വിദേശത്ത് നിർമ്മിക്കുന്ന സിനിമകൾക്ക് 100% തീരുവ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ സിനിമയുടെ പ്രധാന വിപണിയായ യുഎസിനെ ഇത് എങ്ങനെ ബാധിക്കും? മലയാള സിനിമയുടെ ഭാവി എന്താകും?

ഴിഞ്ഞ ദിവസമാണ് വിദേശത്ത് നിര്‍മിച്ച് അമേരിക്കയില്‍ പ്രദര്‍ശിപ്പിക്കുന്ന എല്ലാ സിനിമകള്‍ക്കും 100 ശതമാനം തീരുവ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് രംഗത്ത് എത്തിയത്. മറ്റ് രാജ്യങ്ങള്‍ ഹോളിവുഡിനെ കുറച്ചുകാണുകയും സിനിമയെ പ്രചാരണത്തിനുള്ള മാര്‍ഗമായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് യുഎസ് പ്രസിഡന്‍റ് ആരോപിച്ചത്. 

അമേരിക്കയിലെ ചലച്ചിത്ര വ്യവസായം വളരെ വേഗത്തില്‍ മരിക്കുകയാണെന്നും യുഎസിലെ ചലച്ചിത്ര നിര്‍മ്മാതാക്കളെയും സ്റ്റുഡിയോകളെയും അമേരിക്കയില്‍ നിന്ന് അകറ്റാന്‍ മറ്റ് രാജ്യങ്ങള്‍ എല്ലാത്തരം പ്രോത്സാഹനങ്ങളും നല്‍കുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി. 

ഹോളിവുഡും അമേരിക്കയിലെ മറ്റ് പല മേഖലകളും നശിപ്പിക്കപ്പെടുകയാണ്. ഇത് മറ്റ് രാജ്യങ്ങളുടെ സംഘടിത ശ്രമമാണ്, അതിനാല്‍ ഇത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ട്രംപ് പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിര്‍മ്മിച്ച് യുഎസില്‍ പ്രദര്‍ശിപ്പിക്കുന്ന എല്ലാ സിനിമകള്‍ക്കും 100 ശതമാനം താരിഫ് ചുമത്തുന്ന പ്രക്രിയ ഉടന്‍ ആരംഭിക്കാന്‍ വാണിജ്യ വകുപ്പിനും യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് പ്രതിനിധിക്കും അധികാരം നല്‍കുന്നുവെന്ന് ട്രംപ് തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തില്‍ കുറിച്ചു. അമേരിക്കയില്‍ വീണ്ടും സിനിമകള്‍ നിര്‍മ്മിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. 

ഇന്ത്യന്‍ സിനിമ വ്യവസായത്തെ ബാധിക്കുമോ

ഇന്ത്യന്‍ സിനിമ രംഗം ഇപ്പോള്‍ ആഭ്യന്തര വിപണിയെ മാത്രം ആശ്രയിച്ച് അല്ല സിനിമ പ്രൊഡക്ഷന്‍ നടത്തുന്നത്. ഓവര്‍സീസ് ബോക്സോഫീസ് ഇപ്പോള്‍ ചിത്രങ്ങളുടെ പ്രധാനഘടകമാണ്. ഇന്ത്യന്‍ സിനിമകളുടെ പ്രധാനപ്പെട്ട ഓവര്‍സീസ് മാര്‍ക്കറ്റ് ഗള്‍ഫും, യുഎസ് കാനഡ വിപണിയുമാണ്. ഇതില്‍ യുഎസ് കാനഡ ബോക്സോഫീസിനെ ഇന്ത്യന്‍ സിനിമ രംഗം പൊതുവില്‍ നോര്‍ത്ത് അമേരിക്കന്‍ ബോക്സോഫീസ് എന്നാണ് വിളിക്കാറ്. ഇതില്‍ തന്നെ യുഎസിലാണ് ഇന്ത്യന്‍ സിനിമയ്ക്ക് കൂടുതല്‍ സ്ക്രീന്‍ ലഭിക്കാറ്. 

ബോളിവുഡ് ചിത്രങ്ങള്‍ മുന്‍പും വിദേശ വിപണി പ്രത്യേകിച്ച് യുഎസ് എന്ന ആനുകൂല്യം മുതലാക്കിയിരുന്നു. എന്നാല്‍ ബാഹുബലിക്ക് ശേഷമാണ് ദക്ഷിണേന്ത്യ വ്യാപകമായി ഈ രീതി പ്രയോജനപ്പെടുത്താന്‍ തുടങ്ങിയത്. പ്രത്യേകിച്ച് യുഎസിലും മറ്റും. 500 കോടിക്ക് മുകളില്‍ എടുക്കുന്ന ഇന്ത്യന്‍ ചിത്രങ്ങള്‍ ബ്രേക്ക് ഈവണ്‍ ആകണമെങ്കില്‍ അവ കുറഞ്ഞത് 1000 കോടിക്ക് അടുത്ത് കളക്ട് ചെയ്യണം. ഇത്തരത്തില്‍ നോക്കിയാല്‍ ഇന്ത്യന്‍ വിപണി മാത്രം മതിയാകില്ല. പലപ്പോഴും 500 കോടിയൊക്കെയാണ് ഇന്ത്യന്‍ ബോക്സോഫീസിന്‍റെ പരമാവധി നേടാന്‍ കഴിയുന്ന തുക. അതിനാല്‍ വിദേശ വിപണി അത്യവശ്യമാണ്. 

അടുത്തിടെ വന്‍ ഹിറ്റായ എല്ലാ ചിത്രങ്ങളും, ആനിമല്‍, പുഷ്പ 2, എമ്പുരാന്‍ എല്ലാം വിദേശ കളക്ഷനിലും മികവ് കാട്ടിയതിനാല്‍ ബോക്സോഫീസ് റെക്കോ‍ഡുകള്‍ തകര്‍ത്തവയാണ്. മലയാളത്തില്‍ മോഹന്‍ലാല്‍ ചിത്രം 'തുടരും' ഇപ്പോള്‍ വലിയ രീതിയിലാണ് വിദേശത്ത് മികവ് കാട്ടുന്നത്. ഇതില്‍ വലിയൊരു സംഖ്യ യുഎസില്‍ നിന്നും ലഭിക്കുന്നുണ്ട്. ഒരു മില്ല്യണ്‍ ഡോളര്‍ കളക്ഷന്‍ എന്ന നേട്ടം ചിത്രം യുഎസില്‍ കൈവരിച്ചു കഴിഞ്ഞു. 

വിദേശ സിനിമകള്‍ക്ക് ട്രംപ് നൂറു ശതമാനം തീരുവ കൊണ്ടുവരുന്നതോടെ ഇന്ത്യന്‍ സിനിമയ്ക്ക് ആ വിപണി അപ്രപ്യാമാകും. അല്ലെങ്കില്‍ യുഎസ് റിലീസ് എന്നത് ചിത്രത്തിന്‍റെ ബജറ്റിനെ തന്നെ ബാധിക്കും. ഇതെല്ലാം വച്ച് നോക്കുമ്പോള്‍ ഇന്ത്യന്‍ സിനിമയ്ക്ക് വലിയ തിരിച്ചടിയാണ് ഈ സംഭവം. 

ഇതിനകം തമിഴ് സിനിമയില്‍ നിന്നും മറ്റും ഇതിനെതിരെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര ഇടപെടല്‍ വേണം എന്നാണ് ആവശ്യം. വിജയ്,രജനികാന്ത് പോലുള്ള വന്‍ താരപടങ്ങള്‍ ഈ വര്‍ഷം കോളിവുഡില്‍ ഇറങ്ങുന്നുണ്ട്. ഇവയും യുഎസ് വിപണിയും ലക്ഷ്യമാക്കിയാണ് എത്തുന്നത്. അതിനാല്‍ ഇപ്പോഴത്തെ നയം വലിയ തിരിച്ചടിയായിരിക്കും കോളിവുഡിന്. വിജയ് നായകനായ ലിയോ വലിയ തോതില്‍ യുഎസില്‍ കളക്ഷന്‍ നേടിയിരുന്നു. രജനികാന്ത് ചിത്രങ്ങള്‍ക്കും അവിടെ സ്ഥിരം കാഴ്ചക്കാരുണ്ട്. ഹിന്ദി ചലച്ചിത്ര സംവിധായകന്‍ വിവേക് അഗ്നിഹോത്രി അടക്കം ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. 

ഹോളിവുഡ് സിനിമയ്ക്കും പണിയാകും 

അതേ സമയം ട്രംപിന്‍റെ സിനിമ താരീഫ് നയം വന്‍കിട യുഎസ് സിനിമാ കമ്പനികളെ നേരിട്ട് ബാധിക്കും എന്നും വിലയിരുത്തലുണ്ട്. വാള്‍ട്ട് ഡിസ്നി, പാരാമൗണ്ട് ഗ്ലോബല്‍, വാര്‍ണര്‍ ബ്രദേഴ്സ് ഡിസ്കവറി തുടങ്ങിയ കമ്പനികള്‍ കോവിഡിന് ശേഷം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തില്‍, വിദേശ സിനിമകള്‍ക്ക് 100 ശതമാനം താരിഫ് ചുമത്തുന്നത് അന്താരാഷ്ട്ര സഹകരണം, വിതരണം, വരുമാനം എന്നിവയില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തും.

ട്രംപിന്‍റെ ഈ പ്രഖ്യാപനത്തിന് മുമ്പ്, ചൈന തങ്ങളുടെ രാജ്യത്ത് അമേരിക്കന്‍ സിനിമകള്‍ക്ക് നിശ്ചയിച്ചിട്ടുള്ള ക്വാട്ട വെട്ടിക്കുറച്ചിരുന്നു. താരിഫ് ദുരുപയോഗം ചെയ്യുന്നത് ചൈനീസ് പ്രേക്ഷകര്‍ക്കിടയില്‍ അമേരിക്കന്‍ സിനിമകളുടെ ജനപ്രീതി കുറയ്ക്കുമെന്ന് ചൈനയുടെ ഫിലിം അഡ്മിനിസ്ട്രേഷന്‍ പറഞ്ഞു.അമേരിക്ക കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ വലിയ സിനിമാ വിപണിയാണ് ചൈന. അത് കഴിഞ്ഞാല്‍ ഇന്ത്യയാണ്. ലോകത്തില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ സിനിമ നിര്‍മ്മിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇത്തരത്തില്‍ ഒരു വിദേശ തിരിച്ചടി കിട്ടിയാല്‍ ഇന്ത്യയും വിനോദ രംഗത്തെ നിലനിര്‍ത്താന്‍ സമാന നടപടി എടുക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. 

മലയാള സിനിമയെ ബാധിക്കുമോ?

വലിയൊരു മലയാളി ജനവിഭാഗം ഉള്ള രാജ്യമാണ് യുഎസ്. അതിനാല്‍ തന്നെ പല വന്‍ മലയാള ചിത്രങ്ങളും മികച്ച തുകയ്ക്ക് യുഎസില്‍ വിതരണത്തിന് പോയിട്ടുണ്ട്. അടുത്തകാലത്ത് കോടികള്‍ തന്നെ അവിടെ നിന്ന് കളക്ഷനും വന്നിട്ടുണ്ട്. ഗള്‍ഫ് കഴിഞ്ഞാല്‍ മലയാള സിനിമയുടെ വലിയ വിപണി യുഎസ് ആണ്. അതിനാല്‍ അവിടെ ലഭിക്കുന്ന ഏത് തിരിച്ചടിയും മലയാള സിനിമ രംഗത്തേയും ബാധിക്കും. മലയാളത്തിലെ സിനിമ വരുമാന മാര്‍ഗ്ഗങ്ങള്‍ അടയുകയാണ് എന്നാണ് നിര്‍മ്മാതാക്കള്‍ അടക്കം പരാതി പറയുന്നത്. പ്രത്യേകിച്ച് ഒടിടി അവകാശം, ടിവി അവകാശം, മ്യൂസിക്ക് എന്നിവയില്‍ നിന്നും വരുമാനം തീര്‍ത്തും ഇല്ല. തീയറ്ററാണ് പ്രധാന രക്ഷ. അതിനാല്‍ തന്നെ യുഎസ് പോലെ ഒരു വിപണി ലഭിക്കാതിരിക്കുന്നത് മലയാള സിനിമയ്ക്കും തിരിച്ചടിയാകും. 

വെള്ളിത്തിരയിലേക്കും തീരുവ യുദ്ധം; വിദേശത്ത് ചിത്രീകരിക്കുന്ന സിനിമകള്‍ക്ക് തീരുവ പ്രഖ്യാപിച്ച് ട്രംപ്