കയ്യിലെ പണം തികയാതെ വരുമ്പോള്‍ ഇന്ന് മിക്കവരും ആശ്രയിക്കുന്ന എളുപ്പവഴിയാണ് 'ബൈ നൗ, പേ ലേറ്റര്‍' (BNPL) അഥവാ 'സാധനം ഇപ്പോള്‍ വാങ്ങാം, പണം പിന്നെ നല്‍കാം' എന്ന സംവിധാനം.

ഇന്ത്യന്‍ വിവാഹങ്ങള്‍, പ്രത്യേകിച്ച് കേരളത്തിലെ വിവാഹങ്ങള്‍ ആഡംബരത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. വസ്ത്രങ്ങളും സ്വര്‍ണാഭരണങ്ങളും മുതല്‍ ഓഡിറ്റോറിയവും ഫോട്ടോഗ്രാഫിയും വരെ നീളുന്ന ചെലവുകള്‍ പലപ്പോഴും ലക്ഷങ്ങള്‍ കടക്കും. കയ്യിലെ പണം തികയാതെ വരുമ്പോള്‍ ഇന്ന് മിക്കവരും ആശ്രയിക്കുന്ന എളുപ്പവഴിയാണ് 'ബൈ നൗ, പേ ലേറ്റര്‍' (BNPL) അഥവാ 'സാധനം ഇപ്പോള്‍ വാങ്ങാം, പണം പിന്നെ നല്‍കാം' എന്ന സംവിധാനം.

എന്നാല്‍, വിവാഹ ആവശ്യങ്ങള്‍ക്ക് ഈ സൗകര്യം ഉപയോഗിക്കുന്നത് ബുദ്ധിയാണോ? അതോ ഭാവിയില്‍ ഇതൊരു വലിയ കടക്കെണിയായി മാറുമോ?

എന്താണ് ബിഎന്‍പിഎല്‍?

ഫിന്‍ടെക് കമ്പനികളും ഷോപ്പിംഗ് സൈറ്റുകളും ബാങ്കുകളും നല്‍കുന്ന ഒരു ഹ്രസ്വകാല വായ്പാ സൗകര്യമാണിത്. സാധനങ്ങള്‍ ഉടനടി വാങ്ങാം, പണം ആഴ്ചകളായോ മാസങ്ങളായോ ഗഡുക്കളായി അടച്ചാല്‍ മതി. കൃത്യസമയത്ത് തിരിച്ചടച്ചാല്‍ പലിശ നല്‍കേണ്ടതില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണം.

വിവാഹക്കാലത്ത് പ്രിയങ്കരമാകുന്നതെുകൊണ്ട്?

വിവാഹത്തിന് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒട്ടേറെ സാധനങ്ങള്‍ വാങ്ങേണ്ടി വരും. അക്കൗണ്ടിലെ പണം മുഴുവന്‍ ഇതിനായി എടുക്കാതെ ചെലവുകള്‍ ക്രമീകരിക്കാന്‍ ബിഎന്‍പിഎല്‍ സഹായിക്കും.

വേഗത്തിലുള്ള നടപടികള്‍: ലോണ്‍ എടുക്കുന്നതുപോലെയുള്ള നൂലാമാലകളില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ അനുമതി ലഭിക്കും.

അവസാനവട്ട ഓട്ടം: അവസാന നിമിഷം വരുന്ന പര്‍ച്ചേസുള്‍ക്കും മറ്റും കയ്യില്‍ പണമില്ലെങ്കില്‍ ഇത് വലിയാരു ആശ്വാസമാണ്.

അപകടം ഒളിഞ്ഞിരിക്കുന്നത് എവിടെ?

കേള്‍ക്കാന്‍ സുഖമുണ്ടെങ്കിലും, സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ ബിഎന്‍പിഎല്‍ വലിയൊരു സാമ്പത്തിക ബാധ്യതയായി മാറും.

അമിതമായി ചെലവാക്കാനുള്ള പ്രവണത: ചെറിയ തവണകളായി പണം അടച്ചാല്‍ മതിയല്ലോ എന്ന ചിന്തയില്‍ ആവശ്യമില്ലാത്ത സാധനങ്ങള്‍ കൂടി വാങ്ങിക്കൂട്ടാന്‍ സാധ്യതയുണ്ട്. ഒടുവില്‍ മൊത്തം തുക കൂട്ടിനോക്കുമ്പോള്‍ അത് താങ്ങാനാവുന്നതിലും അപ്പുറമായിരിക്കും.

സിബില്‍ സ്‌കോറിനെ ബാധിക്കും: തിരിച്ചടവ് മുടങ്ങിയാല്‍ അത് ക്രെഡിറ്റ് സ്‌കോറിനെ ദോഷകരമായി ബാധിക്കും. പല ബിഎന്‍പിഎല്‍ കമ്പനികളും ഇപ്പോള്‍ വിവരങ്ങള്‍ ക്രെഡിറ്റ് ബ്യൂറോകള്‍ക്ക് കൈമാറുന്നുണ്ട്. സ്‌കോര്‍ കുറഞ്ഞാല്‍ ഭാവിയില്‍ ഭവന വായ്പയോ വ്യക്തിഗത വായ്പയോ ലഭിക്കാന്‍ ബുദ്ധിമുട്ടാകും.

കടം ഒരു ശീലമാകും: കടം വാങ്ങി സാധനങ്ങള്‍ വാങ്ങുന്നത് ഒരു ശീലമായി മാറാന്‍ ഇത് ഇടയാക്കും. വിവാഹശേഷം പുതിയൊരു ജീവിതം തുടങ്ങുമ്പോള്‍, മാസാമാസം വലിയൊരു തുക തിരിച്ചടവുകള്‍ക്കായി മാറ്റിവയ്‌ക്കേണ്ടി വരുന്നത് സാമ്പത്തിക ഭദ്രതയെ തകര്‍ക്കും.

ചെറിയ പര്‍ച്ചേസുകള്‍ക്കും, പെട്ടെന്ന് തിരിച്ചടയ്ക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ള ആവശ്യങ്ങള്‍ക്കും ബിഎന്‍പിഎല്‍ നല്ലൊരു ഉപാധിയാണ്. എന്നാല്‍ വലിയ തുകകള്‍ക്കോ, തിരിച്ചടയ്ക്കാന്‍ കൃത്യമായ പ്ലാന്‍ ഇല്ലാതെയോ ഇതിനെ ആശ്രയിക്കരുത്. കൃത്യമായ സാമ്പത്തിക അച്ചടക്കമില്ലെങ്കില്‍, വിവാഹ ആഘോഷം കഴിയുമ്പോള്‍ ബാക്കിയാകുന്നത് വലിയൊരു കടബാധ്യതയായിരിക്കും.