ദില്ലി:ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിലേക്ക്. ആറ് എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കിയതായി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞു. കോണ്‍ഗ്രസും സർക്കാർ രൂപീകരണ നീക്കങ്ങൾ സജീവമാക്കി. ജെജെപി പിന്തുണയോടെ സർക്കാർ രൂപീകരിക്കാമെന്ന ആത്മവിശ്വാസം പുലർത്തിയിരുന്ന കോൺഗ്രസിനെ സ്വതന്ത്രരെ ഒപ്പം നിർത്തി തറ പറ്റിക്കാനാണ് ബിജെപിയുടെ ശ്രമം. ഇന്നലെ രാത്രിയോടെ തന്നെ ഹരിയാനയിൽ നിന്ന് നാല് സ്വതന്ത്രരെ പ്രത്യേക വിമാനത്തിൽ ദില്ലിയിലെത്തിച്ച് ബിജെപി രാഷ്ട്രീയ കരുനീക്കങ്ങൾക്ക് തുടക്കമിട്ടിരുന്നു.

ഇരുപാളയത്തെയും ചൂടിപിടിപ്പിച്ച് ചർച്ചകൾ

ബിജെപി കോണ്‍ഗ്രസ് ക്യാമ്പുകളെ ചൂടിപിടിപ്പിച്ച് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്ക് രാജ്യ തലസ്ഥാനമായ ദില്ലിയാണ് വേദിയാകുന്നത്.  90 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് നാല്‍പത്തിയാറ് സീറ്റ് വേണമെന്നിരിക്കേ നാല്‍പത് സീറ്റ് നേടിയ ബിജെപി ആറ് സ്വതന്ത്രരുടെ കൂടി പിന്തുണ ഉറപ്പാക്കിയെന്നാണ് അവകാശപ്പെടുന്നത്. സ്വതന്ത്ര എംഎല്‍എമാരില്‍ ചിലര്‍ ദില്ലിയിലെത്തി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെ കണ്ട് പിന്തുണയറിയിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗബലം നേടിയെന്നറിയിച്ച് ഇന്ന് തന്നെ ഗവര്‍ണ്ണറെ കാണാനാണ് ബിജെപിയുടെ നീക്കം.

Read More: ഹരിയാനയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി: നീക്കം സ്വതന്ത്രരെ ഒപ്പം നിർത്താൻ

ബിജെപി സർക്കാർ രുപീകരിക്കും എന്ന് മനോഹർ ലാൽ ഖട്ടർ മാധ്യമങ്ങൾക്ക് മുന്നിലും പറ‌ഞ്ഞു. ദില്ലിയിലെ ഹരിയാന ഭവനിലെ നിർണായക കുടിക്കാഴ്ചകൾക്ക് ശേഷമായിരുന്നു പ്രതീകരണം. എന്താണ് സംഭവിക്കുക എന്ന് കാത്തിരുന്നു കാണൂ എന്നും മനോഹർ ലാൽ ഖട്ടാർ പ്രതികരിച്ചു. ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദ അടക്കമുള്ള മുതിർന്ന നേതാക്കളുമായും ഹരിയാന മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

അതേ സമയം ഭൂപീന്ദര്‍സിംഗ് ഹൂഡ അടക്കമുള്ള ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കളും ദില്ലിയിലുണ്ട്. ജനനായക് ജനതാ പാർട്ടിയുമായും  സ്വതന്ത്രരുമായും കോണ്‍ഗ്രസ് ഇതിനോടകം ചര്‍ച്ചകള്‍ നടത്തികഴിഞ്ഞു. നാല് സ്വതന്ത്രരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും  ബിജെപി ക്യാമ്പിലേതു പോലുള്ള ആത്മവിശ്വാസം ഇപ്പോൾ കോൺഗ്രസ് പാളയത്തിനില്ല. 

കിംഗ് മേക്കറാകാൻ ദുഷ്യന്ത് ചൗട്ടാല

പത്ത് സീറ്റ് നേടിയ ദുഷ്യന്ത് ചൗത്താലയുടെ ജെജപിയുടെ നിലപാട് നിര്‍ണ്ണായകമാണ്. ബിജെപിക്കൊപ്പം നീങ്ങണമെന്നും അതല്ല കോണ്‍ഗ്രസിന് പിന്തുണ നല്‍കണമെന്നുമുള്ള രണ്ട് അഭിപ്രായം ജെജപിയിലുണ്ട്. മുഖ്യമന്ത്രി സ്ഥാനം തരുന്നവർക്ക് പിന്തുണ പ്രഖ്യാപിക്കുമെന്നായിരുന്നു ദുഷ്യന്ത് ചൗട്ടാലയുടെ ഇന്നലത്തെ പ്രതികരണം.

Read More: ഹരിയാനയില്‍ ബിജെപിക്ക് തിരിച്ചടി നല്‍കിയത് ജാട്ട് വോട്ടുകള്‍

നാല് മണിക്ക് ജെജപി നേതാവ് ദുഷ്യന്ത് ചൗത്താല വാര്‍ത്താസമ്മേളനത്തില്‍ നിലപാട് പ്രഖ്യാപിക്കും. 90 അംഗ ഹരിയാന  നിയമസഭയില്‍ ബിജെപിക്ക് നാല്‍പത്, കോണ്‍ഗ്രസിന് 3  ജെജപിക്ക് പത്ത്. സ്വതന്ത്രര്‍ ഏഴ് , ബിഎസ്പി ഒന്ന്, ഐഎന്‍എല്‍ഡി 1 എന്നിങ്ങനെയാണ് കക്ഷിനില.

കേവലഭൂരിപക്ഷത്തിലേക്ക് എത്താൻ ഭരണകക്ഷിയായ ബിജെപിക്കോ പ്രതിപക്ഷത്തിനോ കഴിയാത്ത സാഹചര്യത്തിൽ ആണ് ഹരിയാന രാഷ്ട്രീയനാടകങ്ങൾക്ക് വേദിയായത്. ജാട്ട് സമുദായത്തിന്റെ വോട്ടുകൾ കുറഞ്ഞതാണ് 75  സീറ്റുകളെങ്കിലും നേടി ഭരണത്തിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ച ബിജെപിക്ക് തിരിച്ചടി നൽകിയത്. എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 15 എന്ന സംഖ്യയിൽ നിന്ന് 30 സീറ്റുകൾ നേടുന്ന മികച്ച കാഴ്ച വച്ചതിലൂടെ ഉജ്ജ്വല തിരിച്ചു വരവാണ് കോൺഗ്രസ് നടത്തിയത്. 

Read More: മുന്നില്‍ നിന്ന് നയിച്ചത് ഭൂപീന്ദർ സിങ് ഹൂഡ; ഹരിയാനയില്‍ കോണ്‍ഗ്രസിന്‍റേത് മിന്നും വിജയം