യഥാർത്ഥ കൊലയാളികള്‍ ആരാണ്, സിസ്റ്റമോ, അവിടെയെത്തിയ ജനങ്ങളോ, അതോ ബെംഗളൂരു ടീമോ?
18 വര്‍ഷത്തെ കാത്തിരിപ്പിന് ആനന്ദത്തില്‍ ആരംഭം, കണ്ണീരില്‍ പര്യവസാനം. സുവർണ കിരീടം ആരാധകർക്കൊപ്പം ഉയർത്താൻ ആഗ്രഹിച്ചൊരു സംഘം, ഒന്നരപതിറ്റാണ്ടിലധികമായി നെഞ്ചോട് ചേർത്ത ടീം ചരിത്രമെഴുതി വരുന്നതു കാണാൻ കൊതിച്ചൊരു ജനത. കെടുകാര്യസ്ഥത, ഉത്തരവാദിത്വമില്ലായ്മ, പൊലിഞ്ഞത് 11 ജീവൻ. ആശുപത്രിക്കിടക്കയില്‍ നാലിരട്ടിയിലധികം.
'ഞങ്ങളിത്രയും ജനങ്ങളെ പ്രതീക്ഷിച്ചില്ലെന്ന' ഒറ്റവരി വിശദീകരണം, കൈകഴുകി ബിസിസിഐയും ഐപിഎല്‍ ഭാരവാഹികളും, ഇരയാക്കപ്പെട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കർണാടക ക്രിക്കറ്റ് അസോസിയേഷനും പോലീസ് സേനയും. ജീവന്റെ വില ലക്ഷങ്ങളിലേക്ക് പരണമിക്കുകയാണ് ഇവിടെ. ഒടുവില്‍ കയ്യടിച്ചവർ വിരാട് കോലിയുടെ ചോരയ്ക്കായി ദാഹിക്കുന്നു, അറസ്റ്റ് കോലി എന്ന ഹാഷ് ടാഗ് സമൂഹ മാധ്യമങ്ങളില്‍ ട്രെൻഡിങ്.
ദുരന്തമുഖത്ത് നടപടികള്‍ ശരവേഗത്തിലെടുത്ത് മുഖം മിനുക്കാൻ എളുപ്പമാണ്, ഉത്തരവാദിത്തം ഏറ്റെടുക്കുക എന്നത് കഠിനവും. ഇവിടെയാണ് ആ പ്രസക്തമായ ചോദ്യം ഉയരുന്നത്. യഥാർത്ഥ കൊലയാളികള്‍ ആരാണ്, സിസ്റ്റമോ, അവിടെയെത്തിയ ജനങ്ങളോ, അതോ ബെംഗളൂരു ടീമോ?
ദുരന്തം പെയ്തിറങ്ങിയതിന് പിന്നാലെ പോസ്റ്റുമോർട്ടത്തിനിറങ്ങരുതെന്ന് പറയാറുണ്ട്. പക്ഷേ, വിരാട് കോലിയെ തുറുങ്കിലടയ്ക്കാൻ കൊതിക്കുന്നവരോട്, ബെംഗളൂരുവിനെ മരണം വിതയ്ക്കുന്ന ടീമെന്ന് അധിക്ഷേപിക്കുന്നവർ ഉത്തരങ്ങള്‍ അർഹിക്കുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമ്പോള്‍ ഉത്തരം വ്യക്തമാകുമെന്നതില്‍ സംശയമില്ല.
ബെംഗളൂരു കിരീടം നേടിയതിന് പിന്നാലെ തന്നെ ആരാധകർക്കൊപ്പം വിജയാഘോഷം നടത്തുന്നതിനെക്കുറിച്ച് വിരാട് കോലി സംസാരിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒരു വിക്ടറി പരേഡ് ആരാധകരും പ്രതീക്ഷിച്ചിട്ടുണ്ടാകണം. എന്നാല്‍, നാലാം തീയതി രാവിലെ തന്നെ ബെംഗളൂരു ട്രാഫിക്ക് പോലീസ് നിലപാട് വ്യക്തമാക്കിയിരുന്നു. വിക്ടറി പരേഡുണ്ടാകില്ല, സ്റ്റേഡിയത്തിലായിരിക്കും ആഘോഷമെന്ന്.
ഇവിടെ തുടങ്ങുന്നു ആശയക്കുഴപ്പങ്ങളുടെ കുത്തൊഴുക്ക്. ഉച്ചതിരിഞ്ഞ് മൂന്നേകാലോടെ വിക്ടറി പരേഡ് അഞ്ച് മണിക്ക് ആരംഭിക്കുമെന്നും ശേഷം സ്റ്റേഡിയത്തില്‍ വെച്ച് ആഘോഷങ്ങളുണ്ടാകുമെന്നും ആര്‍സിബി ടീം മാനേജ്മെന്റ് പ്രഖ്യാപിച്ചു. ഇങ്ങനെയൊന്ന് ടീം പ്രഖ്യാപിക്കണമെങ്കില്‍ ഭരണകൂടത്തിന്റെ അറിവ് ഇല്ലാതിരിക്കുമോയെന്ന ചോദ്യമുണ്ട്. ഇതിനോടകം തന്നെ ബെംഗളൂരുവിന്റെ വീഥികള്‍ ആരാധകര്‍ കയ്യടക്കിയിരുന്നു, അതും പതിനായിരങ്ങള്‍.
വിധാൻ സൗധ മുതല്‍ ചിന്നസ്വാമി സ്റ്റേഡിയം വരെ പരേഡ് ഇതായിരുന്നു പ്രഖ്യാപനം. വൈകുന്നേരത്തോടെ കോലിയടക്കമുള്ളവര്‍ ബെംഗളൂരു എയര്‍പോര്‍ട്ടില്‍ എത്തുന്നു. സ്വീകരിച്ചത് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിന് സൗജന്യ ടിക്കറ്റുണ്ടെന്നും അല്ലാതെ തന്നെ പ്രവേശനമുണ്ടെന്നുമുള്ള പ്രചരണങ്ങളുണ്ടായി. പക്ഷേ, മൂന്ന് മണിയോടെ തന്നെ സ്റ്റേഡിയം നിറഞ്ഞിരുന്നു.
ഇതോടെ സ്റ്റേഡിയത്തിന്റെ ഗേറ്റുകള്‍ അധികൃതര്‍ അടച്ചു. ഗേറ്റ് മൂന്ന്, 12, 18 എന്നിവയാണ് അടച്ചത്, ഇതോടെ തിക്കും തിരക്കും ആരംഭിച്ചു. വിധാൻ സൗധയില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ നാലരയോടെ സ്വീകരണം നടക്കുന്നു. വിധാൻ സൗധയ്ക്ക് സമീപമുള്ള ഡോ. അംബേദ്‌കര്‍ റോഡില്‍ ഇതിനോടകം തന്നെ ഒരുലക്ഷത്തോളം പേര്‍ എത്തിയിരുന്നു.
ഇത്രയും വലിയ ജനക്കൂട്ടത്തെ പ്രതീക്ഷിച്ചില്ലെന്ന് പറയുമ്പോഴും 50,000 പേര്‍ സര്‍ക്കാരിന്റെ കണക്കിലുണ്ടായിരുന്നു. നിയന്ത്രിക്കാൻ ഏര്‍പ്പെടുത്തിയത് 5,000 പോലീസ് ഉദ്യോഗസ്ഥരെ. 18 വര്‍ഷത്തിന് ശേഷമാണ് ബെംഗളൂരു കിരീടം നേടുന്നത്, രാജ്യത്തിന്റെ വിവിധ കോണില്‍ നിന്ന് ആരാധകര്‍ ഒഴുകിയെത്തുമെന്നത് മുൻകൂട്ടിക്കാണാനാകാതെ പോകുന്നു.
ക്രിക്കറ്റ് മറ്റെന്തിനേക്കാള്‍ മുകളില്‍ കൊണ്ടാടുന്ന രാജ്യത്ത് ഇത് മുൻകൂട്ടിക്കാണാനാകാതെ പോയി എന്നത് വീഴ്ചയല്ലെന്ന് പറയാനാകുമോ. പ്രത്യേകിച്ചും ഇന്നിന്റെ ഐക്കണായ വിരാട് കോലിയുടെ ടീം കിരീടമുയര്‍ത്തുമ്പോള്‍.
നിമിഷം തോറും സ്റ്റേഡിയത്തിലേക്കുള്ള ആരാധകരുടെ ഒഴുക്ക് വര്‍ധിക്കുകയായിരുന്നു, പിന്നാലെ മഴയുമെത്തി. ഇതോടെ സ്റ്റേഡിയത്തിലേക്ക് കടക്കാനുള്ള ഉന്തിന്റേയും തള്ളിന്റേയും തീവ്രത വര്‍ധിച്ചു. ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ ശ്വാസത്തിനായി പലരും പിടഞ്ഞു. ഗേറ്റുകള്‍ പലതും തള്ളി തുറക്കപ്പെട്ടു, കാറുകള്‍ തകര്‍ക്കപ്പെട്ടു, മതിലുകള്‍ ഇടിഞ്ഞു...ജീവനായി പലരും പിടഞ്ഞു...
ഒരു ആംബുലൻസില്‍ തന്നെ പത്തിലധികം പേരുണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു...മരണത്തോട് മല്ലിടുന്ന ആരാധകര്‍, ശ്വാസത്തിനായി ഒന്ന് ഉയര്‍ന്നുപൊങ്ങാനെങ്കിലും കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിച്ച മനുഷ്യര്‍...ഇതേസമയം ഒന്നുമറിയാതെ ബെംഗളൂരു ടീം ചിന്നസ്വാമിയില്‍ ഒരുപറ്റം ആരാധകര്‍ക്കൊപ്പം ആഘോഷം തുടരുകയായിരുന്നു...
സ്റ്റേഡിയത്തിന് പുറത്ത് സുഹൃത്തിന്റെ, അച്ഛന്റെ, അമ്മയുടെ, മകന്റെ, മകളുടെ, സഹോദരന്റെ, സഹോദരിയുടെ, പങ്കാളിയുടെ ജീവനായി കഴിയുന്നതെല്ലാം ചെയ്യുന്ന നിസാഹയര്‍. ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിച്ചതോടെ ടീം അംഗങ്ങളും ഇത് അറിഞ്ഞു, വൈകാതെ ആഘോഷം അവസാനിപ്പിച്ച് മടങ്ങുന്നു. കോലിയും ബെംഗളൂരു മാനേജ്മെന്റുമടക്കം ദുരന്തത്തില്‍ ദുഖവും രേഖപ്പെടുത്തി.
ബെംഗളൂരു പോലീസ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ആർസിബി മാർക്കറ്റിങ് ഉദ്യോഗസ്ഥൻ നിഖിൽ സൊസലെ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. ക്രൂശിക്കപ്പെടുന്നത് കോലിയടക്കമുള്ള താരങ്ങള്‍. സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് ചോര തെറിച്ച ഐപിഎല്‍ കിരീടവും.
ബെംഗളൂരുവിന്റെ ജയം രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിച്ചുവെന്ന വിമര്‍ശനം ഡി കെ ശിവകുമാറിനും സിദ്ധാരമയ്യക്കുമെതിരെ മുഴങ്ങുന്നുണ്ട്. എന്തിനായിരുന്നു ഇത്ര തിടുക്കമെന്ന, കൃത്യമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കേണ്ടവര്‍ ആരെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതിന്റെയൊന്നും ഉത്തരം വിരാട് കോലി എന്നോ, ബെംഗളൂരു ടീം എന്നോ അല്ല എന്നത് മനസിലാക്കേണ്ടിയിരിക്കുന്നു.
2024 ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് മുംബൈയില്‍ ലഭിച്ച സ്വീകരണം, മൂന്ന് മുതല്‍ നാല് ലക്ഷത്തിലധികമെന്നാണ് അന്ന് അവിടെയെത്തിയവരുടെ എണ്ണത്തിന്റെ അനൗദ്യോഗിക കണക്ക്. ഇത്തരമൊരു ദുരന്തം ആവര്‍ത്തിച്ചില്ല എന്നതിന്റെ കാരണം മികച്ച് ക്രൗഡ് മാനേജ്മെന്റായിരുന്നു. അത് ബെംഗളൂരുവില്‍ സംഭവിച്ചില്ല. സംഭവിക്കാൻ പാടില്ലാത്തത് നടന്നുവെന്ന് മാത്രമല്ല, ഇന്ത്യയുടെ കായിക ചരിത്രത്തിലെ തന്നെ ഒരു ഇരുണ്ടനാളായാണ് അടയാളപ്പെടുത്തേണ്ടതും.
ആരാധകരില്ലാതെ, കളിസ്നേഹികളില്ലാത ഒരു കായിക ഇനത്തിനും അതിജീവനമില്ല, അത് താരങ്ങള്‍ക്കും ഉത്തമബോധ്യമുള്ളതാണ്. കേവലം, ഫാൻ ഫൈറ്റിന്റെ പേരില്‍ കോലിയേയും സംഘത്തേയും കുരിശിലേറ്റാൻ ശ്രമിക്കാതെ ഉത്തരവാദിത്തബോധത്തോടെ ദുരന്തത്തെ സമീപിക്കുകയാണ് അനിവാര്യമായ ഒന്ന്. ഇതുപോലൊന്ന് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്.


