ബിഹാറിൽ വോട്ടർ പട്ടികയിൽ നിന്ന് എസ് ഐ ആറിലൂടെ ഒഴിവാക്കപ്പെട്ടവരുടെ പേരുകൾ പുറത്തുവിടണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ആധാറിന്റെ ഉപയോഗത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുകയാണ്. 

ബിഹാറിൽ വോട്ടർ പട്ടികയിൽ നിന്ന് എസ് ഐ ആറിലൂടെ ഒഴിവാക്കപ്പെട്ടവരുടെ പേരുകൾ പുറത്തുവിടണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഒഴിവാക്കപ്പെട്ട 65 ലക്ഷം പേരുടെ പട്ടിക ജില്ലാതലത്തിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഒഴിവാക്കിയവർക്ക് പരാതിയുണ്ടെങ്കിൽ ആധാർ, രേഖയായി അംഗീകരിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. വോട്ടർ പട്ടികയിൽ രേഖയായി ആധാർ അംഗീകരിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചതു മുതൽ വീണ്ടും ചർച്ചയാവുകയാണ് ആധാറിന്റെ ഉപയോഗമെന്ത് എന്ന ചോദ്യവും.

2008 ജനുവരിയിൽ ആണ് ഇന്ത്യയിൽ ആദ്യമായി ആധാർ പ്രൊജക്ട് അവതരിപ്പിച്ചത്. അന്നു മുതൽ ആധാറിനെ സംബന്ധിച്ച് ഒരുപാട് വിവാദങ്ങളുമുണ്ടായിട്ടുണ്ട്. ആധാർ വിവരങ്ങൾ ചോർന്നു പോകുന്നുണ്ടെന്ന് വരെ ഇവിടെ എതിർ കക്ഷികൾ ആരോപണമുന്നയിച്ചിരുന്നു. എന്നാൽ ശരിക്കും എന്തിനാണ് ആധാർ?

കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളുടെയും സബ്‌സിഡികളുടെയും വിതരണം കാര്യക്ഷമമാക്കുന്നതിനും ഏകീകരിക്കുന്നതിനും വേണ്ടി വികസിപ്പിച്ചെടുത്ത പദ്ധതിയാണ് യുഐഡിഎഐ ആധാർ കാർഡുകൾ. കേന്ദ്രസർക്കാർ നൽകുന്ന ഔദ്യോഗിക രേഖയായതിനാൽത്തന്നെ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും, വായ്പകൾക്ക് അപേക്ഷിക്കുന്നതിനും, സർക്കാർ സബ്സിഡികൾക്കുമെല്ലാം ആധാർ, മേൽവിലാസവും വ്യക്തിത്വവും തെളിയിക്കുന്ന രേഖയായി ഉപയോഗപ്പെടുത്താവുന്നതാണ്. നവജാത ശിശുക്കൾ മുതൽ ആധാറിനായി അപേക്ഷിക്കേണ്ടതുണ്ട്. അതായത് ജനനം മുതൽ മരണം വരെ ആധാർ കാർഡ് അടയാളപ്പെടുത്തി വക്കുന്നു. വീടുകളിലേക്കാവശ്യമായ ഗ്യാസ് സിലിണ്ടറിന് അപേക്ഷിക്കുന്നത് മുതൽ പാസ്പോർട്ടിന് അപേക്ഷിക്കാൻ വരെ ആധാറില്ലാതെ പറ്റില്ലെന്ന അവസ്ഥയാണ്. നമ്മുടെ ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടെ ആധാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐഡന്‍റിറ്റി വെരിഫിക്കേഷന്‍, പ്രൂഫ് ഓഫ് അഡ്രസ്, ഗവണ്‍മെന്‍റ് സബ്സിഡികള്‍, ബാങ്ക് അക്കൗണ്ട് ആക്സസ് ചെയ്യാൻ, ആദായനികുതി അടയ്ക്കാൻ, മൊബൈൽ ഫോൺ കണക്ഷനുകൾ, ഗ്യാസ് കണക്ഷനുകൾ, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയവക്കെല്ലാം ആധാ‍ർ ഒരു അവശ്യ രേഖയാണ്.

എന്നാൽ ആധാർ ഇപ്പോഴും പൗരത്വം തെളിയിക്കുന്ന ഔദ്യോഗിക രേഖയായി അംഗീകരിച്ചിട്ടില്ല. കേന്ദ്ര സർക്കാരും, തെര‌ഞ്ഞെടുപ്പ് കമ്മീഷനും ആവർത്തിച്ച് വ്യക്തമാക്കുന്നത് ഇതാണ്. തിരിച്ചറിയല്‍ രേഖ, വിലാസത്തിന്റെ തെളിവ് എന്നീ നിലകളിലാണ് ആധാറിന് പ്രസക്തിയുള്ളത്.