ദോ​ഹ എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍ററാണ് വേദി.  20 രാ​ജ്യ​ങ്ങ​ളി​ൽ ​നി​ന്നാ​യി 200ലേ​റെ പ്രാ​ദേ​ശി​ക, അ​ന്താ​രാ​ഷ്ട്ര കമ്പനികൾ ഇത്തവണ പ്രൊജക്ട് ഖത്തറിൽ പ​​ങ്കെ​ടു​ക്കും.

ദോഹ: നിർമ്മാണ സാമഗ്രികൾ, ഉപകരണങ്ങൾ, സാങ്കേതികവിദ്യകൾ എന്നിവയുടെ വ്യാപാര പ്രദർശനമായ പ്രോ​ജ​ക്ട് ഖ​ത്ത​റി​ന്‍റെ ഇരുപത്തൊന്നാമത് പതിപ്പിന് മേ​യ് 26 മു​ത​ൽ 29 വരെ ദോ​ഹ എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​ർ (ഡി.​ഇ.​സി.​സി) വേ​ദി​യാ​കും. 'നവീകരണവും സുസ്ഥിരതയും: ഖത്തറിന്റെ 2030-ലേക്കുള്ള പാത' എന്നതാണ് ഈ വർഷത്തെ പ്രമേയം. 

ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ ബിൻ ജാസിം അൽതാനിയുടെ രക്ഷാകർതൃത്വത്തിൽ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പിന്തുണയോടെയും പൊതുമരാമത്ത് അതോറിറ്റിയുടെ (അഷ്ഗൽ) പങ്കാളിത്തത്തോടെയുമാണ് പ്രദർശനം നടക്കുന്നത്. 20 രാ​ജ്യ​ങ്ങ​ളി​ൽ ​നി​ന്നാ​യി 200ലേ​റെ പ്രാ​ദേ​ശി​ക, അ​ന്താ​രാ​ഷ്ട്ര കമ്പനികൾ ഇത്തവണ പ്രൊജക്ട് ഖത്തറിൽ പ​​ങ്കെ​ടു​ക്കും. സ​ർ​ക്കാ​ർ, അ​ർ​ധ​സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ നി​ർ​മാ​ണ, വി​ക​സ​ന മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളും പ​ങ്കാ​ളി​ക​ളാ​കും. 

ഖത്തറിലെ പ്രമുഖ ട്രേഡ് ഈവന്റ് ഒർഗനൈസറായ ഐ.എഫ്.പി ഖത്തർ ആണ് സംഘാടകർ. മോസ്കോ എക്സ്പോർട്ട് സെന്ററിൽ നിന്നും ചൈന ഇലക്ട്രോണിക്സ് ചേംബർ ഓഫ് കൊമേഴ്‌സിൽ നിന്നുമുള്ള ബിസിനസുകാർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഉന്നതതല പ്രതിനിധികൾ പങ്കെടുക്കും. നിർമ്മാണ, വ്യാവസായിക മേഖലകളിൽ നൂതനാശയങ്ങളുടേയും സുസ്ഥിര മാർഗങ്ങളുടേയും സ്വീകാര്യത ശക്തിപ്പെടുത്തുന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ 80-ലധികം അ​ന്താ​രാ​ഷ്ട്ര ക​മ്പ​നി​ക​ൾ ഭാ​ഗ​മാ​വു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.