210,000 വര്‍ഷത്തിലേറെ പഴക്കമുള്ള മനുഷ്യ സാന്നിധ്യത്തിന്‍റെ രേഖകള്‍ ഉൾക്കൊള്ളുന്ന ഫായ യുഎഇയുടെ ചരിത്രത്തിലെ നിര്‍ണായക സ്ഥലമാണ്. 

ഷാര്‍ജ: സാംസ്കാരിക, ശാസ്ത്ര യാത്രയില്‍ മറ്റൊരു നിര്‍ണായക നേട്ടം കൂടി സ്വന്തമാക്കി യുഎഇ. ചരിത്ര പ്രാധാന്യമുള്ള ഷാർജയിലെ ഫായ പാലിയോലാൻഡ്‌സ്‌കേപ് യുനെസ്കോയുടെ ഹെഡ്സിൽ പ്രോഗ്രാമിൽ തുടർച്ചയായി 11-ാം വർഷവും ഇടംനേടിയിരിക്കുകയാണ്. മനുഷ്യന്‍ മരുഭൂമിയില്‍ എങ്ങനെ ജീവിച്ചെന്നതിന്‍റെ ആധികാരിക തെളിവുകള്‍ ഫായയിലൂടെ ലഭിക്കുന്നു. 

ഫായയുടെ ഈ അംഗീകാരം യുഎഇയുടെ മികച്ച പൈതൃക സംരക്ഷണത്തിനും ശാസ്ത്രീയ ദൗത്യത്തിനും തെളിവാണെന്ന് ഫായ പാലിയോലാൻഡ്‌സ്‌കേപ് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ശൈഖ ബദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ഖാസിമി പറഞ്ഞു. മനുഷ്യരുടെ ആദിമ ചരിത്രം മനസ്സിലാക്കുന്നതിനുള്ള വലിയ നാഴികക്കല്ലാണ് ഫായ എന്ന് ഷാര്‍ജ പുരാവസ്തു അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഈസ യൂസുഫ് പറഞ്ഞു.

210,000 വര്‍ഷത്തിലേറെ പഴക്കമുള്ള മനുഷ്യ സാന്നിധ്യത്തിന്‍റെ രേഖകള്‍ ഉൾക്കൊള്ളുന്ന ഫായ, അറേബ്യൻ മരുഭൂമിയിലൂടെ മനുഷ്യൻ കടന്നുപോകുക മാത്രമല്ല വളരുകയും സാംസ്കാരിക അടിത്തറ കെട്ടിപ്പടുത്തതായും വ്യക്തമാക്കുന്നുണ്ട്. യുനെസ്കോ ഹെഡ്സ് പരിപാടിയുടെ ഭാഗമായി ഈജിപ്ത് തലസ്ഥാനമായ കെയ്റോയില്‍ നടന്ന സമ്മേളനത്തില്‍ ഫായയുടെ ഗവേഷണ വിവരങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...