ഓസ്ട്രേലിയയില്‍ ഓസ്ട്രേലിയക്കെതിരെ അസാധാരണ റെക്കോർഡഡുള്ള താരങ്ങളാണ് വിരാട് കോഹ്ലിയും രോഹിത് ശർമയും. ഇരുവരുടേയും പരിചയസമ്പത്ത് മറ്റാർക്കും അവകാശപ്പെടാനുമില്ല

ഇംഗ്ലണ്ടില്‍ പ്രതീക്ഷക്കപ്പുറം ഉയര്‍ന്നു, വിൻഡീസിനെതിരെ പ്രതീക്ഷ തെറ്റിയില്ല. ഇന്ത്യൻ ക്രിക്കറ്റില്‍ ഗില്‍ യുഗത്തിന് ഏറക്കുറെ പൂര്‍ണമായും തിരശീല ഉയരുന്ന ഓസ്ട്രേലിയൻ പര്യടനമാണ് ഇനി. പെ‍ര്‍ത്ത്, അഡ്‌ലെയ്‌ഡ്, സിഡ്നി. രോഹിത്-കോഹ്ലി ദ്വയത്തിന്റെ തിരിച്ചുവരവ്, ജസ്പ്രിത് ബുമ്രയുടെ അഭാവം, പരിചയസമ്പന്നരല്ലാത്ത നിര. ഗില്ലിന്റെ നേതൃത്വത്തിലുള്ള ആദ്യ ഏകദിന പരമ്പരയില്‍ കാത്തിരിക്കുന്നത് ചെറുതല്ലാത്ത വെല്ലുവിളികളാണ്. കോമണ്‍വെല്‍ത്ത് ബാങ്ക് സീരീസ് തൂക്കിയ ധോണിപ്പടയ്ക്ക് ശേഷം ഏകദിനത്തില്‍ പുതിയ ചരിത്രമെഴുതാൻ ഗില്ലിനാകുമോ

2015 ഏകദിന ലോകകപ്പിന് ശേഷം മൂന്ന് ഏകദിന പരമ്പരകളാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ കളിച്ചിട്ടുള്ളത്. 2015, 2018, 2020 എന്നീ വര്‍ഷങ്ങളിലായിരുന്നു ഇത്. 2015ല്‍ ധോണിയുടെ നേതൃത്വത്തിലും മറ്റ് രണ്ട് പരമ്പരകള്‍ കോഹ്ലിക്ക് കീഴിലും. മൂന്നിലും പരാജയമായിരുന്നു ഫലം. 4-1, 2-1, 2-1 എന്നിങ്ങനെയായിരുന്നു സീരീസ് ഫലങ്ങള്‍. ഈ മൂന്ന് പരമ്പരകളിലും ഇന്ത്യ പരാജയപ്പെട്ടെങ്കിലും ഒരു സമ്പൂര്‍ണ ഓസീസ് ആധിപത്യം ആയിരുന്നില്ല, അതിന് കാരണം രോഹിതും കോഹ്ലിയുമായിരുന്നു.

രോ-കോ കോമ്പോ!

ഓസ്ട്രേലിയക്കെതിരെ അവരുടെ മണ്ണില്‍ ഏകദിനത്തില്‍ അസാധാരണ റെക്കോര്‍ഡുള്ള രണ്ട് ബാറ്റര്‍മാര്‍. രോഹിത് 19 മത്സരങ്ങളില്‍ നിന്ന് 990 റണ്‍സ്, നാല് സെഞ്ച്വറി. കോഹ്ലി 18 മത്സരങ്ങളില്‍ നിന്ന് 802 റണ്‍സ്, മൂന്ന് സെഞ്ച്വറികള്‍. സാക്ഷാല്‍ സച്ചിൻ തെൻഡുല്‍ക്കര്‍ക്കും മുകളിലാണ് ഇരുവരുടേയും ഏകദിനത്തിലെ ഓസീസിനെതിരായ ഓസ്ട്രേലിയയിലെ നേട്ടങ്ങള്‍. ഓസീസിനെതിരെ ഏകദിനത്തിലെ രോഹിതിന്റെ ശരാശരി 57ഉം കോഹ്ലിയുടേത് 54-മാണ്. ഇരുവരുടേയും പ്രകടനം തന്നെയായിരിക്കും പരമ്പരയില്‍ ഏറെ നിര്‍ണായകമാകുക.

ഓസ്ട്രേലിയയില്‍ ഇരുവരുടേയും പരിചയസമ്പത്തുള്ള മറ്റൊരു താരം ടീമിലില്ലെ. ചാമ്പ്യൻസ്ട്രോഫിക്ക് ശേഷം തിരിച്ചുവരവ് നടത്തുന്ന രോ-കോ സഖ്യത്തിന് ഏകദിന ടീമില്‍ തുടരണമെങ്കിലും പരമ്പരയില്‍ തിളങ്ങിയെ മതിയാകു. അതുകൊണ്ട് ഗില്ലിനൊപ്പം തന്നെ വെല്ലുവിളിയാണ് ഇരുവര്‍ക്കും പരമ്പര. ഇരുവരും തിളങ്ങാതെ പോയാല്‍ ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്ക് കടുത്ത പരീക്ഷണമായിരിക്കും നേരിടേണ്ടി വരിക. കാരണം പരിചയസമ്പന്നക്കുറവ് തന്നെ.

രോഹിതിനും കോഹ്ലിക്കും പുറമെ ബാറ്റിങ് നിരയിലെ പ്രധാനികള്‍ നായകൻ ഗില്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ്. രാഹുലും ശ്രേയസും ഓസ്ട്രേലിയക്കെതിരെ ഓസ്ട്രേലിയയില്‍ കളിച്ചത് മൂന്ന് ഏകദിനങ്ങള്‍ മാത്രം. ഗില്‍ ഒന്നും. രാഹുല്‍ 93 റണ്‍സും ശ്രേയസ് 59 റണ്‍സുമാണ് ആകെ നേടിയത്. ഗില്‍ 33 റണ്‍സും. അതുകൊണ്ട് രോഹിതിനും കോഹ്ലിക്കും ഒപ്പം ഉയരേണ്ടത് മൂവരുടേയും ഉത്തരവാദിത്തമാണ്. പ്രത്യേകിച്ചും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് നിരയുടെ ഭാവി മുഖങ്ങളായി വിലയിരുത്തപ്പെടുന്നവരാണ് മൂവരും. നായകനെന്ന നിലയിലുള്ള അധിക ഉത്തരവാദിത്തം ഇംഗ്ലണ്ടിലെപോലെ ആവര്‍ത്തിക്കാൻ ഗില്ലിനും കഴിയേണ്ടതുണ്ട്.

മറ്റ് വെല്ലുവിളികള്‍

രവീന്ദ്ര ജഡേജ, ഹാര്‍ദിക്ക് പാണ്ഡ്യ എന്നിവരെപ്പോലുള്ള മികച്ച ഓള്‍റൗണ്ടര്‍മാരുടെ അഭാവവും പോരായ്മകളില്‍ ഒന്നാണ്. ഇത് മറികടക്കാൻ നിതീഷ് കുമാര്‍ റെഡ്ഡിക്കും വാഷിങ്ടണ്‍ സുന്ദറിനുമാകുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്.

ജസ്പ്രിത് ബുമ്രയുടെ അഭാവമാണ് ബൗളിങ് മറ്റൊരു വെല്ലുവിളി. ഓസ്ട്രേലിയയില്‍ വിരലില്‍ എണ്ണാവുന്ന ഏകദിനങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളതെങ്കിലും ബുമ്ര കളത്തില്‍ കൊണ്ടുവരുന്ന വ്യത്യാസം എന്തെന്ന് പറയേണ്ടതില്ലല്ലൊ. യുവനിരയുമായാണ് ഓസ്ട്രേലിയ എത്തുന്നതെങ്കിലും എത്രത്തോളം അപകടകാരികാളാണ് സ്വന്തം മണ്ണില്‍ അവരെന്ന് ചരിത്രം സൂചിപ്പിക്കുന്ന ഒന്നാണ്. പേസ് നിരയെ നയിക്കുന്ന മുഹമ്മദ് സിറാജ് അവസാനമായി ഓസ്ട്രേലിയയില്‍ ഏകദിനം കളിച്ചത് 2018ലാണ്, അന്ന് പത്ത് ഓവറില്‍ 76 റണ്‍സാണ് സിറാജ് വഴങ്ങിയത്.

പക്ഷേ, അന്ന് കണ്ട സിറാജ് അല്ല ഇന്ന് നീലക്കുപ്പായമണിഞ്ഞ് ഇറങ്ങുന്നത്, ബുമ്രയുടെ അഭാവത്തില്‍ ബൗളിങ് നിരയെ ഒറ്റയ്ക്ക് ചുമക്കാൻ കെല്‍പ്പുള്ളവൻ. യശസ്വി ജയ്സ്വാള്‍, അ‍ര്‍ഷദീപ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരുടെ ആദ്യ ഓസ്ട്രേലിയൻ ഏകദിന പര്യടനമാണിത്. ഓസീസ് മണ്ണില്‍ ഇതുവരെ മികവ് തെളിയിക്കാനാകാത്ത താരങ്ങളാണ് കുല്‍ദീപും അക്സറുമൊക്കെ.

അതുകൊണ്ട് ഗില്ലിന് കാര്യങ്ങള്‍ അത്ര എളുപ്പമാകുമോയെന്ന് കണ്ടറിയണം. ടീമിലുള്‍പ്പെട്ടവര്‍ക്കെല്ലാം തന്നെ ഓസ്ട്രേലിയക്ക് പുറത്ത് ഫോര്‍മാറ്റില്‍ മികച്ച റെക്കോര്‍ഡുണ്ട്, പലരും തെളിയക്കപ്പെട്ടവരുമാണ്. രോഹിതിന്റേയും കോഹ്ലിയുടേയും സാന്നിധ്യമായിരിക്കും ഗില്ലിന് ലഭിക്കാൻ പോകുന്ന ഏറ്റവും വലിയ പിന്തുണയും മുൻതൂക്കവും.