കഴിഞ്ഞ വര്‍ഷം കമ്പനി വില്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും, വന്‍ നഷ്ടത്തിലുള്ള വിമാനക്കമ്പനിയെ ഏറ്റെടുക്കാന്‍ ആരും മുന്നോട്ടുവരാത്തതിനെ തുടര്‍ന്ന് ലേലം ഉപേക്ഷിക്കുകയായിരുന്നു.

സാമ്പത്തിക തകര്‍ച്ചയുടെ പടുകുഴിയിലായ പാകിസ്ഥാന് ഒടുവില്‍ സ്വന്തം 'ചിറകരിയേണ്ട' ഗതികേട്. ഐഎംഎഫില്‍ നിന്ന് വായ്പ ലഭിക്കുന്നതിനായി പാകിസ്ഥാന്‍ തങ്ങളുടെ ദേശീയ വിമാനക്കമ്പനിയായ 'പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്' വില്‍ക്കാനൊരുങ്ങുകയാണ്. ഇതിനായി മുന്നോട്ടുവന്നവരില്‍ പാക് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയുമുണ്ടെന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് ഐഎംഎഫ്. 700 കോടി ഡോളറിന്റെ (ഏകദേശം 58,000 കോടി രൂപ) വായ്പ അനുവദിച്ചിരുന്നു. ഇതില്‍ ആദ്യ ഗഡു മാത്രമാണ് ലഭിച്ചത്. ബാക്കി തുക ലഭിക്കണമെങ്കില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓടുന്ന പിഐഎ സ്വകാര്യവല്‍ക്കരിക്കണമെന്ന് ഐഎംഎഫ് കര്‍ശന ഉപാധിയായി മുന്നോട്ട് വച്ചിരുന്നു. ഡിസംബര്‍ 23-ന് പിഐഎയുടെ ലേലം നടക്കും. സുതാര്യത ഉറപ്പുവരുത്താന്‍ ലേലനടപടികള്‍ ടിവി ചാനലുകളിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം കമ്പനി വില്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും, വന്‍ നഷ്ടത്തിലുള്ള വിമാനക്കമ്പനിയെ ഏറ്റെടുക്കാന്‍ ആരും മുന്നോട്ടുവരാത്തതിനെ തുടര്‍ന്ന് ലേലം ഉപേക്ഷിക്കുകയായിരുന്നു.

വില്‍ക്കുന്നത് രാജ്യം, വാങ്ങാനൊരുങ്ങുന്നത് സൈന്യം!

പി.ഐ.എയെ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് നാല് കണ്‍സോര്‍ഷ്യമാണ് രംഗത്തുള്ളത്. ഇതില്‍ 'ഫൗജി ഫെര്‍ട്ടിലൈസര്‍ കമ്പനി' പാക് സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള ഫൗജി ഫൗണ്ടേഷന്റെ കീഴിലുള്ളതാണ്. രാജ്യത്തെ ഏറ്റവും ശക്തനായ പാക് സൈനിക മേധാവി ജനറല്‍ അസീം മുനീറിന് നേരിട്ട് ഫൗണ്ടേഷന്റെ ഭരണത്തില്‍ പങ്കില്ലെങ്കിലും, ബോര്‍ഡിലെ പ്രധാന ഉദ്യോഗസ്ഥരെ നിയമിക്കുന്നത് അദ്ദേഹമാണ്. ചുരുക്കത്തില്‍, രാജ്യം പൊതുസ്വത്തുക്കള്‍ വിറ്റുതുലയ്ക്കുമ്പോള്‍ അത് തുച്ഛമായ വിലയ്ക്ക് സ്വന്തമാക്കാന്‍ പാക് സൈന്യം തന്നെ രംഗത്തുണ്ടെന്ന് വ്യക്തം.

തകര്‍ന്നടിഞ്ഞ വിശ്വാസ്യത

ലേലം സുതാര്യമായിരിക്കുമെന്നും പി.ഐ.എയുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കുമെന്നുമാണ് ഷെഹ്ബാസ് ഷെരീഫ് അവകാശപ്പെടുന്നത്. എന്നാല്‍ വ്യാജ പൈലറ്റ് ലൈസന്‍സ് വിവാദങ്ങളെ തുടര്‍ന്ന് യൂറോപ്പിലടക്കം വിലക്കുള്ള പി.ഐ.എയ്ക്ക് ഇനിയൊരു തിരിച്ചുവരവ് എളുപ്പമല്ല. കഴിഞ്ഞ സെപ്റ്റംബറിലാണ് പാകിസ്ഥാന് 7 ബില്യണ്‍ ഡോളറിന്റെ വായ്പ ഐ.എം.എഫ് അനുവദിച്ചത്.