414 റണ്‍സ് പിറന്ന മത്സരത്തിലാണ് അവസാന ഓവറില്‍ 11 റണ്‍സ് പ്രതിരോധിക്കവെ കേവലം നാല് റണ്‍സ് മാത്രം തുഷാര്‍ വഴങ്ങിയത്
തോല്‍വിയുടെ മുഖത്ത് നിന്ന് ഗുജറാത്ത് ടൈറ്റൻസിനെ മെല്ല വിജയത്തിലേക്ക് അടുപ്പിക്കാനുള്ള ദൗത്യത്തിലായിരുന്നു റാഷിദ് ഖാനും കഗിസൊ റബാഡയും. ജോഫ്ര ആര്‍ച്ചറിന്റെ കൃത്യതയിലും കണിശതയിലും ദൂരം ആറ് പന്തുകളും 11 റണ്‍സുമാക്കി വര്‍ധിപ്പിച്ചു രാജസ്ഥാൻ റോയല്‍സ്. റണ്ണൊഴുകിയ വിക്കറ്റില്‍ റിയാൻ പരാഗ് ആ പന്ത് തുഷാര്‍ ദേശ്‌പാണ്ഡെയ്ക്ക് കൈമാറി. രാജസ്ഥാൻ ആരാധകര്‍ മാത്രമല്ല, ക്രിക്കറ്റ് ലോകം ഒന്നടങ്കം പരാഗിന്റെ തീരുമാനത്തില്‍ നെറ്റിചുളിച്ചു.
കാരണം, സാക്ഷാല്‍ എം എസ് ധോണിയെപ്പോലും പിടിച്ചുകെട്ടിയ സന്ദീപ് ശര്‍മയ്ക്ക് ഇനിയും ഒരു ഓവര്‍ ബാക്കിയുണ്ടായിരുന്നു. തുഷാര്‍ എറിഞ്ഞ ആദ്യ പന്തൊരു വൈഡ് ഫുള്‍ ടോസ് ആയപ്പോള്‍ പരാഗിന്റെ നീക്കം തെറ്റിയെന്ന് ഗ്യാലറി ഉറപ്പിച്ചു. പക്ഷേ, ക്ലൈമാക്‌സ് ഗുജറാത്ത് സ്വപ്നം കണ്ടതായിരുന്നില്ല. ചെണ്ടയെന്ന പേര് ആവോളം കേട്ട തുഷാര്‍, ജസ്പ്രിത് ബുമ്രയുടെ കുപ്പായം അണിയുകയായിരുന്നു അഹമ്മദാബാദില്‍, ഉയിര്‍പ്പിന്റെ രാത്രിയില്‍ ഗുജറാത്ത് ബാറ്റര്‍മാര്‍ക്കിടയിലേക്ക് യോര്‍ക്കറുകള്‍ പെയ്തിറങ്ങി.
രണ്ടാം പന്തിലും വൈഡ് യോര്‍ക്കറിന് ശ്രമം, ഫുള്‍ ടോസായി പരിണമിച്ച പന്തില്‍ റബാഡ സിംഗിള്‍ നേടി. അഞ്ച് പന്തുകള്‍ ഇനിയും ബാക്കിയുണ്ട്, ഒൻപത് റണ്‍സും. റാഷിദിന് കാത്ത് വെച്ചത് ഓഫ് സ്റ്റമ്പ് ലൈനിലോരു യോര്‍ക്കര്‍, തേഡ് മാനിലേക്ക് മറ്റൊരു സിംഗിള്‍ക്കൂടി. നഖം കടിച്ച് ഡഗൗട്ടിലിരുന്ന ശുഭ്മാൻ ഗില്ലിന്റെ മുഖത്ത് ആവോളം ആശങ്കയുണ്ടായിരുന്നു അപ്പോള്‍. ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്‍ റബാഡയുടെ ബൗണ്ടറി സ്വപ്നങ്ങളെ കെടുത്തി തുടര്‍ച്ചയായ മൂന്നാം യോര്‍ക്കര്‍. ഡെത്ത് ബൗളിങ് മാസ്റ്റര്‍ക്ലാസ്.
യോര്‍ക്കറിനപ്പുറമൊന്നും സ്ട്രൈക്കില്‍ നിലകൊണ്ട റാഷിദ് അപ്പോള്‍ പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല. മറിച്ച് സംഭവിച്ചതുമില്ല. പക്ഷേ, സ്കൂപ്പിനുള്ള റാഷിദിന്റെ ശ്രമം അവിടെ പാളി, യോര്‍ക്കര്‍ ആൻഡ് ഡോട്ട്. രണ്ട് പന്തില്‍ ഏഴ് റണ്‍സ്. തുഷാറിനൊരു ഉപദേശം നല്‍കാൻ പോലും ആരും ഓടിയെത്തുന്നുണ്ടായിരുന്നില്ല, എന്ത് ചെയ്യണമെന്നതില്‍ കൃത്യമായ ബോധ്യം അയാള്‍ക്കുണ്ടായിരുന്നു.
എന്നാല്‍ നിര്‍ണായകമായ അഞ്ചാം പന്തില്‍ ദേശ്‌പാണ്ഡെയ്ക്ക് പിഴച്ചു, സ്ലോട്ട് ബോള്‍. റാഷിദിന്റെ ബാറ്റില്‍ പ്രോപ്പറായി കണക്റ്റ് ചെയ്ത പന്ത് സ്വീപ്പര്‍ കവറിലേക്ക് ഉയര്‍ന്ന് പൊങ്ങി, പന്തിനൊപ്പം താഴേക്കിറങ്ങിയ സമ്മര്‍ദത്തേയും അനായാസം കയ്യിലൊതുക്കി ജോഫ്ര ആര്‍ച്ചര്‍. വിക്കറ്റ്. കമന്ററി ബോക്‌സില്‍ നിന്ന് ഇയാൻ ബിഷപ്പിന്റെ ശബ്ദം ഉയര്‍ന്നു. തുഷാര്‍ ദേശ്‌പാണ്ഡെ യു ആര്‍ ദ ഹീറോ. റിയാൻ പരാഗും തുഷാറും ആവേശത്തില്‍ അലറുകയായിരുന്നു ആ നിമിഷം.
അവസാന പന്ത്, ഏഴ് റണ്‍സ്. ഒരു സിക്‌സിന് കളി സൂപ്പര്‍ ഓവറിലേക്ക് എത്തിക്കാനാകും. പത്താം നമ്പര്‍ അശോക് ശര്‍മയാണ് സ്ട്രൈക്കില്‍. മുന്നിലെത്തിയ ലോ ഫുള്‍ ടോസില്‍ നിസഹായനായി വലം കയ്യൻ ബാറ്റര്‍. രാജസ്ഥാൻ റോയല്‍സിന് ആറ് റണ്‍സ് ജയം. തുഷാര്‍ ഇമ്രാൻ താഹിറിനെപ്പോലെ മൈതാത്തുകൂടി ഓടിയൊടുവില്‍ നിലയുറപ്പിച്ചു. നെഞ്ചില്‍ കൈ അമര്‍ത്തി താൻ ഇവിടെയുണ്ട് എന്ന് ഉറക്കെ പ്രഖ്യാപിച്ചു.
നന്ദ്രെ ബര്‍ഗറും സന്ദീപ് ശര്‍മയും തുഷാറിലേക്ക് ഓടിയെത്തി. ജഡേജയും ജയ്സ്വാളും വൈഭവും ജൂറലുമെല്ലാം തുഷാറിനെ ആശ്ലേഷിച്ചു. ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ എടുത്തുയര്‍ത്തി തുഷാറിനെ. പരാഗ് ഏല്‍പ്പിച്ച പരീക്ഷണത്തെ അതിജീവിച്ച് തുഷാര്‍. ആഭ്യന്തര സര്‍ക്യൂട്ടുകളില്‍ ബാറ്റര്‍മാരെ നിരന്തരം ഡഗൗട്ടിലേക്ക് യാത്രയയക്കുന്ന തുഷാറിന് ഒരിക്കലും ഐപിഎല്ലില്‍ ഇങ്ങനൊരു നിമിഷമുണ്ടായിട്ടില്ല. തുഷാറിന്റെ ഐപിഎല്‍ കരിയറെടുത്താല്‍ എക്കണോമി ഒൻപതിനും പത്തിനും മുകളില്‍ പോകാത്ത ഒരു സീസണ്‍ പോലുമുണ്ടായിട്ടില്ല.
ജസ്പ്രിത് ബുമ്രയും ലസിത് മലിംഗയും കാലങ്ങളോളം മുംബൈ ഇന്ത്യൻസിനായി ചെയ്ത, ഡ്വയൻ ബ്രാവോ ചെന്നൈ സൂപ്പര്‍ കിങ്സിനായി ചെയ്ത, ജോഷ് ഹേസല്‍വുഡ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി ചെയ്ത അത്ഭുതങ്ങള്‍ തുഷാറിനും സാധിച്ചിരിക്കുന്നു. 46 മത്സരങ്ങള്‍ക്കൊടുവില്‍ ഒരു സ്പെല്‍ തുഷാറിനായും. 414 റണ്‍സ് പിറന്ന മത്സരത്തിലാണ് അവസാന ഓവറില്‍ 11 റണ്‍സ് പ്രതിരോധിക്കവെ കേവലം നാല് റണ്‍സ് മാത്രം തുഷാര്‍ വഴങ്ങിയത്. എത്രത്തോളം മികവ് താരം പുലര്‍ത്തിയെന്നറിയാൻ ഇ കണക്ക് മാത്രം മതിയാകും. ഹൈ ക്വാളിറ്റി ഡെത്ത് ബൗളിങ്.


