം ഏപ്രില്‍ മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ താമസിച്ചത് 182 ദിവസങ്ങളില്‍ കുറവാണെങ്കില്‍ പ്രവാസിയാകാം. ഒരുമിച്ചോ പലതവണയായോ ഇന്ത്യയിലുണ്ടായിരുന്ന ദിവസങ്ങള്‍ കൂട്ടിയെടുത്താണ് 182 ദിവസങ്ങള്‍ കണക്കാക്കുക. സ്ഥിരമായി വിദേശത്ത് താമസിക്കേണ്ട ജോലിയ്ക്കും മറ്റും പുറത്തേയ്ക്ക് പോകുമ്പോള്‍ പ്രവാസിയാകും.  

പ്രവാസികള്‍ ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ വിദേശ നാണയ വിനിമയ ചട്ടങ്ങളിലും ആദായ നികുതി നിയമങ്ങളിലും വിശദമായി പറഞ്ഞിട്ടുണ്ടെങ്കിലും മനസ്സിലാക്കാന്‍ വേണ്ടി ഒന്ന് ചുരുക്കി നോക്കാം.

ഫെമ പറയുന്നത് ഇങ്ങനെ...

സാധാരണ ഗതിയില്‍ ഇന്ത്യയില്‍ താമസിക്കുന്നവര്‍ തുറക്കുന്ന ബാങ്ക് അക്കൗണ്ടുകളും അവയിലൂടെ നടത്താവുന്ന ഇടപാടുകളും പ്രവാസികളായാല്‍ അനുവദിക്കില്ല. ഇപ്പോഴുള്ള ബാങ്ക് അക്കൗണ്ട് ഒരു എന്‍ആര്‍ഒ അക്കൗണ്ട് ആക്കി തുടരാം. ഇന്ത്യയില്‍ നിന്ന് കിട്ടുന്ന പണം മാത്രമേ അതില്‍ അടയ്ക്കാനാവൂ. വിദേശത്ത് നിന്നും അയയ്ക്കുന്ന പണം ക്രെഡിറ്റ് ചെയ്യാന്‍ പുതുതായി എന്‍ആര്‍ഇ അക്കൗണ്ട് തുടങ്ങണം. എന്‍ആര്‍ഇ അക്കൗണ്ട് ഇന്ത്യന്‍ രൂപയില്‍ തന്നെയാകാം. ഇനിയിപ്പോള്‍ വിദേശത്ത് നിന്ന് കിട്ടുന്ന ഡോളറിലോ യൂറോയിലോ പൗണ്ടിലോ തന്നെ വേണം അക്കൗണ്ട് എന്നായാല്‍ എഫ്.സി.എന്‍.ആര്‍ അക്കൗണ്ട് തുടങ്ങാം.

എത്ര രൂപയ്ക്ക് തുല്യമായ വിദേശ കറന്‍സി പുറത്തേയ്ക്ക് കൊണ്ടുപോകാമെന്നും തിരികെ വരുമ്പോള്‍ ബാക്കിയുള്ള വിദേശ പണം എന്ത് ചെയ്യണമെന്നും മറ്റുമാണ് ഫെമ എന്ന വിദേശ നാണയ ചട്ടങ്ങള്‍ പറയുന്നത്.

വിദേശത്തേയ്ക്ക് യാത്ര പോകുമ്പോള്‍ 5,000 യുഎസ് ഡോളറിന് തുല്യമായ തുക വിദേശ കറന്‍സിയായി തന്നെ കൊണ്ട് പോകാം. വേണമെങ്കില്‍ ട്രാവലേഴ്‌സ് ചെക്കായും കൊണ്ടു പോകാം. വിദേശത്ത് മാത്രം ഉപയോഗിക്കാവുന്ന രീതിയിലുള്ള ഫോറെക്‌സ് കാര്‍ഡുകള്‍ ബാങ്കുകളില്‍ നിന്നോ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ വാങ്ങാം. വിദേശ കറന്‍സി വാങ്ങാവുന്ന ഇത്തരം സ്ഥാപനങ്ങളെ ഓതറൈസ്ഡ് ഡീലര്‍ എന്നാണ് പറയുന്നത്. ഫോറെക്‌സ് കാര്‍ഡുകളില്‍ ഇന്ത്യയില്‍ നിന്ന് പണം റീചാര്‍ജ് ചെയ്യാം.

ഡോളര്‍, പൗണ്ട് സ്റ്റെര്‍ലിംഗ്, യൂറോ തുടങ്ങിയ വിദേശ കറന്‍സികളില്‍ കാര്‍ഡ് വാങ്ങാം. ഇന്ത്യയില്‍ നിന്ന് തന്നെയുള്ള ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും വിദേശത്തുള്ളപ്പോള്‍ പണം പിന്‍വലിക്കാനും സാധനങ്ങള്‍ വാങ്ങാനും ഉപയോഗിക്കാം.

കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ കറന്‍സി കണ്‍വെര്‍ഷന്‍ ചാര്‍ജ്ജുകളും മാര്‍ക്ക് അപ്പ് ഫീസും കമ്പനികള്‍ എടുക്കും. അസൈന്‍മെന്റ് കഴിഞ്ഞ് തിരികെ എത്തിയാല്‍ കൈയ്യില്‍ ബാക്കിയുള്ള ഡോളറും മറ്റും മാറ്റി ഇന്ത്യന്‍ രൂപയാക്കണം. 2,000 യുഎസ് ഡോളറിന് തുല്യമായ തുക വിദേശ നാണയത്തില്‍ തന്നെ കൈയില്‍ സൂക്ഷിക്കാം. വിദേശത്ത് നിന്ന് ഡോളറില്‍ കിട്ടിയ ശമ്പളം ഡോളറില്‍ തന്നെ നിര്‍ത്താന്‍ റെസിഡന്റ് ഫോറിന്‍ കറന്‍സി എന്നൊരു അക്കൗണ്ട് തുറക്കാവുന്നതാണ്.

മുന്‍ ലക്കങ്ങള്‍:

#1 നിങ്ങള്‍ സ്വന്തം സാമ്പത്തികാരോഗ്യം പരിശോധിക്കാറുണ്ടോ?, സാമ്പത്തികാരോഗ്യം വര്‍ധിപ്പിക്കാനുളള അഞ്ച് വഴികള്‍ 

#2 നിങ്ങളുടെ മെഡിക്കല്‍ ക്ലെയ്മുകള്‍ നിഷേധിക്കാന്‍ ആര്‍ക്കും അധികാരമില്ല !, ചതിയില്‍ വീഴാതിരിക്കാന്‍ അറിഞ്ഞിരിക്കേണ്ടത്

#3 രോഗമോ അപകടമോ വരുമ്പോള്‍ ആരാണ് മികച്ച കൂട്ടുകാരന്‍: പോളിസി ഗ്രൂപ്പ് വേണോ സ്വന്തം വേണോ?

#4 രൊക്കം പണം നല്‍കി ആനുകൂല്യങ്ങള്‍ പിടിച്ചുവാങ്ങാം !, പുതിയകാല കൊളളയുടെ രീതികള്‍

#5 ബൈക്കുളളവര്‍ മറന്നുപോകാം, പക്ഷേ മറക്കരുത്: ചെറിയ തുകയ്ക്ക് നിങ്ങളുടെ ജീവന്‍ സുരക്ഷിതമാക്കാം

#6 ലോണില്‍ തവണ മുടങ്ങിയോ?, അറിയാം നിങ്ങളുടെ അവകാശങ്ങളെപ്പറ്റി; റിക്കവറി ഏജന്‍റുമാരെ എങ്ങനെ കൈകാര്യം ചെയ്യാം

#7 നിങ്ങളുടെ കാറും കടയും കത്തിപ്പോയാല്‍ !, സഹായത്തിനായി വേണ്ടത് സ്പെഷ്യല്‍ പാക്കേജ്; നടപടിക്രമങ്ങള്‍ അടുത്തറിയാം

#8 എല്ലാ ഇടപാടും പങ്കാളി അറിഞ്ഞ് മാത്രം മതി !; നിങ്ങളുടെ കുടുംബ ബജറ്റ് താളം തെറ്റാതെ നോക്കാം

#9 ശമ്പളം ബാങ്കുകാര്‍ കൊത്തിക്കൊണ്ടുപോകാതെ നോക്കാം; വിദ്യാഭ്യാസ വായ്പയ്ക്ക് മുന്‍പ് ആലോചിക്കാം രണ്ടുവട്ടം !

Follow Us:
Download App:
  • android
  • ios