എല്ലാ ഇന്ത്യൻ ഗ്രാമങ്ങളിലും ഇനി അതിശയകരമായ ഇന്റര്‍നെറ്റ് വേഗത ലഭിക്കും; സ്റ്റാർലിങ്കിന് അനുമതി- റിപ്പോര്‍ട്ട്

Synopsis
ഇന്ത്യയിലെ സാറ്റ്ലൈറ്റ്, വിഎസ്എടി, ഐഎസ്പി ലൈസൻസുകൾക്കുള്ള എൽഒഐ സ്റ്റാർലിങ്ക് നേടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്
ദില്ലി: ഇലോൺ മസ്കിന്റെ കമ്പനിയായ സ്റ്റാർലിങ്കിന് ഇനി ഇന്ത്യയിൽ സാറ്റ്ലൈറ്റ് വഴി ഇന്റർനെറ്റ് സേവനം നൽകാം. രാജ്യത്ത് സാറ്റ്കോം സേവനങ്ങൾ ആരംഭിക്കുന്നതിനായി ഉപഗ്രഹ ഇന്റർനെറ്റ് സേവന ദാതാക്കളായ സ്റ്റാർലിങ്കിന് ഇന്ത്യാ ഗവൺമെന്റ് അനുമതി നൽകിയതായി മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര സർക്കാരിന്റെ ടെലികോം വകുപ്പാണ് (DoT) സ്റ്റാർലിങ്കിന് ഒരു ലെറ്റർ ഓഫ് ഇന്റന്റ് (LoI) നൽകിയത്. ഇതിനർഥം കമ്പനിക്ക് ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് സേവനം ആരംഭിക്കുന്നതിനുള്ള പ്രാഥമിക അനുമതി ലഭിച്ചു എന്നാണ്. എങ്കിലും, സ്റ്റാർലിങ്കിന് ഇതുവരെ അന്തിമ ലൈസൻസ് ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കമ്പനി ലൈസൻസിന്റെ എല്ലാ നിബന്ധനകളും പാലിക്കുകയാണെങ്കിൽ മാത്രമേ ഈ ലൈസൻസ് ലഭ്യമാകൂ.
ഇന്ത്യയിലെ സാറ്റ്ലൈറ്റ്, വിഎസ്എടി, ഐഎസ്പി ലൈസൻസുകൾക്കുള്ള എൽഒഐ സ്റ്റാർലിങ്ക് നേടിയിട്ടുണ്ടെന്ന് ചില സർക്കാർ വൃത്തങ്ങൾ മണികൺട്രോളിനോട് പറഞ്ഞു. സ്റ്റാർലിങ്ക് എല്ലാ നിബന്ധനകളും പാലിക്കുമ്പോൾ മാത്രമേ അന്തിമ ലൈസൻസ് നൽകൂ എന്നും സർക്കാർ വൃത്തങ്ങൾ കൂട്ടിച്ചേര്‍ത്തു. സാറ്റ്കോം സേവനത്തിനായി സ്റ്റാർലിങ്കിന് സർക്കാർ 'ലെറ്റർ ഓഫ് ഇന്റന്റ്' നൽകിയതായി സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അറിയിച്ചതായും ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളിലുണ്ട്.
ഇലോൺ മസ്കിന്റെ കമ്പനിയായ സ്പേസ് എക്സ് വികസിപ്പിച്ചെടുത്ത ഒരു ഉപഗ്രഹ ഇന്റർനെറ്റ് സേവനമാണ് സ്റ്റാർലിങ്ക്. ഇന്ത്യയിൽ വാണിജ്യപരമായി പ്രവർത്തിക്കാനുള്ള ലൈസൻസുകൾക്കായി സ്റ്റാർലിങ്ക് 2022 മുതൽ കാത്തിരിക്കുകയാണ്. ദേശീയ സുരക്ഷാ ആശങ്കകൾ ഉൾപ്പെടെയുള്ള കാരണങ്ങളാൽ വളരെക്കാലമായി കേന്ദ്ര സർക്കാർ അനുമതികൾ വൈകിപ്പിച്ചിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകളാകാം സ്റ്റാർലിങ്കിന് ഇന്ത്യയിൽ പെട്ടെന്ന് അംഗീകാരം ലഭിക്കാനുള്ള കാരണമെന്നാണ് പുതിയ റിപ്പോർട്ടുകൾ. അമേരിക്കയുമായുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ സർക്കാർ സ്റ്റാർലിങ്കിന് പെട്ടെന്ന് അംഗീകാരം നൽകിയതായും റിപ്പോർട്ടുകൾ പറയുന്നു.
സ്റ്റാർലിങ്ക് സേവനം സാറ്റ്ലൈറ്റ് സാങ്കേതികവിദ്യ വഴി ലോകമെമ്പാടും അതിവേഗവും കുറഞ്ഞ ലേറ്റൻസിയുമുള്ള ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നൽകുന്നു. ഇന്ത്യയിൽ സേവനങ്ങൾ ആരംഭിക്കുന്നത് സ്പേസ് എക്സിന് വളരെ ഗുണം ചെയ്യും. ഭൂമിയിൽ നിന്ന് വളരെ മുകളിലായി സ്ഥിതി ചെയ്യുന്ന ഭൂസ്ഥിര ഉപഗ്രഹങ്ങളെ ആശ്രയിക്കുന്ന പരമ്പരാഗത ഉപഗ്രഹ സേവനങ്ങളിൽ നിന്ന് വ്യത്യസ്തമായി, സ്റ്റാർലിങ്ക് ഭൂമിയോട് ചേർന്ന് (550 കിലോമീറ്റർ മുകളിൽ) സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ലോ എർത്ത് ഓർബിറ്റ് (LEO) ഉപഗ്രഹ ശൃംഖലയാണ് ഉപയോഗിക്കുന്നത്. നിലവിൽ ഏകദേശം 7,000 ലോ-എർത്ത് ഓർബിറ്റ് ഉപഗ്രഹങ്ങളുടെ ശൃംഖലയുണ്ട്. ഭാവിയിൽ ഇത് 40,000-ത്തിലധികം ആയി ഉയരും. സ്ട്രീമിംഗ്, ഓൺലൈൻ ഗെയിമിംഗ്, വീഡിയോ കോളുകൾ തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ഈ നെറ്റ്വർക്ക് ശക്തമായ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനം നൽകുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം