18 സീസണുകള്‍ പിട്ടിട്ടു, കോലിക്ക് പ്രായം മുപ്പത്തിയേഴും. ഇന്നും അയാള്‍ തന്നെയാണ് ആദ്യ പേര്. ഒപ്പമോടിയെത്താൻ ഒരുപാട് പേരുണ്ട് ഇക്കുറി
ദക്ഷിണാഫ്രിക്കൻ മുൻ താരം ഫാഫ് ഡുപ്ലെസിസിനെ തേടി ഒരു ചോദ്യമെത്തി. 2026 ഐപിഎല്‍ സീസണില്‍ ആരായിരിക്കും ഓറഞ്ച് ക്യാപ് സ്വന്തമാക്കുക എന്ന്. ഡുപ്ലെസിസിന്റെ ഉത്തരം പൊടുന്നനെ വന്നു. വിരാട് കോലിയുടെ പേര് പറയാതിരിക്കണമെങ്കില്‍ ഞാനൊരു വിഢിയായിരിക്കണം. 18 സീസണുകള്‍ പിന്നിട്ടു, കോലിക്ക് പ്രായം മുപ്പത്തിയേഴും. ഇന്നും അയാള്‍ തന്നെയാണ് ആദ്യ പേര്. ഒപ്പമോടിയെത്താൻ ഒരുപാട് പേരുണ്ട് ഇക്കുറി. 19-ാം എഡിഷനില്‍ റണ്‍വേട്ടയില്‍ തലപ്പെത്തത്ത് എത്താൻ സാധ്യതയുള്ള താരങ്ങളാരൊക്കെയാണ്.
വിരാട് കോലി, ആ പേരിന് ശേഷമെ മറ്റൊരാളെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളു. അതാണ് അയാള്‍ സ്ഥാപിച്ചിരിക്കുന്ന ബെഞ്ച് മാര്‍ക്ക്. 8661 റണ്‍സ്, രണ്ടാമതുള്ള രോഹിത് ശര്‍മയേക്കാള്‍ 1500-ലധികം റണ്‍സിന് മുന്നില്‍. 500 റണ്‍സിലധികം സ്കോര്‍ ചെയ്ത എട്ട് സീസണുകള്‍, ഒരു ഐപിഎല്‍ എഡിഷനില്‍ ഏറ്റവുമധികം റണ്‍സെന്ന റെക്കോര്‍ഡ് - 2016ല്‍ 973 റണ്‍സ്. കരിയറിന്റെ സായാഹ്നത്തിലേക്ക് കടക്കുമ്പോഴും കഴിഞ്ഞ മൂന്ന് ഐപിഎല്ലുകളിലെ കോലിയുടെ സ്കോറുകള്‍ 639, 741, 657 എന്നിങ്ങനെയാണ്. പീക്ക് കണ്‍സിസ്റ്റൻസി. ഇതിനോടകം തന്നെ രണ്ട് തവണ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ചരിത്രവും കോലിക്കുണ്ട്.
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓപ്പണര്‍ കെ എല്‍ രാഹുല്‍. ഐപിഎല്ലില്‍ നൂറിലധികം മത്സരങ്ങള്‍ കളിച്ച ബാറ്റര്‍മാരുടെ പട്ടികയെടുത്താല്‍ കോലിയേക്കാള്‍ സ്ഥിരതയുള്ള താരമാണ് രാഹുല്‍. ശരാശരി 46ല്‍ എത്തി നില്‍ക്കുന്നു. കഴിഞ്ഞ ഒൻപത് സീസണില്‍ ഏഴിലും രാഹുലിന്റെ നേട്ടം 500 റണ്‍സിന് മുകളിലായിരുന്നു, 2020 മുതല്‍ 22 വരെ തുടരെ മൂന്ന് എഡിഷനുകളില്‍ അറുനൂറും താണ്ടി. 2020ലെ ഓറഞ്ച് ക്യാപ് ജേതാവ് കൂടിയാണ് വലം കയ്യൻ ബാറ്റര്‍.
കോലിയുടെ 973 എന്ന് റെക്കോര്‍ഡ് തകര്‍ക്കാൻ പോന്ന താരമെന്ന വിശേഷണം നേടിയെടുത്ത ശുഭ്മാൻ ഗില്‍. 2023ല്‍ ഓറഞ്ച് ക്യാപ് നേടുമ്പോള്‍ ഗുജറാത്ത് നായകന്റെ സമ്പാദ്യം 890 റണ്‍സായിരുന്നു. കഴിഞ്ഞ സീസണില്‍ 155 സ്ട്രൈക്ക് റേറ്റില്‍ നേടിയത് 650 റണ്‍സ്. ഇക്കുറി ടി20 ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന്റെ മുറിവുമായാണ് ഗില്ലെത്തുന്നത്, അതുകൊണ്ട് സാധ്യതകളുടെ തുലാസെടുത്താല്‍ ഗില്ലിന് മുൻതൂക്കം കൂടുതലായിരിക്കും.
ഗുജറാത്തിലെ ഗില്ലിന്റെ ഓപ്പണിങ് പങ്കാളിയായ സായ് സുദര്‍ശൻ. കോലിയേയും രാഹുലിനേയും പോലെ സ്ഥിരതയുടെ പര്യായയമാണ് സായിയും. കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ് വിന്നര്‍. 156 സ്ട്രൈക്ക് റേറ്റില്‍ 759 റണ്‍സായിരുന്നു ഇടം കയ്യൻ ബാറ്ററുടെ 2025ലെ നേട്ടം. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഫോമിന്റെ ആത്മവിശ്വാസമുണ്ടാകും ഇത്തവണ മൈതാനത്തേക്ക് ചുവടുവെക്കുമ്പോള്‍ സായിക്ക്.
2010ല്‍ സച്ചിൻ തെൻഡുല്‍ക്കറിന് ശേഷം മുംബൈ ഇന്ത്യൻസ് ക്യാമ്പിലേക്ക് ഓറഞ്ച് ക്യാപ് എത്തിയിട്ടില്ല. അത് നേടാൻ പോന്ന താരമാരെന്ന ചോദ്യത്തിന് ഉത്തരം സൂര്യകുമാര്‍ യാദവ് എന്നാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രകടനങ്ങള്‍ ശരാശരിയില്‍ ഒതുങ്ങുമ്പോഴും ഐപിഎല്ലില്‍ അസാധാരണ ഫോം പ്രകടിപ്പിക്കുന്ന താരമാണ് സൂര്യ. 2025ല്‍ എല്ലാ മത്സരങ്ങളിലും രണ്ടക്കം കടന്ന സൂര്യ 717 റണ്‍സായിരുന്നു അടിച്ചുകൂട്ടിയത്. അതും 65 ശരാശരിയിലും 167 സ്ട്രൈക്ക് റേറ്റിലും.
ഇന്ത്യയുടെ ഭാവിതാരമെന്ന വിശേഷണം ചുരുങ്ങിയ കാലംകൊണ്ട് നേടിയ യശസ്വി ജയ്സ്വാള്‍. രാജസ്ഥാൻ റോയല്‍സിന്റെ ഓപ്പണര്‍. രാജസ്ഥാന്റെ കിരീട സാധ്യകളില്‍ ഏറ്റവും നിര്‍ണായകമാകുക ജയ്സ്വാളിന്റെ ഫോമായിരിക്കും. റിയാൻ പരാഗിന്റെ സംഘത്തില്‍ പൂര്‍ണമായി വിശ്വാസം അര്‍പ്പിക്കാൻ കഴിയുന്ന ഏകതാരവും ജയ്സ്വാളായിരിക്കും ഒരുപക്ഷേ. കഴിഞ്ഞ മൂന്ന് എഡിഷനുകളില്‍ നിന്ന് മാത്രം 1619 റണ്‍സാണ് ജയ്സ്വാള്‍ മുൻ ചാമ്പ്യന്മാര്‍ക്കായി നേടിയത്. രണ്ട് സെഞ്ചുറിയും 12 അര്‍ദ്ധ ശതകങ്ങളും ഉള്‍പ്പെടുന്നു.
ഇനി രണ്ട് ക്യാപ്റ്റന്മാരാണ്. പഞ്ചാബ് കിങ്സിന്റെ ശ്രേയസ് അയ്യരും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ റുതുരാജ് ഗെയ്ക്വാദും. ചെന്നൈ ബാറ്റിങ് നിരയുടെ നെടും തൂണാണ് 2021 മുതല്‍ റുതുരാജ്. 2021ല്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമതുമെത്തി. പോയ സീസണില്‍ പരുക്കുമൂലം പുറത്തിരിക്കേണ്ടി വന്നതിന്റെ ക്ഷീണം തീര്‍ക്കേണ്ടതുണ്ട് റുതുരാജിന്. ശ്രേയസ് ആകട്ടെ പഞ്ചാബ് നായകനായ ആദ്യ സീസണില്‍ തന്നെ 604 റണ്‍സുമായാണ് തിളങ്ങിയത്. സ്ഥിരത തന്നെയാണ് ശ്രേയസിന് മുൻതൂക്കം നല്‍കുന്ന ഘടകവും.
തിലക് വര്‍മ, സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാൻ കിഷൻ, ട്രാവിസ് ഹെഡ്, വൈഭവ് സൂര്യവംശി എന്നിങ്ങനെ ചില താരങ്ങള്‍ക്കൂടിയുണ്ട് സാധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍.


