28 മലയാളികളടക്കം 91 ഇന്ത്യക്കാരാണ് ജിസാനിലെ ജയിലിലും ഡിപ്പോർട്ടേഷൻ സെൻറിലുമുള്ളത്. 

റിയാദ്: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിലെ ജയിലിലും ഡിപ്പോർട്ടേഷൻ സെൻറിലുമായി 28 മലയാളികൾ ഉൾപ്പടെ 91 ഇന്ത്യക്കാർ. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് സംഘം ജയിലിലും ഡിപ്പോർട്ടേഷൻ സെൻറിലും നടത്തിയ സന്ദർശനത്തിനിടെയാണ് ഈ കണക്ക് ജയിൽ അധികൃതർ നൽകിയത്. വിവിധ കേസുകളിൽപ്പെട്ട് 22 മലയാളികളാണ് സെൻട്രൽ ജയിലിലുള്ളത്. ഇവരടക്കം ആകെ 60 ഇന്ത്യക്കാർ ഇവിടെയുണ്ട്.

ഡിപ്പോർട്ടേഷൻ സെൻററിലുള്ള ആറു മലയാളികളടക്കം 31 ഇന്ത്യക്കാരും. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കോൺസുലർ കൗൺസിലർ കിഷൻ സിങ്ങിെൻറ നേതൃത്വത്തിലാണ് ജയിൽ സന്ദർശനം നടത്തിയത്. കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗങ്ങളായ ഷംസു പൂക്കോട്ടൂർ, താഹ കൊല്ലേത്ത്, സെയ്യിദ് കാശിഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു. സംഘം ജിസാൻ സെൻട്രൽ ജയിൽ അഡീഷനൽ ഡയറക്‌ടർ നവാഫ് അഹമ്മദ് സെർഹിയുമായും ഉന്നത ജയിൽ ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി.

Read Also -  സൗജന്യമായി ലഭിച്ച ടിക്കറ്റിലൊളിച്ച ഭാഗ്യം, പരിശ്രമം വെറുതെയായില്ല; പ്രവാസിയുടെ കയ്യിലെത്തുക കോടികൾ

ഇന്ത്യൻ തടവുകാരിൽ എട്ടുപേർക്ക് ശിക്ഷ ഇളവിനുവേണ്ടി ശുപാർശ ചെയ്തിട്ടുണ്ടെന്ന് ജയിൽ അധികൃതർ അറിയിച്ചു. മലയാളി തടവുകാരിൽ ഭൂരിഭാഗവും മയക്കുമരുന്ന് കടത്ത് കേസിൽപ്പെട്ടവരാണ്. മലയാളികളെ കൂടാതെ തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമബംഗാൾ, അസാം, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ബാക്കി തടവുകാർ.ശിക്ഷാകാലാവധി കഴിഞ്ഞ നാലുപേരെ വരും ദിവസങ്ങളിൽ നാട്ടിലേക്ക് അയക്കുമെന്ന് കിഷൻ സിങ് പറഞ്ഞു. ഡിപ്പോർട്ടേഷൻ സെൻററിലുള്ള 31 പേരിൽ 12 പേർക്ക് നാട്ടിൽ പോകുന്നതിനുള്ള ഔട്ട് പാസ് ഉടൻ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

(ചിത്രം - ജിസാൻ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥരോടൊപ്പം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘം)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം