രാമനാട്ടുകാരയിലെ ഇസാഫ് ബാങ്ക് ശാഖയിലെ ജീവനക്കാരന്റെ കയ്യില്‍ നിന്നും നാല്‍പത് ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ഷിബിന്‍ലാല്‍ എന്ന യുവാവ് സ്കൂട്ടറില്‍ കടന്നു കളഞ്ഞു എന്നാണ് കേസ്.

കോഴിക്കോട്: പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്നും നാല്‍പതു ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ കേസില്‍ പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതം. പ്രതിയായ പന്തീരാങ്കാവ് സ്വദേശി ഷിബിന്‍ ലാല്‍ ജില്ല വിട്ടു പോയിട്ടില്ല എന്നാണ് നിഗമനം. സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. രാമനാട്ടുകാരയിലെ ഇസാഫ് ബാങ്ക് ശാഖയിലെ ജീവനക്കാരന്റെ കയ്യില്‍ നിന്നും നാല്‍പത് ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ഷിബിന്‍ലാല്‍ എന്ന യുവാവ് സ്കൂട്ടറില്‍ കടന്നു കളഞ്ഞു എന്നാണ് കേസ്.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ അരവിന്ദ് എന്ന ജീവനക്കാരന്റെ കയ്യില്‍ നിന്നാണ് പണമടങ്ങിയ ബാഗ് പ്രതി തട്ടിപ്പറിച്ചത്. കൃത്യം നടക്കുമ്പോള്‍ ഇസാഫ് ബാങ്കിലെ ഏഴ് ജീവനക്കാര്‍ കൂടി സമീപത്തുണ്ടായിരുന്നു. ഇവരുടെ വിശദ മൊഴി ഇന്നലെ രേഖപ്പെടുത്തിയെങ്കിലും ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കും. ഇസാഫ് ബാങ്ക് ശാഖയിലെ സിസിടിവികളും പൊലീസ് പരിശോധിച്ചിട്ടുണ്ട്.