2027 ഏകദിന ലോകകപ്പിലേക്കുള്ള ഇന്ത്യയുടെ യാത്രയ്ക്ക് പെര്‍ത്തില്‍ തുടക്കമാകും. പരിചയസമ്പന്നരും പുതുതലമുറയുമടങ്ങുന്ന രണ്ട് സംഘങ്ങള്‍. കേവലമൊരു പരമ്പരയ്ക്കപ്പുറമാണ് ഈ മൂന്ന് മത്സരങ്ങള്‍

2023 ഏകദിന ലോകകപ്പിലും 2024-25 ബോര്‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫിയിലും ഇന്ത്യയുടെ ദുസ്വപ്നമായ ട്രാവിസ് ഹെഡ്, 2024 ട്വന്റി ലോകകപ്പില്‍ ഓസ്ട്രേലിയയെ നിഷ്പ്രഭമാക്കിയ രോഹിത്, 2025 ചാമ്പ്യൻസ് ട്രോഫിയില്‍ സ്മിത്തിനേയും സംഘത്തേയും പാഠം പഠിപ്പിച്ച കോഹ്ലി. മൂവരും ഒരിക്കല്‍ക്കൂടി കളത്തില്‍. ഇത്തവണ ഏകദിന പരമ്പരയാണ്. ഒരു മള്‍ട്ടിസ്റ്റാര്‍ പടത്തിന്റെ എല്ലാ ഹൈപ്പോടെയുമെത്തുന്ന ഒരു പരമ്പര. പ്രധാന കഥാപാത്രങ്ങള്‍ ആരെന്ന ചോദ്യത്തില്‍ സംശയങ്ങളില്ല. ഇന്നിന്റെ ഇതിഹാസങ്ങള്‍, രോഹിത് ശര്‍മയും വിരാട് കോഹ്ലിയും. പ്രതിയോഗി ഓസീസ് ടീം മാത്രമല്ല, കളമൊരുങ്ങുന്ന വിക്കറ്റും അവിടെ ഒളിഞ്ഞിരിക്കുന്ന ഭൂതങ്ങള്‍ക്കൂടിയാണ്.

2027 ഏകദിന ലോകകപ്പിലേക്കുള്ള ഇന്ത്യയുടെ യാത്രയ്ക്ക് പെര്‍ത്തില്‍ തുടക്കമാകും. പരിചയസമ്പന്നരും പുതുതലമുറയുമടങ്ങുന്ന രണ്ട് സംഘങ്ങള്‍. കേവലമൊരു പരമ്പരയ്ക്കപ്പുറമാണ് ഈ മൂന്ന് മത്സരങ്ങള്‍. അതിന് ചില കാരണങ്ങള്‍ക്കൂടിയുണ്ട്. രോഹിതിന്റേയും കോഹ്ലിയുടേയും നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള മടങ്ങിവരവാണ് അതില്‍ മുൻതൂക്കമര്‍ഹിക്കുന്നത്. ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ കളിയിലെ താരമായ രോഹിതും സെമിയിലെ കേമനായ കോഹ്ലിയും ഇറങ്ങുന്നു. 2027-ലെ വിശ്വകിരീടപ്പോരിലേക്ക് ഇരുവരും വെട്ടിതുടങ്ങുന്ന വഴിയുടെ തുടക്കം പെര്‍ത്തില്‍ നിന്നാണ്.

ഒന്നരപതിറ്റാണ്ടായി തോരാതെ കാക്കുന്ന റണ്‍മഴ ഇരുവരും തുടരണം. ഓരോ പന്തും രോഹിതിനും കോഹ്ലിക്കും കരിയറോളം വിലപ്പെട്ടതായി മാറും. ഓസ്ട്രേലിയയില്‍ ആതിഥേയര്‍ക്കെതിരെ ഇരുവരുടേയും റെക്കോര്‍ഡുകള്‍ മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്തതാണ്. രോഹിതിന്റെ പേരില്‍ നാലും കോഹ്ലിക്ക് മൂന്നും സെഞ്ച്വറികളുണ്ട്. രാജാവും ഹിറ്റ്മാനും ഒരുപക്ഷേ അവസാനമായി ഓസീസ് മണ്ണില്‍ വേട്ടയ്ക്ക് ഇറങ്ങുകയാണ്. ഇരുവരോളം ഓസ്ട്രേലിയയില്‍ പരിചയസമ്പത്തുള്ള മറ്റാരുമില്ല. അതുകൊണ്ട് ഇന്ത്യ പരമ്പര ലക്ഷ്യമിടുമ്പോള്‍ രോഹിതിന്റേയും കോഹ്ലിയുടേയും ബാറ്റിന് ഉത്തരവാദിത്തം ഏറെയാണ്.

ഇനി ശുഭ്മാൻ ഗില്ലെന്ന പുതുനായകൻ. ഐസിസി കിരീടവരള്‍ച്ച അവസാനിപ്പിച്ച രോഹിതെന്ന നായകന്റെ സ്ഥാനം. അത് അത്ര എളുപ്പമായിരിക്കില്ല ഗില്ലിന്. ടെസ്റ്റ് ക്യാപ്റ്റൻസിയില്‍ ഇംഗ്ലണ്ടിലെ പരീക്ഷണം ജയിക്കുകയും വിൻഡീസിനെതിരെ വിജയം സ്വന്തമാക്കുകയും ചെയ്തു. എന്നിരുന്നാലും ഓസ്ട്രേലിയ എത്ര പരിചയസമ്പന്നരല്ലാത്ത നിരയാണെങ്കിലും ഒന്നും എളുപ്പമാകില്ല. മികച്ച ഫോമിലുള്ള ഗില്ലിന് കൂട്ടായി രോഹിതും കോഹ്ലി ഉണ്ടെന്നതുതന്നെയാണ് ഏറ്റവും വലിയ പോസിറ്റീവായി ചൂണ്ടിക്കാണിക്കാനുള്ളത്. 2027 ലോകകപ്പിന് മുൻപ് ഗില്ലിനെ തയാറാക്കുക എന്ന ദൗത്യം കൂടി ഇതിഹാസങ്ങളുടെ തോളിലുണ്ട്.

ജസ്പ്രിത് ബുമ്രയുടേയും മുഹമ്മദ് ഷമിയുടേയും അഭാവമാണ് മറ്റൊന്ന്. ഏകദിനത്തില്‍ കാര്യമായ റെക്കോര്‍ഡ് ഓസ്ട്രേലിയയില്‍ അവര്‍ക്കെതിരെ ഇല്ലെങ്കിലും ബുമ്രയ്ക്ക് ഒരു മത്സരത്തില്‍ ചെലുത്താൻ കഴിയുന്ന സ്വാധീനമെന്തെന്ന് വ്യക്തമാണ്. ഒപ്പം, നിലവിലെ ഇന്ത്യൻ നിരയില്‍ ഓസ്ട്രേലിയയില്‍ പരിചയസമ്പത്തുള്ള ഷമിയുടെ അഭാവം ബൗളിങ് നിരയ്ക്ക് മുന്നിലെ വെല്ലുവിളി ഉയര്‍ത്തുന്നു. ഓസ്ട്രേലിയയില്‍ ഒരു ഏകദിനം മാത്രം കളിച്ചിട്ടുള്ള മുഹമ്മദ് സിറാജാണ് പേസ് നിരയെ നയിക്കുന്നത്. ബുമ്രയുടെ അഭാവം മറയ്ക്കാൻ തന്റെ പന്തുകള്‍ക്കാവുമെന്ന് സിറാജ് സമീപ കാലങ്ങളില്‍ തെളിയിച്ചതുമാണ്.

ഇതിനൊപ്പം ചേര്‍ത്തുവെക്കേണ്ടത് ഹാര്‍ദിക്ക് പാണ്ഡ്യ, രവീന്ദ്ര ജഡേജ പോലുള്ള ഏകദിനത്തില്‍ പരിചയസമ്പത്തുള്ള ഓള്‍റൗണ്ടര്‍മാരുടെ അസാന്നിധ്യമാണ്. എങ്കിലും, അഭാവങ്ങളിലും അസാന്നിധ്യങ്ങളിലും ആകുലപ്പെടേണ്ടതില്ല. കാരണം, ബിസിസിഐ മുന്നില്‍ക്കാണുന്നത് 2027 ഏകദിന ലോകകപ്പ് മാത്രമാണ്. രണ്ട് വര്‍ഷത്തെ ദൂരം മുന്നില്‍ക്കണ്ടാണ് ഈ പടയൊരുക്കം. അപ്പോഴേക്കും ഏകദിന ക്രിക്കറ്റിന്റെ തഴക്കവും വഴക്കവും യുവതാരങ്ങള്‍ കൈവരിക്കണം. യശസ്വി ജയ്സ്വാള്‍, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, ദ്രുവ് ജൂറല്‍, പ്രസിദ്ധ് കൃഷ്ണ, അര്‍ഷദീപ് സിങ്ങ്..എന്നിങ്ങനെ നീളുന്ന യുവനിര.

ഇനി ഇന്ത്യയുടെ സാധ്യത ഇലവനിലേക്ക്. രോഹിതും ഗില്ലും തന്നെ ഓപ്പണിങ് സ്ഥാനത്തുണ്ടാകും. പിന്നാലെ കോഹ്ലിയും ശ്രേയസ് അയ്യരും കെ എല്‍ രാഹുലും. രാഹുലായിരിക്കും വിക്കറ്റിന് പിന്നില്‍. അക്സര്‍ പട്ടേലും നിതീഷുമായിരിക്കും ഓള്‍ റൗണ്ടര്‍മാരായെത്തുക. പ്രസിദ്ധ്-അര്‍ഷദീപ്-സിറാജ് ത്രയമടങ്ങുന്നതാവും പേസ് നിര. സ്പിന്നറായി കുല്‍ദീപിനെ പരിഗണിക്കാനാണ് കൂടുതല്‍ സാധ്യത.