എല്ലാ വാഹനങ്ങളുടെയും നിലവിലുള്ള നമ്പർ പ്ലേറ്റുകളുടെ രൂപകൽപ്പന പുതുക്കാനൊരുങ്ങി ഖത്തർ. പുതിയ പദ്ധതി പ്രഖ്യാപിച്ചു. നി​ര​വ​ധി ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് പുതിയ നമ്പർ പ്ലേറ്റുകളുടെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. 

ദോഹ: രാ​ജ്യ​ത്തെ എല്ലാ വാഹനങ്ങളുടെയും നിലവിലുള്ള നമ്പർ പ്ലേറ്റുകളുടെ രൂപകൽപ്പന പുതുക്കാൻ പദ്ധതി പ്രഖ്യാപിച്ച്​ ഖത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ആ​ധു​നി​ക സ്മാ​ർ​ട്ട് ട്രാ​ഫി​ക് സം​വി​ധാ​ന​ത്തി​ന് അ​നു​സൃ​ത​മാ​യ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള ന​മ്പ​ർ പ്ലേ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​തെന്ന് മന്ത്രാലയം അറിയിച്ചു.

വാഹന ന​മ്പ​ർ പ്ലേ​റ്റു​ക​ളു​ടെ ദൃ​ശ്യ​ത മെ​ച്ച​പ്പെ​ടു​ത്തു​ക, പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക, കൂടുതൽ വ്യക്തവും കൃത്യവുമായ മാനദണ്ഡങ്ങളിൽ ഏകീകരിക്കുക എ​ന്നി​വ​ ലക്ഷ്യമിട്ടാണ് പ​ദ്ധ​തി​. ഭാവിയിൽ രാജ്യത്ത് വാഹനങ്ങളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യം പരിഗണിച്ച് വ്യത്യസ്ത ഓപ്ഷനുകൾ ഉൾക്കൊണ്ടുള്ള ഒരു സമഗ്ര വികസന പദ്ധതിയുടെ ഭാഗമാണിത്. നി​ര​വ​ധി ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് പുതിയ നമ്പർ പ്ലേറ്റുകളുടെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ർ പ്ലേ​റ്റു​ക​ളി​ലായിരിക്കും ആ​ദ്യ​ഘ​ട്ട​ത്തി​ൽ മാ​റ്റം വരുത്തുക. ഇവയ്ക്ക് നി​ല​വി​ലു​ള്ള ന​മ്പ​റി​ന് മു​മ്പി​ൽ 'ക്യു' ​എ​ന്ന അ​ക്ഷ​രം ചേ​ർ​ക്കും. പി​ന്നീ​ട് 'ടി', 'ആ​ർ' എ​ന്നീ അ​ക്ഷ​ര​ങ്ങ​ൾ ഘ​ട്ടം ഘ​ട്ട​മാ​യി ഉ​പ​യോ​ഗി​ക്കും.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഡി​സം​ബ​ർ 13 മു​ത​ല്‍ 16 വ​രെ സൂം ​ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി പ്ര​ത്യേ​ക ന​മ്പ​ർ പ്ലേ​റ്റ് സ്വ​ന്ത​മാ​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് 'ക്യു' ​എ​ന്ന അക്ഷരമുള്ള പുതിയ പ്ലേറ്റുകൾ അനുവദിക്കും. വാ​ഹ​ന ലൈ​സ​ൻ​സി​ങ് സം​വി​ധാ​ന​ത്തി​ൽ ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ പുതിയതായി രജിസ്റ്റർ ചെയ്യുന്ന സ്വകാര്യ വാഹനങ്ങൾക്ക് പുതുക്കിയ നമ്പർ പ്ലേറ്റുകൾ ന​ൽ​കു​ന്ന​താ​ണ് ര​ണ്ടാ​മ​ത്തെ ഘ​ട്ടം. ഇ​വ​ക്ക് ആ സമയം ലഭ്യമായ 'ക്യു', ​'ടി', 'ആ​ർ' എന്നീ അക്ഷരങ്ങളിൽ ഒന്ന് ക്രമാനുസരണം അ​നു​വ​ദി​ക്കും. മൂ​ന്നാം ഘ​ട്ട​ത്തി​ൽ നി​ല​വി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ​യും ന​മ്പ​ർ പ്ലേ​റ്റു​ക​ൾ 'ക്യു' ​അ​ക്ഷ​രം ചേ​ർ​ത്തു പു​തു​ക്കും. ഇ​തി​ന്റെ സ​മ​യ​ക്ര​മം പി​ന്നീ​ട് അറിയിക്കും. സ്വ​കാ​ര്യേ​ത​ര വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ർ പ്ലേ​റ്റ് മാ​റ്റം പദ്ധതിയുടെ അടുത്ത ഘട്ടങ്ങളിലായിരിക്കും. ഇത് പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. 

ഇവയ്‌ക്ക് രണ്ട് അക്ഷരങ്ങൾ ചേർക്കുന്ന രീതിയിൽ പുതിയ പ്ലേറ്റുകൾ നൽകും. നിലവിലുള്ള അതേ നിരക്കുകൾ പ്രകാരം തന്നെയാകും പുതിയ നമ്പർ പ്ലേറ്റുകൾ നൽകുകയെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ സമയക്രമം പ്രഖ്യാപിക്കുന്നതുവരെ വാഹന പെർമിറ്റ് പുതുക്കൽ അല്ലെങ്കിൽ തകരാറിലായ പ്ലേറ്റ് മാറ്റുന്നത് പോലുള്ളവ നിലവിലുള്ള നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച്‌ ചെയ്യുന്നത് തുടരാം.