സ്വതന്ത്ര വ്യാപാര കരാറിന്‍റെ പുരോഗതി അവലോകനം ചെയ്ത് ഇന്ത്യയുടെ വാണിജ്യ - വ്യവസായ മന്ത്രി പിയൂഷ് ഗോയലും ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫും. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് പിയൂഷ് ഗോയൽ മസ്കറ്റിൽ എത്തിയത്.
മസ്കറ്റ്: ഇന്ത്യയും ഒമാനും തമ്മിലുള്ള നിർദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിന്‍റെ പുരോഗതി അവലോകനം ചെയ്ത് ഇരു രാജ്യങ്ങളുടെയും വാണിജ്യ, വ്യവസായ മന്ത്രിമാർ. ഇന്ത്യയുടെ വാണിജ്യ - വ്യവസായ മന്ത്രി പിയൂഷ് ഗോയലും ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫും തമ്മിൽ മസ്‌കറ്റിലാണ് കരാർ സംബന്ധിച്ച ചർച്ച നടത്തിയത്.
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ), നിക്ഷേപ, വ്യാപാര ബന്ധം ശക്തിപ്പെടുത്തുക, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കുക തുടങ്ങിയ കാര്യങ്ങളിലാണ് ചർച്ച നടത്തിയതെന്ന് പിയൂഷ് ഗോയൽ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ഇദ്ദേഹം മസ്കറ്റിൽ എത്തിയത്.
ജനുവരി 14ന് ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള അഞ്ചാം വട്ട ചർച്ചകൾ നടന്നിരുന്നു. സെപ കരാർ സംബന്ധിച്ച ചർച്ചകൾ ആരംഭിക്കുന്നത് 2023ലാണ്. കരാറിൽ ഏർപ്പെടുന്നതോടെ ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാരം ചെയ്യുന്ന ചരക്കുകളുടെ നികുതി കുറക്കുകയോ ഇല്ലാതാക്കുകയോ ചെയ്യും. ജിസിസി രാജ്യങ്ങളിൽ ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി ലക്ഷ്യസ്ഥാനമാണ് ഒമാൻ. യുഎഇയുമായും ഇന്ത്യ സമാന കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.
