കുവൈത്തിൽ നിന്നെത്തിയ യുവാവിന്‍റെ ബാഗേജിൽ പല വലിപ്പത്തിലുള്ള സ്വർണക്കട്ടികൾ. പിടിച്ചെടുത്ത സ്വർണ്ണത്തിന്‍റെ മൂല്യം 2.37 കോടി രൂപയാണെന്നാണ് കണക്കാക്കുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് യാത്രക്കാരൻ ബാഗേജിൽ ഒളിപ്പിച്ച സ്വര്‍ണക്കട്ടികൾ പിടികൂടിയത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് ഹൈദരാബാദിലെത്തിയ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണക്കട്ടികള്‍ പിടികൂടി. കുവൈത്ത്- ഹൈദരാബാദ് വിമാനത്തിൽ ഹൈദരാബാദിലെത്തിയ ഒരു യാത്രക്കാരനിൽ നിന്നാണ് ഷംഷാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ 1.8 കിലോഗ്രാം സ്വർണ്ണം പിടിച്ചെടുത്തത്.
പിടിച്ചെടുത്ത സ്വർണ്ണത്തിന്‍റെ മൂല്യം ഏകദേശം 2.37 കോടി രൂപയാണെന്നാണ് കണക്കാക്കുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് യാത്രക്കാരൻ ബാഗേജിൽ ഒളിപ്പിച്ച വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലും ഭാരത്തിലുമുള്ള ഏഴ് സ്വര്‍ണക്കട്ടികൾ പിടികൂടിയത്. രഹസ്യാന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ, ഡിആർഐ ഹൈദരാബാദ് സോണൽ യൂണിറ്റിലെ ഉദ്യോഗസ്ഥർ കുവൈത്തിൽ നിന്ന് ഷാർജ വഴി ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്ത യാത്രക്കാരനെ തടഞ്ഞുവെന്ന് ഡിആർഐ പ്രസ്താവനയിൽ പറഞ്ഞു. ഡോർ മെറ്റാലിക് ലോക്കിൽ അഞ്ച് സ്വർണ്ണക്കട്ടികളും സൂര്യകാന്തി വിത്തുകൾ അടങ്ങിയ പ്ലാസ്റ്റിക് പൗച്ചിൽ ഒളിപ്പിച്ച നിലയിൽ രണ്ട് സ്വർണ്ണക്കട്ടികളുമാണ് പിടിച്ചെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.



