ഒമാനിൽ ഡിസംബര്‍ 20 വരെ കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യത. ന്യൂനമർദ്ദത്തിന്‍റെ സ്വാധീനം ഉണ്ടാകുമെന്നാണ് അറിയിപ്പ്. ഇടവിട്ടുള്ള മഴ, ശക്തമായ കാറ്റ്, കുറഞ്ഞ ദൃശ്യപരത എന്നിവയ്ക്ക് കാരണമാകും.

മസ്‌കറ്റ്: ഒമാനിൽ വിവിധ ഗവര്‍ണറേറ്റുകളില്‍ ഡിസംബര്‍ 20 വരെ അസ്ഥിരമായ കാലാവസ്ഥക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വിവിധ ഗവർണറേറ്റുകളിൽ വ്യത്യസ്ത തീവ്രതയിലുള്ള മഴ പ്രതീക്ഷിക്കുന്നുണ്ട്. കനത്ത മഴക്കും വാദികളിലും താഴ്വരകളിലും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

രാജ്യത്ത് ന്യൂനമർദ്ദത്തിന്‍റെ സ്വാധീനം ഉണ്ടാകുമെന്നാണ് അറിയിപ്പ്. ഇടവിട്ടുള്ള മഴ, ശക്തമായ കാറ്റ്, കുറഞ്ഞ ദൃശ്യപരത എന്നിവയ്ക്ക് കാരണമാകും. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഞായർ, തിങ്കൾ ദിവസങ്ങളിൽ കാലാവസ്ഥ കൂടുതൽ ശക്തമാകും. മുസന്ദം ഗവർണറേറ്റിൽ 10–25 മില്ലീമീറ്റർ വരെ ഇടവിട്ടുള്ള മഴയ്ക്ക് സാധ്യതയുണ്ട്. ബുറൈമി, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന ഗവർണറേറ്റുകളിൽ 5–15 മില്ലീമീറ്റർ വരെ മഴ ലഭിച്ചേക്കാം.

ഡിസംബർ 14 മുതൽ 20 വരെ വാദികൾ നിറഞ്ഞൊഴുകാനുള്ള സാധ്യത വളരെ കൂടുതലാണ്. മണിക്കൂറിൽ 10–30 നോട്ട് വേഗതയിൽ ശക്തമായ വടക്ക്-പടിഞ്ഞാറൻ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. ചൊവ്വ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ മുസന്ദം, ബുറൈമി, ബാത്തിന ഗവർണറേറ്റുകളിൽ മഴയും അസ്ഥിരമായ കാലാവസ്ഥയും തുടരും. വെള്ളി, ശനി ദിവസങ്ങളിൽ വടക്കൻ ഗവർണറേറ്റുകളിൽ ഭൂരിഭാഗവും കാലാവസ്ഥാ വ്യതിയാനം ബാധിക്കാൻ സാധ്യതയുണ്ട്.

അസ്ഥിരമായ കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് പൗരന്മാരും താമസക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. വാഹനമോടിക്കുന്നവർ വാദികൾ മുറിച്ചുകടക്കുന്നത് ഒഴിവാക്കണമെന്നും ബന്ധപ്പെട്ട അധികാരികളുടെ ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു. കടലിൽ പോകുന്നവർ പുറപ്പെടുന്നതിന് മുമ്പ് കടൽക്ഷോഭത്തെക്കുറിച്ച് പരിശോധിക്കണമെന്നും ഈ ആഴ്ചയിലുടനീളം ഔദ്യോഗിക കാലാവസ്ഥാ അപ്‌ഡേറ്റുകളും ബുള്ളറ്റിനുകളും ശ്രദ്ധിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.