രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചതോടെ വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി കൂട്ടിച്ചേര്‍ത്ത് നാല് ദിവസത്തെ അവധിയാണ് യുഎഇയിലെ പ്രവാസികള്‍ക്ക് ലഭിക്കുന്നത്. പതിവ് രീതികളില്‍ നിന്ന് അല്‍പ്പം വ്യത്യസ്ഥമായാണ് യുഎഇ ഇത്തവണ ദേശീയ ദിനം ആഘോഷിക്കുന്നത്. 

അബുദാബി: യുഎഇയുടെ നാല്‍പ്പത്തി ഏഴാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 2, 3 തീയ്യതികളിലാണ് രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ മേഖലകള്‍ക്ക് അവധി നല്‍കിയത്. യുഎഇ മന്ത്രി സഭ ഇത് സംബന്ധിച്ച തീരുമാനമെടുത്തു.

രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചതോടെ വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി കൂട്ടിച്ചേര്‍ത്ത് നാല് ദിവസത്തെ അവധിയാണ് യുഎഇയിലെ പ്രവാസികള്‍ക്ക് ലഭിക്കുന്നത്. പതിവ് രീതികളില്‍ നിന്ന് അല്‍പ്പം വ്യത്യസ്ഥമായാണ് യുഎഇ ഇത്തവണ ദേശീയ ദിനം ആഘോഷിക്കുന്നത്. വ്യക്തികള്‍ക്ക് അതീതമായി രാജ്യത്തിന്റെ നേട്ടങ്ങള്‍ ആഘോഷിക്കാനാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആഹ്വാനം ചെയ്തത്. 

രാജ്യത്തിനായി പുതിയ പദ്ധതികള്‍ സമര്‍പ്പിക്കാനും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആഹ്വാനം ചെയ്തിട്ടുണ്ട്. മികച്ച പദ്ധതികള്‍ സമര്‍പ്പിക്കുന്ന സംഘത്തെ ദേശീയ ദിനത്തില്‍ യുഎഇ ആദരിക്കും. രാഷ്ട്ര സ്ഥാപകന്‍ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‍യാന്‍ നമുക്കൊപ്പമുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ സന്തുഷ്ടനാക്കുമായിരുന്ന പദ്ധതികള്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.