സ്‌കൈറൂട്ട് എയ്റോസ്പേസിന് 'യൂണിക്കോണ്‍' പദവി. നൂറ് കോടി ഡോളറിലധികം മൂല്യമുള്ള കമ്പനികളുടെ പട്ടികയാണ് യൂണിക്കോണ്‍. പുതിയ നിക്ഷേപ സമാഹരണത്തിലൂടെ ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌കൈറൂട്ടിൻ്റെ മൂല്യം 110 കോടി ഡോളര്‍ പിന്നിട്ടു. 

ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌കൈറൂട്ട് എയ്റോസ്പേസ് പുതിയ ചരിത്രത്തിലേക്ക്. ഏറ്റവും പുതിയ നിക്ഷേപ സമാഹരണത്തിലൂടെ കമ്പനിയുടെ മൂല്യം 110 കോടി ഡോളര്‍ (ഏകദേശം 10,365.3 കോടി രൂപ) കടന്നു. ഇതോടെ, നൂറ് കോടി ഡോളറിലധികം മൂല്യമുള്ള കമ്പനികളുടെ പട്ടികയായ 'യൂണിക്കോണ്‍' പദവി സ്‌കൈറൂട്ട് സ്വന്തമാക്കി.

60 ദശലക്ഷം ഡോളര്‍ (ഏകദേശം 565.38 കോടി രൂപ) ആണ് കമ്പനി പുതുതായി സമാഹരിച്ചത്. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ ബോര്‍ഡ് അംഗം റാം ശ്രീറാമിന്റെ ഷെര്‍പാലോ വെഞ്ചേഴ്സ്, സിംഗപ്പൂര്‍ സര്‍ക്കാരിന്റെ നിക്ഷേപ സ്ഥാപനമായ ജിഐസി എന്നിവരാണ് ഈ നിക്ഷേപത്തിന് നേതൃത്വം നല്‍കിയത്. ലോകത്തിലെ ഏറ്റവും വലിയ അസറ്റ് മാനേജ്മെന്റ് കമ്പനിയായ ബ്ലാക്ക്റോക്ക്, ഗ്രീന്‍കോ ഗ്രൂപ്പ് സ്ഥാപകര്‍, അര്‍കം വെഞ്ചേഴ്സ്, പ്ലേബുക്ക് പാര്‍ട്ണേഴ്സ് തുടങ്ങിയ പ്രമുഖരും ഈ ഘട്ടത്തില്‍ സ്‌കൈറൂട്ടിനൊപ്പം ചേര്‍ന്നു

വിക്രം-1 വിക്ഷേപണത്തിനൊരുങ്ങുന്നു

ഇന്ത്യയിലെ ആദ്യ സ്വകാര്യ ഓര്‍ബിറ്റല്‍ റോക്കറ്റായ വിക്രം-1 വിക്ഷേപണത്തിന് തയ്യാറെടുക്കുന്ന വേളയിലാണ് ഈ വന്‍ നിക്ഷേപം കമ്പനിയെ തേടിയെത്തുന്നത്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിക്രം-1 കുതിച്ചുയരും. 350 കിലോഗ്രാം ഭാരമുള്ള ചെറിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ശേഷിയുള്ളതാണ് ഈ റോക്കറ്റ്. ത്രീഡി പ്രിന്റഡ് എന്‍ജിനുകളും അത്യാധുനിക കാര്‍ബണ്‍ കോമ്പോസിറ്റ് ഘടനയുമാണ് ഇതിന്റെ പ്രത്യേകത.

പുതുതായി ലഭിച്ച മൂലധനം ഉപയോഗിച്ച് വിക്രം-1 വിക്ഷേപണങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും കൂടുതല്‍ ശേഷിയുള്ള വിക്രം-2 റോക്കറ്റ് വികസിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഒരു ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള വിക്രം-2, ബഹിരാകാശ വിപണിയില്‍ സ്‌കൈറൂട്ടിന്റെ സ്വാധീനം വര്‍ധിപ്പിക്കും.

ചരിത്രം കുറിച്ച് സ്‌കൈറൂട്ട്

2022ല്‍ വിക്രം-എസ് എന്ന റോക്കറ്റ് വിക്ഷേപിച്ചുകൊണ്ട് ബഹിരാകാശത്ത് എത്തുന്ന ആദ്യ ഇന്ത്യന്‍ സ്വകാര്യ കമ്പനിയായി സ്‌കൈറൂട്ട് മാറിയിരുന്നു. പവന്‍ കുമാര്‍ ചന്ദനയും നാഗ ഭരത് ദാക്കയും ചേര്‍ന്ന് സ്ഥാപിച്ച ഈ കമ്പനി ഇതുവരെ ആകെ 100 ദശലക്ഷം ഡോളര്‍ (ഏകദേശം 942.3 കോടി രൂപ) നിക്ഷേപം സമാഹരിച്ചിട്ടുണ്ട്. വിമാനയാത്ര പോലെ ബഹിരാകാശ യാത്രയും സാധാരണക്കാര്‍ക്ക് ലഭ്യമാക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് കമ്പനിയുടെ പ്രവര്‍ത്തനം.