മെഹ്ദി ഹസ്സൻ എന്ന അനശ്വര ഗസൽ ഗായകൻ നമ്മോട് വിടപറഞ്ഞിട്ട് ഇന്നേക്ക് എട്ടുവർഷം തികയുന്നു. 1927  ജൂലൈ 18-ന് രാജസ്ഥാനിലെ പാക് അതിർത്തിയോട് ചേർന്നുകിടക്കുന്ന ലൂണ എന്ന ഗ്രാമത്തിലാണ് മെഹ്ദി ഹസ്സൻ ജനിച്ചത്. വിഭജനാനന്തരം അദ്ദേഹത്തിന്റെ കുടുംബം പാകിസ്ഥാനിലേക്ക് കുടിയേറി. പിന്നീടദ്ദേഹം വളർന്നതും, ഒരു ക്‌ളാസിക്കൽ ഗായകൻ എന്ന നിലയിൽ പ്രസിദ്ധിയാർജ്ജിച്ചതും അവിടെയായിരുന്നു എങ്കിലും, അതിന്റെ എത്രയോ ഇരട്ടി ആസ്വാദകർ അദ്ദേഹത്തിന്റെ വിഷാദമധുരമായ സ്വരത്തിന് ഇവിടെ ഇന്ത്യയിലുണ്ട്. പാകിസ്ഥാനിലേക്ക് കുടിയേറിയതിനു ശേഷവും  അദ്ദേഹം എത്രയോ വട്ടം ഇന്ത്യയിൽ തന്റെ ഗസൽ പ്രോഗ്രാമുകളുമായി വന്നിരിക്കുന്നു. 

1978-ൽ മെഹ്ദി ഹസൻ സാബ്  ഭാരതസർക്കാരിന്റെ അതിഥിയായി  ജയ്പൂരിൽ വന്നിരുന്നു.  അവിടെ നടന്ന ഗസൽ പ്രോഗ്രാമിന് ശേഷം അദ്ദേഹം തന്റെ ഏറെക്കാലമായുള്ള ഒരു ആഗ്രഹം അതിന്റെ സംഘാടകരോടായി പറഞ്ഞു.  താൻ ഓടിക്കളിച്ച  ലൂണ ഗ്രാമത്തിൽ ഒന്ന് പോവണം. അവർ അതിനുള്ള സൗകര്യം  ഒരുക്കിക്കൊടുത്തു. അവിടെ നിന്നും നൂറുകിലോമീറ്ററോളം ദൂരമുണ്ടായിരുന്ന ആ ഗ്രാമത്തിലേക്ക് അദ്ദേഹത്തിന്റെ ആരാധകരും സുഹൃത്തുക്കളും ഒക്കെയായി കാറുകളുടെ ഒരു നിര അദ്ദേഹത്തെ അനുഗമിച്ചു.  
 

 

 നീണ്ട യാത്രയ്‌ക്കൊടുവിൽ ഗ്രാമത്തിലേക്കുള്ള ഒറ്റയടിപ്പാതയിലേക്ക് ആ വാഹനവ്യൂഹം തിരിഞ്ഞു. അദ്ദേഹത്തിന്റെ പഴയ വീടിനടുത്തുള്ള ഒരു മണൽക്കുന്നിനരികിലൂടെയുള്ള ടാറിടാത്ത റോഡിലൂടെ വണ്ടി പതുക്കെ പൊയ്ക്കൊണ്ടിരുന്നപ്പോൾ അദ്ദേഹം ഡ്രൈവറുടെ ചുമലിൽ കൈ വെച്ച് വണ്ടി നിർത്താൻ പറഞ്ഞു. മറ്റുള്ളവർ നോക്കിനിൽക്കെ അദ്ദേഹം ആ കാറിൽ നിന്നും ഇറങ്ങി. ആ മണൽക്കുന്നു കേറി മുകളിലെത്തിയാൽ അവിടെ ചെറിയ ഒരു അമ്പലമുണ്ട്. അവിടെ വെറും മണലിൽ കൊച്ചു കുട്ടികളെപ്പോലെ വീടുണ്ടാക്കിക്കളിക്കാൻ തുടങ്ങി അന്നദ്ദേഹം. പിറന്ന മണ്ണ് വിട്ട് പാകിസ്ഥാനിൽ ചെന്ന് പുതിയൊരു ജീവിതം കരുപ്പിടിപ്പിക്കേണ്ടി വന്നിട്ടും, ആ ഗ്രാമം അദ്ദേഹത്തിന്റെ ജീവിതത്തിൽ എന്നും  ഒരു ഗൃഹാതുരസാന്നിധ്യമായി തുടരുന്നുണ്ടായിരുന്നു. 

പതിനഞ്ചു തലമുറകളായി സംഗീതരംഗത്ത് പ്രതിഭകളെ സംഭാവന ചെയ്തു കൊണ്ടിരുന്ന ഒരു കുടുംബത്തിലെ പതിനാറാം തലമുറയിലെ പ്രതീക്ഷയായിട്ടാണ് മെഹ്ദി ഹസ്സൻ ജനിച്ചുവീഴുന്നത്. നന്നേ ചെറുപ്പത്തിൽ തന്നെ അച്ഛൻ ഉസ്താദ് ആസിം ഖാനിൽ നിന്നും അമ്മാവൻ ഉസ്താദ് ഇസ്മായിൽ ഖാനിൽ നിന്നും അദ്ദേഹം ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ചെടുത്തു. 

സംഗീതം കുഞ്ഞിലേ തന്നെ മെഹ്ദി ഹസ്സന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു. ചെറുപ്പത്തിൽ അച്ഛൻ മെഹ്ദി ഹസ്സനെ സിഗററ്റുവാങ്ങാനും മറ്റും അങ്ങാടിയിലേക്ക് പറഞ്ഞയക്കുമായിരുന്നു. ഒടുവിൽ ഒരു ദിവസം അവിടെ  വെച്ച് മെഹ്ദിയുടെ അച്ഛൻ അസീം ഖാനെ കണ്ട പലചരക്കു കച്ചവടക്കാർ അദ്ദേഹത്തോട് ചോദിച്ചു, " നിങ്ങളുടെ മകന് എന്തെങ്കിലും പ്രശ്നമുണ്ടോ.. ? അവൻ ഇവിടെ സിഗററ്റുവാങ്ങാൻ വന്നു പോവുമ്പോൾ തല തന്നെത്താൻ ആടിക്കൊണ്ടിരിക്കും.. ചുമ്മാ കൈ ഞൊടിച്ചും താളം പിടിച്ചും കൊണ്ടിരിക്കും. അവന് ചെറിയ മാനസിക പ്രശമുണ്ടെന്നു തോന്നുന്നു.."  അസീം സാബ് ചിരിച്ചു കൊണ്ട് ഇങ്ങനെ മറുപടി പറഞ്ഞു, " ഏയ്.. ഇല്ല.. അത് അവൻ ഞങ്ങളുടെ വഴിക്കു തന്നെ വരുന്നതിന്റെ ലക്ഷണമാണ്..! നിങ്ങൾ പേടിക്കേണ്ട.." 

സംഗീതത്തോടൊപ്പം ഗുസ്തിയിലും കഴിവ് തെളിയിച്ച കുടുംബമായിരുന്നു മെഹ്ദിയുടേത്. പരിശീലനം ഏറെ കടുപ്പമായിരുന്നു. ആദ്യം മണിക്കൂറുകളോളം നീളുന്ന ഗുസ്തി പരിശീലനം. അത് കഴിഞ്ഞുവന്നുള്ള  സുദീർഘമായ സംഗീത സാധന. നിർബന്ധിതമായ ഈ ഗുസ്തി പരിശീലനം തന്നെ ശ്വാസനിയന്ത്രണത്തിൽ ഏറെ സഹായിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പിന്നീടൊരിക്കൽ പറയുകയുണ്ടായി. എന്തായാലും, സംഗീതാഭ്യസനത്തിന് അനുകൂലമായ ആ ഒരു അന്തരീക്ഷത്തിൽ വളർന്നു വന്ന അദ്ദേഹം തന്റെ അച്ഛനമ്മാവന്മാരിൽ നിന്നും  ദ്രുപദ്, ഠും‌രി, ഖയാൽ,  ദാദ്‌ര, ഠമാര്‍, അസ്ഥായി, ഫോക്ക്, ഗീത്  തുടങ്ങിയ ക്‌ളാസിക്കൽ സംഗീതത്തിന്റെ വിവിധ രൂപങ്ങളെല്ലാം സ്വായത്തമാക്കി. എട്ടാമത്തെ വയസ്സിൽ ബറോഡാ മഹാരാജാവിന്റെ ആതിഥ്യത്തിലായിരുന്നു മെഹ്ദിയുടെ സ്റ്റേജ് അരങ്ങേറ്റം നടന്നത്.

 

 

അദ്ദേഹത്തിന്റെ ഇരുപതാമത്തെ വയസ്സിലാണ് ഇന്ത്യാ വിഭജനം. അതോടെ പാകിസ്താനിലെ കറാച്ചിയിൽ ചെന്ന് സ്ഥിരതാമസമായി അദ്ദേഹത്തിന്റെ കുടുംബം. സംഗീതം പൂർണ്ണമായി ഉപജീവനം നേടിക്കൊടുക്കുന്ന കാലമായിരുന്നില്ല അത്. അതുകൊണ്ടുതന്നെ, ചെറുപ്പത്തിൽ മെഹ്ദി ഹസ്സന് സൈക്കിൾ റിപ്പയറിങ്ങ് ഷോപ്പിലും, പിന്നീട് മറ്റൊരു വർക്ക് ഷോപ്പിലും ഒക്കെ മെക്കാനികിന്റെ തൊഴിലും എടുക്കേണ്ടി വന്നിട്ടുണ്ട്. അദ്ദേഹം ഒരു 'സർട്ടിഫൈഡ് ഡീസൽ മെക്കാനിക്കാ'യിരുന്നു. അഗ്രിക്കൾച്ചർ ഡിപ്ലോമയും അദ്ദേഹം അക്കാലത്ത് സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞുകൂടാനായി പല തൊഴിലുകളിലും അക്കാലത്ത് ഏർപ്പെട്ടിരുന്നു എങ്കിലും, അതിനിടയിലും അദ്ദേഹം തന്റെ സംഗീതത്തോടുള്ള പ്രണയം നിലനിർത്തി.

1951-ലാണ് തന്റെ 'വരണ്ട'(Husky) ശബ്ദം സെമി ക്‌ളാസിക്കൽ, ഗസൽ, ചലച്ചിത്ര ഗാനങ്ങൾക്കാണ് ചേരുക എന്ന് തിരിച്ചറിഞ്ഞുകൊണ്ട് അത്തരത്തിലുള്ള ഗാനങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നത്. 1952-ൽ അദ്ദേഹത്തിന് റേഡിയോ പാകിസ്ഥാനിൽ നിന്നും ഒരു ഓഡിഷനുള്ള ക്ഷണം കിട്ടുന്നു . ഓഡിഷനിൽ രാവിലെ മുതൽ വൈകുന്നേരം അഞ്ചു മണി വരെ പലതും പാടിച്ചു നോക്കിയശേഷം മെഹ്ദി ഹസ്സൻ സാബിനെ 'A' ഗ്രേഡ് ആർട്ടിസ്റ്റായി നിയമിച്ചു. അവിടെ വെച്ചായിരുന്നു ആദ്യ സിനിമാഗാനം റെക്കോർഡ് ചെയ്യപ്പെടുന്നത്. അമ്മാവന്റെ സംഗീതസംവിധാനത്തിൽ അദ്ദേഹം  ' ജിസ് നെ മേരാ ദിൽ കോ ദർദ് ദിയാ.. ' എന്ന ഗാനം ആലപിച്ചു. അന്നുതൊട്ട് 2012 -ൽ, തന്റെ എൺപത്തിനാലാമത്തെ വയസ്സിൽ, ശ്വാസകോശ സംബന്ധമായ അസുഖം മൂർച്ഛിച്ചു മരിക്കുന്നതിനുള്ളിൽ, അയ്യായിരത്തിലധികം ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്.  രഞ്ജിഷ് ഹി സഹീ, ഗുലോം മേം രംഗ് ഭരെ, പ്യാർ ഭരേ ദോ ശർമീലെ നൈൻ, അബ് കെ ഹം ബിച്ഛ്ഡേ, ഷോലാ ഥാ,  ബാത് കർനി ബഡി മുഷ്കിൽ,  റഫ്ത്താ റഫ്ത്താ, മേം ഖയാൽ ഹൂം, കൈസേ കൈസേ ലോഗ് തുടങ്ങിയ അദ്ദേഹത്തിന്റെ ഗസലുകൾ ഏറെ ജനപ്രിയമാണ്. 

 

 
പ്രസിദ്ധ ഗായിക ലതാ മങ്കേഷ്കറും മെഹ്ദിയുടെ സ്വരമാധുരിയുടെ ആരാധികയായിരുന്നു. " മെഹ്ദി ഹസൻ സാബിന്റെ കണ്ഠത്തിൽ സാക്ഷാൽ ദൈവം കുടിയിരിക്കുന്നുണ്ട്" എന്നാണ് ലത അദ്ദേഹത്തിന്റെ ആലാപനത്തെപ്പറ്റി പറഞ്ഞത്.  ആജീവനാന്തം ആ മഹാഗായകൻ കഴിഞ്ഞത് പാകിസ്‌താനിലാണെങ്കിലും, അദ്ദേഹത്തിന്റെ പൂർവികഭൂമി ഇന്നും ഇന്ത്യയിലാണ്. ഇന്ത്യാ-പാക് മണ്ണുകൾ ദശാബ്ദങ്ങൾക്കു മുമ്പേ  വിഭജിക്കപ്പെട്ടുവെങ്കിലും, മെഹ്ദി ഹസ്സൻ സാബിന്റെ ആരാധകർ ഇന്നും ഒരേ തുടിപ്പോടെ അദ്ദേഹത്തിന്റെ ഗസലുകളെ നെഞ്ചേറ്റുന്നു. 

READ ALSO

മെഹ്ദി ഗസലുകളുടെ മലയാളം ആസ്വാദനം 

1.  'ഏക് ബസ് തൂ ഹി നഹി' 

2. രഞ്ജിഷ് ഹി സഹി

3.  മുഹബ്ബത്ത് കര്‍നേ വാലേ

4. ശോലാ ഥാ, ജൽ ബുഝാ ഹൂം

5. കോംപ്‌ലേ ഫിർ ഫൂട്ട്‌ ആയീ

6. മേം ഖയാൽ ഹൂം കിസീ ഓർ കാ

7.    'ഗോ സറാ സീ ബാത് പെ..'