ബഹിരാകാശത്തെ നിരവധി ഇടങ്ങളിൽ നിന്ന് കോമറ്റ് 3ഐ/അറ്റ്‌ലസ് ഇന്‍റര്‍സ്റ്റെല്ലാര്‍ വാൽനക്ഷത്രത്തെ നിരീക്ഷിച്ചുകൊണ്ടാണ് ഈ ചിത്രങ്ങൾ നാസ പകർത്തിയത്. ഇന്‍റര്‍സ്റ്റെല്ലാര്‍ വാൽനക്ഷത്രത്തെ വിശദമായി പഠിക്കാന്‍ ശാസ്ത്ര ലോകം. 

ഇന്‍റര്‍സ്റ്റെല്ലാര്‍ പ്രദേശത്ത് നിന്ന് ഒരു നിഗൂഢ സന്ദർശകൻ നമ്മുടെ ബഹിരാകാശത്ത് എത്തിയിട്ട് കുറച്ച് ദിവസങ്ങളായി. കോമറ്റ് 3ഐ/അറ്റ്‌ലസ് (3I/ATLAS) എന്ന വാൽനക്ഷത്രം ആണത്. ഈ വാൽനക്ഷത്രത്തിന്‍റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം നാസ പുറത്തിവിട്ടിരുന്നു. ബഹിരാകാശത്തെ നിരവധി ഇടങ്ങളിൽ നിന്ന് വാൽനക്ഷത്രത്തെ നിരീക്ഷിച്ചുകൊണ്ടാണ് ഈ ചിത്രങ്ങൾ നാസ പകർത്തിയത്. വിവിധ തലങ്ങളില്‍ നിന്നുള്ള ഈ ചിത്രങ്ങൾ 3ഐ/അറ്റ്‌ലസ് മറ്റ് വാൽനക്ഷത്രങ്ങളിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് മനസിലാക്കാൻ ശാസ്ത്രജ്ഞർക്ക് അവസരം നൽകുന്നു. 12-ൽ അധികം നാസ ബഹിരാകാശ പേടകങ്ങളും ദൂരദർശിനികളും ഉപയോഗിച്ചാണ് കോമറ്റ് 3ഐ/അറ്റ്‌ലസിന്‍റെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഈ ചിത്രങ്ങൾ പകർത്തിയ പ്രകിയയെക്കുറിച്ചുള്ള രസകരമായ ചില വിശേഷങ്ങൾ അറിയാം.

3ഐ/അറ്റ്‌ലസ് ഇന്‍റര്‍സ്റ്റെല്ലാര്‍ വാല്‍നക്ഷത്രത്തെ ആദ്യം കണ്ടത് ഈ ദൂരദർശനി

ചിലിയിൽ സ്ഥിതി ചെയ്യുന്ന ATLAS (Asteroid Terrestrial-impact Last Alert System) ദൂരദർശിനി 2025 ജൂലൈ ഒന്നിനാണ് 3ഐ/അറ്റ്‌ലസ് വാല്‍നക്ഷത്രത്തെ ആദ്യമായി തിരിച്ചറിഞ്ഞത്. നാസയുടെ ധനസഹായത്തോടെയാണ് ഈ ദൂരദർശനിയുടെ പ്രവർത്തനം. 3ഐ/അറ്റ്‌ലസ് വാൽനക്ഷത്രത്തിന്‍റെ പാത വളരെ വിചിത്രമാണെന്ന് അന്നേ ശാസ്‍ത്രജ്ഞർ ശ്രദ്ധിച്ചു. ഇതോടെ ശാസ്‍ത്രലോകത്തിന്‍റെ ശ്രദ്ധ അതിലേക്ക് തിരിഞ്ഞു. ചൊവ്വ, ഭൂമിയുടെ ഭ്രമണപഥം, സൂര്യൻ എന്നിവ പഠിക്കുന്ന ക്യാമറകളെല്ലാം 3ഐ/അറ്റ്‌ലസ് വാൽനക്ഷത്രത്തിലേക്ക് ഗവേഷകർ തിരിച്ചുവച്ചു. ജൂലൈ അവസാനം നാസയുടെ ഹബിൾ ബഹിരാകാശ ദൂരദർശിനി 3ഐ/അറ്റ്‌ലസിനെ കൂടുതലായി നിരീക്ഷിച്ചു. ഓഗസ്റ്റിൽ, നാസയുടെ ജെയിംസ് വെബ് ടെലിസ്കോപ്പും, SPHEREx (Spectro-Photometer for the History of the Universe, Epoch of Reionization and Ices Explorer) ഉം 3ഐ/അറ്റ്‌ലസിന്‍റെ ചിത്രങ്ങൾ പകർത്തി. ഈ ദൂരദർശിനികൾ ഈ വാൽനക്ഷത്രത്തിന്‍റെ രാസഘടനയെയും സ്പെക്‌ട്രല്‍ ഘടനയെയും കുറിച്ച് വളരെ വ്യക്തമായ വിവരങ്ങൾ നൽകി. ഇതോടെ 3ഐ/അറ്റ്‌ലസ് മനുഷ്യ ചരിത്രത്തില്‍ ഏറ്റവും സൂക്ഷ്‍മമായി നിരീക്ഷിക്കപ്പെട്ട ഇന്‍റർസ്റ്റെല്ലാർ വസ്‌തുവായി മാറി.

ചൊവ്വയിൽ നിന്നുള്ള നിരീക്ഷണങ്ങൾ

ഇതിനിടെ, ഇന്‍റർസ്റ്റെല്ലാർ വാൽനക്ഷത്രം 3ഐ/അറ്റ്‌ലസ് ചൊവ്വയ്ക്ക് വളരെ അടുത്തുകൂടി കടന്നുപോയി. ചൊവ്വയുടെ ഏകദേശം 19 ദശലക്ഷം മൈലിനുള്ളിൽ ആയിരുന്നു ഈ അതിവേഗ പറക്കൽ. അപ്പോൾ നാസയുടെ മൂന്ന് ബഹിരാകാശ പേടകങ്ങൾ അതിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. 3ഐ/അറ്റ്‌ലസ് വാൽനക്ഷത്രത്തിന്‍റെ ഏറ്റവും അടുത്തുനിന്നുള്ള ചിത്രങ്ങളിലൊന്ന് മാർസ് റെക്കണൈസൻസ് ഓർബിറ്റർ (MRO) പകർത്തി. അതേസമയം, മാർസ് അറ്റ്മോസ്‍ഫിയർ ആൻഡ് വോളറ്റൈൽ എവല്യൂഷൻ (MAVEN) ഓർബിറ്റർ വാൽനക്ഷത്രത്തിന്‍റെ അൾട്രാവയലറ്റ് ചിത്രങ്ങൾ ശേഖരിച്ചു. ഇത് ശാസ്ത്രജ്ഞർക്ക് വാൽനക്ഷത്രത്തിന്‍റെ ഘടന മനസിലാക്കാൻ സഹായിച്ചു. പെർസെവറൻസ് റോവർ ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് കോമറ്റ് 3ഐ/അറ്റ്‌ലസിന്‍റെ ഒരു നേരിയ ദൃശ്യവും പകർത്തി.

3ഐ/അറ്റ്‌ലസ് സൂര്യന് പിന്നിൽ മറഞ്ഞപ്പോഴും വിടാതെ നമ്മുടെ ക്യാമറക്കണ്ണുകൾ

ഭൂമിയില്‍ നിന്ന് നിരീക്ഷിക്കുമ്പോള്‍ 3ഐ/അറ്റ്‌ലസ് ഇന്‍റർസ്റ്റെല്ലാർ വാൽനക്ഷത്രം ഒരുവേള സൂര്യന് പിന്നിൽ മറഞ്ഞു. അപ്പോൾ ഭൂമിയിലെ ദൂരദർശിനികൾക്ക് അതിനെ കാണാൻ കഴിഞ്ഞില്ല. എന്നാൽ നാസയുടെ ചില ഹീലിയോഫിസിക്‌സ് ദൗത്യങ്ങൾക്ക് സൂര്യന് സമീപമുള്ള ആകാശത്തിന്‍റെ ഭാഗങ്ങൾ നിരീക്ഷിക്കാനുള്ള അതുല്യമായ കഴിവുണ്ട്. ഈ ഘട്ടത്തിൽ ഇത്തരം രണ്ട് ദൗത്യങ്ങൾ സഹായവുമായെത്തി. നാസയുടെ സ്റ്റീരിയോയും(യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്‍എ)യുടെ സോഹോ ദൗത്യങ്ങളും ആയിരുന്നു അവ. 3ഐ/അറ്റ്‌ലസ് എന്ന വാൽനക്ഷത്രം സൂര്യന് പിന്നിലൂടെ കടന്നുപോകുമ്പോൾ ഈ ബഹിരാകാശ ദൗത്യങ്ങൾ വാൽനക്ഷത്രത്തെ ട്രാക്ക് ചെയ്യുകയും ഭൂമിയിൽ നിന്ന് കാണുന്നതുപോലെയുള്ള ചിത്രങ്ങൾ പകർത്തുകയും ചെയ്‌തു.

നാസയുടെ സ്റ്റീരിയോ (സോളാർ ടെറസ്ട്രിയൽ റിലേഷൻസ് ഒബ്‌സർവേറ്ററി) സെപ്റ്റംബർ 11 മുതൽ ഒക്ടോബർ രണ്ട് വരെ ചിത്രങ്ങൾ പകർത്തി. ഇഎസ്എയുടെയും നാസയുടെയും മറ്റൊരു ദൗത്യമായ സോഹോ (സോളാർ ആൻഡ് ഹീലിയോസ്ഫെറിക് ഒബ്‌സർവേറ്ററി) ഒക്ടോബർ 15 മുതൽ 26 വരെ വാൽനക്ഷത്രത്തെ നിരീക്ഷിച്ചു. ഈ വർഷം ആദ്യം വിക്ഷേപിച്ച നാസയുടെ പഞ്ച് (പോളാരിമീറ്റർ ടു യൂണിഫൈ ദി കൊറോണ ആൻഡ് ഹീലിയോസ്‍ഫിയർ) ദൗത്യവും ചില ചിത്രങ്ങൾ പകർത്തി. സെപ്റ്റംബർ 20 മുതൽ ഒക‌്‌ടോബര്‍ 3 വരെയുള്ള ഈ നിരീക്ഷണങ്ങളിൽ വാൽനക്ഷത്രത്തിന്‍റെ വാൽ ഹീലിയോസ്‌ഫിയറിലേക്ക് നീളുന്നതായുള്ള ചിത്രങ്ങൾ പഞ്ച് പുറത്തുവിട്ടു.

ഛിന്നഗ്രഹനിരീക്ഷകരുടെ സഹായം

സൗരയൂഥത്തിലുടനീളമുള്ള വിവിധ ഛിന്നഗ്രഹ ലക്ഷ്യങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി അയച്ച നാസയുടെ സൈക്ക്, ലൂസി ബഹിരാകാശ പേടകങ്ങളും 3ഐ/അറ്റ്‌ലസ് ഇന്‍റർസ്റ്റെല്ലാർ വാൽനക്ഷത്രത്തെ നിരീക്ഷിക്കാൻ സഹായിച്ചു. സെപ്റ്റംബർ 8, 9 തീയതികളിൽ, 33 ദശലക്ഷം മൈൽ അകലെ നിന്ന് എട്ട് മണിക്കൂറിനുള്ളിൽ സൈക്ക് വാൽനക്ഷത്രത്തിന്‍റെ നാല് ചിത്രങ്ങൾ പകർത്തി. സെപ്റ്റംബർ 16-ന് ലൂസി 240 ദശലക്ഷം മൈൽ അകലെ നിന്ന് നിരവധി ചിത്രങ്ങൾ എടുത്തു. ഈ ചിത്രങ്ങൾ ഒരുമിച്ച് അടുക്കിയപ്പോൾ വാൽനക്ഷത്രത്തിന്‍റെ കോമയെയും വാലിനെയും കുറിച്ചുള്ള വിശദാംശങ്ങൾ തെളിഞ്ഞുവന്നു. ഭാവിയിൽ വാൽനക്ഷത്രത്തിന്‍റെ പാത പരിഷ്‍കരിക്കാൻ ഈ ചിത്രങ്ങൾ ശാസ്ത്രജ്ഞരെ സഹായിക്കും.

3ഐ/അറ്റ്‌ലസ് വാല്‍നക്ഷത്രത്തെ ഇനിയെന്ന് പകര്‍ത്തും?

ഡിസംബർ 19 വെള്ളിയാഴ്‌ച ഏകദേശം 170 ദശലക്ഷം മൈൽ അകലെയായി 3ഐ/അറ്റ്‌ലസ് വാൽനക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്തുകൂടി പറക്കും. ഇത് ഭൂമിക്കും സൂര്യനും ഇടയിലുള്ള ദൂരത്തിന്‍റെ ഇരട്ടി ദൂരമാണ്. ഈസമയം 3ഐ/അറ്റ്‌ലസ് ഇന്‍റര്‍സ്റ്റെല്ലാര്‍ വാല്‍നക്ഷത്രത്തിന്‍റെ കൂടുതൽ വ്യക്തമായ ചിത്രങ്ങൾ പകർത്താൻ സാധിക്കുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു. തുടർന്ന് 2026-ൽ ഇന്‍റർസ്റ്റെല്ലാർ വാൽനക്ഷത്രം 3ഐ/അറ്റ്‌ലസ് വ്യാഴത്തിന്‍റെ ഭ്രമണപഥത്തിനും അപ്പുറത്തേക്ക് കടന്നുപോകും.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്