സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായവും നികുതി ഇളവുകളും എന്തൊക്കെ 

കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതി പ്രകാരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായത്തിനും നികുതി ഇളവുകള്‍ക്കും അപേക്ഷിക്കാം. സ്വകാര്യ ലിമിറ്റഡ് കമ്പനികള്‍, പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പുകള്‍ എന്നിവക്ക് ഇതിനായി അപേക്ഷിക്കാം.

സ്റ്റാര്‍ട്ടപ്പ് അംഗീകാരത്തിനുള്ള മാനദണ്ഡങ്ങള്‍

  • സ്ഥാപനത്തിന്റെ തരം: ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനം, അല്ലെങ്കില്‍ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് (LLP) ആയിരിക്കണം.
  • സ്ഥാപക വര്‍ഷം: സ്ഥാപനം തുടങ്ങി 10 വര്‍ഷത്തില്‍ കൂടുതല്‍ ആകരുത്.
  • വിറ്റുവരവ്: ഏതെങ്കിലും സാമ്പത്തിക വര്‍ഷത്തില്‍ 100 കോടിയില്‍ താഴെയായിരിക്കണം വിറ്റുവരവ്.
  • പ്രവര്‍ത്തനം: നിലവിലുള്ള ഉല്‍പ്പന്നങ്ങളിലോ സേവനങ്ങളിലോ നൂതനമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരു സ്ഥാപനമായിരിക്കണം. കൂടാതെ, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമ്പത്തിക വളര്‍ച്ച ഉണ്ടാക്കാനും സാധ്യതയുള്ളതായിരിക്കണം.
  • നിലവിലുള്ള ഒരു സ്ഥാപനത്തെ വിഭജിച്ച് രൂപീകരിക്കുന്ന പുതിയ സംരംഭങ്ങളെ സ്റ്റാര്‍ട്ടപ്പായി കണക്കാക്കില്ല.

അപേക്ഷ സമര്‍പ്പിക്കേണ്ട രീതി

അംഗീകാരത്തിനായി അര്‍ഹരായ സ്ഥാപനങ്ങള്‍ക്ക് നാഷണല്‍ സിംഗിള്‍ വിന്‍ഡോ സിസ്റ്റം (NSWS) എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. nsws.gov.in എന്ന വെബ്‌സൈറ്റില്‍ അക്കൗണ്ട് ഉണ്ടാക്കി 'Registration as a Startup' എന്ന ഫോം പൂരിപ്പിക്കണം. ഈ പ്ലാറ്റ്‌ഫോമിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള മറ്റ് ബിസിനസ്സ് അനുമതികള്‍ക്കും അപേക്ഷിക്കാന്‍ സാധിക്കും.

നികുതി ഇളവുകള്‍ ഏതൊക്കെ?

  • ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (DPIIT) അംഗീകാരം ലഭിച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നികുതി ഇളവുകള്‍ക്ക് അപേക്ഷിക്കാം.
  • സെക്ഷന്‍ 80 ഐഎസി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കും.
  • പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍ക്കും ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പുകള്‍ക്കും മാത്രമേ ഈ ഇളവ് ലഭിക്കൂ.
  • 2016 ഏപ്രില്‍ 1-ന് ശേഷം സ്ഥാപിച്ചതായിരിക്കണം.
  • ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ ആദ്യ പത്ത് വര്‍ഷത്തിനുള്ളില്‍ തുടര്‍ച്ചയായ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ നികുതി ഒഴിവ് ലഭിക്കും.
  • സെക്ഷന്‍ 56 പ്രകാരമുള്ള നികുതി ഇളവ് (ആന്‍ജല്‍ ടാക്‌സ്): നിലവിലുള്ള ഓഹരി മൂലധനവും ഷെയര്‍ പ്രീമിയവും ഉള്‍പ്പെടെ ആകെ തുക 25 കോടിയില്‍ കൂടരുത്.