എട്ടര മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാപിതാക്കളായ ഇവര്‍ക്ക് വാടകയും ഡേകെയര്‍ ഫീസും ഉള്‍പ്പെടെ 46,500 രൂപയാണ് പ്രതിമാസമുള്ള ചെലവ്

ഗരങ്ങളില്‍ ഒരു കുഞ്ഞിനെ വളര്‍ത്തുന്നതിന്റെ സാമ്പത്തിക വെല്ലുവിളികള്‍ എത്രത്തോളമാണെന്ന് വെളിപ്പെടുത്തി ചെന്നൈയിലെ ദമ്പതികള്‍. പ്രതിമാസം 78,000 രൂപ വരുമാനമുണ്ടായിട്ടും, കുഞ്ഞിന്റെ ചെലവുകള്‍ കാരണം സാമ്പത്തികമായി കഷ്ടപ്പെടുകയാണ് ഇവര്‍. എല്ലാ മാസവും 8,000 മാത്രമാണ് ഇവരുടെ കൈയില്‍ മിച്ചം വരുന്നത്. റെഡ്ഡിറ്റില്‍ പങ്കുവെച്ച ഇവരുടെ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. എട്ടര മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാപിതാക്കളായ ഇവര്‍ക്ക് വാടകയും ഡേകെയര്‍ ഫീസും ഉള്‍പ്പെടെ 46,500 രൂപയാണ് പ്രതിമാസമുള്ള ചെലവ്. കുഞ്ഞിന്റെ സുരക്ഷയ്ക്കും പരിചരണത്തിനും പ്രാധാന്യം നല്‍കുന്നതിനാല്‍ ഈ ചെലവുകള്‍ ഒഴിവാക്കാനാവാത്തതാണെന്ന് ഇവര്‍ പറയുന്നു.

ഭക്ഷണത്തിനും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കുമായി 10,000 രൂപ, യാത്രച്ചെലവുകള്‍ക്കായി 8,500 രൂപ, ഡയപ്പറിന് മാത്രം 3,000 രൂപ എന്നിങ്ങനെയാണ് മറ്റ് ചെലവുകള്‍. വൈദ്യുതി ബില്ലിനും പാചകവാതകത്തിനും 1,000 രൂപ വീതം വരും. അങ്ങനെ മൊത്തം 70,000 രൂപയോളം ഇവര്‍ക്ക് ഓരോ മാസവും ചെലവാകുന്നു. കുടുംബത്തിന്റെ പിന്തുണയില്ലാത്തതും ഇവരുടെ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം ചെയ്തതിനാല്‍, സ്വന്തമായി എല്ലാം ചെയ്യേണ്ട അവസ്ഥയിലാണ് ഇവര്‍. സാമ്പത്തിക ഭാരം കുറയ്ക്കാന്‍ ഭാര്യ ഒരു പാര്‍ട്ട് ടൈം ജോലിക്ക് ശ്രമിക്കുന്നുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തി.

ഇവരുടെ കഥ ഒറ്റപ്പെട്ട ഒന്നല്ല. ബെംഗളൂരുവിലെ സ്റ്റാര്‍ട്ടപ്പ് സ്ഥാപകയായ മീനല്‍ ഗോയല്‍ ലിങ്ക്ഡ്ഇനില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍, ഇന്ത്യന്‍ നഗരങ്ങളില്‍ ഒരു കുട്ടിയെ വളര്‍ത്തിക്കൊണ്ടുവരാന്‍ 38-45 ലക്ഷം രൂപ വരെ ചെലവ് വരുമെന്ന് കണക്കാക്കിയിരുന്നു. പ്രസവചെലവ് മുതല്‍ ഡേകെയര്‍, സ്‌കൂള്‍ ഫീസ്, കോളേജ് വിദ്യാഭ്യാസം എന്നിവയെല്ലാം ഈ കണക്കില്‍ ഉള്‍പ്പെടും. ഇടത്തരം വരുമാനക്കാര്‍ക്ക് പോലും ഈ ചെലവുകള്‍ താങ്ങാന്‍ കഴിയുന്നില്ലെന്നും, പലരും കുഞ്ഞ് എന്ന ആഗ്രഹം വൈകിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നുണ്ടെന്നും ഗോയല്‍ ചൂണ്ടിക്കാട്ടി.