രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാനാപകടത്തിൽ‌ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ വിങ്ങുകയാണ് ഒരു നാട്. 

പത്തനംതിട്ട: രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാനാപകടത്തിൽ‌ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാത്ത വിങ്ങുകയാണ് ഒരു നാട് മുഴുവൻ‌. വാവിട്ട് നിലവിളിക്കുന്ന അമ്മയുടെയും മക്കളുടെയും മുന്നിൽ നെഞ്ചുലഞ്ഞ് നിൽക്കുകയാണ് അയൽക്കാർ. മൂന്നുദിവസത്തെ അവധിക്ക് ശേഷം ഇന്നലെയാണ് രഞ്ജിത തിരിച്ച് യുകെയിലേക്ക് പുറപ്പെട്ടത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും നെടുമ്പാശ്ശേരിയിൽ എത്തുകയും അവിടെ നിന്നും അഹമ്മദാബാദിലേക്ക് എത്തുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

നാട്ടിൽ ​ഗവൺമെന്റ് സർവീസിൽ ജോലി ചെയ്തിരുന്ന രഞ്ജിത അവധിയെടുത്താണ് ലണ്ടനിലേക്ക് പോയത്. അവിടത്തെ ജോലി അവസാനിപ്പിച്ച് നാട്ടിൽ തിരികെ ജോലിയിൽ പ്രവേശിക്കാനുള്ള തീരുമാനത്തിലായിരുന്നു രഞ്ജിത. അതിന്റെ ഭാ​ഗമായിട്ടുള്ള സർക്കാർ നടപടികൾ പൂർത്തിയാക്കാനും വീടുപണി പൂർത്തീകരിക്കുന്ന കാര്യങ്ങൾ ചെയ്യാനും വേണ്ടിയാണ് എത്തിയതെന്ന് ബന്ധുക്കളും നാട്ടുകാരും വ്യക്തമാക്കുന്നു. ഒരൊപ്പിടാന്‍ വേണ്ടിയാണ് രഞ്ജിത നാട്ടിലെത്തിയത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ തിരികെ ജോലിക്ക് കയറാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ മാസം രഞ്ജിത ലണ്ടനിലേക്ക് പോയതാണ്. എന്നാൽ സെൽഫ് അറ്റസ്റ്റ് ചെയ്യാൻ വിട്ടുപോയി എന്ന കാരണത്താലാണ് വീണ്ടും ഈമാസം നാട്ടിലെത്തിയത്. 

രഞ്ജിതയ്ക്ക് വീട്ടിൽ രണ്ട് മക്കളും അമ്മയുമാണുള്ളത്. രണ്ട് സഹോദരങ്ങളുണ്ട്. മൂത്തമകൻ ഇന്ദുചൂഡൻ പത്താം ക്ലാസിലും ഇളയ മകൾ ഇതിക ഏഴാം ക്ലാസിലുമാണ് പഠിക്കുന്നത്. രഞ്ജിതയുടെ അമ്മ തുളസി കുട്ടിയമ്മ ക്യാൻസർ രോഗിയാണ്. അടുത്ത 28ന് വീടിന്റെ ​ഗൃഹപ്രവേശം തീരുമാനിച്ചിരിക്കുകയായിരുന്നു. വീടിന്റെ പണി പൂർത്തിയാക്കാനാവശ്യമായ സാമ​ഗ്രികളും മറ്റും വാങ്ങിയതും രണ്ട് ദിവസം മുമ്പാണെന്നും നാട്ടുകാർ പറയുന്നു.

Scroll to load tweet…

‘ഇന്നലെയും കൂടി ഞാൻ കണ്ടതാ, എന്നോട് പറഞ്ഞത് ജോയിൻ ചെയ്യാൻ പറ്റുമെങ്കിൽ ഞാൻ തിരിച്ചിങ്ങോട്ട് വരും എന്ന്. പിള്ളേര് രണ്ട് പേരും ഇവിടെയാണല്ലോ. നാട്ടിലേക്ക് വരുമെന്ന് പറഞ്ഞ് സന്തോഷത്തോടെ പോയതാ. വൈകിട്ട് അമ്മ വന്നപ്പോൾ അവൾ എയർപോർട്ടിലേക്ക് പോകുവാ, ട്രെയിനിലാ എന്ന് പറഞ്ഞു. സന്തോഷത്തോടെ പിരിഞ്ഞതാ. ഇങ്ങനെയൊരു വാർത്ത കേൾക്കേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചില്ല. ദൈവം ആശ്വസിപ്പിക്കട്ടെ. അല്ലാതെന്ത് പറയാൻ?’ അയൽക്കാരന്റെ വാക്കുകളിങ്ങനെ.

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണതിനെ തുടർന്ന് യാത്രക്കാരെല്ലാവരും മരിച്ചെന്ന സ്ഥിരീകരണമാണ് പുറത്ത് വന്നിട്ടുള്ളത്. യാത്രക്കാരും ക്രൂ അം​ഗങ്ങളും ഉൾപ്പെടെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരാരും രക്ഷപ്പെട്ടില്ലെന്ന് പൊലീസ് മേധാവി അറിയിച്ചിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെ സമീപത്തുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. രിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉള്‍പ്പെടുന്നു.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്