മലപ്പുറം: പെരിന്തല്‍മണ്ണയില്‍ നിരോധിച്ച മൂന്ന് കോടി രൂപ പൊലീസ് പിടിച്ചെടുത്തു.തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവരുന്നതിനിടെയാണ് വാഹനപരിശോധനയില്‍ അസാധു നോട്ടുകള്‍ പൊലീസ് പിടിച്ചെടുത്തു.
തമിഴ്നാട് അണ്ണാമലൈ സ്വദേശി ഷംസുദ്ദീൻ,അരീക്കോട് സ്വദേശികളായ അബൂട്ടി മകൻ ആദില്‍ എന്നിവരാണ് നിരോധിച്ച അഞ്ഞൂറിന്‍റേയും ആയിരത്തിന്‍റേയും മൂന്ന് കോടി രൂപയുമായി പെരിന്തല്‍മണ്ണയില്‍ പൊലീസിന്‍റെ പിടിയിലായത്.കാറില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന പണം രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് വാഹനം പരിശോധിച്ച് കണ്ടെത്തിയത്.തമിഴ്നാട്ടില് നിന്നാണ് ഇവര്‍ നിരോധിച്ച നോട്ടുകള്‍ കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.പെരിന്തല്‍മണ്ണയിലെ ഒരു ബാങ്കിലേക്കാണ് ഇവര്‍ പണം കൊണ്ടുവന്നതെന്നും പൊലീസ് പറഞ്ഞു.
പെരിന്തല്‍മണ്ണയില്‍ പല തവണകളായി കോടിക്കണക്കിന് രൂപയുടെ അസാധു നോട്ടുകളാണ് പൊലീസ് പിടിച്ചെടുത്തിട്ടുള്ളത്.ചില ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായം പ്രതീക്ഷിച്ചാണ് അസാധുനോട്ടുകള്‍ ഇത്രയധികം പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ച് എത്തിച്ചതെന്ന സൂചന പൊലീസിന് കിട്ടിയിട്ടുണ്ട്.ഇവരെക്കുറിച്ചും പണം കൊണ്ടുവന്ന തമിഴ്നാട്ടിലെ കേന്ദ്രത്തെക്കുറിച്ചും വിശദമായി അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.
