തന്നോട് സംസാരിച്ച് 'സനാതന ചൈതന്യം' കളയാനില്ലെന്ന ലക്ഷ്മി പ്രിയയുടെ പരാമർശത്തിന് മറുപടിയുമായി ഭാഗ്യലക്ഷ്മി. ലക്ഷ്മി പ്രിയക്ക് നേരെ പലയിടത്തുനിന്നും ആക്രമണം നടക്കുന്നുണ്ടെന്നും, തനിക്ക് ഒരു നിലവാരമുള്ളതുകൊണ്ട് അതിന് മുതിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി.
ലക്ഷ്മി പ്രിയയെ പരിഹസിച്ച് വീണ്ടും ഭാഗ്യലക്ഷ്മി. 'ഭാഗ്യലക്ഷ്മിയെ പോലുള്ള സ്ത്രീകളോട് സംസാരിച്ച് എന്‍റെ സനാതന ചൈതന്യ കളയാന്‍ ഞാന്‍ ഒരുക്കമല്ല', എന്ന് ലക്ഷ്മി പ്രിയ പറഞ്ഞെന്ന സോഷ്യൽ മീഡിയ കാർഡ് പങ്കിട്ടായിരുന്നു അവരുടെ പ്രതികരണം. നാനാ ഭാഗത്ത് നിന്നും ആവശ്യത്തിൽ കൂടുതൽ ആക്രമണം നടക്കുന്നുണ്ടെന്നും ഇനി താൻ കൂടി വേണോ എന്ന് ചോദിച്ച ഭാഗ്യലക്ഷ്മി, തനിക്കൊരു നിലവാരമുണ്ടെന്നും പറയുന്നു.
'സോഷ്യൽ മീഡിയയിൽ നിങ്ങൾക്ക് നേരെ നാനാ ഭാഗത്ത് നിന്നും ആവശ്യത്തിൽ കൂടുതൽ ആക്രമണം നടക്കുന്നുണ്ട് ലക്ഷ്മി പ്രിയ. ഇനി ഞാനും കൂടെ വേണോ? വേണ്ട. എനിക്കൊരു നിലവാരമില്ലേ. അത് ഞാൻ കളയില്ല.. പക്ഷെ എന്താണ് ഈ സനാതന ചൈതന്യം? മനസിലായില്ല. അത് മുഖത്ത് മാത്രം ഉണ്ടായിട്ട് കാര്യമില്ല.. മനസ്സിലും വാക്കിലും പ്രവർത്തിയിലും വേണം..', എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ. പിന്നാലെ നിരവധി പേരാണ് ലക്ഷ്മി പ്രിയയെ പരിഹസിച്ച് കൊണ്ടുള്ള കമന്റുകളുമായി രംഗത്ത് എത്തിയത്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ലക്ഷ്മി പ്രിയയ്ക്ക് എതിരെ ഭാഗ്യലക്ഷ്മി ഒരു വീഡിയോ ചെയ്തിരുന്നു. സോഷ്യല്‍ മീഡിയ കടന്നാക്രമിക്കുന്നതിന് കാരണക്കാരി ലക്ഷ്മി പ്രിയ തന്നെയാണെന്നും എന്തിനാണ് ഒരു പെണ്ണിനെ കുറിച്ച് മറ്റൊരു പെണ്ണായ നിങ്ങള്‍ ഇങ്ങനെ ഇരുന്ന് പരദൂഷണം പറയുന്നതെന്നും ഭാഗ്യലക്ഷ്മി ചോദിച്ചിരുന്നു. ഒരാളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് പരാമർശങ്ങൾ നടത്തുമ്പോൾ 2026ൽ ആ പെൺകുട്ടിയെ ആരും തെറ്റിദ്ധരിക്കില്ലെന്നും ആ കാലവും അത്തരം കുലസ്ത്രീ പരിവേഷമൊക്കെ കടന്ന് സ്ത്രീകൾ ഒരുപാട് മുന്നോട്ട് പോയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. ഇതിന് പിന്തുണച്ച് നിരവധി പേരും രംഗത്ത് എത്തിയിരുന്നു.



