ഒറ്റ സീസണില്‍ റയൽ മാഡ്രിഡിനെ നാല് തവണ കീഴടക്കുക, അതും ആധികാരികമായി, യൂറോപ്യൻ ഫുട്ബോളില്‍ കേട്ടുകേള്‍വിയില്ലാത്തൊരു പതിവായിരുന്നു ബാഴ്‌സലോണ സൃഷ്ടിച്ചത്

അവർ അത്ഭുതങ്ങള്‍ക്കായ് പ്രാർത്ഥിക്കും, അവിടെ അത്ഭുതങ്ങള്‍ സംഭവിക്കും. റയല്‍ മാഡ്രിഡ്, സ്വപ്നങ്ങളുടെ സംഘമാണവര്‍...പക്ഷേ, ലോസ് ബ്ലാങ്കോസിന്റെ ആരാധകര്‍ അത്ഭുതങ്ങള്‍ക്കായ് കളിദൈവങ്ങളുടെ കനിവ് തേടി കരഞ്ഞ് മടങ്ങിയ നാല് എല്‍ ക്ലാസിക്കോ രാവുകളാണ് കടന്നുപോയത്. കറ്റാലാന്മാർ അത്ഭുതങ്ങള്‍ക്ക് അറുതി വരുത്തിയ നാല് എല്‍ ക്ലാസിക്കോകള്‍, റയലിന്റെ ഗോള്‍ പോസ്റ്റിലേക്ക് വർഷിക്കപ്പെട്ടത് നാണക്കേടിന്റെ 16 ഗോളുകളാണ്. The Real Madrid shirt is white it can be stained by mud, sweat or even blood but never with shame. സാന്റിയാഗൊ ബെര്‍ണബ്യൂവില്‍ ബാഴ്‌സലോണയോട് കണക്കുതീര്‍ക്കുമോ സാബിയുടെ പുതിയ റയല്‍.

ബാഴ്സ കരുത്തരാണോ ഇത്തവണ

ഒറ്റ സീസണില്‍ റയലിനെ നാല് തവണ കീഴടക്കുക, അതും ആധികാരികമായി, യൂറോപ്യൻ ഫുട്ബോളില്‍ കേട്ടുകേള്‍വിയില്ലാത്തൊരു പതിവായിരുന്നു ഹൻസി ഫ്ലിക്കിന്റെ സംഘം സൃഷ്ടിച്ചത്. പക്ഷേ, അതേ മൂർച്ഛയിലല്ല ഇന്ന് ഫ്ലിക്കിന്റെ കുട്ടികള്‍. ഒളിമ്പ്യാക്കോസിന്റെ ഗോള്‍വല നിറച്ച് ക്ലാസിക്കോയ്ക്ക് ഇറങ്ങുന്ന ബാഴ്‌സലോണയുടെ സീസണ്‍ കണ്‍വിൻസിങ്ങായിരുന്നില്ല ഒരു ഘട്ടത്തിലും. ഹൻസി ഫ്ലിക്ക് സിസ്റ്റത്തിലെ പ്രെസിങ് ഗെയിമില്‍ നിർണായക കരുവായ ബ്രസീലിയൻ വിങ്ങർ റഫീഞ്ഞയുടെ അഭാവം തന്നെ പ്രധാന കാരണങ്ങളിലൊന്ന്.

ഫ്രണ്ട് ലൈൻ പ്രസിങ്ങില്‍ റഫീഞ്ഞകൊണ്ടുവരുന്ന ഇംപാക്ട് ചെറുതല്ല. റഫീഞ്ഞയുടെ സാന്നിധ്യത്തിലും ലമീൻ യമാല്‍ തന്നെയായായിരുന്നു കറ്റാലന്മാരുടെ പ്രധാന അസ്ത്രം. റഫീഞ്ഞയുടെ നീക്കങ്ങള്‍ പലപ്പോഴും ബാഴ്സയ്ക്ക് ഗോളവസരങ്ങള്‍ ഒരുക്കി, ഒരു ഡയറക്റ്റ് ഇൻവോള്‍വ്മെന്റ് ഇല്ലാതെ തന്നെ. പക്ഷേ, യമാല്‍ ഒരു ഹൈ പ്രെസറല്ല എന്നത്, റഫീഞ്ഞയുടെ അഭാവം നികത്താൻ പോന്നതുമല്ല.

ഒരുപരിധി വരെ മറികടക്കാൻ കഴിയുന്ന പോരായ്മയായി ഇത് നിലനില്‍ക്കുമ്പോള്‍ പ്രതിരോധത്തിലെ ദുര്‍ബലതകളാണ് ഏറെയും. ദുർബലമായ പ്രതിരോധം. ചാമ്പ്യൻസ് ലീഗിലും ലാ ലിഗയിലുമായി ഫ്ലിക്കിന്റെ ഹൈ ലൈൻ ഡിഫൻസ് പലതവണ പല ടീമുകള്‍ പൊളിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ ബോള്‍ റിക്കവറിയിലെ കണിശതയായിരുന്നു ബാഴ്‌സലോണയുടെ പ്രതിരോധ നിരയുടെ ജോലികള്‍ കുറച്ചത്. എന്നാല്‍, സീസണില്‍ റിക്കവറി ശതമനക്കണക്ക് പിന്നോട്ട് പോയിരിക്കുന്നു. സെവിയ്യ നാല് തവണയായിരുന്നു സീസണില്‍ ബാഴ്‌സയുടെ ഗോള്‍വലയിലേക്ക് പന്ത് നിക്ഷേപിച്ചത്.

ഒളിമ്പ്യാക്കോസിനെതിരായ മത്സരത്തില്‍ ഇതില്‍ ചെറിയ മാറ്റങ്ങള്‍ വന്നിരുന്നു. ബോള്‍ റിക്കവറിയുടെ കാര്യത്തില്‍ ബാഴ്സ താരങ്ങള്‍ കൂടുതല്‍ ഇന്റൻസിറ്റി പുറത്തെടുക്കുന്നത് മൈതാനത്ത് കണ്ടു. ഫെര്‍മിൻ ലോപസിന്റെ ഗോളിന്റെ തുടക്കം പെഡ്രിയുടെ റിക്കവറിയില്‍ നിന്നായിരുന്നുവെന്നും ഓർക്കേണ്ടതുണ്ട്. 

എംബാപെ - വിനി 

 ആടിയുലയുന്ന ബാഴ്സയുടെ പ്രതിരോധത്തിലേക്കാണ് കിലിയൻ എംബാപെയുടേയും വിനീഷ്യസ് ജൂനിയറിന്റേയും വേഗനീക്കങ്ങളുണ്ടാകാൻ പോകുന്നത്. ലാ ലിഗയില്‍ മാത്രം പത്ത് ഗോളുകള്‍ എംബാപയുടെ ബൂട്ടില്‍ നിന്ന് സീസണില്‍ പിറന്നു, വിനി അഞ്ചും.

കഴിഞ്ഞ സീസണിലെ നവംബർ പോരില്‍ നാല് ഗോളിന് പരാജയപ്പെട്ടപ്പോള്‍ എട്ട് തവണയായിരുന്നു എംബാപെ ഓഫ് സൈഡായി മാറിയത്. ഈ തന്ത്രം സീസണിലെ പിന്നീടുള്ള മത്സരങ്ങളില്‍ പൊളിക്കാൻ എംബാപെയ്ക്ക് കഴിഞ്ഞിരുന്നു. ബാഴ്‌സയ്ക്കെതിരെ അഞ്ച് ഗോളുകള്‍ നേടിയാണ് സീസണ്‍ ഫ്രഞ്ച് താരം അവസാനിപ്പിച്ചതും. പ്രതിരോധനിരക്കാരെ അവരുടെ പോസിഷനില്‍ നിന്ന് ഡ്രാഗ് ചെയ്യാനുള്ള വൈഭവം എംബാപയ്ക്ക് മാത്രമല്ല വിനിയ്ക്കുമുണ്ട്. ഇതിനായി ഇരുവരേയും സഹായിക്കുന്നത് ചടുല നീക്കങ്ങളും വേഗക്കുതിപ്പുമാണ്. സീസണില്‍ ആർദ ഗൂളറിന്റെ മധ്യനിരയിലെ സാന്നിധ്യവും ഇരുവർക്കും മുതല്‍ക്കൂട്ടാകുന്നുണ്ട്.

സെറ്റ് പീസുകളിലും കോർണറുകളില്‍ നിന്ന് നേട്ടമുണ്ടാക്കാൻ സാബിയുടെ കീഴില്‍ റയലിനായിട്ടുണ്ട്. ബോക്സിനുള്ളില്‍ കോർണർ കിക്കെടുക്കുന്ന താരങ്ങള്‍ ലക്ഷ്യമിടുന്നത് ഗോള്‍ സ്കോറർമാരെ മാത്രമല്ല. ഗെറ്റാഫയ്ക്കെതിരെ റോഡ്രിഗൊ എംബായ്ക്കും വിനിക്കുമായിരുന്നു അറ്റാക്കിങ്ങിന് സാധ്യത തുറന്നുകൊടുത്തത്. എന്നാല്‍, യുവന്റസിനെതിരെ ഗൂളർ ഷൌമേനിയെയായിരുന്നു ലക്ഷ്യമിട്ടത്. വാല്‍വേർദയും പിന്തുടർന്നത് ഷൌമേനിയെ തന്നെയായിരുന്നു. ബാഴ്‌സയ്ക്ക് സെറ്റ് പീസുകളായിരുന്നു കഴിഞ്ഞ സീസണില്‍ ഗോളടിക്ക് വളമായത്, 14 തവണ സ്കോർ ചെയ്തു. ഈ സീസണിലും മാറ്റമില്ല.

മുൻനിരയുടെ കരുത്ത റയല്‍ കാണിക്കുമ്പോഴും പ്രതിരോധത്തിലെ പോരായ്മകളെ മറച്ചുവെക്കാനാകില്ല. പ്രധാന താരങ്ങളുടെ പരുക്ക് റയലിനും തിരിച്ചടി തന്നെയാണ്. യുവന്റസ് താരങ്ങള്‍ക്കുണ്ടായ വീഴ്ചകള്‍ യമാല്‍, റാഷ്ഫോർഡ്, പെഡ്രി, ഫ്രെങ്കി ഡിയോങ് എന്നിവരില്‍ നിന്ന് ഷാബി പ്രതീക്ഷിക്കേണ്ടതില്ല.

സാബിക്ക് കീഴില്‍ റയല്‍ രണ്ട് വലിയ മത്സരങ്ങളാണ് കളിച്ചത്. ഒന്ന് പി എസ് ജിക്കെതിരെയും മറ്റൊന്ന് അത്ലറ്റിക്കോയ്ക്ക് എതിരെയും, രണ്ടിലും തോല്‍വിയായിരുന്നു ഫലം. സാബിയുടെ ഒഴിക്കിനൊത്ത് പൂർണമായും നീന്താൻ റയലിന് സാധിച്ചിട്ടില്ല ഇതുവരെ. അതുകൊണ്ട് ക്ലാസിക്കോ റയലിന്റെ സീസണ്‍ ഡിഫൈൻ ചെയ്യുന്ന മത്സരം കൂടിയാകും.