അൽ ഖിറാൻ, യിതി പ്രദേശങ്ങളില്‍ നിന്ന് അനധികൃതമായി സ്ഥാപിച്ച 16 ക്യാമ്പുകളാണ് നീക്കം ചെയ്തത്. 

മസ്കത്ത്: അൽ ഖിറാൻ, യിതി പ്രദേശങ്ങളിലെ 17 സൈറ്റുകളിൽ നിന്ന് 16 അനധികൃത ക്യാമ്പുകൾ നീക്കം ചെയ്തതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. ​മസ്കത്ത് ​ഗവർണറേറ്റിൽ ജനറൽ എക്കോടൂറിസം ആവശ്യങ്ങൾക്കായി നിയോ​ഗിച്ചിട്ടുള്ളതാണ് അൽ ഖിറാൻ പ്രദേശം. ഈ ഏരിയകളിൽ പൗരന്മാർക്ക് റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങൾ നടത്തണമെങ്കിൽ ടൂറിസം മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. കാമ്പിങ് നടത്തുന്നവർക്കായി അധികൃതർ മാർ​ഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന് അനുസൃതമായാണ് മന്ത്രാലയം അനുമതി നൽകുന്നത്. 

പരിസ്ഥിതിയുടെ ഘടനയിലോ സ്വഭാവത്തിലോ യാതൊരു വിധ മാറ്റങ്ങളും വരുത്താൻ പാടില്ല, 48 മണിക്കൂറിൽ കൂടുതൽ കാരവാനും ടെന്റുകളും കാമ്പുകളിൽ അനുവദിക്കില്ല, ബന്ധപ്പെട്ട അതോറിറ്റിയിൽ നിന്നും 100 റിയാൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ച ശേഷം മാത്രമേ കാമ്പിനുള്ളിൽ പ്രവേശിക്കാൻ പാടുള്ളു തുടങ്ങി നിരവധി നിർദേശങ്ങൾ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. 

read also: ഒമാനിൽ വാഹനാപകടം; മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു, 5 പേർക്ക് പരിക്കേറ്റു

ക്യാമ്പിനുള്ള ലൈസൻസ് ഏഴു രാത്രികൾക്കുള്ളതാണ്. അത് പിന്നീട് നീട്ടാവുന്നതാണ്. മുനിസിപ്പാലിറ്റി അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രമാണ് കാമ്പിങ് അനുവദിക്കുന്നത്. ഓരോ സൈറ്റും തമ്മിൽ 5 മീറ്ററിൽ കവിയാത്ത അകലം പാലിക്കുകയും വേണം. ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 100 മീറ്റർ അകലെയായിരിക്കണം കാമ്പിങ്ങ് സൈറ്റുകൾ സ്ഥാപിക്കേണ്ടത്. ആവശ്യമായ ലൈസൻസ് ഇല്ലാതെയാണ് കാമ്പിങ് നടത്തുന്നതെങ്കിൽ 200 റിയാൽ പിഴയും നിർദ്ദിഷ്ട നിയന്ത്രണങ്ങളോ ആവശ്യകതകളോ പാലിക്കാതിരുന്നാൽ 50 റിയാൽ പിഴയും ലഭിക്കും. നിയമ ലംഘനം വീണ്ടും ആവർത്തിക്കപ്പെട്ടാൽ കാമ്പ് നീക്കം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.